April 19, 2025 |

കൊളസ്ട്രോളിന് മരുന്ന് കണ്ടുപിടിച്ച അകിര എന്‍ഡോ അന്തരിച്ചു

വിടവാങ്ങുന്നത് ലോവാസ്റ്റാറ്റിന്‍ എന്ന മരുന്നിന്റെ സൃഷ്ടാവ്

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ എന്ന രാസസംയുക്തവും ലോവാസ്റ്റാറ്റിന്‍ എന്ന മരുന്നും വൈദ്യശാസ്ത്രത്തിന് സംഭാവന ചെയ്ത  ജപ്പാന്‍ ബയോകെമിസ്റ്റ് അകിര എന്‍ഡോ അന്തരിച്ചു. 90 വയസായിരുന്നു. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരായ വിപ്ലവകരമായ കണ്ടെത്തലുകളിലൊന്നായാണ് ലോവാസ്റ്റാറ്റിന്‍ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്. കൊളസ്‌ട്രോളിന്റെ അനന്തരഫലമായി ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാറുണ്ട്. ഇതിന് തടയിടുന്നതിനായി മരുന്നുകളില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്റ്റാറ്റിന്‍. cholesterol statins Akira Endo

1933ല്‍ ജനിച്ച അകിര ടോഹോക്കു സര്‍വകലാശാലയില്‍ നിന്നാണ് ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയത്. 1973ല്‍ ടോക്കിയോയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സാങ്ക്യോയില്‍ ജോലി ചെയ്യുമ്പോഴാണ് സ്റ്റാറ്റിന്‍ സൃഷ്ടിക്കുന്നത്. ഫംഗസുകളില്‍ പഠനം നടത്തിയായിരുന്നു കണ്ടെത്തല്‍. ഇതിനായി 6,000 വ്യത്യസ്ത മിശ്രിതങ്ങള്‍ ആണ് അദ്ദേഹം സൃഷ്ടിച്ചത്. ഇവയെല്ലാം പഠന വിധേയമാക്കുകയും ചെയ്തു. അവസാനമാണ് അരിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നീല-പച്ച നിറത്തിലുള്ള ഫംഗസായ പെന്‍സിലിയം സിട്രിനം ഉപയോഗിച്ച് സ്റ്റാറ്റിന്‍ ഉണ്ടാക്കിയത്. 1987ല്‍ സ്റ്റാറ്റിന്‍ ഉപയോഗിച്ചുള്ള ലോവസ്റ്റാറ്റിന് യുഎസിന്റെ അംഗികാരം ലഭിച്ചു.

മനുഷ്യ ശരീരത്തിന് വേണ്ട കൊളസ്‌ട്രോളിന്റെ 80 ശതമാനവും ഉണ്ടാവുന്നത് കരളിലാണ്. എച്ച്.എം.ജി. കൊ-എ എന്ന ഘടകത്തെ മെവലോണേറ്റാക്കി മാറ്റുന്ന പ്രക്രിയയാണ് കൊളസ്‌ട്രോള്‍ ഉത്പാദനത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. ഈ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഒരു എന്‍സൈമാണ്. എച്ച്.എം.ജി.കൊ.എ. റിഡക്ടേഴ്‌സ് എന്നാണ് ഈ എന്‍സൈം അറിയപ്പെടുന്നത്. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞുകൊണ്ട് കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്ക്കുകയാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ ചെയ്യുന്നത്. കൊളസ്‌ട്രോള്‍ ഉത്പാദനം അമ്പത് ശതമാനംവരെ കുറയ്ക്കാന്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ സഹായിക്കുന്നുണ്ടെന്നാണ് ഗവേഷക ലോകം പറയുന്നത്.

1928ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഫ്‌ലെമിംഗ് ആയിരുന്ന അക്കാലത്ത് ബയോകെമിസ്റ്റുകളുടെ റോള്‍ മോഡല്‍. ഈ പ്രചോദനം ഉള്‍കൊണ്ട് ഗവേഷണം ആരംഭിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു അകിരോ. 2006ലെ മഹദ് വ്യക്തികള്‍ക്കുള്ള 22ാമത് ജപ്പാന്‍ പുരസ്‌കാരവും 2008ല്‍ യുഎസിന്റെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ പുരസ്‌കാരവും എന്‍ഡോയ്ക്ക് ലഭിച്ചു. അതേസമയം  അകിരയ്ക്ക് നൊബല്‍ സമ്മാനം നല്‍കാത്തതില്‍ നിരാശയുണ്ടെന്നാണ് വിട വാങ്ങല്‍ വാര്‍ത്തയോട് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ ചീഫ് സയന്റിഫിക് ആന്‍ഡ് മെഡിക്കല്‍ ഓഫീസറായ പ്രൊഫ ബ്രയാന്‍ വില്യംസ് പ്രതികരിച്ചത്.

 

English Summary: Akira Endo, ‘remarkable’ scientist who discovered statins, dies aged 90 cholesterol statins Akira Endo

Leave a Reply

Your email address will not be published. Required fields are marked *

×