UPDATES

വിദേശം

സൈബർ ആക്രമണത്തെ നിയമത്തിലൂടെ നേരിട്ട് ഇമാനെ ഖലിഫ്

ഇലോണ്‍ മസ്‌ക് ജെകെ റൗളിംഗ് എന്നിവർക്കെതിരെയും കേസ്

                       

ബോക്‌സിംഗിൽ ഒളിമ്പിക്‌സ് സ്വർണം നേടിയ ആദ്യ അൾജീരിയൻ വനിത ഇമാനെ ഖലിഫ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. പ്രതി സ്ഥാനത്ത് പ്രശസ്ത എഴുത്തുകാരി ജെ കെ റൗളിംഗ് ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ തലവൻ ഇലോണ്‍ മസ്‌ക് ഡോണൾ‌ഡ് ട്രംപ് അജ്ഞാതരായ ഒരുകൂട്ടം ആളുകൾ എന്നിവർക്ക് നേരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ ഇമാനെയെ അപകീർത്തിപ്പെടുത്തിയെന്നും, മാനസികാരോഗ്യത്തെ പോലും ഉലച്ചു കളഞ്ഞതായും  പരാതിയിൽ പറയുന്നു. Imane Khelif cyberbullying

ഇമാനെ സ്ത്രീയല്ല പുരുഷനാണ് എന്ന വാദം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു.  ഡോണൾ‌ഡ് ട്രംപ് അടക്കമുള്ളവർ ഈ വാദത്തോട് യോജിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായ വേട്ടയാടിയവർക്കുള്ള മറുപടിയായിരുന്നു ഇമാനെയുടെ സ്വർണ്ണനേട്ടം. 1996നു ശേഷം സ്വർണം നേടുന്ന ആദ്യ അൾജീരിയൻ ബോക്‌സർ കൂടിയാണ് ഇമാനെ ഖലീഫ്.

സൈബർ ആക്രമണത്തിന്റെ പേരിലാണ് ഇമാനെ പരാതി നൽകിയിരിക്കുന്നത്. പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ ഇതുസംബന്ധിച്ച ലോസ്യൂട്ട് സമർപ്പിച്ചതായും അവരുടെ അഭിഭാഷകൻ നബീൽ ബൗഡി പറഞ്ഞു. ഫ്രഞ്ച് നിയമപ്രകാരം എക്സ് എന്ന് വിളിക്കുന്ന അജ്ഞാതരായ വ്യക്തികൾക്കെതിരെയാണ് പരാതി നൽകിയതെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 വയസ്സുള്ള ഇമാനെ സൈബറിടത്ത് സ്ത്രീവിരുദ്ധ, വംശീയ, ലിംഗവിവേചനം തുടങ്ങിയവയ്ക്ക് ഇരയായെന്ന് പരാതിയിൽ അവകാശപ്പെടുന്നു.

പരാതിയിൽ ആളുകളുടെ പേര് പരാമർശിക്കാത്തതിന് കാരണം വ്യാജ അക്കൗണ്ടുകളിൽ നിന്ന് വന്ന വിദ്വേഷകരമായ സന്ദേശങ്ങൾ പങ്കിട്ടവരെ കൂടി അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിന് വേണ്ടിയാണെന്ന് ബൗഡി പറയുന്നു. പരാതിയിൽ അജ്ഞാതർക്കെതിരെ മാത്രമല്ല കേസ് ചുമത്തിയിരിക്കുന്നത്, പ്രശസ്ത വ്യക്തികളുടെ പേരും പരാമർശിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ജെകെ റൗളിംഗും ഇലോണ്‍ മസ്‌കും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്, ഡോണൾ‌ഡ് ട്രംപും അന്വേഷണത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ട്രംപ് ട്വീറ്റ് ചെയ്തിരുന്നു, പരാതിയിൽ അദ്ദേഹത്തിൻ്റെ പേര് നേരിട്ട് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പോസ്റ്റും പരിശോധിക്കും.” പുരുഷ ക്രോമസോമുകളുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ലിംഗ പരിശോധനയിൽ ഇമാനെയെ ആയോഗ്യയാക്കിരുന്നു.  പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. മത്സരിക്കുന്നതിൽ നിന്ന് വിലക്ക് നേരിട്ടിരുന്നു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ നിരന്തരം വേട്ടയാടപ്പെട്ടു.

