കംബോഡിയയിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി തായ്‌ലന്‍ഡ്. കംമ്പോഡിയയും തായ്‌ലന്‍ഡും തമ്മിൽ അതിർത്തി പ്രശ്നം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തായ് അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിലൂടെ കംബോഡിയയിലേക്ക് കടക്കാൻ ശ്രമിക്കുന്ന എല്ലാ വാഹനങ്ങൾക്കും ആളുകൾക്കും സീം റീപ്പിലേക്ക് പറക്കുന്ന വിദേശ വിനോദസഞ്ചാരികൾക്കും ഈ നിരോധനം ബാധകമാണ്. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം പരിഗണിച്ചുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങളെന്ന് തായ്‌ലൻഡ് സൈന്യം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് നിലവിലുള്ളത്. അടുത്തിടെ തായ് അതിർത്തിയിൽ വെച്ച് ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്. സമീപകാലങ്ങളിലുണ്ടായ അതിർത്തി സംഘർഷങ്ങളെത്തുടർന്ന് തായ്‌ലൻഡും കംബോഡിയയും പരസ്പരം പ്രതികാര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തായ്‌ലൻഡിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ, തായ് നാടകങ്ങൾ, സിനിമകൾ എന്നിവയുൾപ്പെടെ നിരവധി ഇറക്കുമതികൾ കംബോഡിയ നിരോധിച്ചിരിക്കുകയാണ്. അതേസമയം, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങിയവർക്ക് യാത്രാ നിരോധനത്തിൽ ചില ഇളവുകൾ അനുവദിക്കാമെന്ന് തായ് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിർത്തി ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിൽ മാത്രമായിരിക്കുമതെന്നും കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കംബോഡിയ ആസ്ഥാനമായുള്ള നിയമവിരുദ്ധമായ തട്ടിപ്പുകൾ തടയുന്നതിനാണ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്നും തായ് സൈന്യവും പറഞ്ഞു. കംബോഡിയയിലെ തട്ടിപ്പ് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിങ്കളാഴ്ച തായ് പ്രധാനമന്ത്രി പെയ്‌ടോങ്‌ടാർൺ ഷിനവത്ര പ്രഖ്യാപിച്ചിരുന്നു. വിദേശ വിനോദസഞ്ചാരികളെ തായ്‌ലൻഡിൽ നിന്ന് കംബോഡിയയിലെ പ്രശസ്തമായ റിസോർട്ട് പട്ടണമായ സീം റീപ്പിലേക്ക് പറക്കാൻ ഇനി അനുവദിക്കില്ലെന്നും ഷിനവത്ര അറിയിച്ചിരുന്നു.
തട്ടിപ്പുകൾ പോലുള്ള അഴിമതി പ്രവർത്തനങ്ങൾ നടക്കുന്ന മ്യാൻമറിനെതിരെയും തായ്‌ലൻഡ് മുമ്പ് സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ഒരു രാഷ്ട്രീയ പ്രതിസന്ധിയായി മാറിയത് പെയ്‌ടോങ്‌ടണും കംബോഡിയയുടെ മുൻ നേതാവ് ഹുൻ സെന്നും തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്നതിനെത്തുടർന്നാണ്. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷങ്ങൾക്ക് ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്.
Content Summary: Thailand bans tourists from entering Cambodia