നേരം പുലരുമ്പോള്‍ കേരളം കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടുതലും ഞെട്ടിപ്പിക്കുന്ന റോഡ് അപകടങ്ങളാണ്. അവസാനമായി കേരളം കണ്ടത് ആലപ്പുഴ കളര്‍കോട് നടന്ന വാഹനാപകടമാണ്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലേക്ക് കാര്‍ തെന്നി ഇടിച്ചുകയറിയായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേരുടെ ജീവന്‍ നഷ്ടമായി. രാത്രിയിലെ കനത്തമഴയെ തുടര്‍ന്ന കാഴ്ച മങ്ങിയതോ, ബ്രേക്ക് കിട്ടാതിരുന്നതോ ആയിരിക്കാം കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നുണ്ട്. അപകടത്തിന്റെ നാല് കാരണങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. road accident
അപകടത്തിന് നാല് കാരണങ്ങള്‍
1. മഴയും വെളിച്ചക്കുറവും
2. വാഹനത്തില്‍ അമിതഭാരം
3. ഡ്രൈവറുടെ പരിചയക്കുറവ് (ലൈസന്‍സ് ലഭിച്ചിട്ട് ആറുമാസം)
4. വാഹനത്തിന്റെ കാലപ്പഴക്കം,ബ്രേക്കിംഗ് പിഴവ്, എയര്‍ബാഗ് ഇല്ലാത്തത്
2024 ഒക്ടോബര്‍ വരെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ 40,821 കേസുകളാണ് കേരളാപോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 3168പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 45,657 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം ഒരുവര്‍ഷത്തെ കണക്കാണിത്. 2023ല്‍ സംസ്ഥാനപാതയില്‍ 10,830 അപകടങ്ങളും ദേശീയപാതയില്‍ 9892 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റു റോഡുകളിലെ അപകടങ്ങളാണ് ഏറ്റവും കൂടുതല്‍. 27,369 അപകടങ്ങള്‍. ഇതിലും നിന്നും ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ ആയിരക്കണക്കിന് അപകടങ്ങള്‍ വര്‍ദ്ധിക്കാനാണ് സാധ്യത. കാരണം കേരളത്തിലെ പലയിടങ്ങളിലായി റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി താല്‍ക്കാലിക പാതയിലൂടെ പൊടിപടലങ്ങള്‍ക്കിടയിലൂടെയാണ് മലയാളികളുടെ യാത്ര. പലയിടങ്ങളിലും കുണ്ടും കുഴിയും വെള്ളക്കെട്ടുകളുമുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
‘കളര്‍കോട് അപകടത്തിലെ സെവന്‍ സീറ്റര്‍ വാഹനത്തില്‍ യാത്ര ചെയ്തത് 11 പേരാണ്. ഇത് നിയമലംഘനമാണ്’ .സുകന്യ സമൃദ്ധി യോജന ആക്ടിവിസ്റ്റും പൊതുപ്രവര്‍ത്തകനുമായ ഡിജോ കാപ്പന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
‘ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ മാറാനും സാധ്യതയുണ്ട്. ടയറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബ്രേക്ക് ചെയ്താല്‍ നിയന്ത്രണംവിടാനും സാധ്യതയുണ്ട്. ആന്റി ബ്രേക്കിംഗ് സംവിധാനം ഉറപ്പാക്കേണ്ടതും അപകടത്തെ ഒഴിവാക്കാന്‍ സഹായിക്കും. മഴയെ തുടര്‍ന്ന് കാഴ്ച മങ്ങാനിടയുണ്ട്. ബ്രേക്കിട്ടതോടെ മുന്‍പിലേക്ക് പുറകിലിരുന്നവര്‍ വീണതും അപകടം വലുതാക്കി. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം വാടകയ്ക്ക് എടുത്തതാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണ് ഈ വാഹനത്തിനുണ്ടാവുക. ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കാനും ഇതൊരു തടസമാണ്.
വാഹനങ്ങളുടെ പെരുപ്പം വര്‍ധിച്ചെങ്കിലും ഇതിന് ഉപയോഗ്യമായ റോഡുകള്‍ കേരളത്തിലില്ല. 1,19,000 വാഹനങ്ങള്‍ക്ക് 1,30,000 കിലോമീറ്റര്‍ റോഡുകളുണ്ടായിരുന്നു. എന്നാല്‍ 1,60,000 വാഹനങ്ങളായപ്പോള്‍ 50,000 കിലോമീറ്റര്‍ നീണ്ട റോഡുകള്‍ നിര്‍മിക്കാനെ കേരളത്തിന് സാധിച്ചുള്ളൂ. എന്‍ഫോഴ്‌സ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധനകള്‍ നടത്താത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിയമങ്ങള്‍ അനുസരിക്കാന്‍ മലയാളികള്‍ക്ക് എന്നും മടിയാണ്. പിഴ വര്‍ധിപ്പിച്ചാലും അതിനെ ലാഘവത്തോടെ കാണുന്ന ജനതയാണ് നിലവിലുള്ളത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഡ്രൈവിങ് സംസ്‌കാരത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തണം. വളര്‍ന്നുവരുന്ന തലമുറയെ നിയമം പാലിക്കുന്ന പൗരന്മാരാക്കാന്‍ ഇത് സഹായിക്കും. ജാപ്പനീസ് വിദ്യാഭ്യാസരീതികള്‍ ഇത്തരത്തിലുള്ളതാണ്.’ ഡിജോ കാപ്പന്‍ കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ റോഡ് നിയമങ്ങളും ഡ്രൈവിങ് സമ്പ്രദായങ്ങളും
‘മലയാളികളുടെ റോഡ് സംസ്‌കാരം മാറേണ്ടതുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും യുക്തിക്കനുസരിച്ച് സാഹചര്യം മനസിലാക്കി യാത്ര ചെയ്യാന്‍ മലയാളികള്‍ തയ്യാറാകേണ്ടതുണ്ട്’. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വാതി ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു.
