July 17, 2025 |
Share on

കലാപം വിഭജിച്ച മണിപ്പൂരിനെ അവർ മരണം കൊണ്ട് ഒന്നിപ്പിച്ചു; മണിപ്പൂരിന് നോവായി നങ്‌തോയും ലാനൂംതെമും

രണ്ട് വർഷത്തിലേറെ വംശീയ കലാപത്തിലൂടെ മണിപ്പൂർ വിഭജിക്കപ്പെട്ടിട്ട്

കുക്കി-മെയ്തെയ് വിഭാ​ഗങ്ങൾക്കിടയിലുള്ള സംഘർഷം വിഭജിച്ച മണിപ്പൂരിന്റെ ഹൃദയഭാ​ഗത്തേക്കാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്റെ വാർത്തയെത്തുന്നത്. വിമാന ​ദുരന്തത്തിൽ മരണപ്പെട്ട ഡ്രീംലൈനർ 787ലെ 10 ക്രൂ അം​ഗങ്ങളിൽ രണ്ട് പേരും മണിപ്പൂർ നിവാസികൾ ആയിരുന്നു ഒരു മെയ്തെയ് വിഭാ​ഗവും മറ്റൊരാൾ കുക്കി വിഭാ​ഗവും. എന്നാൽ വിദ്വേഷം മറന്നാണ് മണിപ്പൂർ ആ ദുഃഖവാർത്തയിൽ വിലപിച്ചത്. വ്യാഴാഴ്ച ദുരന്ത വാർത്ത എത്തിയത് മുതൽ മണിപ്പൂർ സ്വദേശികളായ എയര്‍ ഹോസ്റ്റസുമാർ നങ്‌തോയ് ശര്‍മ്മ കോങ്ബ്രയ്‌ലാത്പം, ലാനൂംതെം സിങ്‌സണ്‍ എന്നിവരുടെ വിവരമറിയാൻ കുടുംബം പ്രാർത്ഥനയോടെയാണ് കാത്തിരുന്നത്.

രണ്ട് വർഷത്തിലേറെ വംശീയ കലാപത്തിലൂടെ മണിപ്പൂർ വിഭജിക്കപ്പെട്ടിട്ട്. എന്നാൽ ആ വിദ്വേഷമെല്ലാം മറന്നാണ് ഞങ്ങൾ ഇരുവരുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നിരിക്കുന്നത്. തങ്ങളുടെ മരണത്തിലൂടെ ഇരു വിഭാ​ഗങ്ങളെയും യോജിപ്പിച്ചാണ് ആ പെൺകുട്ടികളുടെ മടക്കമെന്ന് ഡൽഹി ആസ്ഥാനമായുള്ള മെയ്തെയ് ഹെറിറ്റേജ് സൊസൈറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അപകടവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ ഇരു കുടുംബങ്ങളും ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലേക്ക് തിരിച്ചിരുന്നു.

വീട്ടിലെ ഏക വരുമാന മാർ​ഗമായിരുന്നു ലാനൂംതെം സിങ്‌സണ്‍. അവളുടെ മരണത്തോടെ കുടുംബം അനിശ്ചിതത്വത്തിലായിരിക്കയാണ്. സം​​​ഘർഷങ്ങളാൽ വിഭജിക്കപ്പെട്ട ഒരു ദേശത്ത് നിന്നാണ് ഇരുവരും വന്നതെങ്കിലും മരണം നമുക്ക് എല്ലാവർക്കും ഒരുപോലെയായിരിക്കും എന്ന ഓർമ്മപ്പെടുത്തലിലൂടെയാണ് ഇരുവരുടെയും മടക്കം. മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളായിരുന്നു നങ്‌തോയ് ബിരുദ പഠനകാലത്ത് ക്യാമ്പസിൽ നടന്ന കരിയർ എക്സ്പോയിലൂടെ ആയിരുന്നു നങ്‌തോയ്ക്ക് ജോലി ലഭിച്ചത്. എയർ ഇന്ത്യയിലെ മറ്റു മണിപ്പൂരി സഹപ്രവർത്തകർക്കൊപ്പം മുംബൈയിലായിരുന്നു നങ്‌തോയിയുടെ താമസം.

ലാനൂംതെം സിങ്‌സൺ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. അച്ഛന്റെ വിയോ​ഗത്തിന് ശേഷം വീടിന് തണലായി മാറിയ വ്യക്തിയായിരുന്നു ലാനൂംതെം സിങ്‌സൺ. അമ്മ സ്നേഹത്തണത്തിൽ വളർന്ന മൂന്ന് മക്കളിൽ ഏക പെൺതരി. കലാപത്തെ നേരിട്ട ആ അമ്മയ്ക്ക് എന്നാൽ ഈ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്. നങ്‌തോയ് ശര്‍മ്മ മെയ്തെയ് വിഭാ​ഗക്കാരിയും മണിപ്പൂരിലെ തൗബൽ ജില്ലയിലാണ് നങ്‌തോയുടെ കുടുംബം താമസിച്ചിരുന്നത്. ലാനൂംതെം കുക്കി വിഭാ​ഗത്തിൽപ്പെടുന്ന തഡൗ വർ​ഗക്കാരിയും. വാടക വിട്ടീൽ കഴിയുന്ന ലാനൂംതെമിന്റെ കുടുബം മുമ്പ് താമസിച്ചിരുന്നത് മെയ്തെയ് വിഭാ​ഗത്തിന്റെ പ്രാതിനിധ്യം കൂടുതലുള്ള ഒരു പ്രദേശത്തായിരുന്നു എന്നാൽ സംഘർഷം ശക്തമായതോടെ ആ സ്ഥലം വിട്ട് കുക്കി വിഭാ​ഗം കൂടുതലായി താമസിക്കുന്ന പ്രദേശത്തെത്തിയത്. കലാപമൊടുങ്ങി മകൾക്കൊപ്പം തിരികെ സ്വന്തം ദേശത്തേക്ക് പോകാമെന്ന ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

രാജ്യം കണ്ട രണ്ടാമത്തെ വിമാന ദുരന്തമെന്ന് ചരിത്രം അഹമ്മദാബാദ് ദുരന്തത്തെ അടയാളപ്പെടുത്തുമ്പോൾ ഒരു ദേശത്തിന്റെ തന്നെ വേദനയായി ഇവരെല്ലാം മാറുകയാണ്.

content summary: Ahmedabad plane crash, claimed the lives of two air hostesses from Manipur, has united the people in grief and solidarity

Leave a Reply

Your email address will not be published. Required fields are marked *

×