ഇന്നലെ(ജൂണ്‍ 26) ആയിരുന്നു ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ഒരു വശത്ത് ലഹരിക്കെതിരെ യുദ്ധം നടക്കുന്നു, വലിയ ക്യാമ്പയിനുകള്‍ നടക്കുന്നു. എല്ലാം ലീഗലൈസ് ചെയ്താല്‍ തീരുന്ന പ്രശ്‌നമേ ഉള്ളുവെന്നു പറയുന്നവരും, അതല്ല ഓര്‍ഗാനിക് ഡ്രഗ്‌സ് നിയമവിധേയമാക്കുകയും സിന്തെറ്റിക് ഡ്രഗ്‌സ് നിരോധിക്കുകയും ചെയ്യണം എന്ന് പറയുന്ന പറയുന്നവരുമൊക്കെ മറുഭാഗത്തുമായി വലിയ വാദകോലാഹലങ്ങള്‍ നടക്കുന്നു.
എങ്ങനെയാണീ മയക്കുമരുന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാമോ?
അതിനാദ്യം മനുഷ്യന്റെ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണം.
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ തലച്ചോറിനെ ചോട്ടാ മുംബൈയിലെ സിനിമയിലെ ചോട്ടാ മുംബൈ ആയ ഫോര്‍ട്ട്കൊച്ചി ആയിട്ടൊന്നു കരുതുക. തലയുടെ അടുത്ത് വിവരങ്ങളൊക്കെ എത്തിച്ചു എപ്പോളും പുള്ളിയുടെ ചുറ്റും തിരിഞ്ഞുകളിക്കുന്ന ചോട്ടാകളില്ലേ, സിദ്ദിക്കും, ബിജുക്കുട്ടനും, ഇന്ദ്രജിത്തും മണിക്കുട്ടനും ഒക്കെയടങ്ങുന്ന കൂട്ടം. തലയും പിന്നെ ഈ അഞ്ചംഗ സംഘത്തിന് പകരം 81 ബില്യണ്‍ ചോട്ടാകള്‍ കൂടി ഉണ്ടെകില്‍ എന്നൊന്ന് ആലോചിച്ചു നോക്കിക്കേ, ഏതാണ്ടങ്ങനെയാണ് മസ്തിഷ്‌കം. വിവരങ്ങള്‍ എത്തിക്കുന്ന ഈ സംഘാഗംങ്ങളാണ് ന്യൂറോണുകള്‍. മസ്തിഷ്‌കത്തില്‍ ഏതാണ്ട് 81 ബില്യണ്‍ ന്യൂറോണുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഒരു സന്ദേശം കൈമാറുന്നതിന് ന്യൂറോണുകള്‍ ന്യൂറോ ട്രാന്‍സ്മിറ്ററിനെ അടുത്ത ന്യൂറോണിലേക്ക് അയക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ഇത് നടക്കുന്നു. മസ്തിഷ്‌കത്തില്‍ മാത്രമല്ല ശരീരം മുഴുവന്‍ ന്യൂറോണുകള്‍ വ്യാപിച്ചു കിടക്കുന്നു. അവരാണ് നമ്മുടെ ശരീരത്തില്‍ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍, ഇപ്പോള്‍ നമ്മുടെ കൈ മുറിഞ്ഞു എന്ന് കരുതുക, nociceptors എന്ന ന്യൂറോണുകളിലൂടെ, ഈ വിവരം