അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ ഗുരുതരമായ ആശങ്കകളുന്നയിച്ച് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ(ALPA). ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് എഎൽപിഎ പൈലറ്റുമാരെ പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടിൽ ആശങ്കകളുന്നയിച്ചെത്തിയത്. പൈലറ്റുമാരുടെ തെറ്റാണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമാക്കുന്ന പക്ഷാപാതപരമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാം തോമസ് പറഞ്ഞു.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയെങ്കിലും വിഷയം ബാധിക്കുന്ന പൈലറ്റുമാരെ അറിയിച്ചിട്ടില്ലെന്ന് എഎൽപിഎ പ്രസ്താവനയിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പ് പോലുമില്ലാതെയാണ് റിപ്പോർട്ട് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്നും എഎൽപിഎ ചൂണ്ടിക്കാട്ടി.
എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ കട്ട് ഓഫ് മൂലമാണ് അപകടം സംഭവിച്ചതെന്ന് അവകാശപ്പെടുന്ന ജൂലൈ 10 ലെ വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടിനെക്കുറിച്ചും എഎൽപിഎ പരാമർശിച്ചു. ഇത്രയും സെൻസിറ്റീവ് ആയ കാര്യം മാധ്യമങ്ങൾക്ക് ലഭിച്ചതിന്റെ കാരണത്തെക്കുറിച്ചും സംശയം അറിയിച്ചിട്ടുണ്ട്.
ഇത്രയും നിർണായകമായ ഒരു രേഖ ഔദ്യോഗികമായി ഒപ്പ് പോലുമില്ലാതെ മാധ്യമങ്ങളുമായി പങ്കുവെച്ചതിൽ ഞങ്ങൾ അത്ഭുതപ്പെടുന്നു. പരിചയസമ്പന്നരായ പൈലറ്റുമാരെയൊന്നും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിൻ്റെ സുതാര്യത ഉറപ്പാക്കാൻ, അന്വേഷണ പ്രക്രിയയിൽ നിരീക്ഷകരായെങ്കിലും ഞങ്ങളെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ വീണ്ടും അധികാരികളോട് അഭ്യർത്ഥിക്കുന്നു, എഎൽപിഎ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ പുറത്തുവന്നിരിക്കുന്ന പ്രാഥമിക റിപ്പോർട്ട് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വിമർശിച്ച് എഎൽപിഎ വിഷയത്തിൽ ഉടൻ നടപടി വേണെമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എഞ്ചിനിലേയ്ക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണെന്ന് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ‘കട്ട് ഓഫ്’ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബോയിങ് വിമാന കമ്പിനിക്കോ എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജി.ഇ എയറോസപേയ്സിനോ അപകടത്തില്‍ ഉത്തരവാദിത്തമില്ലാതാകും. ജൂണ്‍ പന്ത്രണ്ടിനാണ് എയര്‍ ഇന്ത്യയുടെ എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തിന് പരിസരത്തുള്ള ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത്.
Content Summary: ahmedabad plane crash; Airline Pilots Association opposes preliminary report
Leave a Comment