April 20, 2025 |

അഡോളസന്‍സ്: കൗമാര മനസുകളിലെ ഇരുണ്ട കോണുകളും ആണത്വ വിഹ്വലതകളും

അഡോളസന്‍സ്, മറ്റേതൊരു മികച്ച സിനിമാനുഭവവും പോലെ അതിന്റെ ഉള്ളടക്കത്തില്‍ മാത്രമല്ല കാണികളെ ഭ്രമിപ്പിക്കുന്നത്

ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന് വിശ്വസിക്കപ്പെടുന്ന മൈക്കേല്‍ ഹനേക്കയുടെ ‘ബെന്നീസ് വീഡിയോ’ എന്ന സിനിമ പുറത്ത് വരുന്നത് 1992-ലാണ്. സമ്മാനമായി ലഭിച്ച വീഡിയോ ക്യാമറയില്‍ ചുറ്റുപാടുമുള്ളവരേയും ചുറ്റുമുള്ള വസ്തുക്കളേയും ചിത്രീകരിക്കുന്ന ബാല്യം വിടാത്തതെന്ന് തോന്നിക്കുന്ന ഒരു കൗമാരക്കാരന്‍ ശാന്തതയുടെ ഒരു നിലയും കൈവിടാതെ ഒരു കൊടും സൈക്കോപാത്തിന്റെ ചെയ്തികളിലേയ്ക്ക് കടക്കുന്നതെങ്ങനെ എന്ന് വൈകാരികമായോ രാഷ്ട്രീയമായോ ഒരു പക്ഷത്തും നില്‍ക്കാതെ പറഞ്ഞ, തന്റെ ഈ രണ്ടാമത്തെ ചിത്രത്തോടെയാണ് ഹനേക്ക ലോകശ്രദ്ധയില്‍ പൂര്‍ണമായും പതിയുന്നത്. ബെന്നിയുടെ റോളിനെ അതിഗംഭീകരമാക്കിയ ആര്‍ണോ ഫ്രിസ്ഷ് എന്ന അന്നത്തെ കൗമാരക്കാരന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഹനേക്കയുടെ മറ്റൊരു ക്ലാസിക്കായ ‘ഫണ്ണി ഗെയിംസി’ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

‘ബെന്നീസ് വീഡിയോ’-യെ കുറിച്ച് ഓര്‍ക്കാതെ ‘അഡോളസെന്‍സി’ലേക്ക് കടക്കാനാവില്ല. കുതൂഹലം, കാമന, നിഷ്‌കളങ്കത എന്നിങ്ങനെ മൂന്ന് കാല്പനിക വ്യവഹാരങ്ങളിലൂടെയാണ് എല്ലാക്കാലത്തും കൗമാരത്തെ ലോകം മുഴുവന്‍ നോക്കി കണ്ടിരുന്നത്. എന്നാല്‍ വേണമെങ്കില്‍ അസാമാന്യമായ ക്രൂരതകള്‍ കൊണ്ട് ലോകത്തിന്റെ ബാലന്‍സ് തെറ്റിക്കാന്‍ പോന്ന ചിന്തകള്‍ കൂടി ചേര്‍ന്നതാണ് അവരുടെ മനസ് എന്ന് പലപ്പോഴും ആരും അംഗീകരിക്കാറില്ല. ബുള്ളീയിങ്ങിനെ, മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ ശക്തികുറഞ്ഞവരും നിസഹായരുമായ മനുഷ്യര്‍ക്ക് മേല്‍ നടത്താനുള്ള അവരുടെ താത്പര്യങ്ങളെ, ഒക്കെ കൗമാരചാപല്യങ്ങളായാണ് നാം തള്ളിവിടാറ്. അതുകൊണ്ടാണ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടക്കുന്ന കൊലപാതകങ്ങളും അതിക്രൂരമായ റാഗിങ്ങും ഒരോ തവണയും നമ്മളെ നടക്കുന്നത്.

അഡോളസന്‍സ്, മറ്റേതൊരു മികച്ച സിനിമാനുഭവവും പോലെ അതിന്റെ ഉള്ളടക്കത്തില്‍ മാത്രമല്ല കാണികളെ ഭ്രമിപ്പിക്കുന്നത്. ഏതാണ്ട് ഒരോ മണിക്കൂര്‍ നീണ്ട സിംഗിള്‍ ഷോട്ടുകളില്‍, മിക്കവാറും റിയല്‍ റ്റൈമില്‍, ചിത്രീകരിച്ചിട്ടുള്ള നാല് എപിസോഡുകളും അഭിനേതാക്കളുടെ സമാതകളില്ലാത്ത വിധം ഉജ്ജ്വലമായ പ്രകടനങ്ങളും മാരകമായ ഡയലോഗ് റൈറ്റിങ്ങും നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീരീസുകളിലൊന്നായി ‘അഡോളസെന്‍സി’നെ അടയാളപ്പെടുത്തും. തീവ്രവും ഉള്‍ക്കടവുമായ ഒരു അനുഭവത്തെ ഈ നാലുമണിക്കൂര്‍ സീരീസിലൂടെ കൈമാറുക മാത്രമല്ല ചെയ്യുന്നത്, സിനിമ നിര്‍മ്മാണം എന്ന പ്രോസസിന്റെ പുതിയൊരു ഗൈഡ് ബുക്കായി മാറുന്ന ഒന്നുകൂടിയാണ് അഡോളസന്‍സ്.

Adolescence netflix web series

അഭിനേതാവും നിര്‍മ്മാതാവും എഴുത്തുകാരനുമായ സ്റ്റീഫന്‍ ഗ്രഹാം ലണ്ടനിലെ ഒരു സ്‌കൂള്‍ ക്രൈം തനിക്കുണ്ടാക്കിയ നടുക്കത്തില്‍ നിന്നാണ് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ആലോചിക്കുന്നത് എന്ന് പറയുന്നു. 19 കാരനായ ഒരു വിദ്യാര്‍ത്ഥി കൗമാരക്കാരിയായ സഹപാഠിയെ കുത്തി വീഴ്ത്തിയ സംഭവം. ഒരു ക്രൈം മിസ്റ്ററി ആയി മാറിയേക്കാവുന്ന ഒരു ആലോചനയെ തികച്ചും വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്ന പ്രോസസാണ് ഇതില്‍ പ്രധാനം. ഫിലിപ് ബരാന്റിനി എന്ന വിഖ്യാത സംവിധായകനുമായി ചേര്‍ന്ന് സ്റ്റീഫന്‍ ഗ്രഹാമും ജാക്ക് തോണും ഈ സംഭവത്തെ നാല് വലിയ സീക്വന്‍സുള്ള ഒരു പ്ലേ ആക്കി മാറ്റുകയാണ് ചെയ്തത്. സിംഗിള്‍-റിയല്‍ ടൈം ഷോട്ടുകള്‍ കൊണ്ട് ‘ബോയ്ലിങ് പോയിന്റ്’ എന്ന മുന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയനാണ് അഭിനേതാവ് കൂടിയായ ബരാന്റിനി. എത്രയോ മണിക്കൂറുകളും ദിവസങ്ങളും നീണ്ടു നില്‍ക്കുന്ന റിഹേഴ്സലുകളും റീടേക്കുകളും തയ്യാറെടുപ്പുകളും നിറഞ്ഞ ഒരു ചിത്രീകരണ പ്രക്രിയയില്‍ ഇത്രയും ആഴമേറിയ, സങ്കീര്‍ണമായ ഒരു ഉള്ളടക്കം കൂടിച്ചേരുമ്പോഴാണ് അതൊരു നിസ്തുലമായ അനുഭവമായി മാറുന്നത്.

