സെപ്തംബർ 9ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ധൻഖറിന്റെ രാജിയ്ക്ക് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ധൻഖറിന്റെ രാജിയെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇതിൽ ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കരുതെന്നും അമിത് ഷാ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് ( ANI) നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് അടിസ്ഥാനമായാണ് ധൻഖർ പ്രവർത്തിച്ചിരുന്നതെന്ന് അമിത് ഷാ പറയുന്നു.
ഒരു ഭരണഘടനാ പദവിയായിരുന്നു ധൻഖർ ജി അലങ്കരിച്ചിരുന്നത്. ആ പദവിയ്ക്കി അനുസൃതമായി കൃത്യമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് രാജി വയ്ക്കേണ്ടതായി വന്നു. ഇനി ഈ സംഭവത്തെ കൂടുതൽ വലിച്ചു നീട്ടി കഥകൾ മെനയാൻ നിൽക്കരുതെന്നാണ് അമിത് ഷാ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. അഞ്ച് വർഷത്തെ തന്റെ സർവ്വീസ് കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെയായിരുന്നു ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ധൻഖർ തൻ്റെ രാജി പ്രഖ്യാപനം നടത്തിയത്.
ധൻഖർ ജിയുടെ രാജിക്കത്തിൽ തന്നെ ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്ന് വ്യക്തമായിരുന്നു. മികച്ചൊരു ഔദ്യോഗിക കാലയളവ് നൽകിയതിന് അദ്ദേഹം മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എന്താണ് സത്യം അല്ലെങ്കിൽ അല്ല എന്നതിനെക്കുറിച്ചുള്ള വിശദീകരണം പ്രതിപക്ഷം പറയുന്നതിനെ ആശ്രയിച്ചിരിക്കുന്നതായി തോന്നുന്നുവെന്നാണ് ധൻഖറിൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അദ്ദേഹത്തിൻ്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ അമിത് ഷാ ൻൽകിയ മറുപടി. മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം തന്നെ രാജി പ്രഖ്യാപിച്ചതിൻ്റെ കാരണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.
രാജിക്ക് മണിക്കൂറുകൾക്ക് മുമ്പ് ഉപരാഷ്ട്രപതി രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി മുർമുവുമായി ധൻഖർ ഒരു മുൻകൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ ചർച്ചയുടെ ഉള്ളടക്കത്തെക്കുറിച്ച് രാഷ്ട്രപതിയുടെയോ ഉപരാഷ്ട്രപതിയുടെയോ ഓഫീസിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 7ന് ആരംഭിച്ച നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഓഗസ്റ്റ് 21ന് വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സ്ഥാനാർത്ഥി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനാണ്. അതേസമയം, പ്രതിപക്ഷത്തിൻ്റെ സ്ഥാനാർത്ഥി ജസ്റ്റിസ് (റിട്ട) ബി. സുദർശൻ റെഡ്ഡിയാണ്.
content summary: Amit Shah dismisses speculation about Vice President Dhankhar’s resignation over health issues
Leave a Comment