77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്നതിലുപരി നമ്മുടെ സ്വന്തമായ രണ്ട് അഭിനേത്രികള്‍ കാന്‍ പോലൊരു വേദിയില്‍ അംഗീകരിക്കപ്പെടുന്നു എന്നിടത്തായിരുന്നു പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ മലയാളികള്‍ക്ക് അഭിമാനമായത്. കനി കുസൃതിയെയും ദിവ്യ പ്രഭയെയും നമ്മള്‍ ആഘോഷിച്ചു. എന്നാല്‍ നവംബര്‍ 22-ന് ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ, ആഘോഷങ്ങള്‍ അവഹേളനത്തിലേക്കും സദാചാര പ്രശ്‌നങ്ങളിലേക്കും മാറി. ദിവ്യ പ്രഭയുടെ കഥാപാത്രത്തെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ ആ അഭിനേത്രിയെ വ്യക്തിഹത്യ നടത്തുകയാണ്. സിനിമയിലെ ചില ഇന്റിമേറ്റ് രംഗങ്ങളാണ് ദിവ്യയെ ക്രൂശിക്കുന്നതിന് കാരണമാക്കിയിരിക്കുന്നത്. ഒരു വശത്ത് ഇത്തരം അശ്ലീലപ്രവര്‍ത്തികള്‍ നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോഴും, വലിയൊരു വിഭാഗം സിനിമയെയും ദിവ്യ പ്രഭയിലെ അഭിനേത്രിയെയും ഒപ്പം ചേര്‍ത്ത് പിടിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീപ്രാതിനിധ്യവും ദിവ്യ പ്രഭയുടെ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റവും അവഗണിക്കരുതെന്നാണ് നിരൂപകരടക്കം പറയുന്നത്. കാന്‍ പോലൊരു ചലച്ചിത്ര വേദിയില്‍ നിന്ന് അഭിനന്ദനങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രശ്‌നമാണോ? ഈ വിഷയത്തില്‍ ദിവ്യ പ്രഭ അഴിമുഖത്തോട് പ്രതികരിക്കുന്നു; interview with Divya Prabha
ഈ സിനിമ ചെയ്യുമ്പോള്‍ ഇത്രത്തോളം അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ, ഇത്തരം സീനുകള്‍ ചെയ്യുമ്പോള്‍ മലയാളികളുടെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലും തൊണ്ണൂറ് ശതമാനം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പത്തോ പതിനഞ്ചോ ശതമാനമാണ് ഇത്തരം വീഡിയോസ് സെര്‍ച്ച് ചെയ്ത് ഇത്തരത്തിലുള്ള ഒരു പബ്ലിസിറ്റി ഉണ്ടാക്കുന്നത്.
ഇതിനിടയിലും സന്തോഷം തരുന്ന കാര്യം, യുവാക്കള്‍ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ്. അത് വളരെ പോസിറ്റീവായ കാര്യമാണ്. ബാക്കിയുള്ളവരുടെ മനോനിലയില്‍ വളരെ പതിയെ മാത്രമേ മാറ്റം വരികയുള്ളു, കാരണം ഇത്തരം സിനിമകള്‍ അധികം ഇവിടെ സംഭവിക്കുന്നില്ല. ഒരുപാട് സിനിമകള്‍ ഇങ്ങനെ വന്നാല്‍ മാത്രമാണ് കണ്ട് ശീലമാവുകയുള്ളു. സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ഒന്നും തന്നെ ആളുകള്‍ മനസിലാക്കുകയോ, ചര്‍ച്ച ചെയ്യുകയോ ഇല്ല. ഇത്തരം ഇന്റിമസി സീനുകള്‍ കാണിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടിയോ വെറുതെ ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയോ മാത്രമല്ല. സ്‌ക്രിപ്റ്റ് വൈസ് കണ്‍വിന്‍സിങ് ആയതുകൊണ്ടും അത് ആ സിനിമയില്‍ ആവശ്യമാണ് എന്ന് തോന്നിയതുകൊണ്ടുമാണ്. ഇത്തരം സിനിമകള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ സെന്‍സര്‍ ബോര്‍ഡ് ഉണ്ട്. മലയാളികള്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത്. സിനിമ സെന്‍സര്‍ ബോര്‍ഡിലേക്ക് അയക്കുമ്പോള്‍ ഞങ്ങളും വിചാരിച്ചത് അത് കട്ട് ചെയ്യും എന്നാണ്. പക്ഷെ അവര്‍ പറഞ്ഞത് ആ രംഗം കട്ട് ചെയ്ത് സിനിമയെ നശിപ്പിക്കണ്ട എന്നാണ്.
മലയാള സിനിമ മാത്രം കാണുന്ന ആള്‍ക്കാര്‍ക്കാണ് ഇതെന്തോ സംഭവമാണെന്നു തോന്നുന്നത്. അല്ലങ്കില്‍ സെക്ഷ്വല്‍ ഫ്രെസ്ട്രേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്. അതിനിപ്പോ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ, പുവർ തിങ്സ്, പോലെയുള്ള ലോക സിനിമകൾ, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ സീരീസ് ഒക്കെ എടുത്തു നോക്കിയാൽ നമുക്ക് അറിയാൻ പറ്റും, അപ്പോള്‍ ഇതൊന്നും വിഷയമാകില്ല. ഇതെല്ലാം കാണുന്ന അതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ഇത്തരം വിഡിയോസ് ഷെയര്‍ ചെയുന്നത്. ഞാന്‍ ഈ നാട്ടില്‍ ജനിച്ച നടിയായി പോയതാണ് പ്രശ്‌നം. എന്നെ സംബന്ധിച്ച് ഞാനിതിനൊട്ടും പ്രാധാന്യം കൊടുക്കുന്നില്ല. കാരണം ഞാന്‍ ഇവിടെ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരാളല്ല. ഇവിടെ കിടന്നു പറയുന്നവരെ വകവയ്ക്കുന്നില്ല’. ഇതാണ് ദിവ്യ പ്രഭ യുടെ നിലപാടും വ്യക്തിത്വവും. interview with Divya Prabha
content summary; interview with Divya Prabha