ആദ്യ എപിസോഡിന്റെ തുടക്കം തന്നെ ഒരു ഇംഗ്ലീഷ് നഗരത്തില്‍ ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ ലൂക് ബാസ്‌കോംപ് (ആഷ്ലി വാള്‍ട്ടേഴ്സ്) ഡിക്ടറ്റീവ് സര്‍ജന്റ് മിഷ ഫ്രാങ്കി (ഫായ മാര്‍സേ)നൊപ്പം ഒരു അറസ്റ്റിന് തയ്യാറാവുകയാണ്. പുകവലി ശീലം നിര്‍ത്താന്‍ ആപ്പിള്‍ തിന്നുകൊണ്ടിരിക്കുന്ന ലൂക്കിന് അതുമൂലമുള്ള വയര്‍ പ്രശ്നങ്ങള്‍ മുതല്‍, കൗമാരക്കാനായ മകന്‍ സ്‌കൂളില്‍ പോകാന്‍ മടി പിടിക്കുന്നത് വരെയുള്ള തികച്ചും സാധാരണമായ സംസാരങ്ങളില്‍ നിന്നാരംഭിച്ച് വലിയ സന്നാഹങ്ങളോടെ ഒരു അറസ്റ്റിന് അവര്‍ പോവുന്ന രംഗത്തിലേയ്ക്ക് നീളുന്ന അതിഗംഭീരമായ പ്ലേ നിറഞ്ഞ ബില്‍ഡ് അപ് ആണ് തുടക്കം തന്നെ. ഒരു മിഡില്‍ക്ലാസ് വീട്ടില്‍, രാവിലെ അതിക്രമിച്ച് കയറി അവിടത്തെ പുരുഷനേയും സ്ത്രീയേയും ബാത്ത്റൂമില്‍ നിന്ന് പുറത്ത് കടക്കാനൊരുങ്ങുന്ന കൗമാരക്കാരിയായ മകളേയും നിശബ്ദരാക്കി അടുത്ത മുറിയില്‍ ഉറങ്ങുന്ന 13-കാരനെ അവര്‍ അറസ്റ്റ് ചെയ്യുന്നു. പോലീസിന്റെ അപ്രതീക്ഷിതമായ വരവില്‍ പേടിച്ച് മൂത്രമൊഴിച്ച് പോകുന്ന, കുട്ടിത്തം വിടാത്ത മുഖമുള്ള ജയ്മി മില്ലറെയാണ് പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയ്മിയുടെ പിതാവ് എഡ്ഡി മില്ലര്‍ക്കോ അമ്മ മാന്‍ഡക്കോ സഹോദരി ലിസക്കോ എന്താണ് കാര്യമെന്ന് പിടികിട്ടുന്നതിന് മുമ്പേ, പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയ്മിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നു.

തുടര്‍ന്ന് പോലീസ് സ്റ്റേഷനിനിലെ നടപടിക്രമങ്ങളാണ് ആ എപിസോഡിലുള്ളത്. രാവിലെ 6.15ന് അറസ്റ്റു മുതലുള്ള നടപടികളിലൂടെ പതുക്കെ പതുക്കെ വിടരുന്ന കഥ. പോലീസ് സ്റ്റേഷനിലെത്തി കാത്തിരിക്കുന്ന എഡ്ഡിയും മാന്‍ഡയും ലിസയും അനുഭവിക്കുന്ന വീര്‍പ്പ് മുട്ടല്‍ സര്‍വ്വരിലേയ്ക്കും പടരുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ സന്നിഹിതനാകേണ്ട സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍, സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നിങ്ങനെയുള്ളവരടക്കമുള്ളവര്‍ ഈ പ്രോസസിന്റെ ഭാഗമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നതിലൂടെ പതുക്കെ അറസ്റ്റിന്റെ കാരണങ്ങള്‍ വെളിപ്പെടുന്നു. എന്നാല്‍ കരഞ്ഞും ഭയപ്പെട്ടുമിരിക്കുന്ന ജയ്മിയുടേയും തങ്ങളുടെ മകന്റെ അപ്രതീക്ഷിതമായ അറസ്റ്റില്‍ ഉലഞ്ഞ എഡ്ഡി, മാന്‍ഡ ദമ്പതികളുടേയും ഭയന്നും തളര്‍ന്നും പോയ ലിസയുടേയും വൈകാരിതകളിലാകും പ്രേക്ഷകര്‍ ഉടക്കി നില്‍ക്കുക. പ്രായപൂര്‍ത്തിയായാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ ഉണ്ടാകേണ്ട ‘അപ്രോപ്രിയേറ്റ് അഡള്‍ട്ട്’ ആയി ജയ്മി തന്റെ പിതാവ് എഡ്ഡിയെ തന്നെയാണ് തീരുമാനിക്കുന്നത്. ഈ പ്രക്രിയയ്ക്ക് അവസാനം അറസ്റ്റ് ചെയ്യുന്നതിനുള്ള തെളിവായ സി.സി.റ്റിവി ദൃശ്യങ്ങളില്‍ ജയ്മി ഒരു പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുന്നത് കാണുമ്പോള്‍ എഡ്ഡിക്കൊപ്പം തളരുന്നത് പ്രേക്ഷകര്‍ കൂടിയാണ്. അതിലാണ് ഒന്നാം ദിവസം രാവിലെ ആറേ കാല്‍ മുതല്‍ എഴേ കാല്‍ വരെ നീളുന്ന ഒരു മണിക്കൂര്‍ സംഭവ വികാസങ്ങളുടെ എപിസോഡ് അവസാനിക്കുന്നത്.

