ഭരണഘടനയുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ 2024 ഡിസംബര്‍ 15 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി ആര്‍ അംബേദ്കറെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പാര്‍ലമെന്റ് സമ്മേളനം കഴിയുന്നിടം വരെ ഇരു സഭകളിലും പുറത്തും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളായി തുടരുകയാണ് ചെയ്തത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഫാഷനായിരിക്കുന്നുവെന്നും ഇതിന് പകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു’വെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ചുവെന്നും അമിത് ഷാ മാപ്പ് പറയണമെന്നും പ്രതിപക്ഷ സഖ്യമായ INDIA ആവശ്യപ്പെട്ടതോടെ സഭയുടെ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു സംഭവമായി അത് മാറി. പ്രശ്നം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.Ambedkar’s enemy caste Hindus
ആഭ്യന്തര മന്ത്രി മാപ്പ് പറയുന്നതിലൂടെ പാര്‍ലമെന്റിന് അതിന്റെ അന്തസ് നിലനിര്‍ത്താനാകുമായിരുന്നെങ്കിലും അമിത് ഷായുടെ മാപ്പിലൂടെയോ രാജിയിലൂടെയോ അവസാനിക്കുന്ന പ്രശ്നമായിരുന്നില്ല അദ്ദേഹം രാജ്യസഭയില്‍ ഉന്നയിച്ചത്. ഭരണഘടനയെയും അതിന്റെ ശില്‍പിയായ അംബേദ്കറെയും എങ്ങനെയാണ് ആര്‍എസ്എസ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുകയാണ് അമിത് ഷാ ചെയ്തത്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂട്ടര്‍ക്കും ഈ നിലപാടില്‍ നിന്ന് മാറാന്‍ പറ്റാതെ പോയത്. എന്നാല്‍ പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന ‘ഞാന്‍ അംബേദ്കറാണ്, ജയ് ഭീം’ എന്ന മുദ്രാവാക്യത്തെ നേരിടാന്‍ ആര്‍എസ്എസ് ഒരു നൂറ്റാണ്ടായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ‘ജയ് ശ്രീറാം’ മുദ്രാവാക്യം പാര്‍ലമെന്റിനകത്തോ പുറത്തോ ഉയര്‍ത്താനായില്ല. അംബേദ്കറെയും ഭരണഘടനയെയും രാഷ്ട്രം ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ഇന്ന് അംബേദ്കര്‍ ഒരു ദലിത് ഐക്കണ്‍ മാത്രമല്ല, ഇന്ത്യന്‍ ഡെമോക്രസിയുടെ മുഖമാണ്. ജീവിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും എങ്ങനെയാണ് അംബേദ്കറെ നോക്കികണ്ടിരുന്നത് എന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായ കാര്യമല്ല. അത്തരത്തിലുള്ള ഏതൊരു ചര്‍ച്ചയും ഗുണം ചെയ്യാന്‍ പോകുന്നത് സംഘപരിവാറിനായിരിക്കും. നിര്‍ണായകമായ ഒരു സാമൂഹ്യ രാഷ്ട്രീയ അനുഭവം ഭരണഘടനാ നിര്‍മാണ സഭയിലേക്കും അംബേദ്കര്‍ ക്ഷണിക്കപ്പെട്ടു എന്നതും, ഭരണഘടനാ നിര്‍വ്വഹണത്തിന്റെ മുഖ്യ ചുമതല ഇന്ത്യന്‍ റിപ്പബ്ലിക് അംബേദകറെ ഏല്‍പ്പിച്ചുവെന്നതുമാണ്. രണ്ടുപതിറ്റാണ്ട് മുന്‍പ്, 1927ല്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇന്ത്യന്‍ ഭരണഘടനാ മനുസ്മൃതി ചുട്ടെരിച്ചതിന് നേതൃത്വം നല്‍കിയത് അംബേദ്കറായിരുന്നുവെന്ന് അറിയാത്തവരായിരുന്നില്ല പുതിയ ഭരണഘടനയുടെ നിര്‍മാണ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്. അംബേദ്കറെ മാനിക്കുന്നുവെന്ന് നടിക്കുകയും നെഹ്‌റുവിനെ വെറുക്കുകയും ചെയ്യുന്ന ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ നിയമ ശാസ്ത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ട മനുസ്മൃതിയുടെ ഓര്‍മകളുമായി ജീവിക്കുന്നവരാണ്, അതിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ്. ഈ ഓര്‍മകള്‍ക്ക് മുകളിലാണ് ആധിപത്യമായും അഹങ്കാരമായും ധാര്‍ഷ്ട്യമായും അമിത് ഷാ രാജ്യസഭയില്‍ മണിക്കൂറുകള്‍ ഉറഞ്ഞ് തുള്ളിയത്, പാര്‍ലമെന്റിനെ സംഘര്‍ഷവേദിയാക്കി മാറ്റിയത്.
