കൊടുക്കുന്നവരും വാങ്ങുന്നവരും കൈയൊന്ന് മുറുക്കി പിടിച്ചാല്‍, മൂന്നാമതൊരാള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത ഇടപാടാണ് കൈക്കൂലിയിടപാട്. വാങ്ങിയവരും കൊടുത്തവരും സന്തുഷ്ടരായാല്‍ അത് നോര്‍മല്‍ ഇടപാടായി നിശ്ചലമാകും. നിയമപരമായും നീതിയുക്തമായും നിയമനം നടത്തിയാല്‍ ആ തൊഴില്‍ ലഭിക്കാന്‍ പ്രാപ്തനല്ലാത്ത ഒരു ഉദ്യോഗാര്‍ത്ഥിയെ കൃത്രിമമായി പ്രാപ്തനാക്കുന്നതിനുള്ള കൈത്താങ്ങായാണ് തൊഴില്‍ നിയമനങ്ങളിലെ കൈക്കൂലി നിലനില്‍ക്കുന്നത്. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണത്.aided bribery appointments: will there ever be an end to
കേരളത്തിലെ നോണ്‍ സ്റ്റോപ്പ് സാമ്പത്തിക അഴിമതിയായ എയ്ഡഡ് നിയമന കൈക്കൂലി, കൊടുക്കുന്നവരാലും വാങ്ങുന്നവരാലും അതിവിദഗ്ധമായി മറച്ചുവെക്കപ്പെട്ട നാട്ടുനടപ്പായി നോര്‍മലൈസ് ചെയ്തിരിക്കുന്നു. കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ഭൂരിഭാഗം അധ്യാപകരും വന്‍ തുക മാനേജ്‌മെന്റിന് കോഴ നല്‍കിയവരാണ്. കൈക്കൂലികള്‍ മിക്കവാറും പുറമേക്ക് ചര്‍ച്ച ചെയ്യുന്നത് കൊടുത്തയാള്‍ ഉദ്ദിഷ്ടകാര്യം ചെയ്തുകൊടുക്കുന്നതില്‍ അലംഭാവം കാണിക്കുമ്പോള്‍ മാത്രമാണ്.
എന്‍എസ്എസ് കോളേജുകളിലെ അധ്യാപന നിയമനത്തില്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വന്നിട്ടും കൈക്കൂലി കൊടുക്കാനില്ലാത്തതിനാല്‍ താന്‍ പുറത്താക്കപ്പെട്ട കാര്യം ശ്രീലേഖ ഐ.പി.എസ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞ വീഡിയോ കേരളത്തില്‍ വൈറലായിരുന്നു. സഹകരണ ബാങ്കില്‍ നിന്ന് അടക്കം ലോണ്‍ എടുത്ത അധ്യാപകര്‍ക്ക് ഇതേവരെയും നിയമനം കിട്ടിയില്ല എന്ന പത്രവാര്‍ത്ത കുറേക്കാലം മുമ്പ് വന്നിരുന്നു. അധ്യാപക ജോലി കിട്ടാന്‍ എന്തിനാണ് അവര്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത് എന്ന ചോദ്യം കേരളീയ സമൂഹം ഉയര്‍ത്തിയില്ല എന്നതില്‍ എയ്ഡഡ് കൈക്കൂലിയുടെ സാധാരണീകരണം വ്യക്തമാണ്. ‘കിടപ്പാടം പണയപ്പെടുത്തി അധ്യാപകജോലിയില്‍ കയറിയവര്‍, കെട്ടുതാലി വിറ്റ് അധ്യാപക ജോലിയില്‍ കയറിയവര്‍’ എന്നതൊക്കെ കേരളത്തിന്റെ പത്രവാര്‍ത്തകളില്‍ സ്ഥിരം കാഴ്ചയാണ്. എയ്ഡഡ് കൈക്കൂലി നാട്ടുനടപ്പാക്കിയതിന് ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്.
എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എല്ലാം സ്വകാര്യ സംഭാഷണങ്ങളില്‍ സ്ത്രീധനത്തുക കൊടുത്തും ഭൂമി വിറ്റും ഭൂമി പണയം വച്ചുമെല്ലാം അവര്‍ ജോലിയില്‍ കയറിയ കാര്യം നിത്യസംഭാഷണങ്ങളാണ്. വന്‍തുക കോഴ കൊടുക്കാത്ത എയ്ഡഡ് നിയമനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. എന്നിട്ടും കാലങ്ങളായി തുടരുന്ന ഈ അഴിമതിയോട് കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും തൊഴില്‍ അന്വേഷകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരിക്കലും ശക്തമായി പ്രതികരിച്ചിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിന്റെ നീതിരാഹിത്യവും മുഖംമൂടിയും ഈ നിശബ്ദതയില്‍ വ്യക്തമാണ്.
