ഇസ്രയേൽ-ഇറാൻ സംഘർഷം; ലാഭം ആർക്ക് ?

തങ്ങളുടെ ലാഭത്തിന്റെ കണക്ക് വിസ്തരിക്കാൻ മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്

പന്ത്രണ്ട് ദിവസങ്ങളായി നീണ്ടു നിന്ന ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് വിരാമമിട്ട് കൊണ്ടാണ് ഇന്ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണം ആ​ഗോള പ്രതിസന്ധിയ്ക്ക് കാരണമായേക്കുന്ന ഭീതിയിലായിരുന്നു ജനങ്ങൾ.  ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തുന്നത്. യുഎസിന്റെ ബി2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോ​ഗിച്ച് ഇറാൻ്റെ ആണവ കേന്ദ്രം ആക്രമിച്ചതോടെ രാജ്യങ്ങൾക്കിടയിലെ സംഘർഷത്തിന്റെ വ്യാപ്തി കൂട്ടി. ഖത്തറിലെ യുഎസിന്റെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇന്നലെ രാത്രി ഇറാൻ ആക്രമണം നടത്തിയതോടെ സംഘർഷം ആ​ഗോളതലത്തിലേക്ക് വഴിമാറുമോ എന്ന ഭയത്തിലാണ് ലോകം. എന്നാൽ ഇതിന് പിന്നാലെയാണ് ഏറെ നാടകീയത നിറച്ചുകൊണ്ട് ഇറാനും ഇസ്രയേലും വെടിനിർത്തലിന് പ്രഖ്യാപിച്ചതായി ട്രംപ് അറിയിക്കുന്നത്. എന്നാൽ വിജയം തങ്ങളുടേതായിരിക്കുമെന്ന് അവകാശപ്പെടാനുള്ള തിരക്കിലാണ് മൂന്ന് രാജ്യങ്ങളും. ഇറാന്റെ ആണവശേഷിയ്ക്ക് പ്രഹരമേൽപ്പിച്ചതായി വേണമെങ്കിൽ യുഎസിന് വാദിക്കാം. ഏറ്റവും ശക്തരായ ഒരു രാജ്യത്തിനെതിരെ ഞങ്ങൾ നിലയുറപ്പിച്ചുവെന്ന് ഇറാന് അവകാശപ്പെടാം. ഇറാനെ ദുർബലപ്പെടുത്താൻ തങ്ങൾക്ക് സാ​ധിച്ചതായി ഇസ്രയേലിനും വാദിക്കാം. തങ്ങളുടെ ലാഭത്തിന്റെ കണക്ക് വിസ്തരിക്കാൻ മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.

ട്രംപ് തന്ത്രം

നയതന്ത്രപരമായി പരിഹാരത്തിലൂടെ മാത്രമായി സംഘർഷം അവസാനിപ്പിക്കാൻ സാധിക്കൂവെന്ന് വാദിച്ചിരുന്ന അമേരിക്ക എന്നാൽ ഇക്കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിലൂടെ നിലപാടിൽ ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന രാജ്യമെന്നാണ് ഇറാനെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തർ കരാറിന് ഇറാൻ സമ്മതം മൂളിയില്ലെങ്കിൽ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് തങ്ങൾ ​ഗുരുതരമായി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് യുഎസിന്റെ വാദം. സംഘർഷത്തിന്റെ വഴി ശാശ്വതമായിരിക്കില്ലെന്നും. യുദ്ധം തുടരുന്നത് തന്റെ രാഷ്ട്രീയ ഭാവിയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ട്രംപ് മനസിലാക്കി. അതിന്റെ ഫലമായാണ് ഖത്തറിലെ യുഎസിന്റെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തെ സമാധാനപരമായി സ്വീകരിച്ചത്. ആക്രമണത്തിൽ യുഎസിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു വെടിനിർത്തൽ പ്രഖ്യാപനം കൂടി നടത്തി. അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനായിരുന്നു ട്രംപിന്റെ ശ്രമം.

