ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രകാരികളില്‍ ഒരാളായ അമൃത ഷെർഗിലിൻ്റെ അസാധാരാണ ജീവിതം ഇതാദ്യമായി ചലച്ചിത്രമാകുന്നു. ധീരവും ഉദ്വേഗജനകവുമായ കലാ ജീവിതം നയിച്ച, സാമൂഹികവും കലാപരവുമായ വിശ്വാസങ്ങളെ വെല്ലുവിളിച്ച, ആധുനിക ഇന്ത്യൻ ചിത്രകലയിൽ ഏറ്റവും സ്വാധീനമുള്ള കലാകാരിയായ ഷെർഗിലിന്‍റെ ജീവിതത്തെ ‘അമ്രി’യെന്ന ചലച്ചിത്രത്തിലൂടെ പ്രശസ്ത സംവിധായിക മീരാ നായർ അനാവരണം ചെയ്യുന്നു. മീരാനായർ സംവിധാനം ചെയ്യുന്ന 15-ാ മത്തെ ചലച്ചിത്രമായ അമ്രിയുടെ ചിത്രീകരണം യൂറോപ്പിൽ കഴിഞ്ഞ ആഴ്ച അവസാനിച്ചു. ഹംഗറിയിലും ഇന്ത്യയിലുമായി ചിത്രീകരിച്ച ഈ ബയോപിക്കിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം സംവിധായിക മീരാ നായർ പുറത്ത് വിട്ടു. ‘അമ്രി’ ഉടനെ തിയേറ്റുകളിൽ എത്തും.
ഇരുപത്തെട്ടു വർഷത്തെ ഹ്രസ്വജീവിതകാലം കൊണ്ട് മൗലികമായ ചിത്രരചനാശൈലിയിലൂടെ അന്താരാഷ്ട്ര പ്രശസ്‌തയായിത്തീർന്ന ഇന്ത്യൻ കലാകാരിയാണ് അമൃതാ ഷെർഗിൽ. പൊതുജന ഭാവനയിൽ, തങ്ങളുടെ കലയേക്കാൾ സ്വകാര്യ ജീവിതം വലുതായി കാണപ്പെടുന്ന കലാകാരന്മാരുണ്ട്, അത് അവരുടെ ദൗർബല്യമോ ന്യൂനതയോ ആയി ലോകം കരുതുന്നു. അമൃത ഷെർഗിൽ അത്തരത്തിലുള്ള ഒരു കലാകാരിയാണ്. ഹംഗറിയിൽ ജനിച്ച് ഇറ്റലിയിലും പാരീസിലുമൊക്കെ പഠനവും പരിശീലനവും നടത്തിയെങ്കിലും, ഇന്ത്യൻ ജനതയുടെ ലളിത ജീവിത രീതിയും പ്രാചീന ഭാരതീയ കലാരൂപങ്ങളും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യവും അമ്യതയെ ഏറെ സ്വാധീനിച്ചിരുന്നു. പാശ്ചാത്യ പൗരസ്‌ത്യരീതികൾ സംയോജിപ്പിച്ചു കൊണ്ടുള്ള ചിത്രകലാശൈലിയിലൂടെ ഷെർഗിൽ ഇന്ത്യൻ ചിത്രകലയ്ക്ക് പുത്തനുണർവു നല്‍കി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ കലാകാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ ചിത്രകാരിയാണ് അമൃത ഷെർഗിൽ .
ഇതാദ്യമായി അമൃത ഷെർഗിലിൻ്റെ ജീവിതം ഇപ്പോൾ ചലച്ചിത്രമാകുന്നു. പ്രശസ്ത സംവിധായികയായ മീര നായരുടെ പുതിയ ചലച്ചിത്രമായ ‘അമ്രി’ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രകാരിയായ അമൃത ഷെർഗിൽ ആയി അഞ്ജലി ശിവരാമനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഗായിക ചിത്ര അയ്യരുടെ മകളായ അഞ്ജലി ശിവരാമൻ കോബാൾട്ട് ബ്ലൂ, ക്ലാസ്, ബാഡ് ഗേൾ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയാണ്. പ്രിയങ്ക ചോപ്ര, ജോനാസ്, ജയ്ദീപ് അഹ്ലാവത്, എമിലി വാട്സൺ, അഞ്ജന വാസൻ, ജിം സർഭ്, ക്രിസ്റ്റ്യൻ ചക്വരി എന്നിവരുൾപ്പെടെയുള്ള ശ്രദ്ധേയരായ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. യൂറോപ്പിലും ഇന്ത്യയിലുമായി അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ഈ ബയോപിക് ഉടനെ പുറത്ത് വരും എന്നാണ് കണക്കാക്കുന്നത്. മീരാ നായരുടെ ഏറെക്കാലത്തെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. ധീരവും ഉദ്വേഗജനകവുമായ പ്രവർത്തനങ്ങൾക്കും സാമൂഹികവും കലാപരവുമായ വിശ്വാസങ്ങളോടുള്ള വെല്ലുവിളികൾക്കും പേരുകേട്ട, ഏറ്റവും സ്വാധീനമുള്ള ആധുനിക ഇന്ത്യൻ കലാകാരികളിൽ ഒരാളായ അമൃത ഷെർഗില്ലിന്‍റെ ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതാണ് സിനിമ.
രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിലെ കാലഘട്ടത്തിലാണ് ചിത്രത്തിൻ്റെ കഥാഖ്യാനം. അമൃത ഷെർഗിൽ കാലത്തിന് മുമ്പേ ചിന്തിച്ച് ജീവിത ശൈലി രൂപപ്പെടുത്തിയ ഒരു കഥാപാത്രവും. നിരീശ്വരവാദിയായ അമൃത ചോദ്യം ചെയ്തത് മതത്തെ മാത്രമായിരുന്നില്ല. ജീവിച്ചിരുന്നപ്പോൾ പോലും അവരുടെ ലൈംഗികത ഏറെ ചർച്ചകൾക്കും ഗോസിപ്പുകൾക്കും പരിഹാസങ്ങൾക്കും വിഷയമായി. വിവാദമാകാൻ സാധ്യതയുള്ള കഥാപ്രമേയമാണ് ‘അമ്രി’യിൽ മീരാ നായർ ഒരുക്കുന്നത്. ജവഹർ ലാൽ നെഹ്റുവുമായുള്ള അമൃത ഷെർഗിലിൻ്റെ കത്തിടപാടുകളും കൽക്കട്ടയിലെ സ്‌റ്റേറ്റ്സ് മാൻ ദിനപ്പത്രത്തിൻ്റെ എഡിറ്ററായിരുന്ന ബ്രിട്ടീഷുകാരനായ മാൽക്കം മഗ് റെഡ്ജുമായുള്ള ബന്ധവുമെല്ലാം അമ്രിയിൽ വരുകയാണെങ്കിൽ വിവാദങ്ങൾ ഉണർന്നെഴുന്നേൽക്കുമെന്നുറപ്പാണ്. വളരെ ചെറുപ്പം മുതൽ, പാരീസിൽ ചിത്രകലയിൽ പരിശീലനം നേടുന്ന സമയത്ത്, അമൃതയ്ക്ക് സ്ത്രീകളോടും ആകർഷണം ഉണ്ടായിരുന്നു എന്ന വസ്തുത അവരെ സ്വവർഗാനുരാഗിയായും മുദ്രകുത്തി. 1920 കളിലും 1930 കളിലും നഗരത്തിൽ പ്രചരിച്ചിരുന്ന ബൊഹീമിയൻ സംസ്കാരമാണ് അവളെ കൂടുതൽ തുറന്ന മനസ്സിലേക്കും ലൈംഗിക പരീക്ഷണങ്ങളിലേക്കും നയിച്ചത്. അവളുടെ കലയിലും, അവൾ ആരാധിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും വരച്ച രീതിയിലും ഇത് പ്രകടമായിരുന്നു.
വലത്ത് അമൃത ഷെർഗിൽ
ചിത്രത്തിൻ്റെ സഹ എഴുത്തുകാരിയും സംവിധായകയുമായ മീരാ നായർ തൻ്റെ സ്വന്തം സംവിധാന ശൈലിയിൽ നിന്ന് വ്യതിചലിച്ചില്ലെങ്കിൽ തീർച്ചയായും ഈ സിനിമ വിവാദത്തിലേക്ക് വീഴും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലുള്ള ഒരു പ്രഭുകുടുംബത്തിലാണ് 1913 ജനുവരി 30-ാം തീയതി അമൃത ഷെർഗിൽ ജനിച്ചത്. പിതാവായ സർദാർ ഉമ്രോഷെർഗിൽ പഞ്ചാബിലെ പ്രസിദ്ധനായ ഒരു കവിയും ദാർശനികനുമായിരുന്നു. അമ്മ, അന്‍റായിനെറ്റ് ഹംഗറിയിലെ സംസ്കാര സമ്പന്നമായ ഒരു പ്രഭുകുടുംബത്തിലാണ് ജനിച്ചത്. സർദാറുമായി ബന്ധമുണ്ടാകുന്നതിനു മുമ്പുതന്നെ അന്‍റായിനെറ്റ് കുടുംബത്തിനു ഭാരതീയസംസ്ക്കാരത്തോടും ജീവിതാദർശങ്ങളോടും വലിയ മതിപ്പായിരുന്നു. അന്‍റായിനെറ്റിൻ്റെ സഹോദരനായ എർവിൻ ബക്തായ് പ്രശസ്തനായ സാഹിത്യകാരനും ചിത്രകാരനുമായിരുന്നു. മഹാഭാരതത്തിലേയും പഞ്ചതന്ത്രത്തിലേയും പല കഥകളും ഹംഗേറിയൻ ഭാഷയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടാഗോറിന്‍റെയും ഗാന്ധിജിയുടെയും ജീവചരിത്രങ്ങളും അദ്ദേഹം പിന്നീടു പ്രസിദ്ധപ്പെടുത്തി. ഇത്തരത്തിലുള്ള ഒരു ഗൃഹാന്തരീക്ഷത്തിലാണ് അമൃത ജനിച്ചതും വളർന്നതും.
അച്ഛനും അമ്മയും പ്രഭുകുടുംബത്തിലെ അംഗങ്ങളായിട്ടും അമൃതയുടെ ജനനത്തിനു ശേഷം നാലഞ്ചു കൊല്ലക്കാലം അവർക്കു വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. അമൃത ജനിച്ച വർഷമാണ് യൂറോപ്പിലെ സമാധാനജീവിതം കീഴ്മേൽ മറിഞ്ഞത്. ഒന്നാം ലോകമഹായുദ്ധമാരംഭിച്ചപ്പോൾ ഹംഗറിയിൽ വലിയ സാമ്പത്തിക ക്ലേശങ്ങളുണ്ടായി. സര്‍ദാറിനും കുടുംബത്തിനും പതിവായി ഇന്ത്യയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന ആദായം നിലച്ചതാണ് ആ കുടുംബത്തെ ഏറെ വിഷമിപ്പിച്ചത്. സാമ്പത്തിക ക്ലേശം വർദ്ധിച്ച് വന്നപ്പോൾ സർദാർ കുടുംബം ബുഡാപെസ്റ്റിൽ നിന്നും ഒരു നാട്ടുമ്പുറത്തേക്കു താമസം മാറ്റി. അഞ്ചരവയസ്സിൽ അമൃതയെ എഴുത്തിനിരുത്തി. നാലഞ്ചു മാസം കൊണ്ട് അവൾ ഹംഗേറിയൻ ഭാഷ കുറേശ്ശേ എഴുതാനും വായിക്കാനും പഠിച്ചു. അക്കാലത്തുതന്നെ ചിത്രരചനയിലും അഭിരുചി കാണിച്ചു തുടങ്ങിയ അമൃത ഏഴാമത്തെ വയസ്സിൽ കഥാചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. അച്ഛനും അമ്മയും പറഞ്ഞുകൊടുക്കുന്ന പലതരം കഥകളും അമ്മാവൻ പ്രസിദ്ധപ്പെടുത്തിയ മഹാ ഭാരതകഥകളും അവൾക്കു പ്രചോദനം നൽകി. ഇങ്ങനെ ഇന്ത്യൻ സാഹിത്യത്തോടും സംസ്കാരത്തോടും വളരെ താല്പര്യമുള്ളവളായിട്ടാണ് അമൃത ഷെർഗിൽ വളർന്നുവന്നത്.
മഹായുദ്ധമവസാനിച്ചപ്പോൾ ഷെർഗിൽകുടുംബം വീണ്ടും ബുഡാപെസ്റ്റിലേക്കു താമസം മാറി. ഇന്ത്യയിൽ പോകണമെന്ന് സർദാറിനും കുട്ടികൾക്കും ആഗ്രഹമുണ്ടായിരുന്നു. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കുറെനാൾ കൂടി ബുഡാപെസ്റ്റിൽ തന്നെ താമസിച്ചു. യുദ്ധം അവസാനിച്ചുവെങ്കിലും ഹംഗറിയിലെ കലാപങ്ങള്‍ മൂലമുള്ള അരക്ഷിതാവസ്ഥ സർദാർകുടുംബത്തിൻ്റെ സ്വസ്ഥത നഷ്ടപെടുത്തി. 1921 ജനുവരിയിൽ സർദാറും കുടുംബവും ഇന്ത്യയിലേക്കു പുറപ്പെട്ടു. ബുഡാപെസ്റ്റിൽ നിന്നും അവർ നേരെ പോയത് പാരീസിലേക്കായിരുന്നു. അവിടെ രണ്ടാഴ്ചക്കാലം താമസിച്ചു. പാരീസിൽ ആദ്യമായി സന്ദർശിച്ചത് ആർട്ട് ഗാലറികളാണ്. അവയിൽ ‘മൊണാലിസ’ എന്ന ചിത്രം അമ്യതയെ വളരെ ആകർഷിച്ചു..
പാരീസിൽ നിന്ന് നേരെ ബോംബെയിലേക്ക് കപ്പൽ കയറി. ബോംബെയിൽ നിന്നു ദൽഹിയിലേക്കും അവിടെ നിന്നും ലാഹോറിലേക്കും അവർ യാത്രയായി. ലാഹോറിൽ താമസിച്ചത് സർദാർ ഉമ്രോഷെർഗിൻ്റെ സുഹൃത്തും ബന്ധുവുമായ സർദാർ സുന്ദർസിങ്ങിൻ്റെ കൂടെ ആയിരുന്നു. രണ്ടു മാസക്കാലം അവർ സുന്ദർസിങ്ങിൻ്റെ അതിഥി ആയി താമസിച്ചു. ലാഹോർ അക്കാലത്ത് ഇന്ത്യയിലെ ഒരു പ്രധാന പട്ടണമായിരുന്നു. സാംസ്കാരികവും സാമൂഹികവുമായ പല പരിവർത്തനങ്ങളുടെയും പ്രഭവ സ്ഥാനം. മൂന്നര മാസത്തെ സഞ്ചാരം കഴിഞ്ഞ് ഷെർഗിൽകുടുംബം ഷിംലയിൽ എത്തിച്ചേർന്നു.
കുട്ടികളുടെ ഉപരിപഠനം ലക്ഷ്യമാക്കി 1924 ഫെബ്രുവരിയിൽ സർദാർ കുടുംബം ഇറ്റലിയിലെ ഫ്ളോറൻസിലേക്കു പോയി. എന്നാൽ അമൃതയ്ക്ക് അവിടത്തെ പഠനവും താമസവും ഇഷ്ടപ്പെടാത്തതിനാൽ തിരികെ ഇന്ത്യയിലെത്തി ഷിംലയിൽ താമസമാക്കി. അവിടെ സെൻ്റ് മേരീസ് കോൺവെന്‍റിൽ ചേർത്തെങ്കിലും മതപരമായ ചില കാര്യങ്ങളെ ചോദ്യം ചെയ്തതോടെ അമൃതയ്ക്ക് സ്‌കൂളിൽ നിന്ന് പുറത്ത് പോകേണ്ടി വന്നു. താൻ ഒരു നിരീശ്വരവാദിയാണെന്ന് പറഞ്ഞതിനാൽ അമൃതയെ ഷിംലയിലെ ബോർഡിംഗ് സ്കൂളിൽ നിന്ന് പുറത്താക്കി. അപ്പോൾ അവൾക്ക് 16 വയസ്സ് പോലും തികഞ്ഞിരുന്നില്ല. “നിർബന്ധമായി പള്ളിയിൽ പോകുന്നതിനെ അമൃത അംഗീകരിച്ചില്ല, താൻ ഒരു നിരീശ്വരവാദിയാണെന്ന് സ്കൂളിൽ അമൃത പ്രഖ്യാപിച്ചു. മദർ സുപ്പീരിയർ അവളെ പുറത്താക്കുകയും ചെയ്തു,” അമൃതയുടെ അനന്തരവനും കലാകാരനുമായ വിവാൻ സുന്ദരം എഴുതി.
ചിത്രകലാധ്യാപകനായ വാൻ ബെറ്റ്മാൻ്റെ നിർദ്ദേശപ്രകാരം പാരീസിലേക്കു പോയ അമൃത (1929 ഏപ്രിൽ) പ്രൊഫ. പിയറിവെയ്ലൻഡിൽ നിന്ന് ചിത്രകല അഭ്യസിച്ചു. അവിടെ സ്‌റ്റുഡിയോവിൽ സൂക്ഷിച്ചിരുന്ന മൃതശരീരത്തെ മാതൃകയാക്കി അവർ നഗ്നചിത്രങ്ങൾ വരച്ചു. ഒരു കൊല്ലം കഴിഞ്ഞ് അമൃത പ്രസിദ്ധ വിദ്യാലയമായ, പ്രൊഫ. ലൂസിയൻ സൈമൻ്റെ നേതൃത്വത്തിലുള്ള നാഷണൽ ബ്യൂറോ ആർട്‌സ് സ്കൂളിൽ ചേർന്നു. അവിടെ വച്ചു വരച്ച ‘രണ്ടു സ്ത്രീകൾ’ ആണ് അമൃതയെ ശ്രദ്ധേയ ചിത്രകാരിയാക്കിയത്. നാലുകൊല്ലം അവിടെ പഠിച്ച് എണ്ണച്ചായം ഉപയോഗിച്ചുള്ള ചിത്ര രചനയിൽ വൈദഗ്ദ്ധ്യം നേടി. ഫെസ്കോ ചിത്രങ്ങളിൽ പരിചയം നേടിയ അമൃത ശില്പകലയും കൊത്തുപണിയും അഭ്യസിച്ചു.
അക്കാദമി ഡെസ് ബ്യൂക്സ്-ആർട്‌സ് ഡി പാരീസിൽ പ്രവേശനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയായിരുന്നു അമൃത ഷെർഗിൽ . ഇന്ത്യയിലെ സാധാരണ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദൈനംദിന ജീവിതത്തെ എടുത്തുകാണിക്കുന്ന ഒരു വ്യക്തിഗത സൗന്ദര്യശാസ്ത്രം തൻ്റെ വരകളിലൂടെ അമൃത വികസിപ്പിച്ചെടുത്തു. 1932-ൽ ഗ്രാൻ്റ് സലൂണിൽ നടത്തിയ ചിത്രപ്രദർശനത്തിൽ അമൃത ശ്രദ്ധ പിടിച്ചു പറ്റി. ഗ്രാൻ്റ് സലൂണിൽ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യാക്കാരിയുമായിരുന്നു അവര്‍. (പാരീസിലെ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സിന്‍റെ ഔദ്യോഗിക കലാ പ്രദർശനമായിരുന്നു ഗ്രാൻ്റ് സലൂൺ. 1748 – 1890 കാലയളവില്‍ ദ്വിവത്സരത്തിൽ നടക്കുന്ന പാശ്ചാത്യ ലോകത്തിലെ ഏറ്റവും വലിയ കലാമേളയായിരുന്നു ഇത്.)
1934- നവംബറിൽ പാരീസ് വിട്ട് അമൃതാ ഷെർഗിൽ ഇന്ത്യയിലേക്കു മടങ്ങി ഷിംലയിൽ താമസം തുടങ്ങി. ഇന്ത്യയൊട്ടാകെ യാത്ര ചെയ്‌ത് പ്രാചീന കലാശേഖരങ്ങളും ചുമർചിത്രങ്ങളും കഥകളിയും ഭരതനാട്യവുമെല്ലാം അമൃത ഷെർഗിൽ നേരിട്ടു കണ്ടു. മനുഷ്യരൂപങ്ങളുടെയും വികാരങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും കാഴ്ചകളെ, വര്‍ണങ്ങളെ, അമൃത നിറങ്ങളിൽ ചാലിച്ചെടുത്തു. അമൃത്സറിൽ വച്ചു വരച്ച ‘യുവതികൾ’ 1935-ൽ മുംബൈയിൽ നടന്ന അഖിലേന്ത്യാ ചിത്രകലാ പ്രദർശനത്തിൽ ഒന്നാം സമ്മാനം നേടി. അക്കൊല്ലം ഷിംലയിൽ നടന്ന പ്രദർശനത്തിലും പിന്നീട് 1936-ൽ പാരീസിൽ നടന്ന പ്രദർശനത്തിലും അമൃതയുടെ ചിത്രങ്ങൾ സമ്മാനാർഹമായി. 1937-ൽ നടന്ന ചിത്രപ്രദർശനത്തിലുൾപ്പെട്ട ‘വധുവിൻ്റെ ചമയം’, ‘ബ്രഹ്മചാരി’, ‘ചന്തയിൽ പോകുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണർ’ എന്നീ ചിത്രങ്ങൾ പിന്നീട് അതിപ്രശസ്തങ്ങളായി. ഡൽഹി, മുംബൈ, അലാഹാബാദ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പ്രദർശനങ്ങളിലും അമൃതയുടെ ചിത്രങ്ങൾ അംഗീകാരവും സമ്മാനങ്ങളും നേടി. ഇന്ത്യൻ ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിതവും അമൃതയെ കൂടുതലാകർഷിച്ചു.
1938 ജൂണിൽ അമൃത ഷെർഗിൽ ഹംഗറിയിലേക്ക് പോവുന്നു. ലോകപ്രശസ്‌ത ഇന്ത്യൻ ചിത്രകാരിയെന്ന നിലയിൽ ബുഡാപെസ്റ്റിലും ഹംഗറിയിലെ മറ്റു സ്ഥലങ്ങളിലും അമൃതയ്ക്ക് സ്വീകരണം ലഭിച്ചു. ആ വർഷം ബന്ധുവായ ഡോ. വിക്‌ടർ എഗനെ വിവാഹം ചെയ്യുകയും ഒരു കൊല്ലക്കാലം ഹംഗറിയുടെ നാട്ടിൻപുറങ്ങളിൽ അവർ താമസിക്കുകയും ചെയ്തു. ഹംഗേറിയൻ മാർക്കറ്റ്, ഹംഗറിയിലെ കർഷകൻ, ശ്മശാനം, നഗ്നത തുടങ്ങിയ ചിത്രങ്ങൾ ഇക്കാലത്ത് വരച്ചതാണ്. 1939 അവസാനത്തോടെ അമൃത ഭർത്താവുമൊത്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
പിതാവായ സർദാർ ഉമ്രോഷെർഗിൽ ഷിംലയിൽ അമൃതയ്ക്കുവേണ്ടി നവീന രീതിയിലുള്ള ഒരു സ്റ്റുഡിയോയും ഒരുക്കി.. രാവും പകലും അവൾ തന്‍റെ സ്റ്റുഡിയോയിലിരുന്ന് വരച്ചു. 1936-ൽ പാരീസിൽ നടന്ന പ്രദർശനത്തിലും അവര്‍ പങ്കെടുത്തു. ഇന്ത്യൻ രീതിയിലുള്ള പോര്‍ട്രേയ്റ്റുകളായിരുന്നു പാരീസ് പ്രദർശനത്തിന് അയച്ചു കൊടുത്തത്. അവയ്ക്കും മികച്ച അംഗീകാരം കിട്ടി. ഫ്രാൻസിലെ പല പത്രങ്ങളും അമൃതയുടെ കലാവൈഭവത്തെ പ്രശംസി ച്ചുകൊണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ താമസമായതോടുകൂടി അമൃതയുടെ വേഷത്തിലും ഭാവത്തിലും പല വ്യത്യാസങ്ങളും വന്നു. അവൾ ഒരു ഭാരതീയ വനിതയായി മാറി. പാശ്ചാത്യ വേഷമുപേക്ഷിച്ച് ഇന്ത്യൻ വസ്ത്രധാരണ രീതി സ്വീകരിച്ച അമൃത ഇന്ത്യയിലെ സാഹിത്യത്തിലും സംസ്കാരത്തിലും കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങി. ചിത്ര രചനയ്ക്ക് വിഷയങ്ങൾ കണ്ടുപിടിക്കുന്നത് ഇന്ത്യൻ ജീവിതത്തിൽ നിന്നായി. ദേശീയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ടായി. പട്ടണങ്ങളേക്കാൾ അവര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് നാട്ടിന്‍പുറങ്ങളെയായിരുന്നു. സാധാരണക്കാര്‍, പ്രത്യേകിച്ചും ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിത സമ്പ്രദായങ്ങളും അമൃതയെ കൂടുതൽ ആകർഷിച്ചു. അക്കാലത്ത് വരച്ച ചിത്രങ്ങളാണ് “ട്രൈബല്‍ ഫാമിലി,’ ‘ട്രൈബല്‍ വിമണ്‍,’ ‘ബ്രൈഡ്സ് ടോയ്ലറ്റ്’, ‘ബ്രൈഡ്’, ‘ബ്രഹ്മചാരി’, ‘ദക്ഷിണേന്ത്യയിലെ ഒരു ചന്ത’ എന്നിവ. അക്കൊല്ലം ദൽഹിയിൽ നടന്ന പ്രദർശനത്തിലും അമൃത ഒന്നാം സമ്മാനം കരസ്ഥമാക്കി.
ഷിംലയിലും ഉത്തർപ്രദേശിലെ അവരുടെ സ്വന്തം ഫാമിലും കുറച്ചുനാൾ താമസിച്ച അമൃത പിന്നീട് ഡോ. വിക്‌ടറിന് ലാഹോറിലെ ആശുപത്രിയിൽ ജോലി ലഭിച്ചപ്പോൾ അങ്ങോട്ടേക്കു താമസം മാറ്റി. ഡിസംബറിൽ ലാഹോറിൽ നടക്കാനിരുന്ന അഖിലേന്ത്യാ കലാപ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി ചില ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കെ അമൃത ഷെർഗിൽ അകാലത്തിൽ മരണമടഞ്ഞു. 1941 ഡിസംബർ 5-ന് മരിക്കുമ്പോള്‍ 28 വയസ്സ് മാത്രമായിരുന്നു അമൃതയുടെ പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ചിത്രകാരിയുടെ മികച്ച ജീവിത ചരിത്രങ്ങളിലൊന്ന് കലാചരിത്രകാരിയായ യശോധര ഡാൽമിയ എഴുതിയ ’Amrita Sher-Gill a Life’ ആണ്. 2006 ൽ ഈ പുസ്തകം പുറത്തു വന്നു. ചിത്രകലയിലെ യൂറോപ്യൻ മോഡേണിസം ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നത് അമൃത ഷെർഗിൽ ആണെന്ന് യശോധര ഡാൽമിയ എഴുതുന്നു.
പ്രശസ്തരുടെ ജീവചരിത്രങ്ങളുടെ ഏറ്റവും വലിയ പ്രശ്നം, അവരുടെ ജീവിതത്തെക്കുറിച്ചുള്ള നിസ്സംഗവും വിശ്വസനീയവുമായ വിവരണങ്ങൾ ആധികാരികതയോടെ ലഭിക്കുന്നത് ബുദ്ധിമുട്ടാണ് എന്നതാണ്. സെൻസേഷണലിസത്തിൻ്റെ സൂചന പോലും ഇല്ലാതെ തന്‍റെ ചിത്രകാരിയുടെ ജീവിതം പകര്‍ത്തുന്ന ആഖ്യാനത്തിലാണ് യശോധര ഡാൽമിയ ശ്രദ്ധിച്ചത്. വ്യക്തിപരമായ കത്തിടപാടുകൾ ഉൾപ്പെടെ പല സ്രോതസ്സുകളിൽ നിന്ന് തിരഞ്ഞ് കണ്ടുപിടിച്ച വസ്തുതകൾ അവതരിപ്പിച്ച്, വളരെ ചെറപ്പത്തില്‍ മരിച്ചുപോയ, അത്യധികം സ്വാധീനം ചെലുത്തിയ ആ ആഡംബര ചിത്രകാരിയുടെ ബഹുമുഖവും സങ്കീർണ്ണവുമായ ജീവിതകഥ വായനക്കാരന് നൽകാൻ തൻ്റെ ജീവചരിത്രത്തിലൂടെ യശോധര യ്ക്ക് കഴിഞ്ഞു.
“1937 ൽ ജവഹർലാൽ നെഹ്റുവിനെ ഡൽഹിയിൽ വച്ച് അമൃത ഷെർഗിൽ കണ്ടുമുട്ടി. ‘എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടതുപോലെ തന്നെ അദ്ദേഹത്തിനും എന്നെ ഇഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം എന്‍റെ ചിത്ര പ്രദർശനത്തിന് വന്നിരുന്നു, ഞങ്ങൾ വളരെ നേരം അവിടെ ചെലവഴിച്ചു. എക്സിബിഷനിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷം അദ്ദേഹം എനിക്ക് എഴുതി: ‘നിങ്ങളുടെ ചിത്രങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു, കാരണം അവ വളരെയധികം ശക്തിയും ധാരണയും പ്രകടിപ്പിച്ചു. നിങ്ങൾക്ക് ഈ രണ്ട് ഗുണങ്ങളുമുണ്ട്. ഇന്ത്യയിൽ പലപ്പോഴും കാണുന്ന നിർജീവ പരിശ്രമങ്ങളിൽ നിന്ന് ഈ ചിത്രങ്ങൾ എത്ര വ്യത്യസ്തമാണ്!’
ഇതിനുശേഷം അവൾ ഒന്നോ രണ്ടോ തവണ നെഹ്റുവിനെ കണ്ടു, അവർ വളരെ സജീവമായി കത്തുകൾ കൈമാറിയതായി തോന്നുന്നു. അവരുടെ ബന്ധത്തിന്‍റെ കൃത്യമായ സ്വഭാവം അളക്കാൻ പ്രയാസമാണ്, കാരണം നെഹ്റുവിന്‍റെ പല കത്തുകളും പിന്നീട് വിവാഹത്തിനായി ബുഡാപെസ്റ്റിൽ പോയപ്പോൾ അമൃതയുടെ മാതാപിതാക്കൾ കത്തിച്ചുകളഞ്ഞു. വിവാഹം കഴിഞ്ഞതോടെ അവളുടെ പുതിയ സ്റ്റാറ്റസിന് ഒട്ടും അനുയോജ്യമല്ലാത്ത ഒരു ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങളായ കത്തുകൾ അവര്‍ തീയിലെരിച്ച് നശിപ്പിക്കുകയായിരുന്നു. അവൾ അടുത്തിടപഴകിയ, അവൾക്ക് കത്തുകൾ അയച്ച പല പ്രമുഖ വ്യക്തികളെയും മാതാപിതാക്കൾക്ക് അറിയാമായിരുന്നു.” യശോദര ഡാൽമിയ എഴുതി.
“അത് അവളെ വളരെയധികം വിഷമിപ്പിച്ചു, അവർ കാണുകയും പലപ്പോഴും കത്തുകൾ കൈമാറുകയും ചെയ്തിട്ടും, അവള്‍ ഒരിക്കല്‍ പോലും നെഹ്റുവിന്‍റെ ഛായാചിത്രം വരച്ചില്ല. 1937-ൽ ഷിംലയിൽ വച്ച് അടുത്ത സുഹൃത്തും വിശ്വസ്തനുമായ ഇഖ്ബാൽ സിംഗ്, എന്തു കൊണ്ടാണ് നെഹ്രുവിന്റെ ഛായാചിത്രം വരയ്ക്കാത്തത്? എന്നു ചോദിച്ചപ്പോൾ, “നെഹ്രുവിന്റെ രൂപം വളരെ സുന്ദരമാണ് ” അതിനാൽ താൻ ഒരിക്കലും അത് വരയ്ക്കില്ലെന്നാണ് ഷേർഗിൽ മറുപടി പറഞ്ഞത്. പ്രശസ്ത പത്രപ്രവർത്തകനായ സി.പി. രാമചന്ദ്രൻ ഇതേ കുറിച്ച് ഒരിക്കൽ പറഞ്ഞു ‘നെഹ്റുവിന് ഇഷ്ടമുണ്ടായിരുന്ന ഒരു സ്ത്രീയുണ്ട് – അമൃത ഷെർഗിൽ. നല്ലൊരു ചിത്രകാരിയായിരുന്നെങ്കിലും വേണ്ടത്ര Exposure കിട്ടാഞ്ഞതിനാൽ അവർ ശ്രദ്ധിക്കപ്പെടാതെ പോയി. അതിസുന്ദരിയായിരുന്നു അവർ. ‘He is looking at me as if I was a cobra’ എന്നവർ നെഹ്റുവിനെക്കുറിച്ച് പറഞ്ഞതോർക്കുന്നു’.
1937 നവംബർ ആറിന് അയച്ച ഒരു കത്ത് ജവഹർലാൽ നെഹ്റുവിൻ്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. അത് അവരുടെ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന ഒന്ന് മാത്രമായിരുന്നില്ല. ആളുകളെ കാണാനും നേരിട്ട് ബന്ധം സ്ഥാപിക്കാനുമെല്ലാമുള്ള അമൃതയുടെ അസാമാന്യ കഴിവ് കൂടി വെളിപ്പെടുത്തുന്നതാണ്. തന്നെക്കാൾ വളരെ പ്രായമുള്ള, ദേശീയ നേതാവായ ഒരാളെ,പെരുമാറ്റം കൊണ്ടും തന്‍റെ പ്രഭാവം കൊണ്ടും അമൃതയ്ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതിനുള്ള തെളിവുമായിരുന്നു ഇത്. 1938 ലെ വേനൽക്കാലത്ത് ആ കത്തുകൾ തീയിലെരിച്ച് നശിപ്പിച്ചതിനെ കുറിച്ച് അവൾ ബുഡാപെസ്റ്റിൽ നിന്നും വേദനയോടെ തൻ്റെ മാതാപിതാക്കൾക്ക് എഴുതി.
“എന്‍റെ ദുഷിച്ച ഭൂതകാലത്തിന്‍റെ അപകടകാരികളായ സാക്ഷികളാണെന്ന് കരുതിയതുകൊണ്ടല്ല, മറിച്ച് എന്‍റെ ലഗേജ്ജിന്‍റെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞാൻ ആ കത്തുകൾ അവിടെ ഉപേക്ഷിച്ചത്… എങ്കിലും, ആ പഴയ പ്രണയലേഖനങ്ങൾ വായിച്ചാൽ കിട്ടിയേക്കാവുന്ന വിനോദത്തില്‍ നിന്ന് ഒരു ഇരുണ്ട വാർദ്ധക്യത്തിന് ഞാൻ എന്നെത്തന്നെ വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്.“ പ്രശസ്ത എഴുത്തുകാരനായ ഖുഷ്വന്ത് സിംഗാണ് അമൃത ഷെർഗിലിൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വിശദമായി എഴുതിയത്. അതാകട്ടെ സംഭവ ബഹുലവുമാണ്.
1941 ൽ അമൃത ഭര്‍ത്താവുമൊത്ത് ലാഹോറിൽ താമസമാരംഭിച്ചപ്പോൾ തൊട്ടടുത്ത അപ്പാർട്ട്മെൻ്റിൽ താമസിച്ചിരുന്നത് അക്കാലത്ത് അപ്രശസ്തനായ ഖുഷ്വന്ത് സിംഗായിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാകുന്നതിന് മുമ്പ് ഖുഷ്വന്ത് ലാഹോറിലെ കേസില്ലാ വക്കീലായിരുന്നു. അമൃത ഷെർഗിലുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഖുഷ്വന്ത് സിംഗ് എഴുതിയത് ഇങ്ങനെയാണ്. ‘ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ വീട്ടിലെത്തിയപ്പോൾ എന്‍റെ വീടിന് വല്ലാത്തൊരു സൗരഭ്യം. വിലകൂടിയ ഫ്രഞ്ച് പെർഫ്യൂമുകളുടെ സൗരഭ്യം. എൻ്റെ ലൈബ്രറിയും സ്വീകരണമുറിയുമായിരുന്ന മുറിയുടെ നടുക്ക് മേശയ്ക്കു മുകളിൽ തണുപ്പിച്ച ബിയറിൻ്റെ ഒരു വെള്ളി ടിൻ ഞാൻ കണ്ടു. ഞാൻ ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു. അടുക്കളയിലെത്തി. എന്‍റെ പാചകക്കാരനോട് അതിഥി ആരാണെന്നു ചോദിച്ചു. “സാരിയുടുത്ത ഒരു മേംസാബ്” എന്നായിരുന്നു ഉത്തരം. ഞാൻ ഉച്ചഭക്ഷണത്തിനായി ഏതു സമയത്തും വീട്ടിലെത്തിയേക്കാം എന്ന് എൻ്റെ കുശിനിക്കാരൻ അതിഥിയെ അറിയിച്ചിട്ടുണ്ടായിരുന്നു. കാത്തിരുന്ന് മുഷിയേണ്ടെന്നു സ്വയം തീരുമാനിച്ച് അവർ ഫ്രിഡ്‌ജിൽ നിന്ന് ബിയർ എടുത്ത് കുടിച്ചു. അതിനുശേഷം അവര്‍ കുളിക്കുവാനായി അകത്തുകയറി. ഞാൻ വിളിക്കാതെ എൻ്റെ വീട്ടിൽ കയറിവന്നിരിക്കുന്ന ഈ അതിഥി അമൃത ഷെർഗിൽ അല്ലാതെ മറ്റാരുമാകില്ലെന്ന് എനിക്കുറപ്പായി’.