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമടക്കം എയ്ഡഡ് മേഖലയില്‍ അധ്യാപകരായി, പിന്നീട് നേതാക്കളായി വന്നവരാണ്. അവര്‍ക്ക് ഇക്കാര്യം വളരെ വ്യക്തമായി നേരില്‍ അറിവുള്ളതുമാണ്. കേരളത്തിലെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഉദ്യോഗങ്ങളില്‍ പകുതിയോളം വരുന്ന മേഖലയാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല. സംവരണം പോലുള്ള യാതൊരു സാമൂഹികനീതിയും ഇല്ലാതെയാണ് അവിടുത്തെ നിയമനങ്ങള്‍ പതിറ്റാണ്ടുകളായി നടക്കുന്നത്. അധ്യാപക നിയമനത്തിന്, വിദ്യാഭ്യാസ യോഗ്യതാ ബലത്തേക്കാള്‍, സാമ്പത്തിക ക്രയബലം യോഗ്യതയാക്കുന്ന നോണ്‍ സ്റ്റോപ്പ് അനീതിക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
വിവിധ ക്രിസ്ത്യന്‍ സഭകള്‍, നായര്‍ സര്‍വീസ് സൊസൈറ്റി, മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി, എസ്എന്‍ഡിപി, വിവിധ ദേവസ്വം ബോര്‍ഡുകള്‍, ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ തുടങ്ങിയവയാണ് കേരളത്തിലെ എയ്ഡഡ് മേഖല കൈയ്യടക്കി വാഴുന്നത്. ക്രിസ്ത്യന്‍ സഭകളാണ് 70% വിദ്യാലയങ്ങള്‍ കൈയ്യാളുന്നവര്‍. കേരളത്തിലെ പ്രബല സമുദായങ്ങളുടെ കൈയ്യിലാണ് എയ്ഡഡ് വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നത്. നവോത്ഥാനന്തരം കേരളത്തില്‍ ശക്തിപ്പെട്ട സാമുദായിക സങ്കുചിതത്വത്തിന്റെ നേര്‍ചിത്രം ഇത്തരം വിദ്യാലയങ്ങളുടെ സ്റ്റാഫ് റൂമുകളില്‍ വ്യക്തമാണ്. ഓരോ എയ്ഡഡ് സ്റ്റാഫ് റൂമുകളും ഓരോ ജാതി കോളനികളാണ്. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ദളിതര്‍ക്ക് ദളിതര്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന ജാതി കോളനി ലഭിച്ചതുപോലെ വിദ്യാഭ്യാസ ബില്ല് അഭിജാതര്‍ക്ക് കൊടുത്ത ജാതി കോളനികള്‍ തന്നെയാണ് കേരളത്തിലെ എയ്ഡഡ് സ്റ്റാഫ് റൂമുകള്‍
കേരളത്തിലെ വിദ്യാലയങ്ങളിലെ സ്റ്റാഫുകള്‍ അത് നടത്തുന്ന മാനേജരുടെ ജാതിക്കാരെ കൊണ്ട് മാത്രം നിറഞ്ഞിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ, ഒരു മതേതര രാജ്യത്തിന്റെ, ഒരു ജാതി നിരപേക്ഷ രാജ്യത്തിന്റെ സ്റ്റാഫ് റൂമുകള്‍ എങ്ങനെയായിരിക്കരുത് എന്നതിന് കൃത്യമായ ഉദാഹരണങ്ങളാണ് കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളുടെ സ്റ്റാഫുകള്‍. ആ ദുരവസ്ഥ മാറണം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും കേരളത്തില്‍ ഇപ്പോള്‍ നിലവിലില്ല എന്നതിലാണ് കേരളമെന്ന ഭൂപ്രദേശത്തിലെ കാപട്യം കറപുരണ്ട് കിടക്കുന്നത്.