സ്പൈനല്‍ കോഡിലും, അവിടുന്നു മസ്തിഷ്‌കത്തിലും എത്തും. അവിടെ ഹൈപ്പൊത്തലാമസ് ഈ വിവരം സോമറ്റൊസെന്‍സറി കോര്‍ട്ടെക്‌സ്, ഫ്രന്റല്‍ കോര്‍ട്ടെക്‌സ് എന്നിവരുമായി പങ്ക് വയ്ക്കും. ഇവര്‍ എല്ലാരും കൂടി ഇയാള്‍ കുറച്ചു വേദന അനുഭവിക്കട്ടെ എന്ന് തീരുമാനിക്കും. അങ്ങനെയാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്(ഈ പറഞ്ഞ പരിപാടിയെല്ലാം നടക്കാന്‍ ഒരു സെക്കന്റ് പോലും എടുക്കില്ല കേട്ടോ). അതായതുത്തമാ, ഈ ശരീരത്തെ ലോകമായിട്ട് കാണുക, അപ്പോള്‍ ലോകത്തെ എല്ലാ ചലനങ്ങളുമറിയുന്ന ഒരു ചങ്ങാതിയില്ലേ, നമ്മുടെ ലാലേട്ടന്റെ അബ്രാം ഖുറേഷി, അയാളാണ് മസ്തിഷ്‌കം, പൃഥ്വിരാജ് അവതരിപ്പിച്ച സയ്യിദ് മസൂദ് ഇല്ലേ, ഖുറേഷിയുടെ വലം കൈ, അതാണ് സുഷ്മ്നാ നാഡി. ഇനി ലോകം മുഴുവന്‍ പരന്നു കിടക്കുന്ന അവര്‍ക്ക് വിവരങ്ങള്‍ എത്തിക്കുന്ന നെറ്റ്വര്‍ക്ക് ഇല്ലേ, അതാണ് ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ന്യൂറോണുകള്‍. മൊത്തത്തിലൊരു ഇല്ലുമ്മിനാറ്റി സെറ്റപ്പാണ്.
ഇനി ഡ്രഗ്‌സ് എങ്ങനെയാണ് ഇവിടെയൊക്കെ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം.
മസ്തിഷ്‌കത്തില്‍ ബേസല്‍ ഗംഗ്‌ളീയ എന്നൊരു സംഗതിയുണ്ട് , പേര് കേട്ടു പേടിക്കേണ്ട, ഈ പുള്ളിക്ക് നമ്മുടെ ദിനചര്യകള്‍, സോഷ്യലൈസേഷന്‍, സെക്‌സ്, പോസിറ്റീവ് ചിന്തകള്‍ എന്നിവയില്‍ നിര്‍ണായക സ്ഥാനമുണ്ട്. പുള്ളിയുടെഏരിയയെ തലച്ചോറിന്റെ ‘റിവാര്‍ഡ് സര്‍ക്യൂട്ട്’ എന്ന് പറയാറുണ്ട്. മയക്കു മരുന്നുകള്‍ ഈ സര്‍ക്യൂട്ടിനെ കൂടുതല്‍ സജീവമാക്കുകയും അതുവഴി വലിയ അളവില്‍ ആനന്ദം ഉണ്ടാക്കുകയും, നമുക്ക് ഹൈ ഫീല്‍ ഉണ്ടാവുകയും ചെയ്യുന്നു. ഡ്രഗ്‌സ് ശീലമാകുമ്പോള്‍, ഈ പുള്ളി അതുമായിട്ട് പൊരുത്തപ്പെടും, ആളുടെ സെന്‍സിറ്റിവിറ്റി കുറയും ,പിന്നെ സാധാരണ ചെയ്തിരുന്ന പ്രവൃത്തികളില്‍ നിന്നു ആനന്ദം ലഭിക്കില്ല, ഡ്രഗ്‌സ് എടുത്താലേ ആനന്ദം കിട്ടൂ എന്ന അവസ്ഥ വരും. അഡിക്ടാകും, സീന്‍ ഡാര്‍ക്കാകും.