തൻ്റെ ബന്ധു കൂടിയായ ആളെ വിവാഹം കഴിക്കുന്നതിനു മുമ്പ് അമൃത ഒരു തവണ ലാഹോർ സന്ദർശിക്കുവാൻ എത്തിയപ്പോൾ ഉണ്ടായ ഗോസിപ്പുകൾ കഴിഞ്ഞ പല ആഴ്‌ചകളായി ഖുഷ്വന്ത് കേട്ടിരുന്നു. ‘സാധാരണയായി അവർ താമസിക്കാറുള്ളത് ഗിഗോറിലെ ഫലേറ്റീസ് ഹോട്ടലിലായിരുന്നു. രണ്ടു മണിക്കൂര്‍ ഇടവിട്ട് പല കാമുകന്മാർ അവരെ സന്ദർശിച്ചു. ചിലപ്പോൾ ഒരേ ദിനം തന്നെ, ഉറങ്ങുവാൻ പോകും മുമ്പ് ആറും ഏഴും പേർ വന്നുപോയി. ഇത് സത്യമാണെങ്കിൽ (ആണുങ്ങളുടെ വിടുവായത്തങ്ങൾ പെണ്ണുങ്ങളുടേതിനെ അപേക്ഷിച്ച് കൂടുതൽ അവിശ്വസനീയങ്ങളാണ്)’ ഖുഷ്വന്ത് എഴുതി. അവരുടെ ജീവിതത്തിൽ സ്നേഹത്തിന് വളരെ കുറവ് സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. കാമമായിരുന്നു അവർക്കെല്ലാം. അതികാമാർത്തതയുടെ മകുടോദാഹരണമായിരുന്നു അവർ. അവർ സ്വവർഗസംഭോഗ തത്‌പരയുമായിരുന്നു എന്നാണ് അവരുടെ മരുമകൻ വിവാൻ സുന്ദരം എഴുതിയിരിക്കുന്നത്.
ബദ്റുദ്ദീൻ തയ്യാബ്ജി (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റും അഭിഭാഷകനും, ആക്ടിവിസ്റ്റും) യുടെ ഓർമ്മക്കുറിപ്പുകളിൽ അമൃത ഷെർഗിലിൻ്റെ രീതി വ്യക്തമായി വിവരിച്ചിരിക്കുന്നു. അദ്ദേഹം ഷിംലയിൽ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം അദ്ദേഹം അമൃതയെ അത്താഴത്തിനു ക്ഷണിച്ചു. തണുപ്പകറ്റുവാൻ മുറിയുടെ മൂലയിൽ തീ എരിച്ചിട്ടുണ്ടായിരുന്നു. ഗ്രാമഫോണിൽ നിന്നും വെസ്റ്റേൺ സംഗീതമുയരുന്നുണ്ടായിരുന്നു. ആദ്യ സായാഹ്നം ബദ്റുദ്ദീൻ തയ്യാബ്ജി സാഹിത്യവും സംഗീതവും ചർച്ച ചെയ്‌ത് പാഴാക്കി. അദ്ദേഹം അവരെ വീണ്ടും ക്ഷണിച്ചു. അന്നും അതേപോലെ തീയും സംഗീതവുമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാകും മുമ്പ് അമൃത തൻ്റെ വസ്ത്രമുരിഞ്ഞ് പൂർണ്ണനഗ്നയായി കാർപ്പറ്റിൽ മലർന്നു കിടന്നു . സമയം പാഴാക്കുന്നതിൽ അവർക്ക് താത്പര്യമില്ലായിരുന്നു. ബദ്റുദ്ദീൻ തയ്യാബ്‌ജിക്കും ആ സന്ദേശം കൃത്യമായി തന്നെ കിട്ടി.’ ഖുഷ്വന്ത് എഴുതി.
(1937 ജനുവരി 24 ലക്കം)
ഖുഷ്വന്ത് പരാമർശിക്കുന്ന മറ്റൊരു സംഭവം കൽകട്ടയിലെ സ്‌റ്റേറ്റ്സ്മാൻ ദിനപ്പത്രത്തിൻ്റെ എഡിറ്ററായിരുന്ന , ബ്രിട്ടീഷ് പത്ര പ്രവർത്തകനും എഴുത്തുകാരനായ മാൽക്കം മഗെറിഡ്ജുമായി ബന്ധപ്പെട്ടതാണ്(പിന്നീട് ഇംഗ്ലണ്ടിലെ പ്രശസ്തമായ പഞ്ച് മാസികയുടെ എഡിറ്റർ). ‘മാൽകം മഗെറിഡ്‌ജ് എന്ന വിഖ്യാത എഴുത്തുകാരൻ എന്നോടു പറഞ്ഞത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് അമൃതയുടെ മാതാപിതാക്കളുടെ ഷിംലയിലെ വസതിയിൽ ഒരാഴ്‌ച താമസിക്കുവാനുള്ള ഒരവസരം ലഭിച്ചു. അന്ന് അദ്ദേഹം ഇരുപതു വയസുകാരനായിരുന്നു . യൗവനം അതിൻ്റെ ഉത്തുംഗത്തിൽ. ഒരാഴ്‌ചകൊണ്ട് അദ്ദേഹത്തിനെ അമൃത ഷെർഗിൽ നീരില്ലാത്ത വേരു പോലെയാക്കിയത്രെ. അവരുടെ നിലയിലേക്ക് ഉയരുവാൻ തനിക്കായില്ലെന്ന് മാൽകം സമ്മതിക്കുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് കൽക്കട്ടയിൽ എത്തിപ്പെട്ടപ്പോൾ തനിക്കു സന്തോഷം തോന്നിയെന്നും മഗെറിഡ്‌ജ് എന്നോട് പറഞ്ഞു’. ‘കാന്തം ഇരുമ്പുതരികളെ ആകർഷിക്കുന്ന ലാഘവത്വത്തോടെ അമൃത പുരുഷന്മാരെ ആകർഷിച്ചു. അവരുടെ വ്യക്തിത്വവും വശീകരണ സ്വഭാവവും അതിന് കൂടുതൽ സഹായിച്ചു. ഞാനും അതിൽ നിന്നും വ്യത്യസ്‌തനല്ല. മുറിയിലേക്ക് അവർ കടന്നുവന്നപ്പോൾ അവരെ അഭിവാദ്യം ചെയ്യുന്നതിനായി ഞാൻ എഴുന്നേറ്റുനിന്നു. “താങ്കൾ അമൃത ഷെർഗിലായിരിക്കണം,” ഞാൻ പറഞ്ഞു. അവർ തലയാട്ടി. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാനവരെ സാകൂതം വീക്ഷിക്കുകയായിരുന്നു. കുറിയ ശരീരം, ഇളം മഞ്ഞ നിറം, കറുത്ത മുടി നടുക്ക് വകഞ്ഞിട്ടിരിക്കുന്നു, കട്ടികൂടിയ വികാരം തുടിക്കുന്ന ചുണ്ടുകളിൽ ചായം തേച്ചിരിക്കുന്നു, നീണ്ട മൂക്കിലെ കറുത്ത പാടുകൾ വ്യക്തമാണ്.
