പുതിയൊരു ജീവിതത്തിനായി എല്ലാ ഒരുക്കങ്ങളും ഡോ. കോനി വ്യാസ് പൂര്‍ത്തിയാക്കിയിരുന്നു. രാജസ്ഥാനിലെ ബന്‍സ്വാരയിലെ സ്വകാര്യ ആശുപത്രിയായ പെസഫിക്കിലെ പത്തോളജിസ്റ്റ് ആയിരുന്നു ഡോ. കോനി. കഴിഞ്ഞ മാസം ജോലി രാജിവച്ചു. ലണ്ടനിലേക്ക് പോവുകയായിരുന്നു ലക്ഷ്യം, ഭര്‍ത്താവ് പ്രതിക് ജോഷി അവിടെ ഡോക്ടറാണ്. ഇനിയുള്ള ജീവിതം അവിടെ ഒരുമിച്ച്. മൂന്നു മക്കളാണ് പ്രതിക്-കോനി ദമ്പതിമാര്‍ക്ക്. എട്ടുവയസുകാരി മിറായ, അഞ്ചു വയസുള്ള ഇരട്ടകളായ പ്രദ്യുതും നകുലും.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തില്‍ ആ കുടുംബം ഉണ്ടായിരുന്നു. പറന്നുയരുന്നതിന് മുമ്പായി ആ കുടുംബം ഒരു സെല്‍ഫി പകര്‍ത്തിയിരുന്നു. ഏറ്റവും മനോഹരമായൊരു ചിത്രം. ഒരു വശത്ത് അമ്മയും അച്ഛനും, മറുവശത്തെ സീറ്റില്‍ മൂന്നു മക്കളും; ആ കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ ആ നാല് മുഖങ്ങളിലും കാണാമായിരുന്നു.
പക്ഷേ, അവരോര്‍ത്തിരുന്നോ, അവര്‍ ഈ ലോകത്ത് ആ മനോഹര ചിത്രം അവശേഷിപ്പിച്ച് ഇല്ലാതാവുകയാണെന്ന്. വിധി അങ്ങനെയായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഈ സെല്‍ഫി പകര്‍ത്തപ്പെട്ടതിന് ഏതാനും നിമിഷങ്ങള്‍ക്കൊപ്പം വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കൊപ്പം പ്രതിക്-കോനി കുടുംബവും ഈ ലോകത്ത് നിന്നും ഇല്ലാതായി. അങ്ങനെ ഏറ്റവും മനോഹരമായൊരു ചിത്രം ഈ രാജ്യത്തെ ഏറ്റവും വേദനിപ്പിക്കുന്ന ഒന്നായി മാറി, ഒരിക്കലും മാറാത്ത വേദനയായി.
പത്തുവര്‍ഷം മുമ്പായിരുന്നു പ്രതിക്- കോനി വിവാഹം. ലണ്ടനില്‍ നിന്നും മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിക് നാട്ടില്‍ എത്തിയത്. തന്റെ കുടുംബത്തെ കൂടെക്കൂട്ടാനായിരുന്നു ഈ വരവ്. കുട്ടികളുടെ പഠനാര്‍ത്ഥമായിരുന്നു കോനി ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് പോകാതെ ഉദയ്പൂരിലായിരുന്നു ആദ്യം. പിന്നീട് മക്കളുടെ വീസ ശരിയാകുന്നതിന്റെ കാലതാമസം ഉള്ളതിനാല്‍ ബന്‍സാരയിലേക്ക് മാറി.
പസഫിക് ആശുപത്രിയില്‍ നിന്നും രാജിവച്ചശേഷം, ലണ്ടന്‍ യാത്രയുടെ ഒരുക്കത്തിലായിരുന്നു കോനി കഴിഞ്ഞ ഒരുമാസമായി എന്നാണ് ബന്‍സാരയിലുള്ള കുടുംബാംഗങ്ങള്‍ വേദനയോടെ പറയുന്നത്. പ്രതിക് ജോഷി ലണ്ടനില്‍ റേഡിയോളജിസ്റ്റാണ്. കഴിഞ്ഞ നാല് വര്‍ഷമായി പ്രതിക് ലണ്ടനിലാണ്. തന്റെ പ്രിയപ്പെട്ട കുടുംബത്തിനൊപ്പം പുതിയൊരു ജീവിതം ലണ്ടനില്‍ കെട്ടിപ്പടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആ ചെറുപ്പക്കാരന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം പ്രതികിന്റെ പിതാവും ബന്‍സാരയിലെ പേരുകേട്ട ഒരു റേഡിയോളജിസ്റ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ സോണോഗ്രഫി സെന്റര്‍ നാട്ടില്‍ പ്രശസ്തമായിരുന്നു. പ്രതികിന്റെ സഹോദര എഞ്ചിനീയറാണ്. കോനിക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
ലണ്ടനിലേക്ക് പോകാന്‍ അവര്‍ ബുധനാഴ്ചയാണ് അഹമ്മദാബാദിലേക്ക് പോയതെന്നാണ് കോനിയുടെ കസിന്‍ നയന്‍ ജോഷി പറയുന്നത്. അവരെ യാത്ര അയക്കാന്‍ കോനിയുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍, അവര്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അവിടെ നില്‍ക്കുകയാണെന്നാണ് കണ്ണീരോടെ നയന്‍ ജോഷി പറയുന്നത്. തകര്‍ന്ന വിമാനത്തില്‍ രാജസ്ഥാനില്‍ നിന്നും 11 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. Air India Plane Crash. Doctor couple and their three children last selfie
Content Summary; Air India Plane Crash. Doctor couple and their three children last selfie
This post was last modified on June 13, 2025 11:57 am
Leave a Comment