തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ ചോല, ദേവികുളം എന്നീ അഞ്ചു നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയാണ് ഇടുക്കി. കേരള രാഷ്ട്രീയത്തില്‍ ചരിത്രപരമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ജില്ല. 2021-ല്‍ അഞ്ചില്‍ നാല് മാര്‍ക്കും നല്‍കി ഇടതുപക്ഷത്തെ വിജയിപ്പിച്ച ഇടുക്കി ഇത്തവണ മാര്‍ക്ക് ഷീറ്റില്‍ തിരുത്തല്‍ വരുത്തുമോ?

തൊടുപുഴ
ഇടത് തരംഗത്തിലും യുഡിഎഫ് ജയിച്ച ഏക മണ്ഡലം തൊടുപുഴയാണ്. അത് പി ജെ ജോസഫ് എന്ന നേതാവിന്റെ മിടുക്കിലാണ്. 1991-ല്‍ കോണ്‍ഗ്രസിന്റെ പി ടി തോമസ് വിജയിച്ചതൊഴിച്ചാല്‍ 1970 മുതല്‍ ജോസഫിന്റെ കുത്തകയാണ്. ജോസഫ് ഇടത്തോ വലത്തോ നിന്നാലും മണ്ഡലം പി ജെ യ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിരിഞ്ഞ ജോസഫ് ഇത്തവണ മകന്‍ അപു ജോസഫിനെയാണ് തൊടുപുഴയില്‍ പിന്‍ഗാമിയാക്കിയിരിക്കുന്നത്. സുരക്ഷിത സീറ്റീല്‍ മകനെയെന്നല്ല ആരെ ജോസഫ് പിന്‍ഗാമിയാക്കിയാലും വിജയം നിശ്ചയം.
മണ്ഡലത്തിന്റെ രാഷ്ട്രീയ-സാമുദായിക സ്വഭാവമാണ് ഇതിന് കാരണം. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ഏകദേശം 40 ശതമാനം ക്രൈസ്തവ വോട്ടുകളുണ്ട്. സിറിയന്‍ കത്തോലിക്ക വിഭാഗമാണ് നിര്‍ണായകം. സഭയുടെ ആഭിമുഖ്യം എപ്പോഴും ജോസഫിനോടാണ്. യുഡിഎഫിനെ പരമ്പാരഗതമായി തുണയ്ക്കുന്നതാണ് ഇവിടുത്തെ മുസ്സിം വിഭാഗം. ഇവര്‍ക്ക് 25 ശതമാനത്തോളം വോട്ടുണ്ട്. പ്രത്യേകിച്ച് തൊടുപുഴ നഗരസഭ പരിധിയിലും പരിസര പഞ്ചായത്തുകളിലും മുസ്ലിം വോട്ടുകള്‍ സ്വാധീനം ചെലുത്തുന്നു. എല്‍ഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് മുഖ്യ എതിരാളി. അവര്‍ക്ക് ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെങ്കിലും വിജയം നേടാന്‍ തക്ക കരുത്ത് ഉണ്ടാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി. ശ്യാംരാജ് നേടിയ 21,000 വോട്ടുകള്‍ ബിജെപിയുടെ വളര്‍ച്ചയെ കാണിക്കുന്ന ഘടകമാണ്.
പീരുമേട്
തൊഴിലാളി സംഘടനകള്‍ നിര്‍ണായക ശക്തിയായി മാറുന്ന മണ്ഡലങ്ങള്‍ കേരളത്തില്‍ പീരുമേടും ദേവികുളവുമാണ്. ട്രേഡ് യൂണിയനുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമാണ് ഇവിടെ. കാര്‍ഷിക മേഖലയും തോട്ടം മേഖലയും ഒരുപോലെയുള്ള മണ്ഡലമാണ് പീരുമേട്. കൊക്കയാര്‍, പെരുവന്താനം, ഉപ്പുതറ പഞ്ചായത്തുകളാണ് പ്രധാനമായും കാര്‍ഷിക മേഖല. ബാക്കി പഞ്ചായത്തുകള്‍ ടി പ്ലാന്റേഷന്‍ മേഖലകളാണ്.
