അഹമ്മദാബാദ് വിമാനാപകടം; തെറ്റ് പൈലറ്റുമാരുടേതോ? ജൂൺ 12ന് കോക്പിറ്റിനുള്ളിൽ എന്താണ് സംഭവിച്ചത്?

കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ‘കട്ട് ഓഫ്’ ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം എഞ്ചിനിലേയ്ക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണെന്ന തരത്തിലാണ് നിലവിൽ പ്രാഥമിക റിപ്പോർട്ട് വന്നിരിക്കുന്നത്. കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ‘കട്ട് ഓഫ്’ ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 12ന് കോക്പിറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമയക്രമം അനുസരിച്ച് ഖലീജ് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

GMT സമയം 05:47ന് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായ VT-ANB ന്യൂഡൽഹിയിൽ നിന്ന് അഹമ്മദാബാദിൽ ഇറങ്ങി.

GMT സമയം 07:48:38 ന് വിമാനം ബേ 34 ൽ നിന്ന് പുറപ്പെടുന്നതായി സ്ഥിരീകരിച്ചു

GMT 07:55:15 ന് വിമാനം ടാക്സി ക്ലിയറൻസ് അഭ്യർത്ഥിക്കുകയും എയർ ട്രാഫിക് കൺട്രോൾ അത് അംഗീകരിക്കുകയും ചെയ്തു. ഒരു മിനിറ്റിനുശേഷം ബേ 34 ൽ നിന്ന് ടാക്സിവേ R4 വഴി റൺവേ 23 ലേക്ക് എയർക്രാഫ്റ്റ് മാറ്റുകയും ചെയ്തു. തുടർന്ന് ടേക്ക് ഓഫിനായി തയ്യാറെടുത്തു.

08:02:03 GMT – വിമാനം ഗ്രൗണ്ട് കൺട്രോളിൽ നിന്ന് ടവർ കൺട്രോളിലേക്ക് മാറ്റി

08:07:33 GMT – ടേക്ക്-ഓഫ് ക്ലിയറൻസ് നൽകി

08:07:37 GMT – വിമാനം ടേക്ക് ഓഫിനായി നീങ്ങാൻ തുടങ്ങി

08:08:39 GMT – വിമാനം ടേക്ക് ഓഫ് ചെയ്തു. വിമാനത്തിന്റെ എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറി

08:08:42 GMT – വിമാനം പരമാവധി 180 നോട്ട് എയർ സ്പീഡിൽ എത്തി. തുടർന്ന് എഞ്ചിൻ 1, എഞ്ചിൻ 2 ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ ഒന്നിനുപുറകെ ഒന്നായി RUN ൽ നിന്ന് CUTOFF ലേക്ക് മാറി.

എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചതിനാൽ N1, N2 എഞ്ചിനുകൾ പ്രവർത്തനരഹിതമായി. എന്തിനാണ് കട്ട് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരാളോട് ചോദിക്കുന്നതായി കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ കേട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകുന്നതും വ്യക്തമാണ്. പിന്നീട് ഇവർ എൻജിനിലേക്ക് ഇന്ധനവിതരണം നിയ​ന്ത്രിക്കുന്ന സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പ്രവർത്തനം സാധാരണനിലയിലാകും മുമ്പ് തകർന്നുവീഴുകയായിരുന്നു.

08:08:47 GMT – രണ്ട് എഞ്ചിനുകളുടെയും സ്പീഡ് മിനിമം ഐഡിൽ സ്പീഡിന് താഴെയാവുകയായിരുന്നു. തുടർന്ന് RAT ഹൈഡ്രോളിക് പമ്പ് ഹൈഡ്രോളിക് പവർ വിതരണം ചെയ്യാൻ തുടങ്ങി.

08:08:52 GMT – എഞ്ചിൻ 1 ഇന്ധന കട്ട്ഓഫ് സ്വിച്ച് CUTOFF ൽ നിന്ന് RUN ലേക്ക് മാറി

08:08:56 GMT – എഞ്ചിൻ 2 ഫ്യുവൽ കട്ട്ഓഫ് സ്വിച്ചും CUTOFF ൽ നിന്ന് RUN ലേക്ക് മാറി

08:09:05 GMT – പൈലറ്റുമാരിൽ ഒരാൾ “MAYDAY MAYDAY MAYDAY” എന്ന് വിളിച്ചു പറഞ്ഞു

08:09:11 GMT – ഡാറ്റ റെക്കോർഡിംഗ് നിർത്തി

ജൂണ്‍ 12 നുണ്ടായ അപകടത്തില്‍ പന്ത്രണ്ട് വിമാന ജീവനക്കാരടക്കം 241 പേരാണ് വിമാനത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമെ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടമായി.

Content Summary: ahmedabad air india plane crash; What happened inside the cockpit on June 12th?

This post was last modified on July 12, 2025 3:30 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment