July 14, 2026 |

അമീബിക് മസ്തിഷ്കജ്വരം; ‘ഉറവിടം കണ്ടെത്താൽ സർക്കാർ കൃത്യമായ പഠനം നടത്തണം കാലാവസ്ഥാ വ്യതിയാനവും രോ​ഗവുമായി ബന്ധമില്ല’: ഡോ. സണ്ണി ഓരത്തേൽ

കാലാവസ്ഥാ വ്യതിയാനവും രോ​ഗവുമായി ബന്ധമില്ല

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മലപ്പുറം ,കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ഉണ്ട്. വൈറസിന്റെ ഉറവിടം മനസിലാകാത്തതാണ് പ്രധാന ആശങ്കയെന്നാണ് ആരോ​ഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അമീബിക് മസ്തിഷ്കജ്വരം വർദ്ധിക്കുന്നതിനുള്ള കാരണം കണ്ടെത്താൽ സർക്കാർ കൃത്യമായ പഠനം നടത്തണമെന്നും കാലാവസ്ഥാ വ്യതിയാനവും രോ​ഗവുമായി ബന്ധമൊന്നുമില്ലെന്നും പൾമോണളജിസ്റ്റ് ഡോ. സണ്ണി പി. ഓരത്തേൽ അഴിമുഖത്തോട് പ്രതികരിച്ചു.

കാലാവസ്ഥാ വ്യതിയാനം മൂലം അമീബിക് മസ്തിഷ്കജ്വരം വർദ്ധിക്കുന്നു എന്ന് പറയുന്നത് തെറ്റായ ആശയമാണ്. മലിനമായ ജനസ്രോതസുകളിൽ മുങ്ങിക്കുളിക്കുന്നതും ബന്ധപ്പെടുന്നതുമാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള പ്രധാന കാരണം. മറ്റൊരു കാരണത്താലോ ഉറവിടത്തിലൂടെയോ രോ​ഗം പിടിപെടുമെന്നതിനെക്കുറിച്ച് നിലവിൽ കണ്ടെത്തലുകൾ വന്നിട്ടില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോ​ഗം പടരുകയുമില്ല.

കാലാവസ്ഥാ വ്യതിയാനത്തിലൂടെ അമീബ കൂടുതൽ വളരാനുള്ള സാധ്യതയുണ്ടാകാം. എന്നാൽ കാലാവസ്ഥാ വ്യതിയാനവും രോ​ഗവുമായി ബന്ധമൊന്നുമില്ല. ഏത് ജലാശയത്തിലാണ് അമീബ കൂടുതൽ വളരുന്നതെന്ന് കണ്ടെത്തിയാൽ മാത്രമാണ് കാലാവസ്ഥാ വ്യതിയാനവും അമീബിക് മസ്തിഷ്കജ്വരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് മനസിലാക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ എന്തുകൊണ്ടാണ് അമീബിക് മസ്തിഷ്കജ്വരം കൂടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി പറയാൻ സാധിക്കില്ല. അതിന് വളരെ ആഴത്തിലുള്ള ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ ആരോ​ഗ്യവകുപ്പാണ് അതിൽ മുൻകൈ എടുക്കേണ്ടതും. പഠനം നടത്തുന്നുണ്ടെന്നാണ് ആരോ​ഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ എത്രത്തോളം ​ഗൗരവത്തോടെയും ആത്മാർത്ഥതയോടെയുമാണ് അത് ചെയ്യുന്നതെന്ന് എനിക്കറിയില്ല.

കൃത്യമായ രീതിയിൽ പഠനം നടത്താനുള്ള ഫീൽഡ് വർക്കേഴ്സ് അടക്കം എല്ലാ സംവിധാനങ്ങളും സർക്കാരിന്റെ പക്കലുണ്ട്. ശരിക്കും പറഞ്ഞാൽ ഇവയെല്ലാം പ്രൈമറി ഹെൽത്ത് സെൻ്റേഴ്സിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരേണ്ടവയാണ്. കേരളത്തിലെ ജലാശയങ്ങൾ മലിനമായി കിടക്കുന്നത് ഒരു പ്രധാന കാരണമാണ്. പണ്ട് കാലങ്ങളിൽ മഴക്കാലമായാൽ പാടങ്ങളിലൂടെയും മറ്റും വെള്ളം ഒഴുകി പോകാറുണ്ട്. വെള്ളത്തിൽ അമീബയുണ്ടെങ്കിൽ തന്നെ കെട്ടിക്കിടക്കാതെ ഒഴുകി പോവുകയാണ് ചെയ്യുന്നത്. പാടങ്ങളെല്ലാം നികത്തി ചുറ്റും ഫ്ലാറ്റുകൾ വന്നത് ഒരുപക്ഷേ ജലാശയങ്ങൾ മലിനമാകാനുള്ള ഒരു കാരണമാകാം.

അമീബിക് മസ്തിഷ്കജ്വരം വർദ്ധിക്കുന്നതിൽ കൃത്യമായ പഠനം നടത്തുക തന്നെ വേണം. സർക്കാരിന്റെ കീഴിലുള്ള പൈമറി ഹെൽത്ത് സെന്ററുകളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ജലാശയങ്ങളിലെ ജലം പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം, ഡോ. സണ്ണി ഒരത്തേൽ അഴിമുഖത്തോട് പറഞ്ഞു.

അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ മലിനമായ ജലാശയങ്ങൾ വൃത്തിയാക്കുന്നതിൽ ആ​​രോ​ഗ്യവകുപ്പ് എന്താണ് തീരുമാനിച്ചിട്ടുള്ളതെന്നറിയാൻ അഴിമുഖം ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നാണ് ആരോ​ഗ്യവകുപ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.

Content Summary: amoebic meningoencephalitis; Medical experts urge Kerala govt to conduct proper study

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×