സംസ്ഥാന ഗവർണർമാർക്കും യൂണിയൻ ഭരണപ്രദേശത്തെ ലഫ്‌നന്റ് ജനറൽമാർക്കും സംസ്ഥാന മന്ത്രിമാരേയോ മുഖ്യമന്ത്രിയെ തന്നെയോ അധികാരത്തിൽ നിന്ന് പുറത്താൻ അനുമതി നൽകുന്ന ഭരണഘടന ഭേദഗതി നാളെ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുങ്ങുന്നതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയുടെ 75-ാം ചട്ടം ദേഭഗതി ചെയ്യുന്ന 130-ാം ഭേദഗതി ബിൽ വേണ്ടത്ര കൂടിയാലോചനയോ ചട്ടപ്രകാരമുള്ള മുൻകൂർ നോട്ടീസോ ഇല്ലാതെ മഴക്കാല സമ്മേളനം കഴിയാൻ രണ്ട് ദിവസം മാത്രം അവശേഷിക്കേ ലോകസഭ സെക്രട്ടറി ജനറലിന് അയക്കുകയാണ് അമിത്ഷാ ചെയ്തിരിക്കുന്നത്. പാർലമെന്റ് ചട്ടത്തിന്റെ 19 എ, 19 ബി എന്നിവ പ്രകാരം നിയമവിരുദ്ധമാണീ നടപടി എന്ന് ചൂണ്ടിക്കാണിച്ച ലോകസഭ സെക്രട്ടറിയേറ്റിന് അതിനെ മറികടക്കുന്ന നിയമ പഴുതുകൾ കണ്ടുപിടിക്കാൻ ലോകസഭ സ്പീക്കർ ഓം ബിർള നിർദ്ദേശം നൽകി.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ മന്ത്രിയോ മുഖ്യമന്ത്രിയോ മുപ്പത് ദിവസം ജയിലിൽ കഴിഞ്ഞാൽ, അവർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും കുറ്റക്കാരാണെന്ന ആരോപണം നിലനിന്നാലും ഇല്ലെന്നും സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഗവർണർമാർക്ക് നൽകുന്ന അധികാരമാണ് പുതിയ ഭരണഘടന ഭേദഗതി നിർദ്ദേശിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമെതിരെ കോടതികളുടെ സഹായത്തോടെ ഇത്തരം കേസുകൾ ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്ന കാഴ്ച കഴിഞ്ഞ കാലങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌വരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇത്തരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടതാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഇത്തരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടു. ഇത്തരം സാഹചര്യത്തിൽ ഗവർണർമാർക്ക് ഇടപെടാൻ അവസരം നൽകുന്നത് ഭരണഘടന പ്രകാരം ആലങ്കാരിക പദവിയുള്ള ഗവർണമാരെ ജനാധിപത്യപ്രക്രിയയിൽ കേന്ദ്രസർക്കാരിന്റെ ആയുധമാക്കി മാറ്റാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
‘അധികാരത്തിലിരിക്കുമ്പോൾ ഏതെങ്കിലും മന്ത്രി അഞ്ച് വർഷത്തിലേറെ ജയിൽ ശിക്ഷ കിട്ടാവുന്ന ഒരു ആരോപണത്തെ തുടർന്ന് തുടർച്ചയായി മുപ്പത് ദിവസം പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ കഴിയുകയാണെങ്കിൽ 31-ാം ദിവസം അവരെ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഗവർണർക്ക് നീക്കം ചെയ്യാൻ അധികാരമുണ്ടായിരിക്കും.”-ബിൽ പറയുന്നു. ഈ ബിൽ പ്രധാനമന്ത്രിക്കും ബാധകമാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഒരു പ്രധാനമന്ത്രി മുപ്പത് ദിവസം കസ്റ്റഡിയിൽ അടയ്ക്കപ്പെടാനുള്ള സാധ്യത ഒരിക്കലും ഇല്ല എന്നിരിക്കിലും അത്തരമൊരു സാഹചര്യമുണ്ടായാൽ 30 ദിവസത്തിനകം പ്രധാനമന്ത്രി രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം ഭരണത്തിൽ നിന്ന് ഒഴിവാക്കുന്ന വിധം പിരിച്ച് വിടാനുള്ള അധികാരം രാഷ്ട്രപതിക്കും ബില്ല് നൽകുന്നു. പ്രധാനമന്ത്രി ഒരിക്കലും അത്തരമൊരു സാഹചര്യം നേരിടില്ലെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും എപ്പോൾ വേണമെങ്കിലും ഈ ബില്ല് ബാധകമാകാം.
ഭരണഘടനയുടെ 130-ാം ഭേദഗതിക്കൊപ്പം 1963-ലെ യൂണിയൻ ഭരണ നിയമത്തിന്റെ 45-ാം വകുപ്പിന്റെ അഞ്ചാം ഉപചട്ടവും ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ഭേദഗതി നിയമവും ഇതിനായി ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള നിർദ്ദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും കേന്ദ്ര ഏജൻസികളെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാനും അതുവഴി പുറത്താക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഖ്‌വി ആരോപിച്ചു.
നാളെ, ഓഗസ്റ്റ് 21ന്, ലോകസഭയുടെ നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തി ബിൽ ചർച്ച ചെയ്യാനും തുടർന്ന് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കാനുമാണ് അമിത് ഷായുടെ നീക്കം. ഭരണഘടന ദേദഗതി മുതലായ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കൾക്ക് അത് പഠിക്കാനുള്ള സമയം നൽകണമെന്ന ചട്ടമാണിവിടെ ലംഘിക്കപ്പെടുന്നത്. 19എ, 19 ബി എന്നീ പാർല്യമെന്റ് നടപടിക്രമ ചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അമിത് ഷാ ലോകസഭ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് ചൊവ്വാഴ്ച കത്ത് നൽകുകയും അതിന്റെ പകർപ്പ് നിയമമന്ത്രി കിരൺ റിജുജുവിനെ് നൽകുകയും ചെയ്തിട്ടുണ്ട്.
content summary: Amit Shah introduces bill allowing governors to dismiss CMs, ministers jailed for 30 days without conviction
This post was last modified on August 20, 2025 10:05 am
Leave a Comment