ഇറാന്റെ അവകാശവാദം

ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണം രാജ്യത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം എതിർവശത്ത് നിന്നത് ഇറാനെ പിന്തിരിപ്പിച്ചു. തങ്ങളുടെ മുഖം രക്ഷിക്കേണ്ടത് ഇറാനെ സംബന്ധിച്ച് മുൻ​ഗണനയിലുള്ള വിഷയമായതിനാൽ വീണ്ടുമൊന്നും ആലോചിക്കാതെ സഖ്യകക്ഷിയായ ഖത്തറിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഈ ആക്രമണം നടത്തുമെന്ന് ഇറാൻ ഖത്തറിനും യുഎസിനും മുന്നറിയിപ്പ് നൽകി. തങ്ങളുടെ ശക്തി തെളിയിക്കുക മാത്രമായിരുന്നു ഇറാന്റെ ഉദ്ദേശമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അമേരിക്കയ്ക്ക് നാശനഷ്ടമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്ന് ഇറാന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. എന്നാൽ ഇസ്രയേലിന് നേരെ പ്രതിരോധം തീർത്തപ്പോൾ ഏറ്റവും ശക്തമായ രാജ്യത്തിനെതിരെ നിലകൊണ്ടു രാജ്യമെന്ന വിശേഷണത്തോടെ തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാൻ ഇറാന് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട നെതന്യാഹു

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കി കൊണ്ട് മേധാവിത്വം സ്ഥാപിച്ചു കൊണ്ടാണ് ഇസ്രയേൽ വാർത്തകളിൽ നിറഞ്ഞു നിന്നത്. ബ്രിഗേഡിയർ ജനറൽ അലി ഷാദ്‌മാനി ഉൾപ്പെടെയുള്ള ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ പലരെയും ഇസ്രയേൽ വധിച്ചു. ടെഹ്‌റാനിലെ രഹസ്യാന്വേഷണ വിദഗ്ധരായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമി, ബ്രിഗേഡിയർ ജനറൽ ഹസ്സൻ മൊഹാക്കെ എന്നിവരെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ അമേരിക്കയും പങ്കാളികളായി എന്നതാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ നേട്ടം. ഇറാനെതിരായ ഇസ്രയേൽ നിലപാടിനെ യുഎസ് പലപ്പോഴായി വിമർശിച്ചിരുന്നെങ്കിലും പിന്നീട് കണ്ടത് യുഎസ് അതേ നിലപാട് സ്വീകരിക്കുന്നതായിരുന്നു. അമേരിക്കയുടെ ആക്രമണത്തിന്റെ ഉദ്ദേശം ഇസ്രയേലിനെ പിന്തുണ അറിയിക്കുക മാത്രമായിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ നിലനിർത്തുന്നതിനൊപ്പം അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക തന്നെയാണ് നെതന്യാഹുവിന്റെ ലക്ഷ്യം.

മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ സ്വാഗതാർഹവും മേഖലയിലെ ദീർഘകാല യുദ്ധത്തിന്റെ  പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലരായിരുന്ന ലോകത്തിന് ആശ്വാസം നൽകുന്നുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കനത്ത ആഘാതമേറ്റതായി യുഎസ് അവകാശപ്പെടുമ്പോൾ, ടെഹ്‌റാൻ ഇത് നിഷേധിച്ചു. ഇറാന്റെ യുറേനിയം ശേഖരത്തിന് എന്ത് സംഭവിച്ചുവെന്ന് തങ്ങൾക്ക് അറിയില്ലെന്ന് പാശ്ചാത്യ ശക്തികൾ സമ്മതിച്ചിട്ടുണ്ട്. അതിനാൽ വെടിനിർത്തൽ ഒരു ആശ്വാസമാണെങ്കിലും, നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. ചർച്ചകൾ തുടരുമെന്നും ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ലോകം പ്രതീക്ഷിക്കുന്നു.

content summary: All Three Sides in the Israel-Iran Conflict Claim Victory, But Who Really Gained What?

This post was last modified on June 25, 2025 6:18 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment