ഇനി വിഷപ്പുക ശ്വസിക്കണ്ട, 36 വര്‍ഷങ്ങള്‍ക്കൊടുവില്‍ അയ്യന്‍ക്കുഴിക്ക് ശാപമോക്ഷം

അഞ്ച് മാസത്തിനുള്ളില്‍ ബിപിസിഎല്‍ സ്ഥലം ഏറ്റെടുക്കും

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിൽ വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്ന അയ്യൻകുഴി നിവാസികൾക്ക് ശാപമോക്ഷം. വിഷപുക നിറഞ്ഞ വീടുകളിലേക്ക് ഇനി അവർക്ക് തിരികെ പോകേണ്ട. 5 മാസത്തിനുള്ളിൽ വീടും സ്ഥലവും ഏറ്റെടുക്കാമെന്ന് കമ്പനി അറിയിച്ചു. ശ്രീനിജൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ബിപിസിഎൽ അയ്യൻകുഴിയിലെ കുടുംബങ്ങളുടെ ആവശ്യം അംഗീകരിച്ചത്.

വിഷപ്പുക ശ്വസിച്ച് നിത്യരോഗികളായ അയ്യൻകുഴിക്കാർ ശുദ്ധവായുവിനും വെള്ളത്തിനുമായി 36 വർഷത്തോളമായി നിയമപോരാട്ടം നടത്തുന്നു. ജൂലൈ 8 വൈകിട്ടോടെ ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ കെഎസ്ഇബി ഹൈടെൻഷൻ ലൈൻ പൊട്ടിത്തെറിക്കുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. പ്രതിഷേധം ശക്തമായതോടെ കുടുബങ്ങളെ വീടുകളിൽ നിന്ന് ചോറ്റാനിക്കരയിലെ ലോഡ്ജിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ട് രണ്ട് മാസം പിന്നിട്ടിരുന്നു.

ജൂലൈ 8നു റിഫൈനറിയിലെ ഭൂഗർഭ കേബിൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പ്രദേശമാകെ പുക വ്യാപിച്ചതിനെ തുടർന്നാണു അയ്യൻകുഴിയിൽ താമസിച്ചിരുന്ന 29 കുടുംബങ്ങളെ താൽക്കാലികമായി ചോറ്റാനിക്കരയിലെ ഇന്ദ്രപ്രസ്ഥ ലോഡ്ജിലേക്കു മാറ്റിയത്. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ ഇവിടെ താമസിക്കുന്നുണ്ട്. റിഫൈനറിയിൽ നിന്നാണ് ഇവർക്കു ഭക്ഷണവും നൽകിയിരുന്നത്. കഴിഞ്ഞ 26 മുതൽ റിഫൈനറി ഇതു നിർത്തി.

അത്തത്തിന്റെ അന്ന് മുതൽ ഞങ്ങൾക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം ലഭിക്കുന്നില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇനി മുതൽ വാടക നൽകാൻ റിഫൈനറി തയ്യാറല്ലെന്ന് അറിയിച്ചതായി ഹോട്ടലിന്റെ മാനേജർ പറ‍ഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ല. ഭക്ഷണം കഴിക്കാൻ വേറെ വഴിയില്ലാതെ വന്നതോടെ ഹോട്ടലിന്റെ പാർക്കിം​ഗ് ഏരിയയിൽ ഞങ്ങൾ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. രാവിലേക്കുള്ള ഭക്ഷണം പാകം ചെയ്തും ഉച്ചയ്ക്ക് അമ്പലത്തിൽ നിന്ന് അന്നദാനം കഴിച്ചുമാണ് ഞങ്ങൾ ഇത്രയും ദിവസം തള്ളിനീക്കിയതെന്ന് അയ്യൻകുഴി സ്വദേശി ആര്യ അഴിമുഖത്തോട് പറഞ്ഞു.

അന്നു തന്നെ ലോഡ്ജിൽ നിന്നു മാറണമെന്നു ഉടമ താമസക്കാരെ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തപ്പെട്ട അധികാരികൾ അറിയിക്കാതെ ഇവിടെ നിന്നു മാറില്ലെന്നായിരുന്നു ഇവരുടെ നിലപാട്. 5 തവണ മലിനീകരണ നിയന്ത്രണ ബോർഡ് തങ്ങളുടെ വീടിരിക്കുന്ന സ്ഥലം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ തിരികെ പോകാൻ കഴിയില്ലെന്നാണു താമസക്കാർ പറഞ്ഞിരുന്നത്.

ഒമ്പതര ഏക്കർ സ്ഥലത്താണ് അയ്യൻകുഴി പ്രദേശം സ്ഥിതി ചെയ്യുന്നത്. ആ ഒമ്പത് ഏക്കറിലെ ജീവിതമാകട്ടെ ദുസഹവും. ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിലാണ് ഈ 42 കുടുംബങ്ങളും ജീവിക്കുന്നത്. മുഴുവനായി അടഞ്ഞു പോയാൽ തങ്ങളുടെ ജീവന് വരെ ഭീഷണിയാവുമെന്ന് മനസിലായ സാഹചര്യത്തിൽ ഇവർ പ്രതികരിച്ചതിനെ തുടർന്നാണ് ഒരു ഭാ​ഗം മാത്രം തുറന്നിട്ടത്. ഒരു അപകടമുണ്ടായാൽ അയ്യൻകുഴിയിലെ ജനങ്ങൾക്ക് ഓടി രക്ഷപ്പെടാൻ സാധിക്കുന്നത് ഈ ഒരു വഴിയിലൂടെ മാത്രമാണ്. എന്നാൽ തീപിടുത്തമുണ്ടായപ്പോൾ പുക നിറഞ്ഞത് ഈ വഴിയിലാണ്.

ഇതിനിടെയാണ് ഇന്നലെ ലോ‍ഡ്ജ് ഉടമ ഇവർ താമസിച്ചിരുന്ന 22 മുറികൾ പൂട്ടിയത്. ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചതോടെയാണു സബ് കലക്ടർ ചർച്ചയ്ക്കെത്തിയത്. ഇന്നലെ ഒരു ഉച്ചയോടെ ഞങ്ങളെ താമസിപ്പിച്ചിരുന്ന മുറികളിലെ കറന്റും വെള്ളവും ഉൾപ്പെടെ ഹോട്ടൽ ഉടമ ഓഫ് ചെയ്തു. ആ സമയത്ത് ജോലിയ്ക്ക് പോയിരുന്ന ആളുകളുടെ മുറിയും പൂട്ടി. തൊട്ടടുത്ത മുറിയിലെ ആന്റി വന്ന് വിളിച്ചതിനെ തുടർന്ന് ഞാൻ പുറത്തേക്കിറങ്ങി നോക്കിയതാണ് ആ സമയത്ത് എന്റെ മുന്നിൽ വച്ച് തന്നെ എന്റെ മുറിയും പൂട്ടി. ഇതേ തുടർന്ന് ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നുവെന്ന് ആര്യ വ്യക്തമാക്കി.

ഭക്ഷണം നിഷേധിച്ചപ്പോൾ മുതൽ പഞ്ചായത്ത് മെമ്പറെയടക്കം ഞങ്ങൾ വിളിച്ചിരുന്നു. ഇക്കാര്യത്തിൽ താൻ നിസഹായ ആണെന്ന് ആയിരുന്നു മെമ്പർക്ക് പറയാനുണ്ടായിരുന്നത്. മുറി പൂട്ടി പ്രശ്നം ​ഗുരുതരമായതിന് ശേഷമാണ് അവർ ഞങ്ങളെ വന്ന് സന്ദർശിക്കുന്നത്. കമ്പനിയുമായി ‍ഞങ്ങൾ ചർച്ച നടത്തിയെന്ന കാര്യം മുൻനിർത്തിയാണ് വിഷയത്തിൽ ഇടപെടാത്തത് എന്നാണ് മെമ്പറടക്കമുള്ള അധികാരികൾ പറഞ്ഞത്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തങ്ങളുടെ ഭക്ഷണത്തിന്റെ ചിലവെങ്കിലും വഹിച്ചുകൂടെയെന്നാണ് അയ്യൻകുഴി സ്വദേശികൾ ചോദിച്ചത്.

പൂട്ടിയ മുറികളിൽ താമസിച്ചിരുന്നവരോട് കമ്യൂണിറ്റി ഹാളിലേക്കു മാറാനായിരുന്നു അധികൃതരുടെ നിർദേശം. എന്നാൽ ഇതിനു വിസമ്മതിച്ചാണ് സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ ലോഡ്ജിനുള്ളിൽ സബ് കലക്ടറെ തടഞ്ഞു വച്ചു പ്രതിഷേധം തുടർന്നത്. സർക്കാരിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാമെന്നാണ് എംഎൽഎ നൽകിയ വാ​ഗ്ദാനം. ആ തീരുമാനത്തോട് ഇവർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് തയ്യാറെല്ലെങ്കിൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലേക്ക് മാറാനായിരുന്നു നിർദേശം.

ബിപിസിഎല്ലിനോട് ചേർന്നുള്ള സ്ഥലത്ത് മുമ്പ് ​ഗ്യാസ് ചോർച്ചയുണ്ടായപ്പോൾ അതിനോട് ചേർന്നുള്ള ‌സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. അവിടെ ക്വാട്ടേഴ്സുകളുടെ പണി നടക്കുന്നുണ്ട് എന്തുകൊണ്ട് ഞങ്ങളെ അവിടേക്ക് മാറ്റിക്കൂടായെന്ന് ചോദ്യവും ഈ കുടുംബങ്ങൾ ഉന്നയിച്ചിരുന്നു.

പൊലൂഷ്യൻ കൺട്രോൾ ബോർഡ് വാസയോ​ഗ്യമല്ലെന്ന് പറഞ്ഞ ആ സ്ഥലത്ത് എന്ത് ഉറപ്പിലാണ് ഞങ്ങൾ തിരികെ പോയി താമസിക്കുക. വേറൊന്നും വേണ്ട ഞങ്ങൾ ആ ഭൂമി വിറ്റ് മറ്റെവിടേക്ക് എങ്കിലും പോയാൽ മതിയെന്ന അവസ്ഥയായിട്ടുണ്ടെന്ന് അയ്യൻകുഴികൾ വ്യക്തമാക്കിയിരുന്നു. ഈ ദുരിതങ്ങൾക്ക് ഇതോടെ അറുതിയാവുമെന്ന പ്രതീക്ഷയിലാണ് അയ്യൻകുഴി നിവാസികൾ

content summary: No more toxic fumes  after 36 years, Ayyankuzhi’s curse is lifted as BPCL set to acquire land within five months

This post was last modified on September 11, 2025 5:56 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment