വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടതോടെ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പദവി ഒഴിഞ്ഞിരുന്നു. പലായനം ചെയ്യാനായി ധാക്കയിലെ ഔദ്യോഗിക വസതിയിൽ നിന്ന് സൈനിക വിമാനം വഴി പറന്ന് അവർ 2024 ഓഗസ്റ്റ് 5 ന് ഡൽഹിയുടെ പ്രാന്തപ്രദേശത്ത് ഇറങ്ങി. കുറച്ചു നാളുകൾക്കുള്ളിൽ പുതിയ സർക്കാർ അധികാരമേറ്റു. ഈ ചെറിയ കാലയളവിൽ ഇന്ത്യയിലും ചില സംഭവികാസങ്ങൾ ഉണ്ടായി. അതിർത്തി കടന്നുള്ള വൈദ്യുതി കയറ്റുമതിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തിയതാണ് അതിലൊന്ന്. ഇതോടെ അദാനിക്ക് ഇന്ത്യയിൽ വൈദ്യുതി വിൽക്കാൻ കഴിയും. ഹസീനയുടെ രാജിയും, ഇന്ത്യയിൽ നടപ്പിലാക്കിയ നിയമഭേദഗതിയും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധം തോന്നുന്നില്ല. എന്നാൽ ബംഗ്ലാദേശിലെ
കലാപവും തുടർന്നുള്ള അധികാര മാറ്റവും മൂലം പ്രതിസന്ധിയിലായിരുന്ന അദാനി കമ്പനിക്ക് വേണ്ടി കേന്ദ്രം നിയമം തന്നെ പുതുക്കി പണിതതായി അദാനി വാച്ച് റിപ്പോർട്ട് ചെയ്യുന്നു. adani’s godda power plant
ജാർഖണ്ഡിലെ ഗോഡ്ഡയിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിൻ്റെ വിവാദ പവർ പ്രോജക്റ്റ്, പ്രധാനമായും ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ബംഗ്ലദേശിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം അദാനിയുടെ പവർ പ്ലാന്റിന് സാമ്പത്തിക നഷ്ട്ടം സംഭവിക്കാതിരിക്കാൻ പുതിയ ഭേദഗതി സഹായിച്ചിരിക്കുകയാണ്. നാട്ടുകാരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഗോഡ്ഡ പവർ സ്റ്റേഷൻ നിർമ്മിച്ചത്. ഓസ്‌ട്രേലിയയിലെ അദാനിയുടെ കാർമൈക്കൽ ഖനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
വൈദ്യുതി കയറ്റുമതിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള 2024 ഓഗസ്റ്റ് 12-ലെ നീക്കത്തെ മോദി വിമർശകർ വിശേഷിപ്പിച്ചത്, തൻ്റെ സുഹൃത്തായ ഗൗതം അദാനിയെ സാമ്പത്തികമായി പിന്തുണക്കാനുള്ള ധിക്കാരപരമായ ശ്രമമാണെന്നാണ്.പ്രതിപക്ഷ നേതാക്കളും ഇതേ വിമർശനമാണ് ഉന്നയിച്ചത്. വൈദ്യുതി കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പവർ പ്ലാൻ്റിന് ഇതിലൂടെ അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെട്ടു. മുൻ നയങ്ങൾക്ക് വിരുദ്ധമായി ഇതിന് പ്രത്യേക സാമ്പത്തിക മേഖല (SEZ) പദവി നൽകുകയും ഇറക്കുമതി ചെയ്ത കൽക്കരി, ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് തീരുവ, ചരക്ക് സേവന നികുതി (ജിഎസ്ടി), ‘ക്ലീൻ എനർജി’ സെസ് എന്നിവയിൽ നിന്ന് ഇളവുകൾ ലഭിക്കുകയും ചെയ്തു. കൂടാതെ, പുതിയ വൈദ്യുത നിലയങ്ങൾ അവയുടെ ഉൽപ്പാദനത്തിൻ്റെ 25% എങ്കിലും സംസ്ഥാനത്തിന് നൽകണമെന്ന ജാർഖണ്ഡിൻ്റെ നിബന്ധനയിൽ നിന്ന് പദ്ധതിയെ ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിക്കായി പരിസ്ഥിതി നിയമങ്ങളിലും ഇളവ് വരുത്തി.