കോണ്‍ഗ്രസ് എന്നും അംബേദ്കറോട് ശത്രുതാ മനോഭാവമാണ് പുലര്‍ത്തിപ്പോന്നതെന്നും, തങ്ങള്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് അലിപ്പൂര്‍ റോഡ് അംബേദ്കറുടെ സ്മാരകമാക്കി മാറ്റിയതെന്നും മുംബൈയിലും ലണ്ടനിയുമെല്ലാം തങ്ങള്‍ അംബേദ്കര്‍ക്ക് സ്മാരകങ്ങള്‍ പണിതുവെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം നടത്തിയ ആദ്യ പ്രവര്‍ത്തനങ്ങളിലൊന്ന് ഭരണഘടനയുടെ മഹത്വവത്കരണമായിരുന്നു. ഭരണഘടനയെ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്നു. ഒരിക്കല്‍ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയും അസുരപദവി നല്‍കുകയും കള്ളദൈവമെന്ന് വിളിക്കുകയും ഹിന്ദുഘാതകനായി ചിത്രീകരിക്കുകയും ചെയ്ത അംബേദ്കറെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഹിന്ദു പരിഷ്‌കരണ വാദിയാക്കി. തങ്ങള്‍ക്ക് അന്യമായിരുന്ന അംബേദ്കറുടെ ജയന്തി ദിനം അവര്‍ ആഘോഷിക്കുവാന്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി അംബേദ്കറുടെ ജന്മസ്ഥലത്തേക്ക് തീര്‍ത്ഥയാത്ര നടത്തി. ബ്രാഹ്‌മണരായ ഗോള്‍വാള്‍ക്കര്‍ക്കും, ദേവരസിനുമൊപ്പമിരുത്തി അംബേദ്കറുടെ സാമൂഹ്യപദവി ഉയര്‍ത്തി, അവരും ജാതി വിവേചനങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്ന് സാക്ഷ്യം പറഞ്ഞു. എന്നാല്‍, ഇതൊന്നും സ്വതന്ത്ര ഇന്ത്യ അംബേദ്കര്‍ക്ക് നല്‍കിയ ഭരണഘടനാശില്‍പി എന്ന പദവിക്ക് മുകളിലായിരുന്നില്ല. രാഷ്ട്രശില്‍പികള്‍ അംബേദ്കര്‍ക്ക് നല്‍കിയത് ജനാധിപത്യ ഇന്ത്യ എങ്ങനെയാണ് നിര്‍മിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരമാണ്. ഇത് തിരിച്ചറിയാന്‍ കഴിയാതെ പോയ ദളിതരെയും ആദിവാസികളെയുമാണ് അംബേദ്കറുടെ ചിത്രവുമായി സംഘപരിവാറില്‍ (ചേക്കേറിയതും) അംബേദ്കറെ അവഹേളിച്ചവര്‍ക്കും പാര്‍ലമെന്റില്‍ കൈയ്യടിച്ച് കരുത്ത് നല്‍കിയത്.
തന്നെ ഹിന്ദുവായി ചിത്രീകരിച്ച് അപഹസിക്കാതിരിക്കാന്‍ തക്കവണ്ണം ജീവിതാന്ത്യത്തില്‍ ഏതാനും മാസങ്ങള്‍ അംബേദ്കര്‍ മറ്റൊരു മതത്തില്‍ അഭയം തേടിയതൊഴിച്ചാല്‍ അംബേദ്കറുടെ ജീവിതം അടയാളപ്പെടുത്തപ്പെട്ടത് വര്‍ണ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടത്തിലും അതിന്റെ നിരാകരണത്തിലും, ജനാധിപത്യ വ്യവസ്ഥയുടെ നിര്‍മാണത്തിലുമായിരുന്നു. അവിടെ അംബേദ്കറുടെ പ്രഖ്യാപിത ശത്രു ജാതി ഹിന്ദുക്കളായിരുന്നു, ബ്രാഹ്‌മണിസമായിരുന്നു, ഹൈന്ദവ ധാര്‍മികതയായിരുന്നു. ഇവിടെയാണ് ഹിന്ദുത്വവുമായി സമന്വയിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം പാഴ് വേലയായി മാറുന്നത്. എന്നിട്ടും സംഘപരിവാര്‍ ദളിതരിലേക്ക് പ്രവേശിക്കുന്നതിനായി അംബേദ്കറിലൂടെ നിര്‍മിച്ച പാലമാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഡൈനാമിറ്റ് വെച്ച് തകര്‍ത്തത്. അംബേദ്കര്‍ വര്‍ണ ജാതി വ്യവസ്ഥക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരു മതമെന്ന നിലയില്‍ ഹിന്ദു മതത്തിന് ഉള്‍ക്കൊള്ളാനാവില്ല. കാരണം അത് ഹിന്ദു മതത്തിന്റെ തന്നെ നിരാകരണമാണ്. എന്നാല്‍ ഒരു ജനാധിപത്യ ലോകക്രമത്തിന് അതുകൊണ്ടല്ലാതെ മുന്നോട്ട് പോകാനാകില്ല. പാര്‍ലമെന്റില്‍ കണ്ട പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അതുതന്നെയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ പിടിച്ചെടുത്ത ദളിത് ആദിവാസി വോട്ടു ബാങ്കുകള്‍ തിരിച്ചു പിടിക്കുക മാത്രമാണ് ഈ സംഘര്‍ഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ലക്ഷ്യമെങ്കില്‍ അംബേദ്കര്‍ പിന്നെയും പിന്തള്ളപ്പെടുകയായിരിക്കും ചെയ്യുക.Ambedkar’s enemy caste Hindus
Content Summary: Ambedkar’s enemy caste Hindus
latest news kerala news national news ambedkar amit shah narendra modi hindus indian constitution