Adolescence netflix web series

പോലീസ് സ്റ്റേഷന്‍, സ്‌കൂള്‍, ജയ്മിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡിറ്റെന്‍ഷന്‍ ഫെസിലിറ്റി, ഫാമിലി എന്നിങ്ങനെ നാല് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആണ് ഈ സീരീസിന്റെ എപ്പിസോഡുകളില്‍ വരുന്നത്. ഡേ വണ്‍, ഡേ ത്രീ, സെവന്‍ മന്ത്സ്, തേര്‍ട്ടീന്‍ മന്ത്സ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന എപിസോഡ്സ്. ഒരുതരത്തില്‍ ക്രൂരമായ സത്യസന്ധതയോടെയാണ് ഇത് മുന്നേറുന്നത്. ആദ്യത്തെ രണ്ട് എപിസോഡുകളിലുള്ള പോലീസുകാര്‍, ലൂക്കും മിഷയും തുടര്‍ന്നുള്ള രണ്ട് എപിസോഡുകളില്‍ ഇല്ല. ജയ്മിയാകട്ടെ ആദ്യത്തേതും മൂന്നാമത്തേയും എപിസോഡുകളില്‍ മാത്രമാണ് സ്‌ക്രീനിലുള്ളത്. എഡ്ഡി ആദ്യത്തേതിലും അവസാനത്തേതിലും. കൊല്ലപ്പെട്ട കെയ്റ്റിയാകട്ടെ അവ്യക്തമായ സി.സി.റ്റി.വി ദൃശ്യങ്ങളില്‍ മാത്രമാണുള്ളത്. ഒരെപ്പിസോഡില്‍ മാത്രമുള്ള സൈക്കോളജിസ്റ്റ് ബ്രിയനി ആരിസ്റ്റണിന്റേത് (എറിന്‍ ഡോര്‍ത്തി) ഈ സീരീസിലെ ഫീമെയ്ല്‍ ലീഡ് എന്ന നിലയില്‍ പറയാനുള്ളത്ര പ്രധാന്യമുള്ള റോളാണ്. കെയ്റ്റിയുടെ സുഹൃത്ത് ജെയ്ഡ്, ജയ്മിയുടെ സുഹൃത്ത് റിയാന്‍, ലൂക്കിന്റെ മകന്‍ ആദം, സകൂളിലെ അധ്യാപകര്‍ എന്നിങ്ങനെ സ്‌കൂള്‍ എപിസോഡില്‍ വന്ന് പോകുന്ന കഥാപാത്രങ്ങളൊക്കെ സവിശേഷമായ മുദ്ര കഥയില്‍ വഹിക്കുന്നവരാണ്.

മൂന്നാം ദിവസ/സ്‌കൂള്‍ എപിസോഡില്‍ ജയ്മിയുടേയും കെയ്റ്റിയുടെയും സ്‌കൂളില്‍ ലൂക്കും മിഷയും നടത്തുന്ന അന്വേഷണമാണ്. ഇന്‍സ്റ്റഗ്രാം പൂര്‍വ്വ തലമുറയ്ക്ക് ഒരുപിടിയും കിട്ടാത്ത കൗമാരക്കാരുടെ മനോവ്യാപാരങ്ങളും അവരുടെ അരാജകത്വവും പരസ്പരമുള്ള അക്രമോത്സുകമായ ബുള്ളിയിങ്ങും ചേര്‍ന്ന് കലുഷിതമാണ് ആ അന്തരീക്ഷം. പുതുതലമുറയോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് പോലും അറിയാത്ത ഇന്‍സ്പെക്ടര്‍ ലൂക്കിന് ,അതേ സ്‌ക്കൂളില്‍ പഠിക്കുന്ന, മകന്‍ ആദം വിശദീകരിച്ച് നല്‍കാന്‍ ശ്രമിക്കുന്ന ആല്‍ഫജെന്‍ പ്രശ്നങ്ങളാണ് കഥയിലെ പ്രധാന തന്തു. അവിടെ നിന്ന് നമുക്ക് ഇന്‍സെല്‍ എന്ന ഓണ്‍ലൈന്‍ സബ്കള്‍ച്ചറിലേയ്ക്ക് കഥ തിരിയുന്നു. ജെന്‍ ആല്‍ഫ തലമുറയിലെ ആണ്‍പറ്റത്തിനിടയിലുള്ള തികച്ചും ടോക്സിക് ആയ ഒരു പൗരുഷനിലയെ ആണ് ഇന്‍സെല്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീകളുമായി ലൈംഗികമായോ പ്രണയപരമായോ അടുക്കാന്‍ കഴിയാത്ത ആണ്‍കുട്ടികള്‍ സ്ത്രീകളെ വെറുക്കുകയും അവരെ അപമാനിക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുന്ന മാനസിക നിലയിലേയ്ക്ക് അധപതിക്കുന്നതാണ് ഈ പ്രയോഗം കൊണ്ട് ഉദ്യേശിക്കുന്നത്. മിക്കവാറും ഹെട്രോസെക്ഷ്വല്‍ ആയ, വെളുത്ത വര്‍ഗ്ഗക്കാരായ ആണ്‍കുട്ടികള്‍ക്കിടയിലുള്ള പ്രതിഭാസമായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഇവരെ തിരിച്ചടിക്കാന്‍ 80-20 എന്ന പ്രയോഗം നടത്താറുണ്ട് പെണ്‍കുട്ടികള്‍. എണ്‍പത് ശതമാനം പെണ്‍കുട്ടികളും 20 ശതമാനം പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത് എന്നതാണ് അത്. സത്രീ വിദ്വേഷത്തിന്റെ ഈ കൗമാര ലോകത്തെ തുറന്ന് കാണിക്കുന്ന ഈ എപിസോഡ് ജയ്മിക്ക് കത്തി നല്‍കിയ സുഹൃത്ത് റിയാനിന്റെ അറസ്റ്റിലാണ് അവസാനിക്കുന്നത്. സ്വയമേവ ബുള്ളീയിങ് നേരിടുന്ന ആദത്തിന് തന്റെ പിതാവുമായി ആദ്യമായി ഒരു സ്നേഹ-ബഹുമാന അടുപ്പം ഉണ്ടാകുന്നിടത്തും.

Adolescence netflix web series

ഏഴാംമാസം എന്ന എപ്പിസോഡാണ് ഈ സീരീസിലെ ഏറ്റവും നിര്‍ണായക ഭാഗമായി കണക്കാക്കപ്പെടുന്നത്. ജയ്മിയെ പാര്‍പ്പിക്കുന്ന ഡിറ്റെന്‍ഷന്‍ സെന്ററില്‍ അവന്റെ മാനസിക നില പരിശോധിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സൈക്കോളജിസ്റ്റ് ബ്രിയനി ആരിസ്റ്റണ്‍ എത്തുന്നതും അവര്‍ തമ്മിലുള്ള സംസാരവുമാണ് ഇതില്‍. ജയ്മി മില്ലര്‍ എന്ന ബാല്യം വിടാത്ത മുഖമുള്ള കൗമാരക്കാരനെ അവതരിപ്പിക്കാന്‍ ഓവന്‍ കൂപ്പര്‍ എന്ന പതിനഞ്ചുകാരനെ തിരഞ്ഞെടുത്തതെന്തിന് എന്നതിന് അടിവരയിടുന്നു ഈ എപ്പിസോഡ്. ഇന്റലിജെന്റ് ആയ, ഇമോഷണലി ടോക്സിക്കാകാന്‍ ശേഷിയുള്ള, സ്ത്രീകളോട് വിചിത്രമായ ഒരു വിദ്വേഷം ഉള്ളിന്റെ ഉള്ളിലുള്ള, പിതാവിനോട് ആരാധനയുള്ള ജയ്മിയെ നമുക്കിവിടെ കാണാം. ഫെസിലിറ്റിയുടെ പുറത്തേയ്ക്കിറങ്ങാത്ത ക്യാമറ പക്ഷേ നിരന്തരം കഥാപാത്രങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് കൊണ്ട് വളരെ ഡൈനാമിക് ആയ രംഗം സൃഷ്ടിക്കുന്നത്. ഭാവിയിലെ റോബര്‍ട്ട് ഡിനിറോയെന്നും ലിയനാര്‍ഡോ ഡികാപ്രിയോ എന്നുമെല്ലാം ഓവന്‍ കൂപ്പറെ വിശേഷിപ്പിക്കുന്നതില്‍ ഒരു അതിശയോക്തിയുമില്ല എന്ന് ഈ എപിസോഡ് തെളിയിക്കും. ഓവന്‍ കൂപ്പറോട് ചേര്‍ന്ന് നിന്നുകൊണ്ട് ക്രൗണ്‍ സീരീസിലെ ആനി രാജകുമാരിയെ അവതരിപ്പിച്ച് പ്രശസ്തയായ ബ്രിട്ടീഷ്/ഐറിഷ് നടി എറിന്‍ റേച്ചല്‍ ഡോര്‍ത്തിയുടെ ബ്രിയനി ആരിസ്റ്റണായുള്ള പ്രകടനവും ഇതിലെ ഡയലോഗ് പാര്‍ട്ടും പുതുതലമുറ ഡ്രാമ സീരീസുകളിലെ ഏറ്റവും ഗംഭീരമമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള രംഗങ്ങളിലൊന്നായി ഇതിനെ മാറ്റിയിരിക്കുന്നു.

