പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ആസ് ലൈറ്റ്’ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് അവര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് ഇടപഴകിയ മലയാളി നഴ്സുമാര്‍ക്കാണ്. വിക്കിപീഡിയ പറയുന്നത് ആ കാലം 2012 ആണെന്നാണ്. ഈ സിനിമ അതിലും എത്രയോ പുറകിലാണ്. 2024-ലെ 77-മത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നമ്മുടെ താരങ്ങളായ കനി കുസൃതിയും, ദിവ്യപ്രഭയും തിളങ്ങി നിന്നതും, അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അവരിലേക്ക് ഇറങ്ങി വന്നതും ഈ സിനിമയില്‍ അവര്‍ ആ മലയാളി നഴ്‌സ്മാരെ കണ്‍വിന്‍സിങ് ആയി സ്‌ക്രീനില്‍ അവതരിപ്പിച്ചത് കൊണ്ടാണ്. കുറ്റം അവരുടേത് അല്ല. മറാത്തി, ഹിന്ദി, മലയാളം ഭാഷകള്‍ സിനിമയില്‍ ഉണ്ടെങ്കിലും, ഇതൊരു മലയാളം സിനിമയായി നില കൊള്ളുന്നത് മലയാളി താരങ്ങളുടെ പ്രകടനം കൊണ്ട് തന്നെയാണ്. കൂടെ ചായ കദം എന്ന മികച്ച അഭിനേത്രിയും ഉണ്ട്. പായല്‍ ഈ സിനിമയില്‍ വിജയിച്ചിരിക്കുന്നതും അവിടെ തന്നെയാണ്. അതിനപ്പുറം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ കഥയോ, അതിന്റെ അവതരണമോ ഒരു അന്താരാഷ്ട്ര നിലവാരവും പുലര്‍ത്തുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.
ഇന്ത്യന്‍ സിനിമ വല്ലാതെ മാറുകയാണ്. വാണിജ്യസിനിമകള്‍ പോലും അതിന്റെ ഫോര്‍മാറ്റില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. തിയേറ്ററില്‍ കണ്ടില്ലെങ്കില്‍ ഒടിടി-യില്‍ വരുമ്പോള്‍ കണ്ടോളാം എന്ന മട്ടില്‍ എല്ലാവരും സിനിമ നിരൂപകര്‍ ആവുന്ന ഈ കാലത്തു സംവിധായകരും, സ്‌ക്രിപ്റ്റ് റൈറ്റേഴ്സും പേടിച്ചേ പറ്റു. ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിമാര്‍ വരെ കാരക്ടര്‍ റോളുകളില്‍ മേക് അപ്പ് പോലും വേണ്ടെന്നു വെയ്ക്കുന്നു. പൊതുവെ എല്ലാവരും വിജയത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചിന്തിക്കുന്നത് അവരുടെ റോള്‍ എത്ര മാത്രം വേറിട്ടു നില്‍ക്കുന്നു എന്നതാണ്. നറേഷനിലും, സാങ്കേതികവശങ്ങളിലും എത്രമാത്രം പുതുമ കൊണ്ടുവന്നു എന്നതിനും പ്ലസ് മാര്‍ക് ഉണ്ട്. ലോകത്തു ഇറങ്ങുന്ന മിക്ക സിനിമകളും, പുതിയ തീമുകളും, ടെക്‌നിക്കല്‍ പെര്‍ഫെക്ഷനും, അഭിനയത്തിലെ മാറ്റങ്ങളും ഒക്കെ സ്വന്തം വീട്ടില്‍ ഇരുന്നു തന്നെ അറിയുന്ന ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ ഇതിനോടകം പായല്‍ കപാഡിയെയും, ഈ സിനിമയുടെ പഴമയേയും നന്നായി വിമര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ റാണ ദഗ്ഗുബാട്ടി ഈ സിനിമ ഇന്ത്യന്‍ സ്‌ക്രീനുകളിലേക്കു എത്തിക്കുന്നതിന് മുന്‍പുള്ള റിവ്യൂകളില്‍ ഈ മൂഡ് അല്ല കാണുന്നത്.
‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അവലംബിക്കുന്നത് അവാര്‍ഡ് സിനിമകളില്‍ അടക്കം കണ്ടു പഴകിയ സങ്കേതങ്ങള്‍ ആണ്. മുംബൈയില്‍ വര്‍ക്ക് ചെയ്യുന്ന മലയാളി നഴ്സ്മാര്‍ ഇത്ര ദുരിതത്തില്‍ ആണോ ജീവിക്കുന്നത് എന്ന സംശയം വരുന്നു. കാരണം, ഇവരെ കാണിക്കുന്ന കാലഘട്ടം 60-കള്‍ അല്ലല്ലോ. കനിയുടെ പ്രഭയ്ക്ക് എത്ര വയസ്സുണ്ടാവും? സ്പിരിറ്റ് ഓഫ് മുംബൈ എന്ന കോണ്‍സെപ്റ്റില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍, ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡയലോഗുകള്‍, പ്രഭയുടെ ‘മഞ്ഞിലെ’ വിമല ഇമേജ്, ഇരുട്ടിലെ ചുവന്ന റൈസ് കുക്കറും, അറൗസിങും , ഡോ. മനോജിന്റെ ഉണ്ണിയപ്പത്തില്‍ പൊതിഞ്ഞ ലോല പ്രണയം, അയാള്‍ മുംബൈ വിടുന്നതിന്റെ കേവല കാരണങ്ങള്‍, അനു ബസില്‍ ഇരുന്നു മൃദു സ്വഭാവം ഉള്ള കാമുകനെ ഓപ്പണ്‍ സെക്‌സ് ടോക്ക് നടത്തി നവവീകരിക്കുന്നത് (ട്രിവാന്‍ഡ്രം ലോഡ്ജിലെ സമാനമായ സംസാരം ഇതിനേക്കാള്‍ കൊള്ളാം)… ഇതൊക്കെ നമ്മള്‍ എത്ര കണ്ടു! ഗ്രാന്‍ പ്രി അവാര്‍ഡ് 30 വര്‍ഷത്തിന് ശേഷം കൊണ്ട് വന്ന ഒരു ഇന്റര്‍നാഷന്‍ പ്രൊഡക്ഷന്‍ സിനിമയില്‍ ഇതൊക്കെ വീണ്ടും കാണേണ്ടി വരിക എന്നത് പായലിലെ സംവിധായകയെ അവസാനത്തെ ബെഞ്ചില്‍ ആണ് കൊണ്ടിരുത്തുന്നത്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ സെക്കന്റ് ഹാഫ് വളരെ ദുര്‍ബലമാണ്. നൊടിയിടക്കുള്ളിലാണ് പ്രഭ മഞ്ഞിലെ വിമലയെ കടലില്‍ നിമജ്ജനം ചെയ്യുന്നത്. എവിടെന്നു വന്നു ആ ഹാലൂസിനേഷന്‍? കേരളത്തില്‍ നിന്നും പോയ ഈ നഴ്‌സ്മാര്‍ക്ക് കടലും, മാനവും, മരങ്ങളും, പൂക്കളും, ഗുഹയുമൊക്കെ ഇത്ര പുതുമയുള്ള ഒന്നാണോ? അല്ല, രത്‌നഗിരിയില്‍ എത്തിയതിനു ശേഷമുള്ള വലിയ തിരിച്ചറിവുകളും, ഓപ്പണ്‍ എയര്‍ വെളിക്കിരിക്കലും ഒക്കെ കണ്ടു ചോദിച്ചതാണ്.
പായല്‍ അഭിനേതാക്കളെ കൊണ്ട് നന്നായി അഭിനയപ്പിച്ചിട്ടുണ്ട്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കനിയുടെ ബോഡി ലാംഗ്വേജ്, സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍, ദിവ്യപ്രഭ അനുവിനെ ഉള്ളിലേക്കെടുത്തത്, ഹൃദു ഹാറൂണും, അസീസ് നെടുമങ്ങാടും ചായ കദവും അവരുടെ ചെറിയ സ്‌പേസില്‍ ഒതുങ്ങി നിന്നത്, ഒക്കെ സിങ്ക് ആവുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ഈ ദൃശ്യത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടോ എന്ന് ചില രംഗങ്ങളില്‍ നിങ്ങള്‍ക്കു തോന്നിയേക്കാം. പക്ഷെ, സംവിധായികയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ശരിയല്ല. അല്ലേ?
രണബിര്‍ ദാസ് നല്ല ഷോട്ടുകള്‍ എടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈന്‍ കൊള്ളാം. എന്തൊക്കെയാണെങ്കിലും ഗ്രാന്‍ഡ് പ്രീ-ക്ക് നന്ദി. പക്ഷേ ഇന്ത്യന്‍ സിനിമ ഇപ്പോള്‍ ഈ നിലവാരത്തില്‍ അല്ല നില്‍ക്കുന്നത്. All We Imagine As Light, Payal Kapadia movie doesn’t represent the usual quality of Indian Cinema
‘അവര്‍ക്ക് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനുണ്ടാകാം അല്ലെങ്കില്‍ മലയാള സിനിമ മാത്രം കാണുന്നതിന്റെ പ്രശ്‌നം’
Content Summary; All We Imagine As Light, Payal Kapadia movie doesn’t represent the usual quality of Indian Cinema