ഇമാനെയെ മത്സരത്തിൽ നിന്ന് വിലക്കിയ തീരുമാനത്തോട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) വിയോജിപ്പ് അറിയിച്ചിരുന്നു. അഴിമതിയും മോശം മാനേജ്‌മെൻ്റും പോലുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച് പാരീസ് ഒളിമ്പിക്‌സിന് മുമ്പ് കമ്മിറ്റി, ഐബിഎയുടെ അംഗീകാരം റദ്ധാക്കി. ഇമാനെ ജനിച്ചത് സ്ത്രീയായാണ്, ട്രാൻസ്‌ജെൻഡറോ ഇൻ്റർസെക്‌സോ അല്ല. അവളുടെ ലിംഗഭേദം ഉറപ്പിച്ചുകൊണ്ട് ഐഒസി പറഞ്ഞു: “ശാസ്ത്രീയമായി, ഒരു പുരുഷനോട്, സ്ത്രീ യുദ്ധം ചെയ്യുന്നതായി കണക്കാനാവില്ല. 66 കിലോഗ്രാം ബോക്‌സിംഗ് മത്സരത്തിൽ ഇമാനെയോട് ഏറ്റുമുട്ടിയ ഇറ്റാലിയൻ ബോക്‌സിംഗ് താരം ഏഞ്ചല കാരിനി 46 സെക്കൻഡിന് ശേഷം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ”ഇത്തരമൊരു പഞ്ച് ഞാൻ മുൻപ് നേരിട്ടിട്ടില്ല .” മത്സരത്തിൽ നിന്ന് പിന്മാറിയ ഏഞ്ചല പറഞ്ഞു, ഇതോടെ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

ഇതിനു പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് ഇമാനെ നേരിട്ടത്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് എക്‌സിൽ ആണ് സൈബർ ആക്രമണം അതിരൂക്ഷമായത്. 14.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ജെകെ റൗളിംഗിന്റെ അക്കൗണ്ടിൽ നിന്ന് വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഏഞ്ചലയും ഇമാനെയും മത്സരിക്കുന്ന ഒരു ചിത്രവും അടിക്കുറുപ്പുമാണ് പങ്കു വച്ചത്. “ഒരു സ്ത്രീ വിരുദ്ധ കായിക സ്ഥാപനം തന്നെ സംരക്ഷിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഒരു പുരുഷൻ്റെ പുഞ്ചിരി. തനിക്ക് അഭിമുഖമായി നിൽക്കുന്ന സ്ത്രീയെ വേദനിപ്പിച്ച് ദുരിതം ആസ്വദിക്കുന്നു. ആരുടെ ജീവിതാഭിലാഷമാണ് ഇമാനെ തകർത്തത്.”

മറ്റൊരു പോസ്റ്റിൽ, ഹാരി പോട്ടറിന്റെ രചയിതാവ് പറഞ്ഞു: “ഇമാനെ ട്രാൻസ് ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷെ എൻ്റെയും മറ്റ് പലരുടെയും എതിർപ്പ്, സ്ത്രീകൾക്കെതിരായ പുരുഷ അക്രമം ഒരു ഒളിമ്പിക് കായിക ഇനമായി മാറുന്നതിനോടാണ്. എക്‌സിൻ്റെ ഉടമയായ മസ്‌ക്, “സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർക്ക് പങ്കില്ല” എന്ന് കുറിച്ച് കൊണ്ട് യുഎസ് നീന്തൽ താരം റിലേ ഗെയ്ൻസിൻ്റെ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. അതിനിടെ, ട്രംപും മത്സരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. “ഞാൻ പുരുഷന്മാരെ സ്ത്രീകളുടെ കായിക വിനോദങ്ങളിൽ നിന്ന് ഒഴിവാക്കും!” അദ്ദേഹം പറഞ്ഞു.

പരാതിയിൽ പേരുകൾ പരാമർശിച്ചവരെ മാത്രമല്ല പ്രോസിക്യൂഷൻ ആവശ്യമെന്ന് തോന്നുന്നവർക്കെതിരെ കൂടി അന്വേഷിണം നടത്തണം.” ബൗഡി പറഞ്ഞു. കേസ് കോടതിയിൽ പോയാൽ അവർ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിമ്പിക്‌സ് സമയത്ത് ഇമാനെ സമാനതകളില്ലത്ത കഷ്ടപ്പാടിലൂടെയാണ് കടന്നു പോയത്. അവളെ മാത്രമല്ല അവൾക്ക് ചുറ്റുമുള്ളവരെ കൂടി ഈ പ്രതിസന്ധി ബാധിച്ചു. ” ഇമാനെ ഖലീഫിൻ്റെ കോച്ച് പെഡ്രോ ഡയസ് പറയുന്നു.

Content summary; JK Rowling and Elon Musk named in Imane Khelif cyberbullying lawsuit Imane Khelif cyberbullying

Share on

മറ്റുവാര്‍ത്തകള്‍