സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഉത്തരവുകൾ
ആറാം ക്ലാസിനപ്പുറം വിദ്യാഭ്യാസമില്ല. മിക്ക ജോലിസ്ഥലങ്ങളിലും തൊഴിലില്ല, പാർക്കുകൾ, ജിമ്മുകൾ, സലൂണുകൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശനമില്ല. പുരുഷ ബന്ധു കൂടെയില്ലെങ്കിൽ ദീർഘദൂര യാത്രകൾ പാടില്ല. തല മുതൽ കാൽ വരെ മൂടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. പറഞ്ഞു വരുന്നത് പുരാതന കാലത്തെ സ്ത്രീകളെ കുറിച്ചല്ല, അഫാഗാൻ സ്ത്രീകളെ കുറിച്ചാണ്. വിദ്യാഭ്യാസവും അടിസ്ഥാന അവകാശങ്ങളും ലംഘിക്കപ്പെട്ട് കഴിയേണ്ടി വന്ന കുറെയധികം സ്ത്രീകൾ. Afghan Women
വീടിന് പുറത്തേയ്ക്ക് പോലും സ്ത്രീകളുടെ ശബ്ദം അഫ്ഗാനിസ്ഥാനിൽ നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ മാസം അവസാനം പുറത്തിറക്കിയ 114 പേജുള്ള പ്രകടനപത്രികയിൽ സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന താലിബാൻ സർക്കാരിൻ്റെ എല്ലാ ഉത്തരവുകളും ക്രോഡീകരിക്കുന്നുണ്ട്. താലിബാൻ്റെ മൂന്ന് വർഷത്തെ ഭരണത്തിലുടനീളം ഇതിൽ പലതും നടപ്പിലാക്കിയിട്ടുണ്ട്. ക്രമേണ അഫ്ഗാൻ സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് പുറത്താക്കുന്ന രീതിയാണ് പണ്ടും താലിബാൻ സ്വീകരിച്ചിട്ടുള്ളത്. ഈ പുറത്തുവിട്ട പ്രസ്താവനകൾ സ്ത്രീകളുടെ അവകാശങ്ങൾക്കും, ആഗ്രഹങ്ങൾക്കും മേൽ വീഴുന്ന കരിനിഴലാണ്.
“സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാൻ അവകാശമില്ലാതിരുന്ന താലിബാൻ്റെ ആദ്യ കാല ഭരണത്തിലേക്ക് ഞങ്ങൾ മടങ്ങുകയാണ്,” 1996 മുതൽ 2011 വരെ നടത്തിയിരുന്ന ഭരണത്തെ പരാമർശിച്ച് വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലെ മുസറത്ത് ഫറമാർസ് (23) പറയുന്നു. “താലിബാൻ മാറിയെന്ന് ഞാൻ കരുതി, പക്ഷേ മുമ്പത്തെതിനേക്കാൾ ഇരുണ്ട കാലമാണ് ഞങ്ങൾക്ക് മുൻപിലുള്ളത്.” 2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, 20 വർഷത്തെ യു എസ് സാന്നിധ്യത്തിൽ സ്ത്രീകൾ വീണ്ടെടുത്ത അവകാശങ്ങൾ ക്രമേണ എടുത്തുകളയുകയാണ്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാനിസ്ഥാൻ.
എങ്ങനെയാണ് ഉദ്യോഗസ്ഥർക്ക് നിയമങ്ങൾ നടപ്പിലാക്കാൻ സാധിക്കുകയെന്ന് പ്രകടനപത്രിക ആദ്യമായി വിശദീകരിക്കുന്നു. മുമ്പ്, അവർ കൂടുതലും വാക്കാലുള്ള മുന്നറിയിപ്പുകളാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നിയമം ലംഘിച്ചാൽ ആളുകളുടെ സ്വത്ത് നശിപ്പിക്കാനോ മൂന്ന് ദിവസം വരെ തടവിലാക്കാനോ അനുവാദമുണ്ട്.