വിമോചന സമരത്തിന്റെ വിജയമാണ് ഇന്നിപ്പോള്‍ വിദ്യാലയങ്ങളെ അടക്കി ഭരിക്കുന്നത്. ഗവണ്‍മെന്റ് ശമ്പളം കൊടുക്കുമ്പോള്‍ നിയമനങ്ങളും ഗവണ്‍മെന്റ് നടത്തും എന്ന ജോസഫ് മുണ്ടശ്ശേരിയുടെ ബില്ലിനെതിരായാണ് കേരളത്തിലെ കുപ്രസിദ്ധമായ വിമോചന സമരം അരങ്ങേറിയത്. ഭൂപരിഷ്‌കരണത്തെക്കാള്‍ വിദ്യാഭ്യാസ ബില്ലിനെതിരെ ആയിരുന്നു ആ സമരം ശക്തിപ്പെട്ടത് എന്നത് വിലയിരുത്തപ്പെട്ട കാര്യമാണ്. വിമോചന സമരത്തിന്റെ സാമുദായിക ലഹളകളാണ് കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടത്.
വിദ്യാഭ്യാസ ബില്ലില്‍ വലതുപക്ഷത്തിന് അനുകൂലമായി വെള്ളം ചേര്‍ത്തതിനാല്‍ മാനേജര്‍ അവര്‍ക്ക് തോന്നിയ പോലെ നിയമിക്കുമെന്നും സര്‍ക്കാര്‍ അത് ചോദ്യം ചെയ്യാതെ ശമ്പളം മാത്രം കൊടുക്കണമെന്നും വ്യവസ്ഥ വന്നു. എന്നിട്ടും മാനേജരുടെ ക്രൂരകൃത്യങ്ങളില്‍ നിന്നും അധ്യാപകരെ രക്ഷിക്കുകയാണ് വിദ്യാഭ്യാസ ബില്ല് ചെയ്തത് എന്ന് വന്‍ നുണ പ്രചരിപ്പിക്കാനാണ് ഇവിടത്തെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ അടക്കം മുഴുവന്‍ അധ്യാപക സംഘടനകളും സമയം മെനക്കെടുത്തിയത്. കോഴ വാങ്ങി നിയമനം നേടിയ അധ്യാപകരും അധ്യാപക സംഘടനകളുടെ നേതാക്കളായി മാറി. കേരളത്തിലെ എയ്ഡഡ് കോഴ നോര്‍മലൈസായത് ഇത്തരത്തിലാണ് .
മാനേജര്‍ കോഴ വാങ്ങി നിയമിച്ച അധ്യാപകര്‍ അവര്‍ പഠിപ്പിച്ച സ്ഥാപനങ്ങളിലെ പോസ്റ്റ് പോയപ്പോള്‍ പ്രൊട്ടക്ടഡ് അധ്യാപകരായി പ്രഖ്യാപിച്ചു. ബി ആര്‍ സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും അവര്‍ നിരവധിയായി കടക്കുകയുണ്ടായി. മാനേജര്‍മാര്‍ കോഴ വാങ്ങി നിയമിച്ച അധ്യാപകരെ സര്‍ക്കാര്‍ പി എസ് സി വഴി നിയമിച്ച സ്റ്റാഫ് റൂമില്‍ എത്തിക്കാന്‍ സമരം ചെയ്തത് ഇവിടുത്തെ പ്രബല അധ്യാപക സംഘടനയാണ്. ആ സമരം വിജയിച്ചത് വഴി എയ്ഡഡ് മാനേജര്‍മാര്‍ സാമൂഹിക നീതി പാലിക്കാതെ നിയമിച്ച 3,600 അധ്യാപകര്‍ സര്‍ക്കാര്‍ സ്റ്റാഫ് റൂമില്‍ എത്തിച്ചേര്‍ന്നു. അതൊന്നും അനീതിയായി കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തോന്നിയില്ല എന്നിടത്തും മുന്‍ചൊന്ന കാപട്യം തന്നെയാണ് പ്രകടമാവുന്നത്.
കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നി കഴിഞ്ഞ ആറ് വര്‍ഷമായി ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്ത് പോന്നത് താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളില്‍ 5 വര്‍ഷം ജോലി ചെയ്‌തെങ്കിലും ആ അധ്യാപക തസ്തിക നിയമപരമായി നിലവിലുള്ളതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇല്ലാത്ത പോസ്റ്റിലേക്ക് സ്ഥിരനിയമനം നല്‍കാമെന്ന നുണ പറഞ്ഞാണ് 13 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് എന്ന കാര്യം വ്യക്തമാണ്. 13 ലക്ഷം കൂടാതെ അഞ്ച് വര്‍ഷത്തെ ശമ്പളവും കൈക്കൂലിയിനത്തില്‍ വ്യവസ്ഥ ചെയ്തതായി കേള്‍ക്കുന്നു. ആ പോസ്റ്റില്‍ നിയമനം നല്‍കുക സാധ്യമല്ലാത്തതിനാലാണ് അലീന ടീച്ചറെ കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് മാറ്റി നിയമിച്ചത്.
ജോലിക്കായി ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കോഴ നല്‍കിയ കാര്യം അലീന ടീച്ചറുടെ കുടുംബം ആവര്‍ത്തിച്ച് പറഞ്ഞാലും രൂപ വാങ്ങിയ രൂപത അക്കാര്യം അംഗീകരിച്ചു കൊടുക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. കാരണം കേരളത്തിലെ എയ്ഡഡ് നിയമനങ്ങള്‍ ഏറ്റവും സുതാര്യമായും നീതിയുക്തമായും മാത്രമാണ് നടക്കുന്നതെന്ന പെരും നുണ എല്ലാ എയ്ഡഡ് മാനേജ്‌മെന്റും കോടതി വ്യവഹാരങ്ങളില്‍ നിരന്തരം തീസിസ് അവതരിപ്പിച്ച് പോരുന്നുണ്ട്.
എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങളില്‍ SC /STസംവരണം പാലിക്കണമെന്ന 2005-ലെ യുജിസി ഉത്തരവ് നടപ്പാക്കണം എന്ന എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി കൊടുത്ത കേസ് സംബന്ധിച്ച് നടന്ന കോടതി വ്യഹാരങ്ങളില്‍, എയ്ഡഡ് നിയമനങ്ങള്‍ നീതിയുക്തമായും സുതാര്യമായുമാണ് നടക്കുന്നത് എന്ന് മാനേജ്‌മെന്റ് മാത്രമല്ല സര്‍ക്കാര്‍ അഭിഭാഷകരും വാദിച്ചു എന്ന സത്യം നിലനില്‍ക്കുന്നു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ യോഗ്യതയുള്ളവരെ മാറ്റി നിര്‍ത്തി മാനേജര്‍ക്ക് ഇഷ്ടമുള്ള ആളെ നിയമിക്കാന്‍ കോളേജ് തലത്തില്‍ 80 ലക്ഷവും ഹയര്‍സെക്കന്‍ഡറി തലത്തില്‍ 60 ലക്ഷവും ഹൈസ്‌കൂള്‍ തലങ്ങളില്‍ 50 ലക്ഷവും അതിന് താഴേക്ക് 40 ലക്ഷവും ജാതി /മത മാനേജ്‌മെന്റുകള്‍ കൈക്കൂലി വാങ്ങുന്നു എന്ന കാര്യം കേരളാ ഗവണ്‍മെന്റിന് അറിയാമോ? ലോകം കണ്ടതില്‍ വെച്ച് നോണ്‍ സ്റ്റോപ്പ് അഴിമതിയാണത്. മൊത്തം സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ പകുതിയോളം ഇത്തരത്തിലാണ് നടക്കുന്നത്.
നമ്മുടെ എയ്ഡഡ് വിദ്യാലയങ്ങളുടെ സ്റ്റാഫ് റൂമുകള്‍, ഒരു ജനാധിപത്യ രാജ്യത്തിന് മതേതര രാജ്യത്തിന് അറപ്പ് ഉളവാക്കും വിധം ജാതി കോളനിയും കോഴക്കോളനിയുമാണ്. ജോസഫ് മുണ്ടശ്ശേരിയുടെ പരാജയപ്പെട്ട ആ സ്വപ്നം ഉണ്ടല്ലോ, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന വിദ്യാലയങ്ങളില്‍ നിയമനം സര്‍ക്കാര്‍ നടത്തുമെന്ന ‘മരണപ്പെട്ടസ്വപ്നം’ മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും അതില്‍ കൈവയ്ക്കാന്‍ കഴിയാത്ത ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അന്വേഷണത്തിന് ഉത്തരവിടാനും മാത്രമേ കഴിയുകയുള്ളൂ.
എയ്ഡഡ് മേഖലയില്‍ നടക്കുന്ന ജാതിമത കേന്ദ്രീകൃതമായ പിടിമുറുക്കങ്ങളെ ചോദ്യം ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് ശേഷിയുണ്ടോ എന്നതാണ് പ്രധാനം അത്തരം ചര്‍ച്ചകള്‍ ആത്മാര്‍ത്ഥമായി തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. അതല്ലെങ്കില്‍ വരും വര്‍ഷങ്ങളിലും ഇത്തരം അനുശോചനങ്ങള്‍ നമുക്ക് ആവശ്യമായി വരും. എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിട്ട് നീതി നടപ്പാക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുംവരെ വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ പരാജിത മനുഷ്യരായിരിക്കും.aided bribery appointments: will there ever be an end to
Content Summary: aided bribery appointments: will there ever be an end to