ആശാന്‍ കണ്ടപ്പോള്‍ തോന്നിയ ചില ദാര്‍ശനികമായ ചിന്തകള്‍ പങ്കുവെക്കാനാണ് ഈ കുറിപ്പ്. ആദ്യം തന്നെ സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങാം. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ സിനിമ, സിനിമയെ സ്വപ്നമായി കാണുന്നവരുടെയും അതിന്റെ പിന്നില്‍ പണിയെടുക്കുന്നവരുടെയും ജീവിതം പറയുന്ന ഒരു കഥയാണ്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രം, അഭിനയമികവിനൊപ്പം സിനിമയോടുള്ള യുവാക്കളുടെ അടുപ്പവും ആവേശവും മുന്നോട്ട് വെക്കുന്നു. വനയോരഗ്രാമത്തില്‍ നിന്നുള്ള സാധാരണ യുവാവായ അനന്തരാമന്‍, സിനിമയെ ജീവിതസ്വപ്നമായി കണ്ടാണ് മുന്നോട്ട് പോകുന്നത്. സിനിമാ സംവിധായകനാകുക എന്ന ലക്ഷ്യത്തിലേക്ക് കടക്കുമ്പോള്‍ അയാള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. പരിചയങ്ങളും സ്വാധീനങ്ങളും ഇല്ലാതെ അവസരം തേടി നടക്കുന്ന ആയിരക്കണക്കിന് തുടക്കക്കാരുടെ പ്രതിനിധിയാണ് അനന്തരാമന്‍. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍, ഒരു പ്രശസ്ത സംവിധായകന്റെ പുതിയ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാനുള്ള അവസരം അയാള്‍ക്ക് ലഭിക്കുന്നു. ഒരു ഫ്‌ളാറ്റിനെ ആസ്പദമാക്കി നടക്കുന്ന ഷൂട്ടിംഗാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ആ ഫ്‌ളാറ്റിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ആളാണ് ആശാന്‍. അവിടെയുള്ളവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട വ്യക്തിയായി ആശാന്‍ ഗണനീയനാണ്. ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആശാനും അനന്തരാമനും സിനിമായൂണിറ്റിനും ഇടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധികളെ അവര്‍ എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

സിനിമയോട് അടുപ്പമുള്ള ആശാന്‍ എന്ന കഥാപാത്രത്തെ ഇന്ദ്രന്‍സ് വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു. ഹാസ്യത്തോടെ ആരംഭിക്കുന്ന പ്രകടനം പിന്നീട് വികാരഭരിതമായ ഘട്ടങ്ങളിലേക്ക് നീങ്ങുന്നു. ചിരിപ്പിക്കുകയും വികാരഭാരം സൃഷ്ടിക്കുകയും ചെയ്യുന്ന രംഗങ്ങളില്‍ ഇന്ദ്രന്‍സ് പുലര്‍ത്തുന്ന നിയന്ത്രണം കഥാപാത്രത്തെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. അനന്തരാമനായി എത്തിയ ജോമോന്‍ ജ്യോതിര്‍, സിനിമയോടുള്ള ആത്മാര്‍ത്ഥതയും പ്രതിസന്ധികളോട് പൊരുതുന്ന മനസ്സും നന്നായി അവതരിപ്പിക്കുന്നു. വികാരരംഗങ്ങളില്‍ അമിതത്വമില്ലാത്ത അഭിനയമാണ് ശ്രദ്ധേയം. കര്‍ശനസ്വഭാവമുള്ള ഒരു സംവിധായകന്റെ വേഷത്തില്‍ ഷോബി തിലകനും ശക്തമായ സാന്നിധ്യം നല്‍കുന്നുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പങ്കാളികളാണ്.
സിനിമയുടെ പിന്നാമ്പുറജീവിതം കാണിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണര്‍ത്തുന്നവയാണ്. ക്യാമറയ്ക്ക് പിന്നിലെ പരിശ്രമവും ഒരു രംഗം രൂപപ്പെടുന്ന പ്രക്രിയയും സംവിധായകന്‍ വ്യക്തമായി കാണിക്കുന്നു. അതേസമയം, തിരക്കഥയില്‍ ചില ദൗര്‍ബല്യങ്ങള്‍ പ്രകടമാണ്. കഥാഗതിയിലെ കെട്ടുറപ്പില്ലായ്മ ചില ഭാഗങ്ങളില്‍ സിനിമയുടെ ഒഴുക്ക് മന്ദഗതിയിലാക്കുന്നുണ്ടെന്ന് പറയാം. ചില രംഗങ്ങള്‍ നീണ്ടുപോകുന്നത് വിരസത സൃഷ്ടിക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ മുന്നേറാന്‍ സിനിമക്ക് സാധിച്ചിട്ടില്ല. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും സിനിമാനിര്‍മ്മാണത്തിന്റെ ഉള്ളറകള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും ‘ആശാന്‍’ ഒരു കൗതുകാനുഭവമായിരിക്കും. കുറച്ച് പോരായ്മകള്‍ ഉണ്ടെങ്കിലും, ഇന്ദ്രന്‍സിന്റെ അഭിനയവും സാങ്കേതിക മികവും ചേര്‍ന്ന് ചിത്രം ഒരു തൃപ്തികരമായ അനുഭവമാക്കി ജോണ്‍ പോള്‍ മാറ്റിയിട്ടുണ്ട്.
ഇനി കുറുപ്പിന്റെ ലക്ഷ്യത്തിലേക്ക് കടക്കാം:
ആശാന്‍ എന്ന സിനിമയുടെ കേന്ദ്രാശയ ത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്, കാണപ്പെടാതെ പോകുന്ന അധ്വാനത്തിന്റെ രാഷ്ട്രീയം തന്നെയാണ്. ആശാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസ്ഥാനത്തില്ല; അവ നിശ്ശബ്ദമായും ആവര്‍ത്തനപരമായും തുടരുന്ന ദൈനംദിന ശ്രമങ്ങളാണ്. ഹന്ന അരന്‍ഡ് സൂചിപ്പിച്ച ദാര്‍ശനിക ചട്ടക്കൂടില്‍, ഇത്തരം പ്രവൃത്തികള്‍ വലിയ അര്‍ത്ഥങ്ങളോ ദൃശ്യപ്രൗഢിയോ ഇല്ലാത്തവയായി തോന്നിയേക്കാം; എന്നാല്‍ അവയില്ലാതെ ഒരു സംവിധാനവും നിലനില്‍ക്കില്ലെന്ന സമസ്യ പ്രഹേളിക സിനിമ കണ്ടു തുടങ്ങുന്നത് മുതല്‍ എന്നെ ഗ്രസിക്കുന്നുണ്ട്. ഈ അദൃശ്യ അധ്വാനം സിനിമയെ മുന്നോട്ട് നയിക്കുന്ന അടിത്തറയാകുമ്പോള്‍, ആശാന്‍ എന്ന കഥാപാത്രം അധികാരത്തിന്റെ പുറംമുഖമല്ല, അതിന്റെ പിന്നാമ്പുറ പ്രവര്‍ത്തനരീതിയായി മാറുന്നുണ്ട്. സത്യത്തില്‍ സിനിമ അമൂര്‍ത്തമായ ഒന്നിന്റെ തുടര്‍ഫലനമാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഈ അദൃശ്യ അധ്വാനം പ്രവര്‍ത്തിക്കുന്ന ഇടം നിഷ്പക്ഷമല്ലെന്ന ബോധ്യത്തിലേക്കാണ് സിനിമ പിന്നീട് നീങ്ങുന്നത്. ഫ്‌ളാറ്റ് എന്ന ഇടം നിയന്ത്രണത്തിന്റെയും അനുസരണത്തിന്റെയും ക്രമീകരണമായി മാറുന്നതു തന്നെ നോക്കിയാല്‍ കാര്യം മനസ്സിലാകും. ആരാണ് സംസാരിക്കേണ്ടത്, ആരാണ് കാത്തിരിക്കേണ്ടത്, ആരാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവിടെ സ്വാഭാവികമായി ക്രമീകരിക്കപ്പെടുന്നു. ഫൂക്കോ വ്യക്തമാക്കുന്നതുപോലെ, അധികാരം വാക്കുകളിലൂടെ പ്രകടമാകുന്നതല്ല; ഇടങ്ങളുടെ ഘടനയിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍, ആശാന്റെ അദൃശ്യ അധ്വാനം അധികാരഘടനയുടെ ഭാഗമാകുകയും, അതിനുള്ളില്‍ അവന്റെ ശരീരം തന്നെ ശാസനയുടെ ഉപകരണമായി മാറുകയും ചെയ്യുന്നു.
ഈ അധികാരഘടനയുടെ നടുവില്‍ സിനിമ എന്ന മാധ്യമത്തിന്റെ സ്വന്തം വിരോധാഭാസം വെളിപ്പെടുന്നു. ഒരു രംഗം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍, അതിന്റെ ആദ്യകാല മായ മങ്ങിപ്പോകുന്നു. വാള്‍ട്ടര്‍ ബെന്‍ജമിന്‍ പറഞ്ഞ ‘ഓറ’യുടെ ക്ഷയം ഇവിടെ വ്യക്തമായി കാണാം. എന്നിരുന്നാലും, ഈ ആവര്‍ത്തനങ്ങളിലൂടെയാണ് സിനിമ പൂര്‍ണ്ണത കൈവരിക്കുന്നത് എന്ന സത്യം, സൃഷ്ടിയും ക്ഷയവും ഒരേ സമയം പ്രവര്‍ത്തിക്കുന്ന ഒരു ദാര്‍ശനിക അവസ്ഥയില്‍ നിന്ന് മനസ്സിലാക്കാം. ഈ സാക്ഷിത്വം ക്രമേണ ഒരു അസ്തിത്വചോദ്യമായി മാറുന്നു. അവസാനം എന്ത് ലഭിക്കും എന്നുറപ്പില്ലാത്ത അവസ്ഥയിലും, ജോലി തുടരേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയിലേക്കാണ് സിനിമ കടക്കുന്നത്. കാമ്യൂ പറഞ്ഞ അബ്‌സര്‍ഡ് അവസ്ഥയില്‍, പ്രതീക്ഷയല്ല മുന്നോട്ടുനയിക്കുന്നത്; തുടര്‍ച്ച തന്നെയാണ്. ആശാനും അനന്തനും അവരുടെ സ്ഥാനങ്ങളില്‍ തുടരുന്നത് ഒരു വിജയകഥയുടെ വാഗ്ദാനത്താല്‍ അല്ല, മറിച്ച് നിര്‍ത്താന്‍ കഴിയാത്ത ഒരു ആന്തരിക നിര്‍ബന്ധത്താലാണ്. ഈ നിലനില്‍പ്പ് സിനിമയുടെ നിശ്ശബ്ദതകളില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ഒന്നും ഒന്നിനെയും ലക്ഷ്യം വെച്ച ചെയ്യരുതെന്ന കാമ്യുവിന്റ ആശയത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ആളുകളാണ് സിനിമയുടെ അണിയറയിലുള്ളത്.

ഈ അസ്തിത്വചോദ്യങ്ങള്‍ സാമൂഹിക ഘടനകളുമായി ബന്ധപ്പെടുമ്പോള്‍, ബോര്‍ഡിയു പറയുന്ന ‘കള്‍ച്ചറല്‍ കാപിറ്റല്‍’ എന്ന ആശയത്തിനും പ്രസക്തിയുണ്ട്. കഴിവും ആഗ്രഹവും ഉണ്ടായിട്ടും, ശരിയായ ബന്ധങ്ങളും അംഗീകാരങ്ങളും ഇല്ലാത്ത ഒരാളുടെ യാത്ര എത്രത്തോളം വൈകിപ്പിക്കപ്പെടുന്നു എന്നതാണ് അനന്തരാമന്റെ അനുഭവം. സിനിമ ഇവിടെ വ്യക്തിയുടെ പരാജയമല്ല പറയുന്നത്; സാമൂഹിക ഘടനകള്‍ സ്വപ്നങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ തുറന്നുകാട്ടുകയാണ് സിനിമ.
ഇവയെല്ലാം ചേര്‍ന്ന്, ‘ആശാന്‍’ സംഭവങ്ങളുടെ സിനിമയല്ല, സമയത്തിന്റെ സിനിമയാണെന്ന് ബോധ്യപ്പെടുത്തുന്നു. ഡില്യൂസ് പറയുന്ന പോലെ, പ്രവര്‍ത്തനങ്ങളല്ല ഇവിടെ കേന്ദ്രം; കാത്തിരിപ്പുകളും ഇടവേളകളും തന്നെയാണ് ഇവിടെ മുഖ്യചലനങ്ങള്‍. സമയം ഒഴുകുന്നത് പോലെ സിനിമയും ഒഴുകുന്നു, ആശാന്‍ ആ ഒഴുക്കിന്റെ ഉള്ളിലായി നിലകൊള്ളുന്നു-അദൃശ്യമായും അവിഭാജ്യമായും. ചുരുക്കത്തില്‍, ആശാന്‍ അധ്വാനം, അധികാരം, ആവര്‍ത്തനം, അസ്തിത്വം, സാമൂഹിക ഘടന, സമയം എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒരു ദൃശ്യചിന്തയാണ്; കാണുന്നവനെ നിരീക്ഷകനാക്കി നിര്‍ത്താതെ, ഈ ഘടനകളുടെ ഉള്ളിലേക്ക് പതിയെ ആകര്‍ഷിക്കുന്ന ഒരു അനുഭവമെന്ന് അതിനെ നിര്‍വചിക്കാം.
Content Summary: Aashaan; the human elements within cinema’s unseen engine