താലിബാൻ നേതാവ് ഷെയ്ഖ് ഹൈബത്തുള്ള അഖുന്ദ്‌സാദ നിശ്ചയിച്ച ശരീഅത്ത് നിയമത്തിൻ്റെ കർശനമായ പതിപ്പ് എല്ലാ മന്ത്രാലയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണ് നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ ഭരിച്ചിരുന്ന യുഎസ് പിന്തുണയുള്ള സർക്കാരിൽ നിന്ന് അവശേഷിക്കുന്ന പാശ്ചാത്യ ആശയങ്ങൾ നീക്കം ചെയ്യാനും രേഖ ലക്ഷ്യമിടുന്നുണ്ട്.
ഈ നയങ്ങൾ പല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള ബാഹ്യ ആവശ്യങ്ങൾ കേൾക്കാൻ താലിബാൻ വിസമ്മതിക്കുകയാണ്. രാജ്യത്തെ നയിക്കുന്ന ഇസ്ലാമിക പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമങ്ങളെന്നാണ് താലിബാൻ അധികൃതർ പറയുന്നത്. “അഫ്ഗാനിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രമാണ്, ഇസ്ലാമിക നിയമങ്ങൾ സ്വാഭാവികമായും ഇവിടെ ബാധകമാണ്,” സർക്കാർ വക്താവ് സബിയുള്ള മുജാഹിദ് പ്രസ്താവനയിൽ പറയുന്നു. എന്നാൽ നിയന്ത്രണങ്ങൾ മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷനിൽ നിന്നും വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലെയുള്ള അസഹനീയമായ നിയന്ത്രണങ്ങൾ അഫ്ഗാൻ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വിഷമിപ്പിക്കുന്ന ഒരു വീക്ഷണം എന്നാണ് ദൗത്യത്തിൻ്റെ തലവനായ റോസ ഒതുൻബയേവ ഈ നിയമങ്ങളെ വിശേഷിപ്പിച്ചത്. സ്ത്രീത്വത്തിൻ്റെ ദൃശ്യസൂചനകൾ പോലും പൊതുമണ്ഡലത്തിൽ നിന്ന് പതുക്കെ തുടച്ചുനീക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി, പരസ്യബോർഡുകളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്. സ്ത്രീ മാനെക്വിനുകളുടെ തലകൾ കറുത്ത അബായകൾ പോലുള്ള ടിൻഫോയിൽ കൊണ്ട് മൂടിയിരിക്കുന്നു. പുതിയ പ്രകടനപത്രികയ്ക്ക് മുമ്പുതന്നെ, പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ തെരുവുകളിലും മറ്റും സദാചാര പോലീസിൻ്റെ സാന്നിധ്യം സജീവമാണ്.
വിദ്യാഭ്യാസം തുടരാൻ ഉത്സുകരായ ചില പെൺകുട്ടികൾ പഠിക്കാൻ താൽക്കാലിക വഴികൾ കണ്ടെത്തിയിരിക്കുകയാണ്. സ്വകാര്യ വീടുകളിൽ ചെറിയതും രഹസ്യവുമായ സ്കൂളുകൾ അധ്യാപകർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഈ ഒരാശയം ഉയർന്നുവന്നിട്ടുണ്ട്. ഇൻ്റർനെറ്റ് കണക്ഷൻ പലപ്പോഴും വിശ്വസനീയമല്ലെങ്കിലും മറ്റുള്ളവർ ഓൺലൈൻ ക്ലാസുകളും പരീക്ഷിക്കുന്നു. താലിബാൻ അധികാരത്തിൽ വന്ന് ഏകദേശം ഒരു വർഷത്തിന് ശേഷം 18 കാരിയായ മൊഹാദിസ ഹസാനി വീണ്ടും പഠിക്കാൻ തുടങ്ങി.