2024 ആഗസ്റ്റ് 12-ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമ പ്രകാരം, പ്രാഥമികമായി അയൽ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന പവർ പ്ലാൻ്റുകളെ അയൽ രാജ്യങ്ങളിൽ വിതരണം ചെയ്യാനും വിൽക്കാനും കഴിയുന്നില്ലെങ്കിൽ ഇന്ത്യയ്ക്കുള്ളിൽ വൈദ്യുതി വിൽക്കാനും അനുവദിക്കുന്നു. വൈദ്യുത നിലയത്തിൻ്റെ ശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്തത്.
ബംഗ്ലാദേശിലെ വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കി അദാനി കമ്പനി വൻ ലാഭമുണ്ടാക്കി. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (ഐഇഇഎഫ്എ) യുടെ 2018 ൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഗോഡ്ഡ പദ്ധതി ബംഗ്ലാദേശിന് ചെലവേറിയതും അപകടകരവുമാണെന്ന് റിപ്പോർട്ട് പറയുന്നു. ഓസ്‌ട്രേലിയയിലെ അദാനിയുടെ കൽക്കരി ഖനന പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള മാർഗമായാണ് അവർ ഈ നീക്കത്തെ വിലയിരുത്തിയത്. 2017-ൽ സംസ്ഥാനത്തെ സ്റ്റേറ്റ് അക്കൗണ്ടൻ്റ് ജനറൽ, പദ്ധതിക്ക് നൽകിയ പ്രത്യേക നേട്ടങ്ങളെയും അധിക ആനുകൂല്യങ്ങളെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
ഗോഡ്ഡ കൽക്കരി-വൈദ്യുത നിലയത്തിന് ‘മുൻഗണനയും, ആനുകൂല്യവും’ നൽകിയത് പദ്ധതി പൂർണമായും കയറ്റുമതി കേന്ദ്രീകൃതമായതിനാലാണ്. 2024 ഓഗസ്റ്റിൽ, നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി, ഇതോടെ ഗോഡ്ഡയിൽ നിന്നുള്ള വൈദ്യുതി ബംഗ്ലാദേശിലേക്കല്ലാതെ ഇന്ത്യൻ ഉപഭോക്താക്കൾക്കും വിൽക്കാൻ അദാനിക്ക് കഴിഞ്ഞു. നയത്തിലെ ഈ മാറ്റം, പ്ലാൻ്റിന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുഹൃത്തിനെ രക്ഷിക്കാൻ പ്രധാന മന്ത്രി ഇറങ്ങി തിരിച്ചതിന്റെ ഫലമാണിതെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ വിമർശനങ്ങൾ അദാനി ഗ്രൂപ്പ് തള്ളി. നിയമങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 16-ന് പുറത്തുവിട്ട പ്രസ്താവനയിൽ, നിലവിലെ കരാറുകളെ ബാധിക്കാതെ വൈദ്യുതി കയറ്റുമതി പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനുമാണ് ചട്ടം മാറ്റിയതെന്ന് അദാനി പവർ പറഞ്ഞു.
