യുഎസ് – ഇസ്രയേല്‍ ലക്ഷ്യം ഖമേനിയെ തന്നെ; ഗള്‍ഫ് മേഖല ഭീതിയില്‍

തിരിച്ചടിയുമായി ഇറാന്‍

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണമാണ് പശ്ചിമേഷ്യയെ ഒന്നടങ്കം യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും പ്രസിഡന്റ് മസൂദ് പെസേഷ്‌കിയാനെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് ഇസ്രയേല്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടക്കുമ്പോള്‍ 86 കാരനായ ഖമേനി തന്റെ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇറാന്‍ പ്രസിഡന്റ് പെസേഷ്‌കിയാന്‍ സുരക്ഷിതനാണെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ സ്ഥിരീകരിച്ചു. എന്നാല്‍, ഇറാന്റെ സൈനിക ശക്തിയുടെ നട്ടെല്ലായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉന്നത കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇത് ഇറാന് വലിയ തിരിച്ചടിയാണ്.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍, ഇന്റലിജന്‍സ് താവളങ്ങള്‍, ഭരണകൂട പ്രതീകങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ അമേരിക്കയുടെ നേരിട്ടുള്ള പങ്കാളിത്തം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നാണ് അമേരിക്ക ഈ സൈനിക നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളും ഭീതിയിലേക്ക്

ടെഹ്റാനിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ അതിശക്തമായ തിരിച്ചടി ആരംഭിച്ചതോടെ സംഘര്‍ഷം ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നീക്കമാണ് ഇറാന്‍ നടത്തുന്നത്. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം ഉണ്ടായതോടെ ബഹ്റൈനില്‍ ഉടനീളം അടിയന്തര സൈറണുകള്‍ മുഴങ്ങി. കൂടാതെ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. അബുദാബിയിലെ അല്‍ ദഫ്ര വ്യോമതാവളവും ഖത്തറിലെ അല്‍ ഉദൈദ് താവളവും ഇറാന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞുവെന്നും ജനവാസ മേഖലകളില്‍ നാശനഷ്ടങ്ങളില്ലെന്നും ഖത്തര്‍ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സമീപപ്രദേശമായ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിനടുത്തും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ നീക്കത്തെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനം എന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ, ഇതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

ഭീതിയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍

പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളാണ് ഇപ്പോള്‍ യുദ്ധത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാന്‍, ജോര്‍ദാനിലെ മുവാഫാഖ് അല്‍ സാള്‍ട്ടി എയര്‍ ബേസ്, ഇറാഖിലെ ഐന്‍ അല്‍ അസദ് എന്നിവടങ്ങളിലെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളെല്ലാം അമേരിക്കന്‍ സൈനികരെ ആതിഥേയത്വം വഹിക്കുന്നതിനാല്‍ തങ്ങളെ ശിക്ഷിക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് വ്യക്തമാണ്. പൈലറ്റുമാര്‍ക്കും വിമാനങ്ങള്‍ക്കും നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചു കഴിഞ്ഞു.

ടെഹ്റാനിലെ ഉയര്‍ന്ന പുകപടലങ്ങള്‍ കാരണം ദുബായിലെ ബീച്ചുകള്‍ വരെ യുദ്ധത്തിന്റെ ഭീതിയിലാണ്. തിരിച്ചറിയാത്ത വസ്തുക്കളോ അവശിഷ്ടങ്ങളോ സ്പര്‍ശിക്കരുതെന്ന് ഗവണ്‍മെന്റുകള്‍ കര്‍ശന നിര്‍ദ്ദേശം ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

നിലനില്‍പ്പിന്റെ പോരാട്ടം

ഇറാന്‍ ഭരണകൂടം ആക്രമണത്തെ തങ്ങളുടെ നിലനില്‍പ്പിനായുള്ള പോരാട്ടമായാണ് കാണുന്നത്. അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തേക്കാള്‍ ഉപരിയായി, തങ്ങളെ ആക്രമിച്ച അമേരിക്കയെയും ഇസ്രയേലിനെയും എന്തുവിലകൊടുത്തും പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ടെഹ്റാന്‍. ജൂണില്‍ നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നെങ്കിലും, അവശേഷിക്കുന്ന ആയുധശേഖരം മുഴുവന്‍ ഉപയോഗിച്ച് തുറന്ന യുദ്ധത്തിനാണ് ഇറാന്‍ ഒരുങ്ങുന്നത്.

ആക്രമണങ്ങള്‍ ഇനിയും ദിവസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പശ്ചിമേഷ്യ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു മഹായുദ്ധത്തിന്റെ വക്കിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതോടെ ഒരു പതിറ്റാണ്ടിന്റെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് പശ്ചിമേഷ്യ വീണ്ടും കത്തിയെരിയുന്ന ഒരു യുദ്ധക്കളമായി മാറുകയാണ്.

Content Summary: America and Israel are targeting Ayatollah Khamenei

This post was last modified on February 28, 2026 8:04 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment