ഒടുവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതം മൂളി. യുക്രെയ്നിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതും നിര്‍ത്തും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നിര്‍ണായക ഫോണ്‍ കോളിന് ശേഷമായിരുന്നു വെടിനിര്‍ത്തല്‍ കരാറിന് റഷ്യ സമ്മതം അറിയിച്ചത്.
എന്നാല്‍ 30 ദിവസത്തെ പൂര്‍ണ തോതിലുള്ള വെടിനിര്‍ത്തലിന് അല്ല റഷ്യ സമ്മതിച്ചിരിക്കുന്നത്. ഭാഗികമായി അക്രമം അവസാനിപ്പിക്കാം എന്നുമാത്രമാണ് ക്രെംലിന്‍ പറയുന്നത്. പൂര്‍ണതോതിലുള്ള വെടിനിര്‍ത്തലിനായിരുന്നു ട്രംപ് ശ്രമിച്ചത്. ഒരാഴ്ച്ച മുമ്പ് ജിദ്ദയില്‍ നടത്തിയ ചര്‍ച്ചയില്‍ യുക്രയെനെ കൊണ്ട് അത്തരമൊരു കരാറില്‍ ഒപ്പിടീക്കാനും യു എസിന് കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ ഭാഗിക സമ്മതത്തിനുപോലും ക്രെംലിന് നിബന്ധനകളുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കീവിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നതാണ് ആവശ്യം.
ഇരുപക്ഷത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ആശയത്തോട് യുക്രെയ്ന്‍ അനുകൂലമാണെന്നാണ് ട്രംപ്-പുടിന്‍ ഫോണ്‍ വിളിക്കുശേഷം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പ്രതികരിച്ചത്. എന്നാല്‍ ഇരു നേതാക്കളുടെയും സംസാരത്തിന്റെ വിശദാംശങ്ങള്‍’ക്കായി കാത്തിരിക്കുകയാണെന്നു കൂടി സെലെന്‍സ്‌കി പറഞ്ഞിട്ടുണ്ട്.
വളരെ നല്ലതും ഫലപ്രദവുമായി ചര്‍ച്ച എന്നായിരുന്നു പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ അനുകൂലമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന വാദവും ട്രംപ് നടത്തിയിട്ടുണ്ട്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാര്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാമെന്ന ധാരണയോടെ, എല്ലാ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മേഖലകളിലും ഉടനടി വെടിനിര്‍ത്തലിന് ഞങ്ങള്‍ തീരുമാനത്തില്‍ എത്തി’ എന്നാണ് ട്രംപ് പറയുന്നത്.
യുക്രേനിയന്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ സൈന്യത്തിന് പുടിന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ക്രെംലിന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തുന്ന കാര്യം ഇരുപക്ഷവും അംഗീകരിച്ചാല്‍, 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന ആദ്യത്തെ ഭാഗിക വെടിനിര്‍ത്തല്‍ ആകും. കഴിഞ്ഞ മൂന്ന് വര്‍ഷമായി റഷ്യ യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിരന്തരം ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്. സമീപ മാസങ്ങളിലായി ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യയ്ക്കുള്ളിലെ അതേ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് യുക്രെയ്‌നും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായുള്ള ഫോണ്‍ കോള്‍ അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് തലസ്ഥാനത്തിന് ചുറ്റുമുള്ള റഷ്യന്‍ ഡ്രോണുകളെ ലക്ഷ്യമാക്കി യുക്രേനിയന്‍ വ്യോമ പ്രതിരോധം നടത്തിയ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായും പറയുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായിട്ടില്ലെന്നാണ് ആ അപായ സൂചനകള്‍ വ്യക്തമാക്കുന്നത്.
യുക്രയെനിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യ മേഖലകളില്‍ റഷ്യ വന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും 40-ലധികം ഡ്രോണുകള്‍ വിന്യസിച്ചതായുമാണ് സെലെന്‍സ്‌കി ആരോപിക്കുന്നത്.സുമിയിലെ ഒരു ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായതായി പ്രസിഡന്റ് പറയുന്നു. കാര്യമായ നാശനഷ്ടങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ടെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും റഷ്യ എന്താണ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാണെന്ന് സെലെന്‍സ്‌കി പറയുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാഷിംഗ്ടണില്‍ നിന്നും കേള്‍ക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
‘പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ കൂടിക്കാഴ്്ച്ചയില്‍, റഷ്യ എന്താണ് അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്, അല്ലെങ്കില്‍ തിരിച്ച് റഷ്യക്ക് അമേരിക്ക എന്താണ് വാഗ്ദാനം ചെയ്തതെന്ന് അറിയാന്‍ കഴിയും’ എന്നായിരുന്നു സെലെന്‍സ്‌കി മാധ്യമങ്ങളോടായി പറഞ്ഞത്. പ്രസിഡന്റ് എന്താണ് പറയുന്നതെന്നും അമേരിക്കയുടെ നിലപാട് എങ്ങനെയാണെന്നും അറിഞ്ഞശേഷം അതിനുള്ള മറുപടി ഞങ്ങള്‍ പറയും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. After phone call with Trump,Putin agrees to 30 day halt to attacks on Ukraine’s energy grid
Content Summary; After phone call with Trump,Putin agrees to 30 day halt to attacks on Ukraine’s energy grid