July 14, 2026 |
Share on

ഇറാനിലേക്ക് കടക്കാന്‍ വിമാനച്ചിറകില്‍ ഒളിച്ചു; എത്തിയത് ഇന്ത്യയിലും

പതിമൂന്ന് വയസുകാരൻ്റെ സാഹസികയാത്ര

ഇറാനിലേക്ക് പോകാനായി വിമാനത്തിൻ്റെ പിൻചക്ര ഭാ​ഗത്ത് ഒളിച്ചിരുന്ന അഫ്​ഗാനിസ്ഥാൻ ബാലൻ എത്തിയത് ഇന്ത്യയിൽ. അഫ്​ഗാനിസ്ഥാനിലെ കുന്ദുസ് സ്വദേശിയായ  ഈ പതിമൂന്ന് വയസുകാരൻ നടത്തിയ സാഹസികയാത്ര എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു.

ഇറാനിലേക്ക് പോകാൻ ആ​ഗ്രഹിച്ചാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിമൂന്ന് വയസുകാരൻ വിമാനത്തിൽ കയറിപ്പറ്റിയത്. യാത്രക്കാരുടെ ഒരു സംഘത്തെ പിന്തുടർന്ന് വിമാനത്താവളത്തിൽ കയറി, വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ സൂക്ഷിക്കുന്ന പിൻവശത്തിലെ ‘വീൽ വെൽ’ ഭാഗത്ത് ഒളിച്ചിരിക്കുകയായിരുന്നു. കൈയിൽ ഉണ്ടായിരുന്നത് ഒരു ചെറിയ ചുവപ്പുനിറമുള്ള ഓഡിയോ സ്പീക്കർ മാത്രം. പക്ഷേ, ആ വിമാനം ഇറാനിലേക്കല്ല, ഡൽഹിയിലേക്കായിരുന്നു.

90 മിനിറ്റിലധികം ആകാശത്തിൽ അപകടകരമായ സാഹചര്യങ്ങളിൽ വിമാനം പറന്നെങ്കിലും ബാലൻ അത്ഭുതകരമായി അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്താവളത്തിലെ ജീവനക്കാരാണ് കുട്ടിയെ കണ്ടത്.

കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന കാം എയർ വിമാനത്തിൽ ആണ് കുട്ടി കയറിയതെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 10.20 ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ വെള്ള കുർത്തയും പൈജാമയും

ധരിച്ച കുട്ടിയെ ചില വിമാനത്താവള ജീവനക്കാർ കണ്ടെത്തുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, വിമാനത്തിൻ്റെ പിൻഭാഗത്തെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്മെൻ്റിൽ ഒളിച്ചിരുന്നതാണെന്ന് കുട്ടി സമ്മതിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഒരു ചെറിയ ചുവപ്പ് നിറമുള്ള ഓഡിയോ സ്പീക്കർ കണ്ടെടുത്തു. പിന്നീട്, കുട്ടിയെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് കൈമാറുകയും, ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം 4 മണിക്ക് അതേ വിമാനത്തിൽ തിരികെ കാബൂളിലേക്ക് അയക്കുകയും ചെയ്തു.

വിമാനത്തിൻ്റെ വീൽ വെല്ലിൽ ഒളിച്ചു യാത്ര ചെയ്യുന്ന ആളുകളിൽ 77 ശതമാനം പേരും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ. ഓക്സിജൻ്റെ കുറവും കൊടും തണുപ്പും മൂലം മരണം സംഭവിക്കാം. കൂടാതെ, ലാൻഡിംഗ് ഗിയറിൻ്റെ ചലനം മൂലവും, താഴേക്ക് വീണും മരണം സംഭവിക്കാം. 1947 നും 2021 നും ഇടയിൽ 132 പേർ ഇത്തരത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു.

1996-ൽ രണ്ട് ഇന്ത്യക്കാരും സമാനമായ ഒരു സാഹസിക യാത്ര നടത്തിയിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി വിജയ് സൈനി എന്നിവരാണ് അന്ന് യാത്ര നടത്തിയത്. എന്നാൽ വിമാനം ഹീത്രൂ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇവരിൽ ഒരാൾ മരിച്ചിരുന്നു.

Content Summary: Afgan teen hides in plane’s landing gear reached delhi. boy hails from Kunduz in Afghanistan and had boarded the Kabul-Delhi flight RQ-4401 without a ticket by hiding in the aircraft’s landing gear section

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×