June 26, 2026 |

2014 മുതല്‍ ബോബി ചെമ്മണൂരിനെതിരെ ആരോപണങ്ങള്‍, ‘എനിക്ക് ഇതൊന്നും ഓര്‍മയില്ല, താല്പര്യവുമില്ല’; തോമസ് ഐസക്

ഞാന്‍ തിരഞ്ഞെടുപ്പ് തിരക്കിലാണ്

പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിന്റെ നിക്ഷേപ സംരംഭങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളില്‍ പ്രതികരിക്കാതെ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. ബോബി ചെമ്മണൂരിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണ പരമ്പരയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. വിഷയത്തില്‍ അഴിമുഖം പ്രതിനിധി ധനകാര്യ വിദഗ്ധന്‍ കൂടിയായ ഡോ. തോമസ് ഐസക്കിന്റെ പ്രതികരണത്തിനായി അദ്ദേഹത്തെ സമീപിച്ചത്.

”ബോബി ചെമ്മണൂരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതൊന്നും എനിക്ക് ഓര്‍മയില്ല. എനിക്ക് ഇതില്‍ ഒന്നും പറയാന്‍ താല്പര്യവുമില്ല. I am not interested. നിലവില്‍ ഞാന്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതുകൊണ്ട് നിങ്ങളുടെ വാര്‍ത്ത വായിക്കാനോ മറുപടി നല്‍കാനോ എനിക്ക് സാധിക്കില്ല. Thank you…” എന്ന് പറഞ്ഞ് തോമസ് ഐസക് ഒഴിഞ്ഞ് മാറി.

Also Read : പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ

2006-2011, 2016-2021 കാലയളവില്‍ സംസ്ഥാനത്തിന്റെ ധനമന്ത്രിയായിരുന്നു ഡോ. ടിഎം തോമസ് ഐസക്. 2015 ലായിരുന്നു സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനം നടത്തി ബോബി ചെമ്മണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പുറമെ ആദ്യ പിണറായി സര്‍ക്കാരില്‍, രണ്ടാംതവണയും ധനമന്ത്രിയായി തോമസ് ഐസക് തുടര്‍ന്ന കാലത്തായിരുന്നു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനെതിരെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് ഈ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ സെബി, റിസര്‍വ് ബാങ്കിനോടും, സംസ്ഥാന എഡിജിപി (ക്രൈം) യോടും ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തിക റെഗുലേറ്ററി സംവിധാനങ്ങളുടെ ഏകോപനത്തിനായി ചേരുന്ന യോഗമാണ് സംസ്ഥാന തല ഏകോപന സമിതി. ഈ യോഗത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമായും സംസ്ഥാന ധനകാര്യ വകുപ്പാണ്. അതുകൊണ്ട് തന്നെ 2017 ജൂണ്‍ 30 ന് തിരുവനന്തപുരത്ത് നടന്ന 38-ാംമത് സംസ്ഥാനതല ഏകോപന സമിതി (SLCC) യോഗത്തില്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കും പങ്കെടുക്കേണ്ടതാണ്. ധനകാര്യ വകുപ്പിന് പുറമെ, ആഭ്യന്തര വകുപ്പും വിവിധ റെഗുലേറ്ററി അതോറിറ്റികളും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഉണ്ടാകേണ്ടതാണ്. കൂടാതെ, ആര്‍ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരും സെബി പ്രതിനിധികളും യോഗത്തില്‍ പ്രതിനിധികളാകണം.

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളായ പോലീസ്, ധനകാര്യം തുടങ്ങിയവയും സെബി, ആര്‍ബിഐ തുടങ്ങിയ കേന്ദ്ര റെഗുലേറ്ററി സ്ഥാപനങ്ങളും അനധികൃത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഏകോപനം ഉറപ്പാക്കുകയാണ് ഏകോപന സമിതി യോഗത്തിന്റെ ലക്ഷ്യം. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനീസ് (NBFCs), അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് ബോഡീസ് (UIBs) എന്നിവയുടെ നിക്ഷേപ സമാഹരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗമായിരുന്നു അത്. ആ യോഗത്തിലായിരുന്നു ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും സെബി വ്യക്തമാക്കിയത്. ഇക്കാലയളവില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസക്കാണ് ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നും ഓര്‍ക്കുന്നില്ലെന്നും പറയുന്നത്.

Also Read : മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല,നിക്ഷേപം കരുതലോടെ വേണം; മന്ത്രി വിഎന്‍ വാസവന്‍

2015 ജൂണ്‍ 4 ന് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനം നടത്തി ബോബി ചെമ്മണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ബോബി ചെമ്മണൂര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ 2000 കോടി രൂപയുടെ തട്ടിപ്പിനെ കുറിച്ച് രേഖകളടക്കം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു വിഎസ് പത്രസമ്മേളനത്തില്‍ ആരോപിച്ചത്. കൂടാതെ, ചെമ്മണൂര്‍ ഗ്രൂപ്പ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുജനങ്ങളില്‍ നിന്ന് അനധികൃതമായി പണം ശേഖരിക്കുന്നു എന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ, ഏറ്റവും ഗുരുതരമായ ആരോപണം, പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ബോബി ചെമ്മണൂര്‍ അന്നത്തെ മുഖ്യമന്ത്രിയെയും സംസ്ഥാന ആഭ്യന്തര മന്ത്രിയെയും സ്വാധീനിച്ചു എന്നതായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നതിലുപരി സ്വന്തം പാര്‍ട്ടിയിലെ ഒരാള്‍ തന്നെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ല, ഓര്‍ക്കുന്നില്ല എന്നാണ്‌ തോമസ് ഐസക് പറയുന്നത്.

Also Read : ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും

Content Summary: Allegations against Boby Chemmanur; Thomas Isaac refused to response

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×