13 മാസങ്ങള്‍ക്ക് ശേഷം എഡ്ഡി മില്ലറിന്റെ അമ്പതാം പിറന്നാളിന്റെ അന്ന് അവരുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ഒടുവിലത്തെ എപിസോഡില്‍. പിരിമുറുക്കവും അയയലും പൊട്ടിത്തെറിയും സ്നേഹമുഹൂര്‍ത്തങ്ങളും എല്ലാം ചേര്‍ന്നുള്ള ഒരു ക്ലൈമാക്സാണത്. എഡ്ഡി മില്ലറുടെ പ്രിയപ്പെട്ട വാനിന്റെ ചില്ലില്‍, ഏതോ കൗമാരക്കാര്‍ സ്പ്രേ പെയ്ന്റ് ചെയ്തത് കണ്ടെത്തുന്നതോടെ പിറന്നാള്‍ പ്രമാണിച്ച് ലേശം ലാഘവത്വം പുലര്‍ത്തിയിരുന്ന വീട് വീണ്ടും വലിഞ്ഞു മുറുകുന്നു. എന്നാല്‍ ഒരു സ്റ്റോറില്‍ നിന്ന് പെയ്ന്റ് വാങ്ങാനുള്ള അവരുടെ ഫാമിലി ട്രിപ് പാട്ടും എഡ്ഡിയും മാന്‍ഡയും തമ്മിലുള്ള പ്രണയകഥകളുമെല്ലാമായി വീണ്ടും അയയുകയും അതില്‍ സ്നേഹവും ചിരിയും വന്ന് ചേരുകയും ചെയ്യുന്നു. അതിങ്ങനെ മാറി മറഞ്ഞുകൊണ്ടേയിരിക്കും. സ്നേഹവും കരുണയും മനുഷ്യത്വവുമുള്ള ഒരാള്‍ തന്നെയാണ് എഡ്ഡി. പക്ഷേ തന്റെ പൗരുഷത്തിന്റെ അധീശത്വം അറിയാതെയും അറിഞ്ഞും ഒരോ നിമിഷവും പ്രകടിപ്പിക്കുന്നതില്‍ യാതൊരു അസ്വഭാവികതയും അയാള്‍ക്കോ ചുറ്റുമുള്ള ആളുകള്‍ക്കോ തോന്നില്ല. സ്റ്റോറില്‍ പെയ്ന്റ് മേടിക്കാന്‍ കയറുമ്പോള്‍ ‘ഞങ്ങള്‍ എന്ത് ചെയ്യണം’ എന്ന ഭാര്യയുടേയും മകളുടേയും ചോദ്യത്തോട് സ്നേഹത്തോടെ തന്നെയാണ് ‘എന്തേലും വാങ്ങി പൈസ ചെലവാക്ക്. അതില്‍ നിങ്ങള്‍ മിടുക്കരാണല്ലോ’ എന്ന് അയാള്‍ പറയുന്നത്. കുടുംബത്തില്‍ പണം സമ്പാദിക്കുന്ന, പുരുഷന്‍ എന്ന സ്ഥാനത്തില്‍ നിന്ന് ഉയരുന്ന ആക്രോശങ്ങളും അധികാരങ്ങളും എഡ്ഡിയില്‍ നമുക്ക് കാണാം. അതയാള്‍ മോശം മനുഷ്യനായിട്ടല്ല, പുരുഷന്മാര്‍ക്ക് അതെല്ലാം ആകാമെന്ന് ചിന്തിക്കുന്ന തലമുറയുടെ തുടര്‍ച്ചയാണ് അയാള്‍. തന്നെ ബെല്‍റ്റിനടിച്ചിരുന്ന തന്റെ പിതാവിനേക്കാള്‍ മകനെ ഒരിക്കല്‍ പോലും തല്ലാത്ത താന്‍ എത്രയോ ഭേദപ്പെട്ട മനുഷ്യനാണ് എന്നയാള്‍ വിചാരിക്കുന്നു. അതുകൊണ്ടാണ് മകനെ വളര്‍ത്തിയപ്പോള്‍ എവിടെയാണ് പിഴച്ചത് എന്ന് അയാള്‍ക്ക് മനസിലാകാത്തതും ഒരു പ്രതിസന്ധി സമയത്ത് തന്റെ മകളെത്ര നല്ല കുട്ടിയാണ് എന്ന് അയാള്‍ പെട്ടന്ന്, ആദ്യമായി, തിരിച്ചറിയുന്നതും. സീരീസിന്റെ എഴുത്തുകാരനും കോ-ക്രിയേറ്ററുമായ സ്റ്റീഫന്‍ ഗ്രഹാമിന്റെ അഭിനയ ജീവിതത്തിന്റെ നാഴിക കല്ലായിരിക്കും എഡ്ഡി മില്ലര്‍. ഈ സീരീസിനെ താങ്ങി നിര്‍ത്തുന്ന അതുല്യപ്രകടനമാണത്.

സങ്കീര്‍ണമാണ് അഡോളസന്‍സ്. സീരീസ് കണ്ട അധ്യാപകനും എഴുത്തുകാരനുമായ ജയറാം ജനാര്‍ദ്ദനന്‍ സോഷ്യല്‍ മീഡിയയില്‍ അഡോളന്‍സിന്റെ സ്‌കൂള്‍ ചിത്രീകരണം കൃത്യമാണെങ്കിലും മറ്റ് സംവിധാനങ്ങളെ ചിത്രീകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ ആകുന്ന വിധത്തിലല്ല എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സീരീസ് അതിഗംഭീകരമാണ് എന്നഭിപ്രായപ്പെട്ടുകൊണ്ടാണ് മര്യാദക്കാരും നിയമം പാലിക്കുന്നവരും പലതരം മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവരുമൊക്കെയായ പോലീസ്/സൈക്കോളജിസ്റ്റ്/കോടതി സംവിധാനത്തെ ചിത്രീകരിക്കുന്നതിലുള്ള അസ്വഭാവികത ജയറാം എടുത്ത് പറയുന്നത്. സാഹചര്യങ്ങളൊത്തുവന്നാല്‍ കുട്ടികള്‍ക്ക് അചിന്തനീയമാം വിധം ക്രൂരരാകാന്‍ പറ്റുമെന്ന് പറയുന്ന സീരീസ് പോലീസ് കറഷ്ണല്‍ സംവിധാനത്തെ നിഷ്‌കളങ്ങതയോടെ സമീപിക്കുന്നുവെന്ന വിമര്‍ശനം വളരെ പ്രധാനം തന്നെയാണ്.