എക്സ്റ്റന്റഡ് അമിഗ്ഡല എന്നൊരു കൂടിയ പുള്ളിയുണ്ട്. അമിഗ്ഡല നമ്മുടെ ബദാം പരിപ്പിന്റെ ഷേപ്പിലിരിക്കുന്ന ഒരു സംഗതിയാണ്. ഈ ആല്‍മണ്ടും പിന്നെ ചുറ്റുപാടുമുള്ള കുറച്ചു ഏരിയകളുമൊക്കെ ചേര്‍ന്നതാണ് എക്സ്റ്റന്റഡ് അമിഗ്ഡല. നമ്മുടെ ഇമോഷന്‍സ്, നമ്മുടെ പെരുമാറ്റം, ഉത്കണ്ഠ, ആക്രമണം, ഭയം നിയന്ത്രിക്കല്‍, വൈകാരിക ഓര്‍മ്മ, സാമൂഹിക ധാരണ എന്നിവ നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന ആളാണ് ഇത്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞ്, ശീലിച്ച ഇടവേളയില്‍ ഡ്രഗ് ചെന്നില്ലെങ്കില്‍ വിത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. വൈകാരികമായ താളം തെറ്റലുകള്‍ മുതല്‍ പെരുമാറ്റരീതികള്‍ വരെ മാറുന്നു. ഇത് പരിഹരിക്കാന്‍ ആ വ്യക്തി വീണ്ടും മയക്കുമരുന്നില്‍ അഭയം തേടുന്നു.
ഇനി പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ഈ പുള്ളിക്കാണ് ഡ്രഗ് ചെല്ലുമ്പോള്‍ ഏറ്റവുമധികം പ്രശ്‌നമുണ്ടാകുന്നത്. അതിനൊരു വലിയ, ശാസ്ത്രീയമായ കാരണമുണ്ട്. നമ്മളെ ചിന്തിക്കാനും, ആസൂത്രണം ചെയ്യാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും, ആത്മനിയന്ത്രണം പാലിക്കാനുമൊക്കെയുള്ള പ്രാപ്തി നല്‍കുന്നത് പുള്ളിയാണ്. മയക്കുമരുന്നുകളുടെ ഉപയോഗം മേല്‍പ്പറഞ്ഞ ജോലികളെയെല്ലാം താളം തെറ്റിക്കും. ഈ സര്‍ക്യൂ ട്ടുകള്‍ക്കിടയിലുള്ള ബാലന്‍സ് തെറ്റും. ഉപയോഗിച്ച ആള്‍ വീണ്ടും ലഹരി ഉപയോഗിക്കും, ക്രമേണ അതിന് അടിപ്പെടും. ഇവിടെയുള്ള ഒരപകടം, ഈ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് ഒരാളുടെ ഇരുപത് വയസ്സിനും മുപ്പതു വയസ്സിനും മദ്ധ്യേയാണ്. അപ്പോള്‍ പൂര്‍ണ്ണമായും വളര്‍ച്ചയെത്താത്ത, അതും അത്രയും പ്രധാനപ്പെട്ട ഒരു മസ്തിഷ്‌ക ഭാഗം മയക്കുമരുന്നിനാല്‍ ബാധിക്കപ്പെട്ടാല്‍ ഒന്നാലോചിച്ചു നോക്കിക്കേ, ഒരാളുടെ ഭാവിയെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന്…
നമുക്ക് സാധാരണയായി ആനന്ദം അനുഭവപ്പെടുന്നത് എപ്പോളൊക്കെയാണ്?
നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍, അത് വായനയാകാം, എഴുത്താകാം, പാട്ട് കേള്‍ക്കലാകാം , ഉറക്കമാകാം, ഇതൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉണ്ടാകുന്നുണ്ട്, എന്‍ഡോര്‍ഫിനും, ഡോപ്പമിനും, സെറോടോണിനും, ഗ്‌ളൂട്ടാമേറ്റും, അഡെനോസിനും ഒക്കെ അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയൊക്കെയാണ് ഈ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് ആനന്ദം തരുന്ന ആളുകള്‍. മയക്കുമരുന്നുകളുടെ ഉപയോഗം ഇതില്‍ പല ന്യൂറോ ട്രാന്‍സ്മിറ്ററുകളുടേയും അസ്വഭാവിക കുതിച്ചു ചാട്ടത്തിന് കാരണമാകുന്നു. ഈ ആനന്ദത്തിന്റെ ഒരു ഹൈ തരുന്നതില്‍ ഡോപ്പമിന്റെ പങ്ക് ഏറ്റവും വലുതാണ്. ഡ്രഗ്‌സ് ഡോപ്പമിന്‍ സ്‌ഫോടനം തന്നെയുണ്ടാക്കാറുണ്ട്. തിളക്കത്തില്‍ സലിം കുമാറിന്റെ കഥാപാത്രം പറയുന്ന പോലെ, മസ്തിഷ്‌കത്തിനു കിട്ടുന്ന ധാരണ ഈ ഡ്രഗ് ഉപയോഗിച്ചാല്‍ നല്ല ആനന്ദം കിട്ടും. എന്നാപ്പിന്നെ വേറെ പണിക്കൊന്നും പോകാതെ ഇത് വാങ്ങിച്ചു കേറ്റിയാ മതിയെന്നാണ്. ആ വ്യക്തി ക്രമേണ ആസക്തിക്കു അടിമയാകുന്നു.
ചോട്ടാ മുംബൈയില്‍ തലക്ക് സന്തോഷം കൊടുക്കുന്ന കൂട്ടുകാരില്‍ പ്രധാനികള്‍ സിദ്ദിക്കും, ബിജുക്കുട്ടനും, ഇന്ദ്രജിത്തും മണിക്കുട്ടനും ഒക്കെ സ്ഥാനത്ത് നമ്മുടെ മസ്തിഷ്‌കത്തില്‍ നമുക്ക് സന്തോഷം തരുന്ന നാല്‍വര്‍ സംഘം ഡോപമിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിറ്റോസിന്‍ എന്നിവരാണ്. നമ്മുടെ ചലനങ്ങള്‍, ഓര്‍മ്മ, പെരുമാറ്റം, സന്തോഷം, മാനസികാവസ്ഥ (mood) പഠനം, മുലയൂട്ടല്‍ എന്നിവയെല്ലാം ഡോപമിനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോപാമൈന്‍ നമ്മുടെ റിവാര്‍ഡ് സിസ്റ്റത്തിന്റെ ഭാഗമാണ്. അതിജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ – ഭക്ഷണം കഴിക്കുക, അതിജീവിക്കാന്‍ മത്സരിക്കുക, പുനരുല്‍പ്പാദിപ്പിക്കുക എന്നിവയൊക്കെചെയ്യുമ്പോള്‍ റീവാര്‍ഡ് തരുന്ന സന്തോഷം തരുന്ന റിവാര്‍ഡ് സിസ്റ്റത്തിന്റെ ഭാഗമാണിത്. നമ്മുടെ തലച്ചോറിന് ഡോപാമൈന്‍ പുറത്തുവിടുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്തെങ്കിലും ചെയ്യുമ്പോള്‍ മസ്തിഷ്‌കം വലിയ അളവില്‍ ഡോപാമൈന്‍ പുറത്തുവിടുന്നു എന്ന് കരുതുക, നമുക്ക് സുഖം തോന്നുന്നു, ആ വികാരം കൂടുതല്‍ ആഗ്രഹിക്കുന്നു. ആ കാര്യം നമ്മള്‍ വീണ്ടും ചെയ്യുന്നു. ആസക്തിയും ഇതുമായി ബന്ധമുണ്ട്. ന്യൂറോ ട്രാന്‍സ്മിട്ടറും, അതേ സമയം ഒരു ഹോര്‍മോണ്‍മാണ്. സെറാടോണിന്‍ (5-HT എന്നും പറയും ) പഠനം, ഓര്‍മ്മശക്തി, സന്തോഷം ശരീര താപനില,, ലൈംഗിക സ്വഭാവം, വിശപ്പ് എന്നിവയെ സ്വാധീനിക്കുന്നു. സെറോടോണിന്റെ അഭാവം വിഷാദം, ഉത്കണ്ഠ എന്നിവയുണ്ടാകുന്നതിലേക്ക് നയിക്കുന്നു. സെറോടോണിന്‍ സാധാരണ നിലയിലായിരിക്കുമ്പോള്‍, സന്തോഷവും സമാധാനവും ഒക്കെ അനുഭവപ്പെടുന്നു. സെറോട്ടോണിന്‍ നിര്‍മ്മിക്കുന്നത് അമിനോ ആസിഡ് ട്രിപ്‌റ്റോഫാന്‍ എന്നതില്‍ നിന്നാണ്. ഒരു അമിനോ ആസിഡ് നിങ്ങളുടെ ശരീരത്തിന് ഇത് നിര്‍മ്മിക്കാന്‍ കഴിയില്ല നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കേണ്ടത്. സെറോട്ടോണിന്‍ നിര്‍മ്മിക്കുന്നത് അവശ്യ അമിനോ ആസിഡ് ട്രിപ്‌റ്റോഫാന്‍ എന്നതില്‍ നിന്നാണ്. ഒരു അവശ്യ അമിനോ ആസിഡ് എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ഇത് നിര്‍മ്മിക്കാന്‍ കഴിയില്ല എന്നാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കേണ്ടത്. ഇത് നമ്മുടെ മൂഡും, ദഹനവും, ഉറക്കവും ലൈംഗികതയുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. സെരോറ്റോണിന്റെ കുറവ് വിഷാദം, ഉറക്കപ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ഫോബിയകള്‍ മറ്റ് ഗുരുതര മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഡോപ്പമിന്‍ കുറച്ചു സമയത്തേയ്ക്ക് മാത്രം നീണ്ടു നില്‍ക്കുന്നു സന്തോഷമാണ് ഉണ്ടാക്കുന്നതെങ്കില്‍ സെരോറ്റോണിന്‍ നേരേ തിരിച്ചാണ്, അത് കുറെ കൂടി സ്ഥായിയായ സന്തോഷം നല്‍കുന്നു.
ഡ്രഗ്‌സ് ലീഗലൈസ് ചെയ്താല്‍ പ്രശ്‌നം തീരുമോ?
ഒരിക്കലുമില്ല. ഇവിടെ ലീഗലൈസ് ചെയ്യപ്പെട്ടിട്ടുള്ള ലഹരിയാണ് മദ്യം. എന്നിട്ട് മദ്യം കൊണ്ടു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു അവസാനിച്ചോ, ഇല്ല. ഏതൊരു ലഹരിയാണെങ്കിലും റെസ്‌പോണ്‍സിബിള്‍ യൂസ് എന്നൊരു സംഗതിയുണ്ട്. നിര്‍ഭാഗ്യവശാല്‍, മലയാളിക്കങ്ങനൊരു ശീലമില്ല. പറയുമ്പോള്‍ പലരും മുഖം ചുളിച്ചേക്കാം, എങ്കിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ലഹരി എങ്ങനെ ഉപയോഗിക്കണം എന്ന് പൗരനെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. നമ്മുടെ കപട സദാചാര ബോധ്യങ്ങളാണ് പ്രശ്‌നം. മലയാളിയുടെ സഹജമായ ഈ കാപട്യം ഒരു നാട്ടിന്‍പുറത്തെ വിവാഹസല്‍ക്കാരം നടക്കുന്ന വീട്ടില്‍ ചെന്നാല്‍ കാണാം. പലരും മദ്യപിക്കുന്നുണ്ടെന്നു എല്ലാവര്‍ക്കും അറിയാം. പക്ഷെ ഒളിച്ചു നിന്നു നില്‍പ്പനടിച്ചു വേണം പുറത്ത് വരാന്‍. അതേ സമയം മദ്യം വിളമ്പി, സമയമെടുത്തു, ബോധം മറയാത്ത രീതിയില്‍ അത് കഴിക്കുന്ന രീതിയിലേക്ക് എന്നാണ് നമ്മള്‍ എത്തുക. പലയിടത്തും ഇത് മാറി വരുന്നുണ്ട്. സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നുണ്ടെങ്കില്‍, മാന്യമായി മദ്യം വാങ്ങാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ടാകണം. പക്ഷെ ഡ്രഗ്‌സിന്റെ നിയന്ത്രിത ഉപയോഗം പോലും പ്രശ്‌നമാണെന്നോര്‍ക്കുക. ആദ്യം തന്നെ മദ്യത്തെ ടാബൂ ആയി കാണുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. മദ്യപാനത്തെ ഒളിച്ചു വയ്ക്കാതെ അതിനെ അഡ്രസ്സ് ചെയ്യുക. കാപട്യങ്ങള്‍ മാറ്റി വച്ചു റെസ്‌പോണ്‍സിബില്‍ ഡ്രിങ്കിങ് നെക്കുറിച്ചും മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുക. മദ്യത്തെ പ്രമോട്ട് ചെയ്യുക എന്നതല്ല, മറിച്ചു മദ്യപിച്ചു ഓടയില്‍ കിടക്കുന്ന അവസ്ഥ ഉണ്ടാകാകരുതെന്നു ആളുകളെ മനസിലാക്കുക.
സന്തോഷിക്കുക എന്നതില്‍ എന്തോ ഒരപകടമുണ്ട് എന്നൊരു പ്യൂരിട്ടന്‍ സദാചാര ബോധം മലയാളിയെ നിയന്ത്രിക്കുന്നുണ്ട്. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിനോദത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടി പബ് തുറക്കാമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലൊരു വിവേചനമുണ്ട്. ഒരു എലീറ്റ് ക്ളാസിനു മാത്രം പ്രാപ്യമാകുന്ന രീതിയില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല. സാധാരണക്കാരനും പ്രാപ്യമാകുന്ന രീതിയില്‍ വിനോദസഞ്ചാര മേഖലകളിലും മറ്റും പബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. മറ്റൊരു വിനോദോപാധിക്കും ഇടം കിട്ടാത്തപ്പോളാണ് പലപ്പോളും ആളുകള്‍ മദ്യത്തില്‍ മാത്രം അഭയം തേടുന്നത്. വരാന്ത്യങ്ങളില്‍ (ശനിയും ഞായറും) രണ്ട് ദിവസമെങ്കിലും തൊഴിലില്‍ നിന്നും മറ്റും വിടുതല്‍ നേടി, സുഹൃത്തുക്കളുമായി ഒത്തു ചേരാനും, ഉല്ലസിക്കാനുള്ള സാഹചര്യം ആളുകള്‍ക്കുണ്ടാവണം. അതിന് തൊഴില്‍ ദിനങ്ങളിലും മറ്റും സര്‍ക്കാര്‍ ഇടപെട്ട് മാറ്റം വരുത്തണം. അങ്ങനെ കൂട്ടായ്മകളുണ്ടാകുമ്പോള്‍, ഒരേയൊരു റിലീഫ് പോയിന്റ് എന്ന രീതിയില്‍ മദ്യത്തെ സമീപിക്കുകയും അതില്‍ അടിപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കുറയുക തന്നെ ചെയ്യും. അതേ സമയം ഡ്രഗ്‌സിനു അടിപ്പെട്ടവരെ കുറ്റവാളികളായി കാണാതെ അവരെ റീഹാബ് ചെയ്യുന്ന സംവിധാനവും ഉണ്ടാകേണ്ടതുണ്ട്. Alcohol, drugs, and Malayali” is a topic that discusses the growing concern of substance abuse in Kerala,
Reference
1.https://www.un.org/en/observances/end-drug-abuse-day
2. THE NEUROBIOLOGY OF SUBSTANCE USE, MISUSE, AND ADDICTION
3 https://nida.nih.gov/research-topics/parents-educators/mind-matter-series/drugs-brain
Content Summary; Alcohol, drugs, and Malayali” is a topic that discusses the growing concern of substance abuse in Kerala,
This post was last modified on June 27, 2025 7:08 am
Leave a Comment