April 20, 2025 |

സ്വയംഭരണാവകാശം പരിശോധിക്കാൻ ഉന്നതതല സമിതി, സുപ്രധാന നീക്കവുമായി തമിഴ്നാട് സർക്കാർ

മുൻ ഐഎസ് ഉദ്യോ​ഗസ്ഥൻ അശോക ഷെട്ടി എം നാ​ഗനാഥൻ എന്നിവരും സമിതിയിൽ അം​ഗങ്ങളാണ്

ഗവ‍‍ർണർ ആർ രവിയുമായുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ സുപ്രധാന നീക്കവുമായി രം​ഗത്തു വന്നിരിക്കയാണ് തമിഴ്നാട് സർക്കാർ. സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശങ്ങളെക്കുറിച്ച് പഠിക്കാൻ ഉന്നത സമിതിയെ രൂപീകരിച്ചിരിക്കയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇതു സംബന്ധിച്ച പ്രമേയം സ്റ്റാലിൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സ്വയംഭരണത്തിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടി ശുപാർശ ചെയ്യുന്നതിനുമായി കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുൻ ഐഎസ് ഉദ്യോ​ഗസ്ഥൻ അശോക ഷെട്ടി എം നാ​ഗനാഥൻ എന്നിവരും സമിതിയിൽ അം​ഗങ്ങളാണ്. സമിതി രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തിൽ നിയമങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകൾ. 2026 ജനുവരിയിൽ ഇത് സംബന്ധിച്ച ഇടക്കാല റിപ്പോർട്ടും 2028ഓടെ അന്തിമ റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്യും. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരമുള്ള ത്രിഭാഷാ നയത്തോടുള്ള എതിർപ്പും നിയമസഭയിൽ നടത്തിയ പ്രസം​ഗത്തിൽ വ്യക്തമാക്കുകയുണ്ടായി. നീറ്റ് പരീക്ഷ മൂലം നമുക്ക് നിരവധി വിദ്യാർത്ഥികളെ നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷയെ ഞങ്ങൾ തുടർച്ചയായി എതിർത്തിട്ടുണ്ട്. ത്രിഭാഷാ നയത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്, എൻഇപി നിഷേധിച്ചതിനാൽ സംസ്ഥാനത്തിന് 2500 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പ്രത്യേക വിഷയമാക്കണമെന്നും, വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ 42ാം ഭരണഘടന ഭേ​​ദ​ഗതി റദ്ദാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയും തമ്മിൽ വിദ്യാഭ്യാസത്തെ ചൊല്ലി കടുത്ത തർക്കം നിലനിൽക്കുന്നതിനിടയിലാണ് സ്റ്റാലിന്റെ സുപ്രധാന നീക്കം. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോഴ്സുകളിലേക്ക് കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റ് പ്രവേശന പരീ​ക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷാ നയത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ നിലപാടും പുതിയ നീക്കത്തിൽ നിർണ്ണായകമാവും. 1969ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.
content summary: Amid Tensions with Governor, MK Stalin Forms Panel to Push for Tamil Nadu’s Autonomy

Leave a Reply

Your email address will not be published. Required fields are marked *

×