അടൂര്‍ ഭാസിയുടെ ചരമവാര്‍ഷികമായ ഇന്ന് ഭാസി ആദ്യമായും അവസാനമായും ഒരു തിരഞ്ഞെടുപ്പിന് നിന്ന കഥ അഴിമുഖം പറയുന്നു.
ഒരു സിനിമാതാരം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 1960 ലാണ്. അത് സാക്ഷാല്‍ അടൂര്‍ ഭാസി ആയിരുന്നു. ഒരു പ്രാദേശിക തിരഞ്ഞെടുപ്പാണെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ള പ്രചരണത്തിന് നേരിട്ട് വരുന്നത് വരെയെത്തി ആ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും. കെ ഭാസ്‌ക്കരന്‍ നായര്‍ അന്ന് അടൂര്‍ ഭാസിയെന്ന സിനിമാ നടനായിരുന്നെങ്കിലും സിനിമയിലെ കൊടി കെട്ടിയ അടൂര്‍ ഭാസിയെന്ന ഹാസ്യ സാമ്രാട്ടായിട്ടില്ല. പിന്നീട് അടൂര്‍ ഭാസിയുടെ അനേകം ചിരിക്കഥകളില്‍ ഒന്നിന് ‘വഴി വെച്ച ഒരു ഇലക്ഷന്‍ കഥയാണ് ഇത്.
എല്ലാവരും കരഞ്ഞുകൊണ്ടു ജനിക്കുന്നു. എന്നാല്‍ അടൂര്‍ ഭാസി ചിരിച്ച് കൊണ്ടായിരിക്കണം പിറന്നത്. അതായിരിക്കും നൈസര്‍ഗികമായ നര്‍മ്മക്കാരനായ അടൂര്‍ ഭാസിയുടെ, പരസഹസ്രം കഥകളില്‍ സ്വന്തം അമ്മ, മഹേശ്വരിയമ്മയെ പോലും വെറുതെ വിടാതെ കഥാപാത്രമാക്കിയത്. – ആ കഥ ഇങ്ങനെ: ഓമനമകന്‍ അഭിനയിച്ച ആദ്യ സിനിമ ‘തിരമാല ‘ (1953) വെള്ളിത്തിരയില്‍ കാണാന്‍ അമ്മ തിയേറ്ററില്‍ ചെന്നു. നിര്‍ഭാഗ്യവശാല്‍ മഹേശ്വരിയമ്മയുടെ കണ്ണില്‍ ഒരു കരട് പോയി. ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും ഭാസിയുടെ രംഗം വന്ന് പോയിരുന്നു. അതാണ് മകന്റെ ആദ്യ സിനിമ അമ്മ കണ്ട കഥ. ഭാസി പറഞ്ഞ കഥ. രണ്ട് പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ തന്റെ ഈ ഓമന മകനെ മഹേശ്വരിയമ്മ വിളിച്ച ഓമനപ്പേര് ഭാസമ്മയെന്നായിരുന്നു.
അടൂര്‍ ഭാസിയുടെ അമ്മ മഹേശ്വരി മലയാള സാഹിത്യത്തിലെ ചരിത്രാഖ്യായികളുടെ ശില്‍പ്പിയായ, വിഖ്യാതനായ ‘ സി. വി. രാമന്‍ പിള്ളയുടെ മകളും, തിരുവിതാംകൂറിലെ ഒരു പ്രസ്ഥാനം തന്നെയായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ ഭാര്യയുമായിരുന്നു. സാഹിത്യകാരനും നിയമസഭാസമാജികനും പത്രാധിപരും പങ്തികാരനുമൊക്കെയായിരുന്ന ഹാസ്യ സാമ്രാട്ടായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ നര്‍മ്മഭാവന മക്കളില്‍ പകര്‍ന്ന് ഇരട്ടിയായി കിട്ടിയത് ഭാസിക്കായിരുന്നു.