2019 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശ്, ഇന്ത്യ, ഓസ്‌ട്രേലിയ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ നിരവധി ആളുകളാണ് ഗോഡ്ഡ പവർ പ്ലാൻ്റിനെതിരെ ആരോപണം ഉയർത്തിയത്. ഊർജ മന്ത്രാലയം നിയമങ്ങളിൽ മാറ്റം വരുത്തി, ഗോഡ്ഡയിൽ നിന്ന് വൈദ്യുതി ഇന്ത്യയ്ക്കുള്ളിൽ വിൽക്കാൻ അദാനിയെ അനുവദിച്ചതോടെ വീണ്ടും വിവാദം ഉയർന്നിരിക്കുകയാണ്. ഈ ചട്ടമാറ്റം അദാനി ഗ്രൂപ്പിന് മാത്രമാണ് ഗുണം ചെയ്യുക. നിയമം പാസ്സാക്കി രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വക്താവ് ജയറാം രമേശ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നീക്കത്തെ പരിഹസിച്ചു,” പ്രിയപ്പെട്ട ബിസിനസ്സ് പങ്കാളിയെ സഹായിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി വേഗത്തിൽ പ്രവർത്തിച്ചു.” അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിസിറ്റി കമ്പനിയാണ് അദാനി പവർ, ഈ പുതിയ നിയമത്തിൻ്റെ പ്രയോജനം ലഭിക്കുന്ന ഒരേയൊരു കമ്പനിയാണ്. 2024 ഓഗസ്റ്റ് 18 ന്, തൃണമൂൽ എംപിയായ ജവഹർ സിർകാർ, ബംഗ്ലാദേശുമായുള്ള ഇടപാടിൽ സർക്കാർ അദാനിയെ അനുകൂലിക്കുകയാണെന്ന് ആരോപിച്ചു. ജവഹർ സിർകാറിൻ്റെ ട്വീറ്റ് അദാനിയും ബംഗ്ലാദേശും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി.
ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായി അദാനി വാച്ച് സംസാരിച്ചിരുന്നു. ഹസീന ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രക്ഷോഭത്തിൽ അദാനി-ബിപിഡിബി കരാറിനെ ഒരു പ്രധാന വിഷയമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പെട്ടെന്നുള്ള നടപടികളിൽ തനിക്ക് അത്ഭുതമില്ലെന്ന് ബംഗ്ലാദേശിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകൻ ഹസൻ മെഹദി പറഞ്ഞു. ബംഗ്ലാദേശിൻ്റെ ആവശ്യങ്ങളേക്കാൾ അദാനിയുടെ ലാഭത്തിനാണ് ഇന്ത്യ കൂടുതൽ ശ്രദ്ധി കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡ് (ബിപിഡിബി) അദാനിക്ക് മാസങ്ങളായി പണം നൽകിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കരാറുകളിൽ പേയ്‌മെൻ്റ് കാലതാമസം സാധാരണമാണെന്നും മെഹെദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഇന്ത്യയിലെ സമീപകാല നിയമ മാറ്റം അദാനിയെ സഹായിക്കാൻ രൂപകൽപ്പന ചെയ്‌തതായാണ് അദ്ദേഹം വിലയിരുത്തുന്നത്, പ്രത്യേകിച്ചും അദാനിയുമായി കുറഞ്ഞ നിരക്കുകൾ ചർച്ച ചെയ്യുന്നതിൽ ബിപിഡിബി പരാജയപ്പെട്ട സാഹചര്യത്തിൽ. ഓഗസ്റ്റ് 15 ന് ഗോഡ്ഡയിലെ ഒരു പവർ യൂണിറ്റ് അടച്ചുപൂട്ടിയതായും അദ്ദേഹം പരാമർശിച്ചു.
ബംഗ്ലാദേശിലെ വൈദ്യുതി വിതരണം പലപ്പോഴും തകരാറുകളും പ്രശ്നങ്ങളും കൊണ്ട് തടസ്സപ്പെടാറുണ്ട്. ബംഗ്ലാദേശിന് ഔദ്യോഗികമായി 28,000 മെഗാവാട്ട് വൈദ്യുതി ശേഷിയുണ്ട്, എന്നാൽ പഴയ ഉപകരണങ്ങൾ കാരണം ഏകദേശം 10,000 മെഗാവാട്ട് ഉപയോഗ യോഗ്യമല്ല. ശേഷിക്കുന്ന 18,000 മെഗാവാട്ട് ഉപയോഗിച്ചാണ് പരമാവധി ആവശ്യകതയായ 12,000 മെഗാവാട്ട് നിറവേറ്റുന്നത്. പേറ, ബൻഷ്‌ഖാലി, രാംപാൽ എന്നിവിടങ്ങളിൽ ഉൾപ്പെടെ കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങൾ ബംഗ്ലാദേശും നിർമ്മിക്കുന്നുണ്ട്. ബംഗ്ലാദേശിൻ്റെ ഊർജ്ജ മിശ്രിതത്തിൽ 52% പ്രകൃതിവാതകം, 36% ദ്രാവക ഇന്ധനങ്ങൾ, 3% ജലം, 3% സൗരോർജ്ജവും കാറ്റും, 6% കൽക്കരി എന്നിവയാണ് ഉൾപ്പെടുത്താറുള്ളത്. അദാനിയുടെ വൈദ്യതി ഇല്ലാതെയും ബംഗ്ലാദേശിലെ ആവശ്യകത നിറവേറ്റുമെന്ന് അദ്ദേഹത്തെ പോലെ ബഹുഭൂരിപക്ഷം കരുതുന്നുണ്ട്, എന്നാൽ മറുപുറത്ത് ഇത് ആവശ്യമെന്ന് വാദിക്കുന്നവരും ഉണ്ട്.
