February 14, 2025 |
Share on

പാര്‍ട്ടി കൈവിട്ടു, പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടു; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് ദിവ്യ

അഴിമതിക്കെതിരായ വിമര്‍ശനമാണ് താന്‍ ഉയര്‍ത്തിയതെന്ന് തന്നെയാണ് ഇപ്പോഴും ദിവ്യ പറയുന്നത്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതയായ പി പി ദിവ്യ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് രാജി. കെ കെ രത്‌നമ്മയാണ് പുതിയ പ്രസിഡന്റ്. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നാണ് ദിവ്യ പറയുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ഒരുഘട്ടത്തിലും പാര്‍ട്ടിയുടെ പിന്തുണ കിട്ടാതിരുന്ന ദിവ്യയ്ക്ക്, പാര്‍ട്ടി നിര്‍ദേശം കൊണ്ട് തന്നെയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നിരിക്കുന്നത്. അതേസമയം, ദിവ്യയ്‌ക്കെതിരേ നിയമനടപടിയുണ്ടായേക്കുമെന്ന സൂചനകളും വരുന്നുണ്ട്. അവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നുണ്ട്.

നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ വച്ച്, എഡിഎം അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകള്‍ ദിവ്യ നടത്തിയതിന് പിന്നാലെയാണ് ജീവനക്കാരന്‍ ജീവനൊടുക്കിയത്. ഈ സംഭവത്തില്‍ ദിവ്യക്കെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്. പാര്‍ട്ടിയാണെങ്കില്‍ നവീന്‍ ബാബുവിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. എഡിഎമ്മിന്റെ സേവനങ്ങളെ പുകഴ്ത്തുകയായിരുന്നു നേതാക്കള്‍. മാത്രമല്ല, പത്തനംതിട്ടയിലെ അടിയുറച്ച് പാര്‍ട്ടി കുടുംബവുമാണ് നവീന്‍ ബാബുവിന്റെത്. കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍, പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോര്‍ജ്, റവന്യു മന്ത്രി കെ. രാജന്‍, കോന്നി എംഎല്‍എ കെ യു ജിനേഷ് കുമാര്‍, മുന്‍ മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ജി സുധാകരന്‍ തുടങ്ങി സിപിഎമ്മിലെയും എല്‍ഡിഎഫിലെയും നേതാക്കള്‍ നവീന്‍ ബാബുവിനു വേണ്ടി സംസാരിച്ചപ്പോള്‍, പി പി ദിവ്യ പൂര്‍ണമായും ഒറ്റപ്പെട്ടു പോവുകയായിരുന്നു.

അഴിമതിക്കെതിരായ വിമര്‍ശനമാണ് താന്‍ ഉയര്‍ത്തിയതെന്ന് തന്നെയാണ് ഇപ്പോഴും ദിവ്യ പറയുന്നത്. അതേസമയം തന്റെ പ്രതികരണം അതിരു കടന്നു പോയെന്ന സ്വയം വിമര്‍ശനവും അവര്‍ നടത്തുന്നുണ്ട്. ” കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ശരിവയ്ക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’ ഇതാണ് പി പി ദിവ്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

പെട്രോള്‍ ബങ്കിന് എന്‍ഒസി കിട്ടാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യ പരോക്ഷമായി ഉയര്‍ത്തിയ ആരോപണം. എഡിഎമ്മിന് ക്കൈൂലി നല്‍കിയെന്ന് ടി വി പ്രശാന്തന്‍ എന്നയാള്‍ പരാതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നവീന്‍ ബാബു ആവശ്യപ്പെട്ടെന്നാണ് പ്രശാന്തന്‍ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പ്രശാന്തന്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായ പ്രശാന്തന് എങ്ങനെ പെട്രോള്‍ ബങ്ക് നടത്താനാകുമെന്ന ചോദ്യത്തിന് ഇതുവരെ പരാതിക്കാരന്‍ വിശദീകരണം നല്‍കിയിട്ടില്ല. നവീന്‍ ബാബുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ല. അതേസമയം, നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന നിലപാടാണ് മന്ത്രിയടക്കം റവന്യൂ വകുപ്പ് ആവര്‍ത്തിക്കുന്നത്. കളക്ടര്‍മാര്‍ മുതല്‍ നവീന്‍ ബാബുവിനെ പരിചയമുള്ള രാഷ്ട്രീയക്കാരുമെല്ലാം അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ആണ് നല്‍കുന്നത്. ഈയൊരു സാഹചര്യത്തില്‍ ദിവ്യയുടെ ആരോപണങ്ങളും, അഴിമതി പരാതികളും വ്യക്തമായി തെളിയിക്കാത്ത പക്ഷം, ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഎം വനിത നേതാവിന് മേല്‍ തന്നെ നില്‍ക്കും.

നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് വ്യാഴാഴ്ച്ച വീട്ടുവളപ്പില്‍ നടന്നിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്നാണ് പാര്‍ട്ടി പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞത്. നവീന്‍ ബാബുവിന് മൂത്തമകള്‍ ഉദകക്രിയ ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച വൈകാരിക കുറിപ്പിലാണ് പാര്‍ട്ടി ആ കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്ന ഉറപ്പ് ജില്ല സെക്രട്ടറി നല്‍കിയിരിക്കുന്നത്. ‘മകളേ നി കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും. ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനുചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്’- ഇതാണ് ഉദയഭാനുവിന്റെ കുറിപ്പ്. ADM Naveen Babu suicide PP Divya resigned kannur district panchayath president post

Content Summary; ADM Naveen Babu suicide PP Divya resigned kannur district panchayath president post

×