ആകപ്പാടെ പറഞ്ഞാൽ സൗന്ദര്യവതിയാണെങ്കിലും അതീവ സുന്ദരിയെന്നൊന്നും പറയാനാവില്ല’. ‘അവർ വരച്ച സ്വന്തം ഛായാചിത്രങ്ങൾ ആത്മാരാധന മാത്രമായിരുന്നു. ഒരുപക്ഷേ, അവർ വരച്ചിരുന്ന അവരുടെ നഗ്നചിത്രങ്ങളിലേതുപോലെ സുന്ദരമായ ശരീരം അവർക്കുണ്ടായിരുന്നിരിക്കാം. എന്നാൽ ആ സാരിക്കടിയിലെ രൂപം എങ്ങനെയിരുന്നു എന്നു കാണുവാൻ എനിക്കൊരു മാർഗ്ഗവുമില്ലായിരുന്നു. എനിക്കു മറക്കാനാകാത്തത് അവരുടെ ധിക്കാരം മാത്രമാണ്. അവർ സംസാരിച്ചുകഴിഞ്ഞ് മുറിക്കു ചുറ്റിലും ഒന്ന് കണ്ണോടിച്ചു. മുറിയിലുണ്ടായിരുന്ന ചില പെയിൻ്റിങ്ങുകളിലേക്ക് ഞാൻ വിരൽചൂണ്ടി. “ഇത് എൻ്റെ ഭാര്യ വരച്ചതാണ്. അവൾ ഒരു അമച്വറാണ്. ഞാൻ പറഞ്ഞു. അവർ അവയിലേക്കു കണ്ണോടിച്ചു. “അത് കണ്ടാലറിയാം” എന്നായിരുന്നു അമൃതയുടെ മറുപടി.’ ഖുഷ്വന്ത് എഴുതി.
ഒരവധിക്കാലം ഷിംലയിൽ ഖുഷ്വന്ത് ചിലവഴിച്ചു. ആഴ്‌ചകൾ കഴിഞ്ഞപ്പോൾ ഖുഷ്വന്ത് മഷോബ്രയിൽ ഉണ്ടായിരുന്ന അമൃത ഷെർഗിലിനെ വീട്ടിൽ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. ഖുഷ്വന്തിൻ്റെ ബന്ധുവായ ചമൻലാൽ, അദ്ദേഹത്തിൻ്റെ ഭാര്യ ഹെലൻ, അമൃത എന്നിവർ ഉച്ചയ്ക്കു തന്നെ വിരുന്നിനെത്തി. ഷിംലയിലെ വീട്ടിനടുത്ത കുന്നിൻ ചരിവിനും അതിൻ്റെ മുന്നിലുള്ള വിശാലമായ താഴ്‌വാരത്തിനും അഭിമുഖമായി ഒരു ഓക്കുമരത്തിൻ്റെ ചുവട്ടിലാണ് ഉച്ചഭക്ഷണത്തിനുള്ള മേശയും കസേരകളും ഒരുക്കിയത്..
അവിടെ വന്ന അതിഥികളെല്ലാം കൗതുകത്തോടെ ഏഴുമാസം പ്രായമുള്ള ഖുഷ്വന്തിൻ്റെ മകൻ രാഹുലിനെ ശ്രദ്ധിച്ചു. ആരേയും ആകർഷിക്കുന്ന നല്ല ഓമനത്തമുള്ള മുഖവും ചുരുളൻ മുടികളും വലിയ കണ്ണുകളുമായിരുന്നു അവന്. എഴുന്നേറ്റു നിൽക്കുവാൻ പഠിക്കുന്ന ശിശുപ്രായമായതിനാൽ അതിഥികൾ മാറിമാറി അവനെയെടുക്കുകയും കളിപ്പിക്കുകയും ചെയ്‌തു കൊണ്ടിരുന്നു. അതിനോടൊപ്പം തന്നെ ഇത്രയും ഓമനത്തമുള്ള ഒരു മകനെ ലഭിച്ചതിന് അവരെല്ലാം ഖുഷ്വന്തിൻ്റെ ഭാര്യയെ അഭിനന്ദിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. എന്നാൽ അമൃത മാത്രം അവരുടെ ബിയർ ഗ്ലാസ്സിന്‍റെ ആഴങ്ങളിൽ മുങ്ങിപ്പോയിരുന്നു. അവർ ഏകയായി മാറി ഇരുന്നു. കുട്ടിയെ കുറിച്ചുള്ള എല്ലാവരുടെയും പുകഴ്ത്തലുകൾ കഴിഞ്ഞപ്പോൾ അവർ എൻ്റെ മകനെ സൂക്ഷിച്ച് നോക്കി. എന്നിട്ടു പറഞ്ഞു. “എന്തൊരു വൃത്തികെട്ട ചെക്കൻ’’.. അവിടെ കൂടിയ എല്ലാവരും പെട്ടെന്ന് തണുത്തുറഞ്ഞുപോയി. ചിലർ ഈ മര്യാദകെട്ട പെരുമാറ്റത്തിൽ പ്രതിഷേധിച്ചു. എന്നാൽ അമൃത അതിനൊന്നും ചെവികൊടുക്കാതെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ബിയർ മൊത്തിക്കുടിച്ചു നിസംഗതയോടെ അവിടെ ഇരുന്നു.
ഇതേ കുറിച്ച് ഖുഷ്വന്ത് എഴുതി ‘ അതിഥികളെല്ലാം പിരിഞ്ഞപ്പോൾ എൻ്റെ ഭാര്യ എന്നോട് വളരെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “ഇനിയൊരിക്കലും ആ വൃത്തികെട്ട ജന്തുവിനെ ഞാനെൻ്റെ വീട്ടിൽ കയറ്റുകയില്ല.” ‘അമൃതയുടെ ഈ വൃത്തികെട്ട പെരുമാറ്റം ഷിംലയിൽ ചർച്ചാവിഷയമായി. അതുപോലെ തന്നെ എൻ്റെ ഭാര്യ അവരെക്കുറിച്ചു പറഞ്ഞതും. എൻ്റെ ഭാര്യ എന്താണ് പറഞ്ഞതെന്ന് അമൃതയറിഞ്ഞു. അവൾ ശക്തമായി പ്രതികരിച്ചു. അത് ഇപ്രകാരമായിരുന്നു: “അവൾ ആയുഷ്‌കാലം മുഴുവനും മറക്കാത്ത ഒരു മറുപടി ഞാനാ ജന്തുവിനു നൽകുന്നുണ്ട്. ഞാനവളുടെ ഭർത്താവിനെ മാനഭംഗപ്പെടുത്തി വഴിപിഴപ്പിക്കും. ഞാൻ ആകാംക്ഷയോടെ ആ ദിനവും കാത്തിരിപ്പായി. എന്നാൽ അതു വന്നില്ല’. ഖുഷ്വന്ത് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ എഴുതി.
ഡിസംബറിൽ ഞങ്ങൾ ലാഹോറിൽ തിരിച്ചെത്തി. ആ സമയത്തു തന്നെ അമൃതയും ഭർത്താവും അവിടെയെത്തി. അവിടെ വെച്ച് അമൃത രോഗബാധിതയായി. അമൃതയുടെ അസുഖം മൂർച്ഛിച്ചിരിക്കുന്നുവെന്നും കോമയിലാണെന്നും ചില സുഹൃത്തുകൾ പറഞ്ഞു. അവരുടെ മാതാപിതാക്കള്‍ അമൃതയുടെ കൂടെ താമസിക്കുവാനായി സമ്മർഹില്ലിൽ നിന്നും അവിടെ എത്തിയിരുന്നു. ‘ബ്രിഡ്‌ജ് കളിക്കുന്നതിൽ അതീവ തത്പരയായിരുന്നു അമൃത. അർദ്ധബോധാവസ്ഥയിൽ അമൃത ബ്രിഡ്‌ജ് കളിക്കുന്നതുപോലെ പലതും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അടുത്ത ദിനം കാലത്ത് അമൃതയുടെ മരണ വാർത്ത ഞാൻ കേട്ടു’ ഖുഷ്വന്ത് എഴുതി. ഞാൻ വേഗത്തിൽ അവരുടെ അപ്പാർട്ട്മെൻ്റിലെത്തി. വാതിൽക്കൽ, അമൃതയുടെ പിതാവ്, സർദാർ ഉറോംവൊ സിങ് ഷെർഗിൽ സ്‌തബ്ധനായി പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിൽപ്പുണ്ടായിരുന്നു. ദുരന്തത്തോട് പൊരുത്തപ്പെടുവാനാകാതെ അമൃതയുടെ ഹംഗറിക്കാരി മാതാവ് അമൃത കിടന്നിരുന്ന മുറിയിലേക്കു വന്നും പോയുമിരുന്നു.
