June 04, 2026 |
Share on

സ്വീഡനിൽ സ്ത്രീകൾ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു, ജനാധിപത്യത്തിന് ഭീഷണി

സ്വീഡിഷ് ഏജൻസിയുടെ മുന്നറിയിപ്പ്

സ്വീഡനിൽ വനിതാ രാഷ്ട്രീയ നേതാക്കൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷവും ഭീഷണികളും അവരെ പൊതു ജീവിതത്തിൽ നിന്ന് മാറിനിൽക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് സ്വീഡിഷ് ഇക്വാളിറ്റി ഏജൻസി. സ്വതന്ത്രമായി സംസാരിക്കാൻ പോലും രാജ്യത്തെ സ്ത്രീകൾ മടിക്കുന്നതായി ഇക്വാളിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയതായി ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ഏജൻസി വ്യക്തമാക്കി.

ഒക്ടോബറിലാണ് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സ്വീഡിഷ് രാഷ്ട്രീയത്തിൽ ചർച്ചകൾ ശക്തമായത്. തനിക്ക് നേരെ ഉയർന്ന ഓൺലൈൻ ഭീഷണികളെയും വിദ്വേഷപരാമർശങ്ങളെയും തുടർന്നാണ് സെൻ്റർ പാർട്ടി നേതാവായ അന്ന കാരിൻ ഹട്ട് രാജിവെച്ചത്. അധികാരത്തിലിരുന്നപ്പോൾ ഒരിക്കൽപോലും തനിക്ക് പൂർണ്ണസുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നില്ലെന്നും വീട്ടിൽ പോലും ജാഗ്രത പാലിക്കേണ്ട അവസ്ഥയായിരുന്നുവെന്നും അന്ന് രാജി പ്രഖ്യാപിക്കുമ്പോൾ കാരിൻ ഹട്ട് പറഞ്ഞിരുന്നു.

ഹട്ട് രാജിവെക്കുന്നതിന് മൂന്ന് വർഷങ്ങൾക്ക് മുൻപ്, സ്വീഡിഷ് മുനിസിപ്പാലിറ്റികളുടെ മാനസികാരോഗ്യ കോ-ഓർഡിനേറ്ററെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഒരാൾ രം​ഗത്തെത്തിയിരുന്നു. സെൻ്റർ പാർട്ടി നേതാവായിരുന്ന ആനി ലൂഫിനെ ഗോത്ലാൻഡ് ദ്വീപിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും അയാൾ കുറ്റക്കാരനായിരുന്നു.

രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അപകടകരമായ നിലയിലാണെന്ന് സ്വീഡനിലെ പൊതുപ്രവർത്തകരും ഗവേഷകരും അഭിപ്രായപ്പെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്ന് ജെൻഡർ ഇക്വാലിറ്റി ഏജൻസിയിലെ വിശകലന വിഭാഗം വി​ദ​ഗ്ധൻ ലിനെ സേൽ പറഞ്ഞു.

പൊതുപദവിയിലിരിക്കുന്ന സ്ത്രീകൾ ഭയത്തോടെയാണ് കഴിയുന്നത്. ഇത് അവരുടെ പ്രവർത്തനക്ഷമതയെയും വ്യക്തിഗത ജീവിതത്തെയും ബാധിക്കുന്നു. ചിലർക്ക് ഈ സമ്മർദ്ദം താങ്ങാനാതെ വരുന്നുവെന്നും പ്രാദേശിക രാഷ്ട്രീയത്തിൽ യുവതികളുടെ രാജിവെക്കൽ നിരക്ക് വളരെ കൂടുതലാണെന്നും ലിനെ സേൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾ മിണ്ടാതിരിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്. ഇതിൽ മുഴുവൻ രാഷ്ട്രീയനേതാക്കളും വ്യക്തമായ ശ്രദ്ധ ചെലുത്തണം, സേൽ പറഞ്ഞു.

ലിംഗസമത്വത്തിന്റെ കാര്യത്തിൽ സ്വീഡൻ കാലങ്ങളോളം മുന്നിലായിരുന്നുവെങ്കിലും വനിതാ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ചുള്ള കണക്കുകൾ മറ്റൊരു യാഥാർത്ഥ്യമാണ് വ്യക്തമാക്കുന്നത്. 2025ലെ സർവേ പ്രകാരം, വനിതാ പ്രതിനിധികളിൽ 26.3% പേർ കഴിഞ്ഞ വർഷം തങ്ങളുടെ നിലപാട് കാരണം ഭീഷണികളും പീഡനങ്ങളും നേരിട്ടിട്ടുണ്ട്. പുരുഷന്മാരിൽ ഇത് 23.6% ആയിരുന്നു. സുരക്ഷയില്ലായ്മ അനുഭവപ്പെടുന്നവരുടെ കണക്കുകൾ നോക്കുമ്പോൾ ലിംഗവ്യത്യാസം കൂടുതൽ വ്യക്തമാണ്, സ്ത്രീകൾ 32.7 ശതമാനവും പുരുഷന്മാർ 24 ശതമാനവുമാണത്.

വനിത രാഷ്ട്രീയ നേതാക്കൾ ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണമെന്നും പൊതുപ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കണമെന്നുമാണ് സൈബർ ആക്രമണം നടത്തുന്നവർ ഉദ്ദേശിക്കുന്നതെന്ന് സർവേയിൽ നിന്നും വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.

ഭീഷണിയെക്കുറിച്ചുള്ള വിഷയങ്ങളിൽ പോലും സ്ത്രീകൾ അഭിപ്രായം പറയാതെ മാറിനിൽക്കുകയാണെന്നും ഇത് പൊതു ചർച്ചകളെ ഇല്ലാതാക്കുമെന്നും നിയമനിർമ്മാണത്തെ ബാധിക്കുമെന്നും ഗവേഷകയായ സാൻഡ്ര ഹോകാൻസൺ പറഞ്ഞു. വനിതാ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള വിദ്വേഷവും ഭീഷണിയും അക്രമങ്ങളുമെല്ലാം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുമെന്നും ഹട്ടിന്റെ രാജിയും ഇതിന്റെ ഭാഗമാണെന്നും സാൻഡ്ര ഹോകാൻസൺ പറഞ്ഞു.

സ്വീഡനിലെ വിവരസ്വാതന്ത്ര്യനിയമങ്ങൾ പ്രകാരം ഭൂരിപക്ഷം ജനങ്ങളുടെ വിലാസവും വ്യക്തിഗത വിവരങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ഇതിനെ ഉപയോഗിച്ച് ഗാങുകൾ വീടുകളിൽ ബോംബാക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

Content Summary: Increasing Hate and Harassment Force Swedish Women Out of Public Roles, Swedish equality agency warns

Leave a Reply

Your email address will not be published. Required fields are marked *

×