Adolescence netflix web series

അതേസമയം ഫാമിലി എന്നതിനേയും സ്‌കൂളിങ് എന്നതിനേയും പ്രശ്നവത്കരിക്കാന്‍ അഡോളസെന്‍സിന് ആയിട്ടുണ്ട്. കലിപ്പന്മാരുടെ വീരഗാഥയായി ടിക്ടോക്കുകള്‍ ഉണ്ടാക്കി ആഘോഷിക്കുന്നത് മുതല്‍ പ്രണയം നിരസിക്കപ്പെട്ടാല്‍ കൊല നടത്തുകയും സ്‌കൂളിലെ കുഞ്ഞു പ്രശ്നങ്ങളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തി ക്രൂരമായ കൊല പദ്ധതിയിടുന്നതും വരെ സുപരിചതമായി കഴിഞ്ഞ നമ്മുടെ നാട്ടില്‍ നിന്ന് ‘അഡോളസെന്‍സ്’ കാണുമ്പോള്‍ നമുക്ക് മനസിലാകുന്ന പലതുമുണ്ട്. അതില്‍ തലമുറകളെത്ര പിന്നിട്ടിട്ടും ലോകമെത്ര മുന്നോട്ട് പോയിട്ടും മാറാന്‍ വിസമ്മതിക്കുന്ന പൗരുഷവിജ്രംഭനങ്ങള്‍ മുതല്‍ പുതുതലമുറയുടെ സാംസ്‌കാരിക വിനിമയത്തിന്റെ ഭാഷയോ രീതിയോ പരിചിതമല്ലാതെ ഏതോ കാലത്ത് ഉറച്ച് പോയ രക്ഷിതാക്കളും വരെയുള്ള സുപരിചിതമായ കാര്യങ്ങളാണ് ഏറെയും. ഒരു ആദര്‍ശാശയം എന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള തെറ്റുതിരുത്തല്‍ സംവിധാനം അഥവാ നിയമ സംവിധാനം മാത്രമാണ് നമുക്ക് അപരിചിതം. കുറ്റവാളികളോട് സഹാനുഭൂതി പുലര്‍ത്തുന്ന ഒരു ലോകം നമുക്ക് ചുറ്റുമില്ല. പ്രായോഗികമായും ആദര്‍ശാത്മകമായും ഇല്ല.

പക്ഷേ കുട്ടികള്‍ എങ്ങനെ കുട്ടികളല്ലാതായി തീരുന്നു, അവരെങ്ങനെ കുറ്റവാളികളായി തീരുന്നുവെന്നുള്ള ആലോചന വളരെ പ്രധാനമാണ് എന്ന് കൂടി കുട്ടികളുടേയോ ഇന്‍സ്റ്റിറ്റിയൂഷനുകളുടേയോ എന്തിന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേയോ പോലും ഒപ്പമല്ലാതെ നിരീക്ഷക വേഷത്തില്‍ നിന്നുകൊണ്ട് ഈ സീരീസ് പറയുന്നുണ്ട്. അത് വളരെ പ്രധാനമാണ്. അതിനൊപ്പം തന്നെ പ്രധാനമാണ് ഇതിന്റെ ചിത്രീകരണവും. അതുകൊണ്ട് തന്നയാണ് നിരൂപക ശ്രദ്ധയും ജനപ്രിയയും ഒരു പോലെ നേടി സമീപകാലത്തെ ഏറ്റവും മികച്ചത് എന്ന പ്രശംസ സട്രീമിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ‘അഡോളസന്‍സ്’ നേടിയെടുത്തത്.  Adolescence: The dark corners and masculine vulnerabilities of teenage minds

Content Summary; Adolescence: The dark corners and masculine vulnerabilities of teenage minds

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×