അന്ന് വൈകിട്ട് ശ്‌മശാനത്തിലേക്ക് അമൃതയുടെ ശരീരം കൊണ്ടു പോകുമ്പോൾ യാത്രയെ അനുഗമിക്കാൻ അര ഡസനിലധികം പേരുണ്ടായിരുന്നില്ല. അമൃതയുടെ ഭർത്താവായ ഡോക്ടർ വിക്ടർ ഏഗനാണ് ചിതയ്ക്കു തീ കൊളുത്തിയത്. ഞങ്ങൾ അപ്പാർട്ട്മെന്‍റിലേക്കു തിരിച്ചെത്തിയപ്പോൾ പോലീസ് അമൃതയുടെ ഭർത്താവിനെ കാത്തുനിൽക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ സഖ്യരാജ്യമാണ് ഹംഗറി എന്നതിനാൽ ബ്രിട്ടൻ ഹംഗറിക്കു മേൽ യുദ്ധം പ്രഖ്യാപിച്ചിരുന്നു. അമൃതയുടെ ഭർത്താവായ വിക്ടർ ഏഗൻ ഹംഗറിക്കാരനായതിനാൽ അദ്ദേഹം ബ്രിട്ടന്‍റെ ശത്രുവായിരുന്നു. അതിനാൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ ജയിലടച്ചു.
‘പോലീസ് കസ്റ്റഡിയിലായത് വിക്ടറിന് ഭാഗ്യമായി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അമൃതയുടെ അമ്മ അമൃതയെ അദ്ദേഹം കൊലപ്പെടുത്തി എന്ന ആരോപണവുമായി രംഗത്തെത്തി. തൻ്റെ മകളുടെ പെട്ടെന്നുള്ള മരണത്തിൻ്റെ സാഹചര്യം പൂർണ്ണമായും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അവർ അവർക്കറിയാവുന്ന എല്ലാവർക്കും കത്തെഴുതി. അവരുടെ കത്ത് ലഭിച്ചവരിൽ ഞാനും ഉൾപ്പെടുന്നു.’ അകാലത്തിലുള്ള അമൃത ഷെർഗിലിൻ്റെ മരണത്തെ കുറിച്ച് ഖുഷ്വന്ത് എഴുതി. ‘അത് ഒരു കൊലപാതകമല്ല . മറിച്ച് മെഡിക്കല്‍ നെഗ്ലിജന്‍സ് മൂലമുള്ള മരണമായിരുന്നു’ എന്ന് ഖുഷ്വന്ത് പറയുന്നു. ഡോക്ടറിൽ നിന്ന് ലഭിച്ച വിശദാംശങ്ങൾ ഖുഷ്വന്തിന് ലഭിച്ചു. അദ്ദേഹം എഴുതുന്നു. ‘ ഗർഭച്ഛിദ്രം നടത്തുന്നതിലെ പാളിച്ചകള്‍ മൂലം അമൃതയ്ക്ക് മഹോദരം ബാധിച്ചിരുന്നു. തുടര്‍ന്ന് അമിതമായ രക്തവാർച്ചയുണ്ടായിരുന്നു. ഉടൻ രക്തം കൊടുക്കണമെന്ന് അമൃതയുടെ ഭർത്താവ് വിക്ടർ ചികിത്സിക്കാൻ വന്ന ഡോക്ടറിനോടാവശ്യപ്പെട്ടു. രോഗിയെ പൂർണ്ണമായും പരിശോധിക്കാതെ അതിനൊരുക്കമല്ലെന്ന് ഡോക്ടർ രഘുബീർ സിങ് തറപ്പിച്ചു പറഞ്ഞു. രണ്ട് ഡോക്ടർമാരും തർക്കിച്ചുകൊണ്ടിരുന്നതിനിടയ്ക്ക് അമൃത സാവധാനത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. വെറും 28 വയസ്സിൽ മരിക്കുമ്പോൾ ആ കാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രകാരിയായി അവർ അറിയപ്പെട്ടിരുന്നു.
“ഒരു സ്ത്രീയായ അവർ ഇന്ത്യൻ കലയിൽ ആധുനികതയുടെ പ്രചാരകയാകയായത് ഒരു സാധാരണ നേട്ടമല്ല എന്നതിനാൽ അമൃത ഷെർഗിലിന്‍റെ ജീവിതകഥ പ്രത്യേകിച്ചും ആവേശകരമാണ്. അവരുടെ മരണ ശേഷവും തലമുറകളായി അവർ കലാകാരന്മാരെ പ്രചോദിപ്പിക്കുന്നു എന്നത് ഇന്ത്യയിലെ ചിത്രകലയിൽ അവർക്കുള്ള വലിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. അതിനുപുറമെ, അവരുടെ ജീവിതം വളരെ നാടകീയവും അവർക്ക് മറികടക്കേണ്ടി വന്ന പോരാട്ടങ്ങൾ സാഹസികത നിറഞ്ഞതുമാണ്.” യശോധര ഡാൽമിയ വരാനിരിക്കുന്ന ‘ അമ്രി’ സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടു.
ഇടത്ത് കഥാപാത്രം, മുകളിൽ അഭിനേതാവ്
‘പതിറ്റാണ്ടുകളായി ഞാൻ നിർമ്മിച്ച എല്ലാ സിനിമകളും അമൃത ഷെർഗില്ലിന്‍റെ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കാഴ്ച എങ്ങനെയാവണമെന്ന് അവർ എന്നെ പഠിപ്പിച്ചു. ഇന്ത്യയുടെ ആത്മാവിനെ ആരും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തിൽ ശുദ്ധീകരിക്കാനുതകുന്ന, ഏറ്റവും മികച്ച യൂറോപ്യന്‍ ആര്‍ട്ട് പ്രാക്ടീസ് ആയിരുന്നു അമൃതയുടെ ആര്‍ട്ട്. ഇന്ത്യയിലെ സാധാരണക്കാരുടെ ചിത്രം വരച്ച, അവരുടെ പാലറ്റിന്‍റെയും നിറത്തിന്‍റെയും ഫ്രെയിമിംഗിന്‍റെയും ധൈര്യം എന്നെ വളരെ സ്പർശിച്ചു.’ ചിത്രത്തിൻ്റെ സംവിധായക മീരാ നായർ തൻ്റെ ബയോപിക്കിലെ യഥാർത്ഥ കഥാപാത്രമായ അമൃത ഷെർഗിലിനെ കുറിച്ച് പറയുന്നു.
അടുത്ത വർഷം വിദേശത്ത് അമൃത ഷെർഗില്ലിൻ്റെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്, 2027-ൽ പാരീസിൽ തുടങ്ങി ലോസ് ഏഞ്ചൽസ്, ദോഹ തുടങ്ങിയ നഗരങ്ങളിൽ പ്രദർശിപ്പിച്ച് ഒടുവിൽ ന്യൂഡൽഹിയിൽ ഒരു സ്ഥിരം പ്രദർശന ഗാലറി സ്ഥാപിക്കാനൊരുങ്ങുന്ന ഈ പദ്ധതി വിജയിക്കാൻ ‘അമ്രി’ ചലച്ചിത്രം വലിയ ഊർജ്ജവും പിൻതുണയും നൽകുമെന്നാണ് കരുതുന്നത്.
Content Summary: ‘Amri’ is a Mira Nair biopic on painter Amrita Sher-Gil, highlighting her artistic journey and influence on modern Indian art. It also touches on her bohemian life, relationships, and the controversies surrounding her.
This post was last modified on May 23, 2026 2:31 pm
Leave a Comment