ഇന്ത്യ വൈദ്യതി ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ കയറ്റുമതി ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യവും നിലവിലുണ്ട്. പ്ലാൻ്റ് സ്ഥിതി ചെയ്യുന്ന ജാർഖണ്ഡിൽ ഏകദേശം 40% ആളുകൾക്ക് വൈദ്യുതി കണക്ഷനില്ല, അവരുടെ ശരാശരി ഉപഭോഗം ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. പ്ലാൻ്റ് സ്ഥിതി ചെയ്യുന്ന ജാർഖണ്ഡിൽ നിന്നുള്ള കൽക്കരി ഉപയോഗിക്കുന്നതിന് പകരം ഓസ്‌ട്രേലിയയിൽ നിന്നുള്ള കൽക്കരി ഉപയോഗിക്കുന്നതാണ് ഗോഡ്ഡ പവർ പ്ലാൻ്റ് വിവാദമായത്. കൽക്കരി ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്നു, കൽക്കരി ഖനിയും തുറമുഖവും അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലാണ്.
ധമ്ര തുറമുഖത്ത് എത്തിയ ശേഷം, കൽക്കരി പാട്ടത്തിനെടുത്ത റെയിൽവേ ലൈനിലൂടെ 600 കിലോമീറ്റർ അകലെയുള്ള ഗോഡ്ഡയിലേക്ക് മാറ്റുന്നു. പദ്ധതിയുടെ രണ്ട് യൂണിറ്റുകളിൽ നിന്ന് (ഓരോന്നിനും 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള) വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം, ഇത് 100 കിലോമീറ്ററിലധികം ദൂരത്തേക്ക് ബംഗ്ലാദേശിലെ ഭേമാരയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, അവിടെ നിന്ന് പുനർവിതരണം ചെയ്തു. എന്നാൽ ഈ പ്രോജക്റ്റ് അതിൻ്റെ സങ്കീർണ്ണമായ ലോജിസ്റ്റിക്സ് എന്നതിലുപരി വിവാദപരമാണ്. 172 ഹെക്ടർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുത്താണ് പവർ പ്ലാൻ്റ് നിർമ്മിച്ചത്. യഥാർത്ഥ ഭൂവുടമകളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഏറ്റെടുപ്പ്, അവരിൽ ഭൂരിഭാഗവും അധഃസ്ഥിതരായ ആദിവാസി വിഭാഗങ്ങളായിരുന്നു. ഈ ആളുകൾക്ക് ഉപജീവനമാർഗം നഷ്ടപ്പെട്ടതിന് പുറമെ വളരെ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. പ്രാദേശിക പ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഉൾപ്പെടെ പദ്ധതിയെ എതിർത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. കൈയേറ്റവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭൂമി ഏറ്റെടുത്തത്, പദ്ധതി പ്രദേശത്തിന് പാരിസ്ഥിതിക നാശമുണ്ടാക്കി. അദാനി വാച്ചും എബിസിയും മറ്റ് മാധ്യമങ്ങളും വർഷങ്ങളായി ഈ പ്രശ്നങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. adani’s godda power plant
Content summary; Amendment made in India for adani’s godda power plant supplying power to Bangladesh