June 03, 2026 |

ജനപ്രിയ ചിത്രം പ്രേമലുവിനെ ജനപ്രിയമാക്കുന്നതെന്ത്?

യങ് ജനറേഷന്‍ ചിത്രം എങ്ങനെയായിരിക്കും വിജയം നേടിയിരിക്കുക

2024 ന്റെ തുടക്കത്തില്‍ പ്രേമലു തിയേറ്ററുകളില്‍ എത്തിയപ്പോള്‍, മലയാള സിനിമയിലെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായി അത് മാറുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച്, ഗിരീഷ് എ ഡി സംവിധാനം ചെയ്ത നസ്ലിന്‍ കെ. ഗഫൂര്‍, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവര്‍ അഭിനയിച്ച ഈ റൊമാന്റിക് കോമഡി കേരളത്തിലും കേരളത്തിന് പുറത്തും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. 100 കോടി കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴിതാ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിരിക്കുന്നു. യങ് ജനറേഷന്‍ പ്രണയത്തിനെ ആസ്പദമാക്കിയ ഒരു ചെറിയ മലയാള ചിത്രം എങ്ങനെയായിരിക്കും ഇത്ര വലിയ ഒരു വിജയം നേടിയെടുത്തിരിക്കുക.

യുകെ വിസയ്ക്കായ് കാത്തിരുന്ന് ഒടുവില്‍ അതൊരു കിട്ടാക്കനിയാകുകയും നാട്ടില്‍ തുടര്‍ന്ന് പോകുവാന്‍ സാധിക്കാത്ത സാഹചര്യം വരുകയും ചെയ്യുമ്പോള്‍, ഹൈദരാബാദിലേക്ക് താമസം മാറ്റുന്ന തൊഴിലന്വേഷിയായ എഞ്ചിനീയറിംഗ് ബിരുദധാരി സച്ചിന്റെയും, ആത്മവിശ്വാസവും ആത്മബോധവുമുള്ള ഐ ടി ജീവനക്കാരിയായ റീനുവിന്റെയും പ്രണയകഥയാണ് പ്രേമലു. പഴയ ചില പ്രിയദര്‍ശന്‍ സിനിമകള്‍ ഓര്‍മിപ്പിക്കും പോലെ നായികയ്ക്കും നായകനും ചുറ്റില്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും അവരുണ്ടാക്കുന്ന തെറ്റിദ്ധാരണകളുടെയും ഒരു ലോകം ചിത്രം സൃഷ്ടിച്ചിട്ടുണ്ട്.

പറഞ്ഞുവരുമ്പോള്‍ എല്ലാം പരിചിതമായ ചേരുവകളാണ്, പക്ഷേ പുതിയ കാലത്തിന്റെ താല്പര്യങ്ങളെ മനസിലാക്കിക്കൊണ്ട് ഈ ചേരുവകളോരോന്നും വിവേകത്തോടെയും ഊഷ്മളതയോടെയും പ്രേമലു കൈകാര്യം ചെയ്തിരിക്കുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ തന്റെ മുന്‍ ചിത്രങ്ങളിലേതിന് സമാനമായി നര്‍മ്മത്തിന് തന്നെയാണ് പ്രേമലുവിലും സംവിധായകന്‍ ഗിരീഷ് എ ഡി പ്രാധാന്യം കൊടുത്തിരിക്കുന്നത്.

അതിശയോക്തികളില്ലാതെ, ഇന്നത്തെ യുവത്വത്തിന്റെ ബന്ധങ്ങളെയും ജീവിത രീതികളെയും പ്രണയത്തെയും അടിസ്ഥാനമാക്കിയിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങളും തമാശകളും യങ് ജനറേഷന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് എന്ന് പറയാനാകും വിധം സ്വാഭാവികമായി തോന്നുന്നു എന്നത് ചിത്രത്തെ ജനപ്രിയമാക്കിയ ഘടകമാണ്.

