July 08, 2025 |
Share on

വ്യോമസേനയിലും ‘ അഗ്നിവീര്‍’ ആത്മഹത്യ

വിവാദമൊഴിയാതെ അഗ്നിപഥ്

പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ അകപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ യുവാക്കള്‍ അവസരമൊരുക്കുന്ന പദ്ധതിക്കെതിരേ ഇപ്പോഴും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷം പദ്ധതി പിന്‍വലിക്കണമെന്ന നിലപാടിലാണ്. ഇതിനിടയില്‍ പുറത്തു വന്നൊരു വിവരം പദ്ധതി നിലവില്‍ വന്ന 2023 ഓഗസ്റ്റ് മുതല്‍ ഇതുവരെ 20 അഗ്നിവീറുകള്‍(അഗ്നിപഥ് പദ്ധതിയില്‍ സൈന്യത്തിന്റെ ഭാഗമാകുന്നവര്‍ അഗ്നിവീര്‍ എന്നാണ് അറിയപ്പെടുന്നത്) രാജ്യത്ത് മരണപ്പെട്ടിട്ടുണ്ടെന്നാണ്.

മരണപ്പെട്ട അഗ്നിവീറുകളില്‍ 18 പേരും ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായവരായിരുന്നു. ഇതാദ്യമായി എയര്‍ഫോഴ്‌സില്‍ നിന്നും ഒരു മരണ വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. അതൊരു ആത്മഹത്യയാണ്. രാജ്യത്തെ ആദ്യത്തെ അഗ്നിവീര്‍ മരണവും ഒരു ആത്മഹത്യയായിരുന്നു. ആര്‍മിയുടെ ഭാഗമായിരുന്ന സൈനികനായിരുന്നു ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്തു എന്ന കാരണത്താല്‍ ആ അഗ്നിവീറിന് സൈനിക ബഹുമതി നിഷേധിച്ചത് വിവാദമായിരുന്നു.

ശ്രീകാന്ത് കുമാര്‍ ചൗധരി എന്ന 22 കാരനാണ് എയര്‍ഫോഴ്‌സില്‍ ആത്മഹത്യ ചെയ്തത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. എയര്‍ഫോഴ്‌സ് അധികൃതര്‍ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗ്രഹയിലെ വ്യോമസേന സ്‌റ്റേഷനില്‍ കാവല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിരുന്ന ശ്രീകാന്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച(ജൂലൈ 2) രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയായ ശ്രീകാന്ത് 2022 ലാണ് അഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ശ്രീകാന്തിന്റെ ആത്മഹത്യയില്‍ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അഗ്നിവീറുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈന്യത്തിനെതിരേ നേരത്തെയും പരാതികളുണ്ട്. 2023 ഒക്ടോബര്‍ 11 ന് ജമ്മുവില്‍ മരിച്ച അമൃത്പാല്‍ സിംഗ് എന്ന 19 കാരന്‍ അഗ്നിവീറിന് സൈനിക ബഹുമതി നല്‍കിയില്ലെന്നത് വലിയ വിവാദമായിരുന്നു. അമൃത്പാല്‍ സിംഗ് സ്വയം മുറിവേല്‍പ്പിച്ചാണ് മരിച്ചതെന്നും, ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന പതിവില്ലെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. 2023 ഓഗസ്റ്റ് 22 ന് ഓപ്പറേറ്റര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്വാട്ടേ അക്ഷയ് ലക്ഷ്മണ്‍ സിയാച്ചനില്‍ വച്ച് ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ അക്ഷയിന്റെ കുടുംബത്തിന് ആനുകൂല്യങ്ങളോ, നഷ്ടപരിഹാരമോ പെന്‍ഷനോ അനുവദിക്കപ്പെട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചത്. അഗ്നിവീര്‍ പദ്ധതി ജവാന്മാരെ അപമാനിക്കാനുള്ള ഒന്നാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

അഗ്നിവീര്‍ അജയ് സിംഗിന്റെ കാര്യത്തിലും ഇതേ വിവാദം ഉണ്ടായിരുന്നു. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ ശമ്പളമോ അജയ് സിംഗിന് ലഭിച്ചില്ലെന്നാണ് പരാതി. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജമ്മു കശ്മീരിലെ രജൗറിയില്‍ ഉണ്ടായ കുഴി ബോംബ് സ്‌ഫോടനത്തിലാണ് അജയ് സിംഗ് കൊല്ലപ്പെട്ടത്. യാതൊരുവിധ നഷ്ടപരിഹാരവും അജയ് സിംഗിന്റെ കുടുംബത്തിന് നല്‍കിയിട്ടില്ലെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. എന്നാല്‍ ആ ആരോപണം നിഷേധിച്ച പ്രതിരോധ മന്ത്രി സഭയില്‍ പറഞ്ഞത്, ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെടുന്ന അഗ്നിവീറുകള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ്. പിന്നീട് സൈന്യം അവരുടെ എക്‌സ് പേജിലൂടെ വിശദീകരിച്ചത് അജയ് സിംഗിനുള്ള മൊത്തം 1.65 കോടി നഷ്ടപരിഹാരത്തില്‍ 98.39 ലക്ഷം രൂപ കുടുംബത്തിന് നല്‍കി കഴിഞ്ഞുവെന്നാണ്. ഇന്‍ഷ്വറന്‍സിന്റെ ആദ്യഗഡുവായ 50 ലക്ഷം ഫെബ്രുവരി 13 ന് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നോണ്‍-കോണ്‍ട്രിബ്യൂട്ടറി സ്‌കീം വഴിയുള്ള 48 ലക്ഷം രൂപ ജൂണ്‍ 10 ന് നല്‍കി. മറ്റൊരു ഒരു ലക്ഷം രൂപയും 39,000 രൂപ വേറെയും ജൂലൈ മൂന്നിനും നല്‍കിയെന്നാണ് സൈന്യം വിശദീകരിക്കുന്നത്. സൈന്യം ബാങ്കുകളുമായി ഒപ്പുവച്ചിരിക്കുന്ന ധാരണ പത്രത്തിന്റെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സാണ് 50 ലക്ഷം. കൂടാതെ അജയ് സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടിയും നല്‍കിയിട്ടുണ്ടെന്നും പറയുന്നു. ‘അഗ്‌നിവീര്‍ അജയ് സിംഗിന്റെ പരമോന്നത ത്യാഗത്തെ ഇന്ത്യന്‍ സൈന്യം അഭിവാദ്യം ചെയ്യുന്നു. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍. നല്‍കാനുള്ള ആകെ തുകയില്‍ 98.39 ലക്ഷം രൂപ കുടുംബത്തിന് നല്‍കി കഴിഞ്ഞു. അഗ്‌നിവീര്‍ സ്‌കീമിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാധകമായ, ഏകദേശം 67 ലക്ഷം രൂപയുടെ സഹായധനവും മറ്റ് ആനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ. മൊത്തം തുക ഏകദേശം 1.65 കോടി രൂപ വരും’-സൈന്യത്തിന്റെ വിശദീകരണമാണിത്.

2022 ലാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നത്. കര-വ്യോമ-നാവിക സേന മേധാവികള്‍ പങ്കെടുത്ത ചടങ്ങില്‍ ചരിത്രപരമായ തീരുമാനം എന്നായിരുന്നു പദ്ധതിയെ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. അഗ്നിപഥിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തേക്കാണ് സൈനിക സേവനത്തിന് അവസരം. 17.5 വയസിനും 21 ന് വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അഗ്നിപഥ് പദ്ധതിയുടെ ഭാഗമാകാന്‍ അവസരം. ആറു മാസത്തെ പരിശീലന കാലയളവ് കൂടി ഉള്‍പ്പെടുത്തിയാണ് നാല് വര്‍ഷത്തെ സൈനിക സേവനം. ഈ കാലയളവില്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെയാണ് ശമ്പള സ്‌കെയില്‍. മറ്റ് അലവന്‍സുകള്‍ പുറമെ കിട്ടും. മെഡിക്കല്‍, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.

നാല് വര്‍ഷത്തിനുശേഷം 25 ശതമാനം അഗ്‌നിവീറുകളെ നിലനിര്‍ത്തും. അവരെ റെഗുലര്‍ കേഡറുകളായി പരിഗണിക്കും. നോണ്‍ ഓഫിസര്‍ റാങ്കില്‍ 15 വര്‍ഷത്തെ സേവനത്തിന് അവസരം കിട്ടും. ബാക്കിയുള്ളവര്‍ക്ക് 11 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയുള്ള പാക്കേജ് സഹിതം സൈനിക സേവനത്തില്‍ നിന്നും വിടുതല്‍ നല്‍കും. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല. സേവനകാലത്തിനിടയില്‍ പരിക്കേറ്റ് ജീവന്‍ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും പദ്ധതി പ്രഖ്യാപന കാലത്ത് സേന മേധാവികള്‍ അറിയിച്ചിരുന്നു.

എന്നാല്‍ അഗ്‌നിപഥ് പദ്ധതിക്കെതിരേ തുടക്കം മുതല്‍ വിമര്‍ശനങ്ങളായിരുന്നു. സേനയുടെ പോരാട്ട വീര്യവും പ്രൊഫഷണലിസവും ഇല്ലാതകുമെന്നതാണ് പ്രധാന ആരോപണം. പ്രതിഷേധം പല സംസ്ഥാനങ്ങളിലും വലിയ അക്രമങ്ങളിലേക്ക് മാറിയിരുന്നു.ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. പ്രതിഷേധങ്ങള്‍ ശക്തമായതോടെ പ്രായപരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ പല ഇളവുകളും ആകര്‍ഷണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  agniveer alleged suicide first in air force, around 20 agniveer deaths reported less than a year from agneepath project started

Content Summary; agniveer alleged suicide first in air force, around 20 agniveer deaths reported less than a year from agneepath project started

 

Leave a Reply

Your email address will not be published. Required fields are marked *

×