പ്രമുഖ ട്രേഡ് യുണിയന്‍ സി ഐ കുര്യനിലൂടെ സിപിഐ മണ്ഡലമായി അറിയപ്പെട്ടിരുന്ന പീരുമേട് മണ്ഡലം പൊതുവില്‍ ഇടതുപക്ഷത്തോടേ ചേര്‍ത്ത് നിര്‍ത്തിയാണ് പറയുന്നത്. 2001 ന് ശേഷം സിപിഐ തുര്‍ച്ചയായി വിജയിച്ചു വരികയാണ്. എന്നാല്‍ ഇടതു ലേബല്‍ ഒട്ടിച്ചിരുന്ന പീരുമേട് മറ്റൊരു ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കെ കെ തോമസിലൂടെ കോണ്‍ഗ്രസിന്റെ കൈയിലുമെത്തി. 1982 മുതല്‍ 1991 വരെ തോമസായിരുന്നു എംഎല്‍എ. എന്നാല്‍ തോമസിന് ശേഷം ഇ എം അഗസ്തി 2001-ല്‍ ജയിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം പോയിട്ടില്ല മണ്ഡലം. ഏറെ സ്വാധീനമുണ്ടായിരുന്ന കെ കെ തോമസിന്റെ മകന്‍ സിറിയക് തോമസിലൂടെ പീരുമേട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം.
കെ കെ തോമസിന് ശേഷം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെയത്ര സ്വീകാര്യത കിട്ടാതെ പോകുന്നത് മാത്രമല്ല, ഐഎന്‍ടിയുസി-വില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും അവിടെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുന്നു. ഒരു തോട്ടത്തില്‍ തന്നെ രണ്ടും മൂന്നു യൂണിയനുകളാണ് ഐഎന്‍ടിയുസിക്ക്. കെ കെ തോമസ്, പി എ ജോസഫ്, എസ് ഇ അയ്യാദുരൈ തുടങ്ങിയ നേതാക്കളുടെ കാലം കഴിയുകയും രണ്ടാം തലമുറ തൊഴിലാളി നേതാക്കള്‍ക്ക് മുന്‍ഗാമികളുടെ സ്വീകാര്യത കിട്ടാതെ വരുന്നതും ഒരു പ്രശ്‌നമാണ്.
എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ജില്ലയില്‍ പ്രതീക്ഷ വച്ചിരിക്കുന്ന ഒരു മണ്ഡലം പീരുമേടാണ്. കഴിഞ്ഞ തവണ വാഴൂര്‍ സോമന്‍ വിജയിക്കുന്നത് കേവലം 1,835 വോട്ടുകള്‍ക്കാണ്. നിര്‍ഭാഗ്യകരമായി നിയമസഭ കാലാവധി കഴിയും മുന്നേ മരണപ്പെട്ട എംഎല്‍എയാണ് സോമന്‍. അതുകൊണ്ട് സിപിഐ ജില്ല സെക്രട്ടറി കൂടിയായ സലീം കുമാറാണ് മണ്ഡലം നിലനിര്‍ത്താന്‍ മത്സരിക്കുന്നത്. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന സിറിയക് തോമസിലൂടെ തന്നെ ഭാഗ്യം പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്. കുറഞ്ഞ ഭൂരിപക്ഷം കൂടാതെ, സലീം കുമാര്‍ പീരുമേടിന് പുറത്തു നിന്നുള്ള(തൊടപുഴ)ആളാണ് എന്നതും, പൂര്‍ണ സമയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ അല്ലെന്നതും, സിപി ഐയ്ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിക്കെതിരേ അഭിപ്രായ വ്യത്യാസമുണ്ടെന്നതുമെല്ലാം കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാണ്. കെ കെ തോമസിന്റെ മകന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് ഒഴിവാക്കാന്‍ ഒരു വിജയം എന്ന സെന്റിമെന്റ്‌സ് ട്രാക്ക് കൂടി ഇതിനൊപ്പം വര്‍ക്ക് ചെയ്യുമോയെന്നും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
സിറിയന്‍ കത്തോലിക്ക സഭ യുഡിഎഫിനോട് ചായ്‌വ് കാണിക്കുന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ വയ്ക്കുന്നു. എന്നാല്‍ പീരുമേട്ടില്‍ പെന്തക്കോസ്തുകാര്‍ക്ക് നിര്‍ണായക സാന്നിധ്യമുണ്ട്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ തോട്ടം മേഖലയില്‍ നിന്നുള്ള ദളിത് വിഭാഗങ്ങള്‍ പെന്തക്കസോക് വിശ്വാസത്തിലേക്ക് മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭ വിഭാഗമായി അംഗീകരിച്ചതിലൂടെ അവരുടെ പിന്തുണ എല്‍ഡിഎഫിന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തോട്ടം മേഖലയില്‍ നിന്നുള്ള പരമ്പരാഗത പിന്തുണയും എല്‍ഡിഎഫിനെ വീണ്ടും തുണയ്ക്കമെന്നാണ് സിപിഐ പറയുന്നത്.
ഉടുമ്പന്‍ ചോല
കെ ടി ജേക്കബിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈയിലെടുത്ത മണ്ഡലം. എന്നാല്‍ ഉടുമ്പന്‍ ചോലയുടെ മുന്‍ സ്വഭാവം നോക്കിയാല്‍ പൂര്‍ണമായി ഇടതിനൊപ്പം നിന്നിട്ടുമില്ല. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും മണ്ഡലം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2001 മുതല്‍ ഉടുമ്പന്‍ ചോല സിപിഎമ്മിനൊപ്പമാണ്. ഇത്തവണയും സിപിഎം ഉറപ്പിച്ച മണ്ഡലം.
തമിഴ് തോട്ടം തൊഴിലാളികളുള്ള ഏലത്തോട്ടങ്ങള്‍ ഉടുമ്പന്‍ ചോലയുടെ രാഷ്ട്രീയത്തിലും പ്രാധാന്യമുണ്ടായിരുന്നു. തോട്ടങ്ങളിലെ തമിഴ് തൊഴിലാളികള്‍ മണ്ഡലത്തിലെ സ്ഥിരം താമസക്കാരായിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ട് ഉള്ളവരായിരുന്നു അവര്‍. ഉടുമ്പന്‍ ചോല മണ്ഡലത്തിലെ വിജയപരാജയങ്ങളില്‍ ആ തൊഴിലാളി വോട്ടുകള്‍ക്ക് നിര്‍ണായക ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴും ആ വോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഏലത്തോട്ടത്തിലെ തമിഴര്‍ ഉടുമ്പന്‍ചോലയിലെ സ്ഥിരം താമസക്കാരല്ല. രാവിലെ ജോലിക്ക് വന്നു വൈകിട്ട് മടങ്ങി പോകുന്നു. കുമളി, കമ്പംമേട്, ബോഡിമേട് അതിര്‍ത്തികള്‍ കടന്ന് നിരവധി ജീപ്പുകളാണ് രാവിലെ തൊഴിലാളികളുമായി വരുന്നതും വൈകിട്ട് മടങ്ങുന്നതും. സ്വകാര്യ സ്വത്ത് വാങ്ങാന്‍ അനുവാദമുള്ളതുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ഇവിടെ സ്ഥലം വാങ്ങി താമസം തുടങ്ങിയിരുന്നു. അങ്ങനെ രണ്ടോ മൂന്നോ തലമുറകളായി മലയാളികളായി മാറിയ തോട്ടം തൊഴിലാളികളും മണ്ഡലത്തിലുണ്ട്. അവരുടെ വോട്ടുകളും നിര്‍ണായകമാണ്. ഉടുമ്പന്‍ ചോല കൂടുതലും കാര്‍ഷിക മേഖലയാണ്. ഈഴവ വിഭാഗമാണ് കൂടതല്ലെങ്കിലും മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം കുടിയേറ്റ മേഖല കൂടി ഉള്‍പ്പെട്ടതിനാല്‍ ക്രൈസ്തവ വോട്ടുകളും നിര്‍ണായകമാണ്. കത്തോലിക്ക സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേയ്ക്ക് മാറിയതിലൂടെ ക്രൈസ്തവ വോട്ടുകളും അനുകൂലമായിട്ടുണ്ട്. ശാന്തന്‍പാറ, രാജക്കാട് മേഖലയിലുള്ള തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സിഐടിയുവിനുള്ള സ്വാധീനവും സിപിഎം ഉപയോഗപ്പെടുത്തും.
ദേവികുളം
തമിഴ് തോട്ടം തൊഴിലാളികള്‍ വിധി നിര്‍ണയിക്കുന്ന കേരളത്തിലെ ഏക മണ്ഡലമാണ് ദേവികുളം. പകുതിയില്‍ കൂടുതലും തോട്ടം മേഖലയാണ്. അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍, കാന്തല്ലൂര്‍, മറയൂര്‍, വട്ടവട, ബൈസന്‍വാലി, പള്ളിവാസല്‍ എന്നിവിടങ്ങള്‍ കാര്‍ഷിക മേഖലയായി മാറ്റി നിര്‍ത്തിയാല്‍ ബാക്കി 75 ശതമാനവും തോട്ടം മേഖലയാണ്. ഇതില്‍ ഇടമലക്കുടി ആദിവാസി പഞ്ചായത്തും ഉള്‍പ്പെടുന്നു.
ഐക്യ കേരളം നിലവില്‍ വന്നശേഷം റോസമ്മ പുന്നൂസ് 57 ലും 58 ലെ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചതൊഴിച്ചാല്‍ അതിനുശേഷം മറ്റൊരു മലയാളിയും ദേവികുളത്ത് നിന്നും വിജയിച്ചിട്ടില്ല. റോസമ്മ പുന്നൂസ് വിജയിക്കുമ്പോഴും ദ്വയാംഗ എംഎല്‍എയായി വിജയിച്ചത് തമിഴ് വംശജനായിരുന്നു. തമിഴ് വോട്ടര്‍മാര്‍ നിര്‍ണായകമായതിനാല്‍ മലയാളി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. മുന്‍പ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികളും ദേവികുളത്ത് മത്സരിച്ചിരുന്നു. എഐഎഡിഎംകെയായിരുന്നു സ്ഥിരമായി മത്സരിച്ചിരുന്നത്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച ദേവികുളത്തും ബാധിച്ചു. സിപിഎമ്മുമായും കോണ്‍ഗ്രസുമായി തമിഴാനാട്ടില്‍ സഖ്യത്തിലായതിനാല്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. അവരുടെ അണികളോട് മനസാക്ഷി വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുക. ഡിഎംകെയിലെത്തിയ ഒ. പനീര്‍സെല്‍വം തൊട്ടടുത്ത ബോഡിനായ്ക്കനൂര്‍ മണ്ഡലത്തില്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. വിസികെ എന്ന മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു.
സ്വകാര്യസ്വത്ത് വാങ്ങാന്‍ അനുവാദമില്ലാത്തതുകൊണ്ട് തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ തമിഴ്‌നാട്ടിലും അവരുടെ വേരുകള്‍ നിലനിര്‍ത്തുന്നത്. ദേവികുളം, മൂന്നാര്‍, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ 70 ശതമാനത്തിലധികം തോട്ടം തൊഴിലാളികളും തമിഴ്‌നാട്ടില്‍ വീടും സ്വത്തും വോട്ടും ഉള്ളവരാണ്. തമിഴ്‌നാട്ടില്‍ കൃത്യമായി വോട്ടും ചെയ്യും.
സിറ്റിംഗ് എംഎല്‍എയായ എ. രാജ തന്നെയാണ് ഇത്തവണയും സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. എഫ്. രാജയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മൂന്നു തവണ സിപിഎം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. കാര്‍ഷിക മേഖലയില്‍ രാജയ്‌ക്കെതിരേ പ്രതിഷേധം ഉണ്ടെങ്കിലും തോട്ടം മേഖലയില്‍ കാര്യങ്ങള്‍ അനുകൂലമാണ്.
ദേവികുളത്തിന്റെ പ്രത്യേകത, അവിടെ രാഷ്ട്രീയത്തെക്കാള്‍ ജാതി ഫലം നിര്‍ണയിക്കുന്നുവെന്നതാണ്. പറയ-പള്ളര്‍ വിഭാഗമാണ് പ്രബലം. എ. രാജ പറയ വിഭാഗത്തിന്റെ പ്രതിനിധിയാണ്. ആ വോട്ടുകള്‍ അദ്ദേഹത്തിലേക്ക് എത്തും. എന്നാല്‍ എഫ്. രാജയും എസ് രാജേന്ദ്രനും പള്ളര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ വോട്ടുകള്‍ പിളരാന്‍ സാധ്യതയുണ്ട്. രാജേന്ദ്രന്‍ ഭീഷണിയാകുന്നതും സിപിഎമ്മിനായിരിക്കില്ല, കോണ്‍ഗ്രസിനായിരിക്കും. കാരണം തമിഴ് തോട്ടം മേഖലയില്‍ രാഷ്ട്രീയത്തെക്കാള്‍ ജാതി പ്രവര്‍ത്തിക്കുന്നു. ബാക്കി സാമുദായിക വോട്ടുകള്‍ രാഷ്ട്രീയമായി വിഭജിക്കപ്പെടുന്നു. ട്രേഡ് യൂണിയനുകള്‍ വഴിയാണ് ഇവിടെ രാഷ്ട്രീയ വോട്ടുകള്‍ പെട്ടിയില്‍ വീഴുന്നത്. എ ഐ ടി യു സിയും സി ഐ ടി യു സിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ വലിയ മുന്‍തൂക്കമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്നത്. അതേസമയം മൂന്നാര്‍ പഞ്ചായത്ത് ഇത്തവണ ഭരിക്കുന്നത് യുഡിഎഫ് ആണ്. ദേവികുളം എല്‍ഡിഎഫും. ഭാഷ ഉള്‍പ്പെടെ നിര്‍ണായകമാകുന്ന മണ്ഡലമാണ് ദേവികുളം.
ഇടുക്കി
ഇടുക്കിയില്‍ ഇത്തവണ ഇഞ്ചിടോഞ്ച് പോരാട്ടമായിരിക്കും നടക്കുക. മന്ത്രി കൂടിയായ സിറ്റിംഗ് എംഎല്‍എ റോഷി അഗസ്റ്റിന്റെ വഴി ഒട്ടും എളുപ്പമല്ല. 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണയായി റോഷിയുടെ കൂടെയാണ് മണ്ഡലം. നാല് തവണയും യുഡിഎഫിനൊപ്പം ആയിരുന്ന റോഷി കഴിഞ്ഞ തവണ എല്‍ഡിഎഫിലേക്ക് മാറിയിട്ടും വിജയം കൈവിട്ടില്ല. 1996-ല്‍ ജനതദള്‍ സ്ഥാനാര്‍ത്ഥിയായി പി.പി സുലൈമാന്‍ റാവൂത്തര്‍ ജയിച്ചതാണ് എല്‍ഡിഎഫിന് അതുവരെ പറയാനുണ്ടായിരുന്ന ഏക നേട്ടം. ഇത്തവണ കളം മാറിയിരിക്കുകയാണ്. വളരെ കാലത്തിന് ശേഷം മണ്ഡലം കോണ്‍ഗ്രസിന് മത്സരിക്കാന്‍ കിട്ടിയിരിക്കുന്നു. റോയി.കെ പൗലോസാണ് സ്ഥാനാര്‍ത്ഥി. 91 മുതല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന മണ്ഡലം ഇത്തവണ ജോസഫ് കോണ്‍ഗ്രസിന് വിട്ടു നല്‍കി. അതിന്റെ ആവേശം കോണ്‍ഗ്രസുകാര്‍ക്കുണ്ട്.
പൂര്‍ണമായി കാര്‍ഷിക മേഖലയാണ് ഇടുക്കി മണ്ഡലം. ഇടുക്കി രൂപത നിലനില്‍ക്കുന്ന മണ്ഡലത്തില്‍ കത്തോലിക്ക സഭയ്ക്ക് അതീവ നിര്‍ണായക സ്വാധീനമുണ്ട്. സെന്‍സര്‍ പ്രകാരം ഹൈന്ദവ സമുദായത്തിനാണ് മുന്‍തൂക്കമെങ്കിലും സംഘടിത ശക്തിയായി നില്‍ക്കുന്ന കത്തോലിക്ക സഭയാണ് ഇടുക്കിയുടെ ഫലം നിശ്ചയിച്ചിക്കുന്നത്. കത്തോലിക്കക്കാരനായ റോഷി അഗസ്റ്റിന് വിശ്വാസം നല്‍കുന്ന ഘടകവുമിതാണ്. അതേസമയം റോയി. കെ. പൗലോസ് യാക്കോബായ വിശ്വാസിയാണ്. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്നതിനാല്‍ കത്തോലിക്ക സഭ അവരുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഫലം മറിച്ചാകും. ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടും റോഷി ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്നാണ് പൊതുവില്‍ പറയുന്നത്. എന്നാല്‍ ഇത്തവണ തങ്ങളുടെ തന്നെ സ്ഥാനാര്‍ത്ഥി വന്നതുകൊണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ റോയിക്ക് പോകാം.
റോയി. കെ. പൗലോസിനെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകമുണ്ട്. അത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായേക്കാവുന്ന തിരിച്ചടിയാണ്. ഇടുക്കി സീറ്റിനു വേണ്ടി കാത്തിരുന്ന യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഇടഞ്ഞു നില്‍ക്കുകയാണ്. ശാന്തമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഫലവത്തായില്ലെങ്കില്‍ മോശം ഫലം സൃഷ്ടിക്കും. മറ്റൊരു തലവേദന ജോസഫ് ഗ്രൂപ്പില്‍ നിന്നാണ്. സീറ്റ് വിട്ടു കൊടുത്തതില്‍ ജോസഫ് ഗ്രൂപ്പില്‍ അമര്‍ഷമുണ്ട്. ഒരു തവണത്തേക്ക് വിട്ടു നല്‍കിയതെന്നാണ് പറയുന്നത്. എന്നാല്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ അസ്വസ്ഥരാണ്. ഈ അമര്‍ഷവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇത്തവണ യുഡിഎഫ് തൊടുപുഴയ്ക്ക് പുറമെ അവരുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. പീരുമേടും ഇടുക്കിയും പിടിച്ച് ജില്ലയില്‍ ആധിപത്യം പുലര്‍ത്താന്‍ തന്നെയാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ സാന്നിധ്യം നാല് മണ്ഡലത്തിലും നിലനിര്‍ത്താന്‍ ഇടതുപക്ഷം ആഞ്ഞുപിടിക്കുന്നു.
Content Summary: Kerala Assembly Election-2026; Idukki, Thodupuzha, Devikulam, Peerumedu, Udumbanchola Constituencies political analysis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.