യുഎസിലേക്കും കാനഡയിലേക്കും കുടിയേറിപാർത്ത അവളുടെ രണ്ട് മുൻ സഹപാഠികളിൽ നിന്ന് അവരുടെ പഠനത്തെക്കുറിച്ച് കേട്ടപ്പോൾ അവൾക്ക് ആദ്യം അസൂയ ജനിച്ചിരുന്നു. എന്നാൽ അവൾ അതിൽ നിന്ന് അവസരം സൃഷ്ടിച്ചെടുത്തു. ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കാൻ ഓരോ ആഴ്ചയും ഒരു മണിക്കൂർ ചെലവഴിക്കാൻ അവൾ ഈ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. അതിരാവിലെ ഉറക്കമുണർന്ന ശേഷം ഫോണിലൂടെ അവർ ഹസാനിയെ പഠിപ്പിച്ചു. അവർ അയച്ച പാഠപുസ്തകങ്ങളുടെ ഫോട്ടോകൾ അവൾ പഠിച്ചു തുടങ്ങി. “എൻ്റെ ചില സുഹൃത്തുക്കൾ പെയിൻ്റിംഗ്, എഴുത്ത്, തായ്‌ക്വോണ്ടോ എന്നിവ ചെയ്യുന്നുണ്ട്. ഈ വിഷാദം എപ്പോഴും ഉണ്ട്, പക്ഷേ നമ്മൾ ധൈര്യമുള്ളവരായിരിക്കണം.” അവൾ ന്യൂ യോർക്ക് ടൈംസിനോട് പറയുന്നു.
സുരക്ഷാ കാരണങ്ങളാൽ തൻ്റെ മുഴുവൻ പേരും പറയാൻ തയ്യാറല്ലാത്ത 43 കാരിയായ റഹ്മാനി ഉറക്ക ഗുളികൾ കഴിച്ചാണ് ഉറക്കം കണ്ടെത്തുന്നത്. വിധവയായ അവരെ സംബന്ധിച്ചിടത്തോളം താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് 20 വർഷത്തോളം പല ജോലികളിലും ഏർപ്പെട്ട് തൻ്റെ നാല് മകൾക്ക് വേണ്ടി സമ്പാദിച്ചിരുന്നു. ഇപ്പോൾ പല ജോലികളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തിയതോടെ അവർക്ക് ജോലിയില്ല. “എനിക്ക് ജോലി ചെയ്യാനും ഉപജീവനം നേടാനും എൻ്റെ രാജ്യത്തെ സേവിക്കാനും കഴിയുന്ന ദിവസങ്ങൾ കൂടിയാണ് നഷ്ടമായത്. അവർ സമൂഹത്തിൽ നിന്ന് ഞങ്ങളുടെ സാന്നിധ്യം ഇല്ലാതാക്കി.” റഹ്മാനി പറയുന്നു.
പുതിയ നിയമങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ്, ബദക്ഷാൻ പ്രവിശ്യയിൽ നിന്നുള്ള 20 കാരിയായ ഫ്രെഷ്ത നസിമിക്ക് പ്രതീക്ഷകൾ മുഴുവനായും അസ്തമിച്ചിരുന്നില്ല. പെൺകുട്ടികൾക്ക് വേണ്ടി പാഠ്യപദ്ധതികൾ ടെലിവിഷനിലൂടെ സർക്കാർ സംപ്രേക്ഷണം ചെയ്യുമെന്ന ഒരു കിംവദന്തി അവൾ സഹപാഠികളിൽ നിന്ന് കേട്ടിരുന്നു. പെൺകുട്ടികളെ അവരുടെ വീടുകളിൽ നിർത്തി പഠിക്കാൻ അനുവദിക്കുന്ന ഇളവിലായിരുന്നു അവളുടെ അവസാന പ്രതീക്ഷ. എന്നാൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഖോസ്റ്റ് പ്രവിശ്യയിലെ അധികാരികൾ ഈ വർഷമാദ്യം എയർവേവിൽ നിന്ന് ഇത്തരം പരിപാടികൾ നിരോധിച്ചതോടെ ആ സ്വപ്നവും നിറം കെട്ടു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സമാനമായ നിരോധനം നടപ്പിലാക്കാനാണ് അധികാരികൾ തീരുമാനിക്കുന്നത്. Afghan Women
Content summary; Afghan Women Bracing for the Worst with New Taliban Manifesto