June 26, 2026 |
Share on

മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് ഉന്മൂലനത്തിനൊരുങ്ങുന്ന ഹിന്ദുത്വയും, രക്തത്തിന് മുകളില്‍ അവര്‍ വിരിയിക്കുന്ന കോളിഫ്ളവറുകളും

സംഘപരിവാറിന്റെ തങ്ങളുടെ പ്രമാണഗ്രന്ഥമായ വിചാരധാരയില്‍ ഒന്നാമത്തെ ആന്തരിക ഭീഷണിയായി പറയുന്ന മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിന് മുകളില്‍ 1989 ല്‍ നട്ട കോളിഫ്ളവര്‍ കൈയ്യില്‍ പിടിച്ചാണ് ഒരു ജനാധിപത്യ രാജ്യത്തിലെ ആഭ്യന്തര മന്ത്രി നില്‍ക്കുന്നത്

എന്താണ് ഓപ്പറേഷന്‍ കഗാര്‍?

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വന്തം ജനതയോട് നടത്തിയിരിക്കുന്ന യുദ്ധ പ്രഖ്യാപനമാണ് 2024 ല്‍ ആരംഭിച്ച ഓപ്പറേഷന്‍ കഗാര്‍. ഇന്ത്യയിലെ നക്‌സല്‍ സ്വാധീന മേഖലകളെ ‘ശുദ്ധീകരിക്കാന്‍’ എന്ന് പ്രഖ്യാപിച്ചിട്ടുള്ള ഈ സൈനിക പദ്ധതി യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നത്, രാജ്യത്തെ ഏറ്റവുമധികം ധാതു നിക്ഷേപമുള്ള ഭൂമികയില്‍ നിന്നും ആദിവാസികളെ കൊന്നൊടുക്കി അവിടം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുക എന്നതാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സ്വന്തം ജനതയെ കൊന്നൊടുക്കിയും കൂറ് തെളിയിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സര്‍ക്കാരിന്റെ നടപടിയാണ് ഇവിടങ്ങളില്‍ കാണാനാവുക. ആറു മാസം പ്രായമുള്ള കുഞ്ഞിനെപ്പോലും മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി വെടി വച്ചു കൊല്ലുന്ന ഭരണകൂടത്തെ ഹിന്ദുത്വ എന്ന് വിളിക്കുക.

ഓപ്പറേഷന്‍ കഗാര്‍, നാല് തലങ്ങളുള്ള ഒരു സൈനിക ഓപ്പറേഷന്‍ തന്നെയാണ്. ഛത്തീസ്ഗഡിലെ ബസ്തറില്‍ ഉടനീളം ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസുകള്‍ (FOBs) സ്ഥാപിക്കുക; രഹസ്യാന്വേഷണ ശേഖരണത്തിനായി ഡ്രോണുകളും ഉപഗ്രഹ ഇമേജിംഗും വിന്യസിക്കുക; തിരിച്ചുപിടിച്ച പ്രദേശത്ത് 612-ലധികം പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കഴിഞ്ഞ ദശകത്തില്‍ 7,500 നക്‌സലൈറ്റുകള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ‘ഉദാരമായ കീഴടങ്ങല്‍ നയം’ നടപ്പിലാക്കുക. പക്ഷെ ഇത് പ്രഖ്യാപനങ്ങളില്‍ മാത്രമാണ്. കൊന്നൊടുക്കല്‍ തന്നെയാണ് നടക്കുന്നത്. 2023 ല്‍ സംസ്ഥാനത്ത് 23 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2024 ല്‍ ഓപ്പറേഷന്‍ കഗാര്‍ ആരംഭിച്ചതിന് ശേഷം ആ വര്‍ഷത്തില്‍ ഇത് 235 ആയി ഉയര്‍ന്നു. 2025 ആദ്യ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടത് 140 പേരാണെന്നു സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024-25 ല്‍ ഛത്തീസ്ഗഢിന്റെ മൈനിങ്ങില്‍ നിന്നുള്ള വരുമാനം 14,195 കോടി രൂപയുടേതാണ്. രാജ്യത്തെ ഇരുമ്പ്, ടിന്‍ അയിര് ശേഖരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കോര്‍പ്പറേറ്റുകള്‍ ഇവിടം ലക്ഷ്യം വയ്ക്കുന്നത്.

