ആനന്ദ് ശ്രീബാല; സാധാരണക്കാരൻ്റെ സത്യാന്വേഷണ കഥ

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ്‌യുടെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രൈം ത്രില്ലര്‍ ഡ്രാമയാണ് ആനന്ദ് ശ്രീബാല.

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ്‌യുടെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രൈം ത്രില്ലര്‍ ഡ്രാമയാണ് ആനന്ദ് ശ്രീബാല. വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. സ്ലോ മൂഡില്‍ തുടങ്ങി പ്രേക്ഷകന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിവുള്ള ചിത്രമാണിത്. മിഷേൽ ഷാജി എന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നാണ് സിനിമയുടെ ആശയം രൂപപ്പെട്ടത്. വിഷ്ണു തന്റെ ആദ്യ ചിത്രത്തില്‍ തന്നെ നീതി കിട്ടാതെപോയ ഒരു പെണ്‍കുട്ടിയെ അടയാളപ്പെടുത്തുകയാണ്. ഒരു സാധാരണക്കാരന്‍, പോലീസിനെ കേസന്വേഷണത്തില്‍ സഹായിക്കുന്നു എന്നത് രസിപ്പിക്കുന്ന ഒരു കാര്യമാണ്. ഇത് എങ്ങനെ എന്ന ആകാംക്ഷ കൂടി ആളുകളെ തിയറ്ററിലേക്ക് എത്തിക്കുന്നു.Anand Sreebala a crime thriller

കഥയുടെ ആദ്യ പകുതി പ്രധാനമായും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനും കഥാപശ്ചാത്തലം മനസ്സിലാക്കി തരുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്. പ്രണയവും, അമ്മയോടുള്ള സ്നേഹവും കാണിക്കുന്ന ചിത്രത്തില്‍ ഇവയൊന്നും തന്നെ അമിതമായി കാണിക്കാതെ കാണികള്‍ക്ക് കൂടി ബോധ്യപ്പെടുന്ന രീതിയില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, മാളവിക മനോജ്, സംഗീത മാധവന്‍ എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി നിര്‍മിച്ച ചിത്രം നടന്ന സംഭവത്തെ ആസ്പദമാക്കുന്നു എന്നത് കൂടുതല്‍ ആവേശം പ്രേക്ഷകന് നല്‍കുന്നുണ്ട്. നമ്മുടെ ഉദ്യോഗസ്ഥരും വ്യവസ്ഥകളും അശ്രദ്ധമാകുന്നത് എത്രത്തോളം സമൂഹത്തെ ബാധിക്കുമെന്നതും ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. നായകനെ മാസ് ആക്കി കാണിക്കാവുന്ന രംഗങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും വളരെ തന്മയത്വത്തോടെ നായകനെ ഒരു സാധാരണക്കാരന്‍ മാത്രമാക്കിയാണ് ചിത്രത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്.

ലോ കോളേജ് വിദ്യാര്‍ഥിയായ മെറിന്റെ ദുരൂഹമായ മരണവും അതിന് പിന്നിലെ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനായി ആനന്ദ് ശ്രീബാല എന്ന സാധാരണക്കാരന്‍ ശ്രമിക്കുന്നതുമാണ് കഥാംശം. ആനന്ദ് എങ്ങനെ മെറിന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്നു, അന്വേഷിക്കുന്നു, തെളിയിക്കുന്നു എന്നതെല്ലാം ത്രില്ലടിപ്പിക്കുന്ന രീതിയില്‍ തന്നെ കാണികളിലേക്കെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഓരോ ആളുകളുടെയും അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. അര്‍ജുന്‍ അശോകന്റെയും സൈജു കുറുപ്പിന്റെയും അഭിനയം മികച്ചതാകുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇരുവരും മുന്‍പും പല ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങളിലെത്തി നമ്മെ വിസ്മയിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ താരമായ ബാഷിദ് ബഷീറിന്റെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ഒരിടവേളക്ക് ശേഷം സംഗീത മാധവന്‍ സിനിമാ രംഗത്തേക്ക് തിരിച്ചുവന്ന ചിത്രം എന്ന പ്രത്യേകത കൂടി ആനന്ദ് ശ്രീബാലക്കുണ്ട്. സംഗീത തന്റെ റോള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്യുകയും ഇടവേളയുടെ ഫീല്‍ കാണികളിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നന്ദു, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ സംതൃപ്തിയും എന്നാല്‍ ഒരു സങ്കടത്തിന്റെ തരിയും ബാക്കിയാക്കിയാണ് ആനന്ദ് ശ്രീബാല തിയേറ്ററുകളില്‍ നിന്ന് നമ്മെ മടക്കി അയയ്ക്കുന്നത്. മികച്ച അഭിനയത്തികവോടെ കഥാപാത്രങ്ങളെല്ലാം വേഷപ്പകര്‍ച്ച ചെയ്യുമ്പോള്‍ ആസ്വാദനത്തോടൊപ്പം ചിന്തിക്കാനൊരു തീപ്പൊരി കൂടിയാണ് ചിത്രം പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നത്.Anand Sreebala a crime thriller

content summary; Anand Sreebala a crime thriller

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

This post was last modified on November 19, 2024 7:22 pm

അതുല്യ മുരളി: സബ് എഡിറ്റർ
Related Post
Leave a Comment