ഇ.വി എഴുത്തില്‍ കാണിച്ച ചാതുര്യം മകന്‍ സംഭാഷണത്തിലും നാടകത്തിലും സിനിമയിലുമൊക്കെ കാണിച്ചു. പില്‍ക്കാലത്ത് പത്രപ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍, ഗായകന്‍, കഥാകൃത്ത്, കോളമിസ്റ്റ് തുടങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു ഇവിയുടെ ഏഴ് മക്കളില്‍ ഒരാളായ ഭാസ്‌ക്കരന്‍ നായര്‍ എന്ന അടൂര്‍ ഭാസി.
പഠിച്ചത് തുണി ശാസ്ത്രം. കായംകുളത്ത് കെ.കെ. കുഞ്ഞ് സാഹേബ് ലൈലാ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണി വ്യവസായ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ടെക്സ്റ്റല്‍ ഡിപ്ലോമക്കാരന്‍ ഭാസ്‌ക്കരമേനോനെ അതിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പക്ഷേ, ആ പദ്ധതി നടന്നില്ല.
തിരുവനന്തപുരത്തെ പി.കെ. വിക്രമന്‍ നായരുടെ നാടകസംഘം സജീവമായ കാലമായിരുന്നു. അതില്‍ സ്ത്രീവേഷങ്ങള്‍ കെട്ടുന്ന നടനായി. ശ്രദ്ധിക്കപ്പെട്ട നടനായി മാറിയപ്പോഴാണ് തിരമാലയില്‍ ഒരു വേഷം കിട്ടിയത്. അത് ആരുമറിയാതെ പോയി. എങ്കില്‍ പിന്നെ രാഷ്ട്രീയമാകട്ടെയെന്ന് ഭാസി തീരുമാനിച്ചു. പോരാത്തതിന് അച്ഛന്‍ ഇ.വി., തിരുവിതാംകൂറിലെ അന്നത്തെ ശ്രീ മൂലം പ്രജാ സഭയും, നിയമസഭയിലൊക്കെ തിരഞ്ഞെടുക്കപ്പെട്ട പ്രശസ്തനായ സമാജികനായിരുന്നു. ആ പാരമ്പര്യത്തില്‍ മുന്നോട്ട് പോകാം എന്ന തീരുമാനത്തില്‍ അടൂര്‍ ഭാസി അന്നത്തെ രാഷ്ട്രീയത്തിലെ പ്രധാന താരമായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരുടെ ആര്‍.എസ്.പിയില്‍ ചേര്‍ന്നു.
അക്കാലത്ത് എല്ലാ പുരോഗമനാശയക്കാരുടെയും തിരുവിതാംകൂറിലെ ബുദ്ധി പ്രഭാവത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു കെ. ബാലകൃഷ്ണന്‍ അഥവാ കൗമുദി ബാലകൃഷ്ണന്‍. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള യുവ തലമുറക്കാരില്‍ അദ്ദേഹത്തിന് വന്‍ സ്വാധീനമുണ്ടായിരുന്നു. ആരാധക വൃന്ദത്താലും ആജ്ഞാനുവര്‍ത്തികളാലും ചുറ്റപ്പെട്ട ഒരു അതോറിറ്റിയായിരുന്നു അക്കാലത്ത് കൗമുദി ബാലകൃഷ്ണന്‍.
1960 ല്‍ കോര്‍പ്പറേഷന്‍ ഇലക്ഷന്‍ വന്നു. കെ. ബാലകൃഷ്ണന്‍ കല്‍പ്പിച്ചു. വഴുതക്കാട് ഭാസി ആര്‍.എസ്.പി. സ്ഥാനാര്‍ത്ഥിയാകണം. വഴുതക്കാട് ഭാസിയുടെ മുത്തച്ഛന്‍ സി.വി. രാമന്‍ പിള്ളയുടെ തട്ടകമാണ്. ആ പാരമ്പര്യം നാട്ടുകാര്‍ മറക്കുമോ. ഭാസി ജയിക്കും. ശ്രീകണ്ഠന്‍ ചേട്ടന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് കിട്ടും ബാലകൃഷ്ണന്‍ ഉറപ്പിച്ചു. തിരുവിതാംകൂറിലെ ഏറ്റവും വലിയ നേതാവായ പട്ടം താണുപിള്ളയുടെ പാര്‍ട്ടി പി.എസ്.പി. യുടെ സ്ഥാനാര്‍ത്ഥി വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ഒരു മുരളിയാണ്. ഭാസിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ഇലക്ഷന്‍ ചൂടു പിടിച്ചു. സ്വന്തം പാര്‍ട്ടിക്കാരനെ ജയിപ്പിക്കേണ്ടത് പട്ടത്തിന്റെ അഭിമാനമായി മാറി.
( പിഎസ്പിയെ പട്ടത്തിന്റെ സ്വന്തം പാര്‍ട്ടി എന്നാണ് എതിരാളികള്‍ പരിഹസിച്ചിരുന്നത്.) നായര്‍ പ്രമാണിത്വത്തിന്റെ ഊറ്റമുണ്ടെങ്കിലും തിരുവിതാംകൂറിലെ അനിഷേധ്യനായ ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്നു പട്ടം താണുപിള്ള. അദ്ദേഹം നേരിട്ട് പ്രചരണത്തില്‍ പ്രസംഗിക്കാനെത്തി. തന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയേക്കാള്‍ താണു പിള്ള സാറിന്റെ മനസില്‍ പ്രതൃക്ഷമായത് എതിര്‍ സ്ഥാനാര്‍ത്ഥി ഇവിയുടെ മകനാണ്. നമ്മുടെ സിവിയുടെ കൊച്ചുമകന്‍, ആഡ്യന്‍ നായര്‍. ഇതായിരുന്നു പട്ടം താണുപിള്ളയുടെ മനസ്സിലെ ചിത്രം.
കലാകാരന്‍ വേണോ പലഹാരക്കാരന്‍ വേണോ? എന്ന ആര്‍ എസ് പി ക്കാര്‍ കെട്ടിയ ബാനര്‍ നോക്കി പട്ടം താണു പിള്ള പ്രസംഗമാരംഭിച്ചു. സി.വിയേയും ഇവിയേയും സ്മരിച്ചു. ഒരു ആഡ്യ കുടുംബത്തില്‍ നിന്നുള്ള കലാകാരനായ ഭാസിയെ മുക്തകണ്ഠം പുകഴ്ത്തി താണു പിള്ള സാറിന്റെ പ്രസംഗം കത്തിക്കേറി കൊണ്ടിരിക്കെ ഒരാള്‍ ഒരു കുറിപ്പ് പ്രാസംഗികന് കൈമാറി. അത് വായിച്ച താണു പിള്ള സാര്‍ ഒന്നു ഞെട്ടി. ‘അങ്ങ് ഇപ്പോള്‍ പ്രസംഗിക്കുന്നത് എതിര്‍സ്ഥാര്‍ത്ഥിക്ക് വേണ്ടിയാണ്, നമ്മുടെ ആള്‍ മുരളിയാണ്’ ഇതായിരുന്നു കുറിപ്പില്‍. ഞെട്ടലില്‍ നിന്നുണര്‍ന്ന താണുപിള്ള സാര്‍ ഒരു നിമിഷം പ്രസംഗം നിറുത്തി – സദസിനെ നോക്കി അടുത്ത വാചകം തൊടുത്തു.
‘കഷ്ടം ഈവി കൃഷ്ണപിള്ളയ്ക്ക് ഇങ്ങനെയൊരു മകന്‍ പിറന്നല്ലോ!
കഴുത ! :ഇയാള്‍ക്ക് വഴുതക്കാട് യെന്തു കാര്യം? അയാള്‍ അടൂരുകാരന്‍, അവിടെ പോയി തെരഞ്ഞെടുപ്പിന് നില്‍ക്കട്ടെ!. മാത്രകള്‍ കൊണ്ട് പട്ടം കാര്യം മാറ്റി. ഇതുവരെ പറഞ്ഞ കാര്യം അപ്പാടെ പ്ലേറ്റ് മറച്ച് വെച്ച് താണുപിള്ള സാര്‍ ആര്‍.എസ്.പി ക്കാരെയും സ്ഥാനാര്‍ത്ഥിയേയും തുടര്‍ന്നുള്ള പ്രസംഗത്തിലൂടെ നിലം പരിശാക്കി. താണു പിള്ള സാറിന്റെ പ്രസംഗം കേട്ട് നിന്നവര്‍ കയ്യടിച്ചു. ദോഷം പറയരുതല്ലോ ഇലക്ഷനില്‍ ഭാസ്‌കരമേനോന്‍ 32 വോട്ടിന് സുഖമായി തോറ്റു. താണുപിള്ള സാറിന്റെ പ്രസംഗം ഏറ്റതാകാം കാരണം. തെരഞ്ഞെടുപ്പില്‍ തോറ്റതല്ല ഭാസിക്ക് വിഷമം. ഇത്രയും അടുപ്പുള്ള തന്നെ പ്രസംഗത്തില്‍ പൊക്കിയ താണുപിള്ള സാര്‍, തന്നെ നിലത്തിട്ടല്ലോ എന്നതിലായിരുന്നു. എല്ലാവരും ക്രമണേ മറന്ന ഒരു തിരഞ്ഞെടുപ്പ് മാത്രമായി അത് അവസാനിച്ചെങ്കിലും, ഏതാനും വോട്ടിന് വേണ്ടിയുള്ള, പട്ടത്തിന്റെ മലക്കം മറിച്ചില്‍ ഭാസി മറന്നില്ല.
കാലം കടന്നു പോയി. തിരുവതാംകൂറിലെ രാഷ്ട്രീയമാകെ മാറി മറഞ്ഞു. തിരുവിതാംകൂറിലെ അനിഷേധ്യ നേതാവായ പട്ടം താണുപിള്ളയുടെ കേരളത്തിലെ രാഷ്ട്രീയ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ചു കൊണ്ട് കേന്ദ്ര നേതൃത്വം പട്ടം താണുപിള്ളയെ ഒതുക്കി, പഞ്ചാബ് ഗവര്‍ണറാക്കി നാടുകടത്തി. അന്നത്തെ കേരള ഗവര്‍ണറായ വി.വി.ഗിരിയുടെ ഭാഷയില്‍ ‘ Pattam kicked to upstairs ‘. ഭാര്യയായ പൊന്നമ്മ സാറുമൊത്ത് ഗവര്‍ണ്ണറായി ചാര്‍ജെടുക്കാന്‍ പട്ടം ചണ്ഢിഗഡിലേക്ക് പോയി.
പഴയ കഥ മറക്കാത്ത ഭാസി, പിറ്റേന്നു തിരുവനന്തപുരത്ത് തന്റെ കഥയിറക്കി. ‘ അറിഞ്ഞോ നമ്മുടെ പട്ടം താണുപിള്ള സാറിന് ചണ്ഢിഗഡിലെ രാജ് ഭവനില്‍ നല്ല സ്വീകരണം കിട്ടിയെത്രെ. രാജ് ഭവനില്‍ പൊന്നമ്മ സാറുമായി ചാര്‍ജെടുക്കാന്‍ ചെന്നപ്പോള്‍ എന്താ കഥ:
‘അവിടെ വന്ന താടിയും തലപ്പാവും വെച്ച സന്ദര്‍ശകരെ കണ്ട് അത്ഭുതപ്പെട്ട് താണുപിള്ള സാര്‍ പറഞ്ഞത്രെ’ ശിവ ശിവ ഇവിടെ ഇത്രയധികം അയ്യപ്പ ഭക്തന്മാരുണ്ടോ ? ഞാനറിഞ്ഞില്ല’
സംഭവം ഉടനെ നാലാള്‍ പറഞ്ഞ് ഈ ഭാസിയുടെ പട്ടം കഥ പെട്ടെന്ന് തന്നെ തിരുവനന്തപുരത്ത് പ്രചരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം അടൂര്‍ ഭാസി ഏറ്റുവാങ്ങിയത് ഇതേ വഴുതക്കാട് ടാഗോര്‍ സെന്ററി ഹാളില്‍ വെച്ചായിരുന്നു. അഭിമാനത്തോടെ, തന്നെ 32 വോട്ടിന് തോല്‍പ്പിച്ച അതേ വഴുതക്കാട് വെച്ച് ഭാസി പുരസ്‌കാരം സ്വീകരിച്ചു.
Content Summary: Adoor Bhasi’s first and last election: the 1960 Trivandrum corporation battle
This post was last modified on March 30, 2026 11:29 am
Leave a Comment