‘ഡ്രൈവിങ്ങിലെ ബാലപാഠങ്ങള്‍ സ്‌കൂള്‍തലത്തില്‍ നിന്ന് ആരംഭിക്കണം. നല്ല ഡ്രൈവിങ് സമ്പ്രദായം മലയാളിക്കുണ്ടാകണം. വിദ്യാഭ്യാസരീതി ഇതിനുസരിച്ച് പരിഷ്‌കരിക്കണം. പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് മലയാളികള്‍ക്ക് താല്‍പ്പര്യമുള്ളതല്ല. ഏതെങ്കിലും അപകടം ചര്‍ച്ചയാകുമ്പോള്‍ ഈ മലയാളി തന്നെ നിയമം കര്‍ശനമാക്കണമെന്ന അഭിപ്രായം പറയും. ജനങ്ങള്‍ അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യില്ല എന്നുറപ്പുണ്ടാക്കണം. മാറ്റങ്ങള്‍ തുടങ്ങേണ്ടത് നമ്മളില്‍ നിന്നാണ്. ഫിറ്റ്‌നസ് സംവിധാനങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ട നിലയില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. ഇവയൊക്കെ ഉറപ്പാക്കിയാലും വാഹനങ്ങളുടെ സര്‍വീസിങ് ഉറപ്പാക്കേണ്ടത് വാഹന ഉടമകളാണ്. മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുകയും നടപ്പില്‍വരുത്തുകയും ചെയ്യാം. എന്നാല്‍ നിരത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരം സാധ്യമല്ല. ജനങ്ങള്‍ അപകടങ്ങള്‍ ഒഴിവാക്കി ശ്രദ്ധയോടെ വാഹനം ഉപയോഗിക്കാന്‍ തയ്യാറാവണം.’ – സ്വാതി ജോര്‍ജ് ചൂണ്ടിക്കാട്ടി.
ഇനിയെത്ര ജീവനുകള്‍ ?
തൃശൂരില്‍ ലോറി പാഞ്ഞുകയറി നാടോടി സംഘത്തിലെ രണ്ടുകുട്ടികളടക്കം അഞ്ച് പേരുടെ ജീവന്‍ പൊലിഞ്ഞത് രാവിലെ 4 മണിയോടെയാണ്. ഇവിടെ രണ്ട് അപകടങ്ങളും പുലര്‍ച്ചെയും രാത്രിയുമായി സംഭവിച്ചതാണ്. ഈ സമയങ്ങളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യുന്നത് വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. റോഡിന്റെ ശോചനീയാവസ്ഥ, വാഹനങ്ങളുടെ വേഗത, കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത്, കനത്ത മഴ അതിനെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ഇവയെല്ലാം അപകടം വിളിച്ചുവരുത്തും.
കഴിഞ്ഞുപോയ മൂന്ന് വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2022 ല്‍ 43910, 2023 ല്‍ 48,901, 2024 ല്‍ 40,821. കുറഞ്ഞത് വര്‍ഷത്തില്‍ 40,000 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്ത് നിന്ന് അപകടങ്ങളെ തടയാന്‍ എന്തെല്ലാം നീക്കങ്ങളാണ് നടന്നത് ?
ഇവ ഫലം കാണുന്നില്ലെങ്കില്‍ പുതിയ വഴികളും അന്വേഷണങ്ങളും കാര്യക്ഷമമാക്കാത്തത് എന്തുകൊണ്ടാണ് ? നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വബോധവും അനുസരിക്കാനുള്ള കടമയും കേരളത്തിലെ ഗതാഗത ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാരായ മലയാളികള്‍ക്കുമുണ്ട്. ഇവിടെ ഇങ്ങനെയൊക്ക മതിയെന്ന മുടന്തന്‍ ന്യായങ്ങളിലൂടെ ഇല്ലാതാകുന്നത് ഓരോ മനുഷ്യ ജീവനുകളാണെന്ന് സ്വയം തിരിച്ചറിയുക. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി കരുതലോടെ നീങ്ങാം.. road accident
content summary; alarming-rise-in-road-accidents-in-kerala
kerala road transport corporation kerala accident