കൂടാതെ ഇന്നത്തെ തലമുറയുടെ പ്രതിനിധികളാണ് നായകനും നായികയുമെങ്കിലും, ഇഷ്ടം തുറന്ന് പറയാനും ഒരു കമ്മിറ്റ്‌മെന്റിന് തയ്യാറാകാനും ബുദ്ധിമുട്ടുള്ള നായികയും, അവളുടെ സ്‌നേഹം എങ്ങനെയെങ്കിലും ലഭിക്കണം എന്ന് അതിയായി ആഗ്രഹിച്ചു നടക്കുന്ന കാമുകനും, അവന്റെ വേദനകള്‍ സ്വന്തം വേദനയായി ഏറ്റെടുക്കുന്നതിനൊപ്പം തന്നെ അവനെ വിമര്‍ശിക്കുകയും ചെയ്യുന്ന നായകന്റെ കൂട്ടുകാരനും കൂടി ചേരുമ്പോള്‍ കഴിഞ്ഞുപോയ തലമുറയ്ക്കും നൊസ്റ്റാള്‍ജിയ ഉണ്ടാക്കുവാന്‍ ഉള്ള ചേരുവകള്‍ സിനിമയില്‍ ഒരുക്കിയിട്ടുണ്ട് എന്നതും ചിത്രത്തെ ജനപ്രിയമാക്കുന്നു.

മമിതയുടെയും നസ്ലിന്റെയും സംഗീതിന്റെയും പ്രകടനങ്ങളും, അവരോടുള്ള പ്രേക്ഷകരുടെ സ്‌നേഹവും പ്രേമലുവിന്റെ വിജയത്തിനെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.

മലയാള സിനിമ പലപ്പോഴും ആഘോഷിക്കുന്ന ഒരു മാച്ചോ ഹീറോ അല്ല പ്രേമലുവിലെ സച്ചിന്‍. നമ്മുടെ നായകസങ്കല്പങ്ങള്‍ക്ക് ചേരാത്ത വിധം പോരായ്മകളും പരിമിതികളും ഉള്ളവനാണയാള്‍. മമിത ബൈജു അവതരിപ്പിക്കുന്ന റീനു എന്ന നായികാകഥാപാത്രമാണെങ്കില്‍ ബുദ്ധിയുള്ളവളാണ്. സമര്‍ത്ഥയായ നായികയും പോരായ്മകളുള്ള നായകനും ഇന്‍ക്ലൂസീവായ പുതിയ കാലത്തിനും പുതിയ പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുന്ന ഘടകങ്ങളാണ്.

പുരുഷത്വത്തെ മഹത്വവല്‍ക്കരിക്കാന്‍ നില്‍ക്കാത്ത ചിത്രം, സ്വന്തം അതിരുകള്‍ സ്വയം നിശ്ചയിക്കുന്ന, അനാവശ്യ കെയറിങ് നിരസിക്കുന്ന, പുറമെയുള്ള ആകര്‍ഷണത്തേക്കാള്‍ വൈകാരികമായ പക്വത തിരഞ്ഞെടുക്കുന്ന പുതിയ കാലത്തിന്റെ സ്ത്രീത്വത്തെ റീനുവിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ ഇല്ലാതാക്കികൊണ്ട് ആരോഗ്യകരവും സമകാലികവുമായ ഒരു പ്രണയകഥ നര്‍മത്തിലൂടെ അവതരിപ്പിച്ചതിനാല്‍ യുവ പ്രേക്ഷകരെ, പ്രത്യേകിച്ച് സ്ത്രീകളെ ആകര്‍ഷിക്കുവാനും ചിത്രത്തിന് സാധിച്ചു.

അമിത പ്രതീക്ഷകളുടെ ഭാരം പേറി വന്ന മലയ്ക്കോട്ടെ വാലിബന്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി തകര്‍ന്നുപോയതിന് പിന്നാലെയാണ്, പ്രത്യേകിച്ച് വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ ഗിരീഷ് എഡി യുടെ പ്രേമലു റിലീസ് ആകുന്നത്. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം തീയേറ്ററില്‍ പോയി കാണാന്‍ പറ്റിയ നല്ലൊരു ചിത്രത്തിന് വേണ്ടി കാത്തിരുന്ന പ്രേക്ഷകര്‍, ഇഷ്ട സിനിമകളായ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെയും സൂപ്പര്‍ ശരണ്യയുടെയും സംവിധായകന്റെ പ്രേമലുവിനും ധൈര്യമായി ടിക്കറ്റ് എടുക്കുകയായിരുന്നു.

Content Summary: Popular movie Premalu of 2024

സംഗീത സുബ്രമണ്യൻ

സംഗീത സുബ്രമണ്യൻ

കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×