ദി ബിഗ് സ്റ്റേറ്റ് ഈസ് വാച്ചിങ് യൂ
ഗാസയിലെ വംശഹത്യയില്‍ ഉപയോഗിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് നിര്‍മിത ഡ്രോണുകള്‍ ഇവിടെ വിന്യസിച്ചിരിക്കുന്നു. സ്വന്തം ജനതയോടാണ് ഹിന്ദുത്വ ഭരകൂടത്തിന്റെ യുദ്ധപ്രഖ്യാപനം. മാവോയിസ്റ്റ് വേട്ട എന്ന വ്യാജം പ്രചരിപ്പിച്ചു ആദിവാസികളുടെ വംശഹത്യയാണ് നടക്കുന്നത്. ഒന്നുങ്കില്‍ ഈ കൊള്ളയെ അംഗീകരിക്കുക, അല്ലെങ്കില്‍ മാവോയിസ്റ്റ് ആയി ചാപ്പ കുത്തപ്പെട്ടു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുക എന്നതായിരിക്കുന്നു അവിടുങ്ങളിലെ മുനുഷ്യരുടെ ജീവിതം.

ആരാണ് മാവോയിസ്റ്റുകള്‍
1967 ല്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ ബാരി എന്ന സ്ഥലത്തു ഭൂവുടമക്കള്‍ക്കെതിരെ ഉണ്ടായ കര്‍ഷക മുന്നേറ്റമാണ് നക്‌സല്‍ ബാരി പ്രക്ഷോഭം. കനു സന്യാല്‍, ചാരു മജുംദാര്‍, ജംഗള്‍ സന്താള്‍ എന്നിവരായിരുന്നു നേതൃത്വത്തില്‍. 1969 ഏപ്രില്‍ 22 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) (സിപിഐ (എംഎല്‍)) സ്ഥാപിക്കപ്പെട്ടു. പിന്നീട് ഈ പാര്‍ട്ടി പലവട്ടം പിളര്‍ന്നു. സിപിഐ (എംഎല്‍) സായുധ പോരാട്ടം ഉപേക്ഷിച്ചു, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതിനിടയില്‍, 1980-ല്‍, പിളര്‍ന്നവരില്‍ ഒന്നായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും, മറ്റൊരു വിഭാഗമായ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ (എംസിസി)-ഉം 2004 സെപ്റ്റംബറില്‍ ലയിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ സായുധ മാവോയിസ്റ്റ് സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെട്ടു. അരികുവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ വിമോചനം ജനാധിപത്യ രീതിയില്‍ സാധ്യമാകില്ല എന്നും സായുധ വിപ്ലവത്തിലൂടെയേ സാധ്യമാകൂ എന്നും മാവോയിസ്റ്റുകള്‍ വിശ്വസിക്കുന്നു.

Maoist Hunt

മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ആദിവാസികളുടേയും ഗ്രാമീണ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റിയില്ല എന്നതാണ് മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് വളമായി തീര്‍ന്നത്. മറിച്ചു അവരെ സായുധമായി നേരിടാനായിരുന്നു സര്‍ക്കാരുകള്‍ക്ക് താല്പര്യം. 2005-ല്‍, കോണ്‍ഗ്രസ് നിയന്ത്രിത സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കെതിരെ സാല്‍വ ജുഡും (സമാധാന മാര്‍ച്ച് എന്നാണ് അര്‍ത്ഥമാക്കുന്നത്) എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിച്ചു. സാല്‍വ ജുഡും അംഗങ്ങള്‍ ആയുധധാരികളായിരുന്നു, പിന്നീട് അവരെ എസ്പിഒമാരായി നിയമിക്കുകയും ചെയ്തു. 2011-ല്‍ സുപ്രീം കോടതി സാല്‍വ ജുഡും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും സാധാരണക്കാര്‍ക്ക് ആയുധം നല്‍കിയതിന് സംസ്ഥാനത്തെ വിമര്‍ശിക്കുകയും ചെയ്തു. 2009-ല്‍ യുപി എ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ എന്ന പേരില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബസ്തറില്‍ നടന്ന ആയിരക്കണക്കിന് ഏറ്റുമുട്ടലുകളില്‍ രണ്ടെണ്ണം മാത്രമാണ് ജുഡീഷ്യല്‍ അന്വേഷണം നേരിട്ടത്. 2012 ജൂണ്‍ 28 ന് ബിജാപൂര്‍ ജില്ലയിലെ സര്‍ക്കെഗുഡ ഗ്രാമത്തില്‍ ആറ് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 ആദിവാസികള്‍ കൊല്ലപ്പെട്ടു. 2013 മെയ് 17 ന് ഇതേ ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ എട്ട് ആദിവാസികള്‍ കൊല്ലപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ എല്ലാ ഇരകളും നിരപരാധികളാണെന്ന് കണ്ടെത്തിയെങ്കിലും ഒരാള്‍ക്കെതിരെ പോലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറായ ജി.എന്‍. സായിബാബയെ മാവോയിസ്റ്റുകളെ പിന്തുണച്ചു എന്നാരോപിച്ചു ജയിലിലടച്ചിട്ടു ഒരു ദശാബ്ദക്കാലത്തെ തടവിന് ശേഷമാണ് രാജ്യത്തെ പരമോന്നത കോടതി കുറ്റവിമുക്തനാക്കിയത്. 1981 ല്‍ ഛത്തീസ്ഗഡിലേക്ക് വന്നതിനുശേഷം, ദരിദ്ര പ്രദേശങ്ങളിലെ ആദിവാസികള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിനായി തന്റെ ജീവിതം തന്നെ മാറ്റി വച്ച ഡോ ബിനായ്ക് സെന്നിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ഛത്തീസ്ഗഡ് കോടതി 2010 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത് ആഗോളശ്രദ്ധ നേടുകയും, അംനസ്റ്റി ഇന്റര്‍നാഷണല്‍ വരെ വിഷയത്തിലിടപെടുകയും ചെയ്തു. വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയെയും മാവോയിസ്റ്റ് അനുകൂല നിലപാടിന്റെ പേര് പറഞ്ഞു സംഘപരിവാര്‍ ഇപ്പോളും ആക്രമിക്കുന്നു. ഇതൊക്കെ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന മനുഷ്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദിക്കാന്‍ ആളുകളില്‍ ഭയം സൃഷ്ടിക്കുന്നു. ഇനി ആ ഭയം അതിജീവിച്ചു ശബ്ദിക്കുന്നവരെ അര്‍ബന്‍ നക്‌സല്‍ എന്ന് ചാപ്പയടിച്ചു വേട്ടയാടുന്നു. സംഘപരിവാര്‍ വംശഹത്യ പശ്ചാത്തലമാക്കി സിനിമയെടുത്ത പൃഥ്വിരാജിനെ കടന്നാക്രമിച്ചപ്പോള്‍ ഭാര്യ സുപ്രിയയെ അര്‍ബന്‍ നക്‌സല്‍ എന്നാണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ വിശേഷിപ്പിച്ചതെന്നോര്‍ക്കുക.

ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ബസവരാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് ശേഷം, നക്‌സലിസം റെസ്റ്റ് ഇന്‍ പീസ് എന്നെഴുതിയ കുഴിമാടത്തിനരികില്‍ കോളിഫ്ളവറും പിടിച്ചു നില്‍ക്കുന്ന അമിത് ഷായുടെ ചിത്രം സംഘപരിവാര്‍ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. 2026 മാര്‍ച്ച് 31 നകം രാജ്യത്തെ നക്‌സല്‍ മുക്തമാക്കും എന്ന് അമിത് ഷാ പറഞ്ഞിരിക്കുന്നു. പക്ഷെ എന്താണീ കോളിഫ്ളവറുകള്‍ അര്‍ത്ഥമാക്കുന്നത്? ഈ കോളിഫ്ളവറുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഒരു കൂട്ടക്കൊലയെ സൂചിപ്പിക്കുന്നു. 1989 ല്‍ ബിഹാറിലെ ഭഗല്‍പ്പൂരില്‍ ഹിന്ദു മുസ്ലിം കലാപമുണ്ടായി. അന്ന് ലോഗൈന്‍ എന്ന ഗ്രാമത്തില്‍ ഹിന്ദുത്വ തീവ്രവാദികളും പോലീസും ചേര്‍ന്ന് നൂറിലധികം മുസ്ലിങ്ങളെ കൊന്നൊടുക്കി. എന്നിട്ട് ഒരു വലിയ കുഴിയില്‍ മൃതദ്ദേഹങ്ങള്‍ ഇട്ട് മൂടിയ ശേഷം അതിന് മുകളില്‍ കോളി ഫ്ളവര്‍ നട്ടു പിടിപ്പിക്കുകയുണ്ടായി. അമിത് ഷായുടെ കയ്യില്‍ കോളിഫ്ളവര്‍ വന്ന വഴിയതാണ്.

amit shah with cauliflower -Maoist hunt

സംഘപരിവാറിന്റെ തങ്ങളുടെ പ്രമാണഗ്രന്ഥമായ വിചാരധാരയില്‍ ഒന്നാമത്തെ ആന്തരിക ഭീഷണിയായി പറയുന്ന മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിന് മുകളില്‍ 1989 ല്‍ നട്ട കോളിഫ്ളവര്‍ കൈയ്യില്‍ പിടിച്ചാണ് ഒരു ജനാധിപത്യ രാജ്യത്തിലെ ആഭ്യന്തര മന്ത്രി നില്‍ക്കുന്നത്. അത്യാവേശത്തോടെ അത് പ്രചരിപ്പിക്കുന്നതോ, നവ നാസികളും. മറ്റൊരു ആന്തരിക ഭീഷണി കമ്മ്യുണിസ്റ്റുകാരാണ്. അവരിലൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യുമെന്നാണ് ഓപ്പറേഷന്‍ കഗാറിലൂടെ അമിത് ഷാ പറയുന്നത്. ഭഗല്‍പ്പൂരിലും, ഗുജറാത്തിലും ഹിന്ദുത്വ ശ്രമിച്ചത് മുസ്ലിം വംശഹത്യക്കാണെങ്കില്‍, ഒറീസയിലത് ക്രിസ്ത്യന്‍ വംശഹത്യയായിരുന്നു, ഇപ്പോള്‍ അമിത് ഷാ ലക്ഷ്യമിടുന്നത് കമ്മ്യൂണിസ്റ്റുകാരില്‍ ഒരു വിഭാഗമായ മാവോയിസ്റ്റുകളെയും. ഇനിയെന്തെങ്കിലും സംശയം ബാക്കിയുണ്ടോ, സംഘപരിവാര്‍ വിചാരധാരയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്നുള്ളതില്‍? സംഘപരിവാറിന്റെ ലക്ഷ്യം ഹിന്ദുത്വ ഇന്ത്യയാണ്, അതിലേക്കുള്ള വഴിയാണവര്‍ വെട്ടുന്നത്.

നാളെ എന്നൊന്നുണ്ട്, ഇന്നത്തെ കുഞ്ഞുങ്ങളുണ്ടല്ലോ, അവര്‍ വലുതാകുമ്പോള്‍ നമ്മളോട് ചോദിച്ചെന്നിരിക്കും, ഈ അനീതി നടമാടിയപ്പോള്‍ നിങ്ങള്‍ ആരുടെ കൂടെയായിരുന്നു എന്ന്, അന്ന് അവര്‍ക്ക് നല്‍കാന്‍ നമ്മുടെ കയ്യില്‍ നല്ല മറുപടികളുണ്ടാവട്ടെ.  Operation Kagar and Hindutva which is preparing for the extermination of Muslims, Christians and Communists

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Operation Kagar and Hindutva which is preparing for the extermination of Muslims, Christians and Communists

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×