മൂടിക്കെട്ടിയ അന്തരീക്ഷം… മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാവുന്ന അവസ്ഥ. റോഡിലൂടെ വാഹനങ്ങള്‍ ഇടതൂര്‍ന്ന് ഹോണടികളോടെ തിക്കിത്തിരക്കി പായുന്നു. ഈ ശബ്ദങ്ങളെയെല്ലാം മുറിച്ച് ടിക്ക് ടിക്ക് ശബ്ദം റോഡില്‍ നിന്നാലേ കേള്‍ക്കാം. നോക്കിയപ്പോള്‍ ഒരു വലിയ മുറി. സ്ത്രീകളാണ് അധികവും. എല്ലാവരും വളരെ ശ്രദ്ധയോടെ കണ്ണിമവെട്ടാതെ നൂല്‍നൂല്‍ക്കുകയും നൂലിഴകള്‍ കൈകൊണ്ട് വകഞ്ഞ് കോര്‍ത്തിണക്കുകയുമാണ്…
അമ്പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന സരോജിനിയമ്മ ആഞ്ഞ് ചവിട്ടുകയാണ്. ഒപ്പം തറികളുടെ താളാത്മകമായ ശബ്ദവും മുഴങ്ങുന്നു. അപ്പോഴേക്കും പുറത്ത് മഴയും അതിശക്തമായി പെയ്യുന്നു. ഈ ശബ്ദങ്ങളെയെല്ലാം കീറിമുറിച്ച് സരോജിനിയമ്മ നെടുവീര്‍പ്പോടെ തിരിഞ്ഞ് നോക്കി. ദുഃഖങ്ങളാല്‍ കനപ്പെട്ട മുഖം ഒന്നമര്‍ത്തി തുടച്ച് പതിയെ ചിരിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി…
”മഴക്കാലം വന്നാല്‍ ഇതാ അവസ്ഥ. തടിയൊക്കെ കട്ടിയാകും. പഞ്ഞിപോലത്തെ നൂലാണ്. നൂലെല്ലാം ഒട്ടിപ്പിടിച്ച് ഇരിക്കുവാ” സരോജിനിയമ്മ പറഞ്ഞു. പുറത്ത് ശക്തമായി പെയ്യുന്ന മഴയുടെ ശബ്ദത്തെ മുറിച്ച് കൊണ്ട് സരോജിനിയമ്മയ്‌ക്കൊപ്പം പണിയെടുക്കുന്നവരുടെ തറികള്‍ ചലിക്കുണ്ടായിരുന്നു. ഒപ്പം പറയാന്‍ വിതുമ്പുന്ന പരാധീനതകള്‍ക്കപ്പുറത്തെ ഊര്‍ധശ്വാസത്തിന്റെ മുഴക്കവും ഉയര്‍ന്നുകൊണ്ടേയിരുന്നു.
ഓണത്തിന് ഇനി രണ്ട് മാസമേ ബാക്കിയുള്ളൂ. കസവ് സാരികളും മുണ്ടുകളും നെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍. ചുവപ്പും മഞ്ഞയും ഗോള്‍ഡനും കലര്‍ന്ന നൂലിഴകള്‍ പാകിയ നെയ്ത്ത് പാവുകള്‍ ഓണക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
”ആഞ്ഞ് ചവിട്ടിയാലേ പറ്റൂ. കൊല്ലം കുറേയായി ഈ പണി ചെയ്യാന്‍ തുടങ്ങിയിട്ട്. കാല്‍മുട്ടൊക്കെ വേദനയാ. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ പണിക്ക് വരാതിരിക്കുകയായിരുന്നു. ഒരാഴ്ച ആയിട്ടേയുള്ളൂ വീണ്ടും വരാന്‍ തുടങ്ങിയിട്ട്” സരോജിനിയമ്മ അഴിമുഖത്തോട് പറഞ്ഞു.
”കാലും നടുവുമൊക്കെ വേദനിക്കും. ഒരു കൈത്തറി സാരി നിര്‍മിക്കാന്‍ രണ്ട് ദിവസമൊക്കെ വേണ്ടിവരും. ഈ രണ്ട് ദിവസത്തെ അധ്വാനത്തിന് കിട്ടുന്നതോ 220 രൂപയാണ്. കൂലി കുറവായത് കൊണ്ട് തന്നെ പുതിയ തലമുറയിലെ കുട്ടികളാരും ഈ മേഖലയിലേക്ക് വരുന്നില്ല.” കഴിഞ്ഞ 50 വര്‍ഷമായി കൈത്തറി നെയ്ത്ത് മേഖലയില്‍ ജോലി ചെയ്യുന്ന മോഹനന്‍ പറയുന്നു.
”മുമ്പൊക്കെ വീട്ടില്‍ ഇരുന്നായിരുന്നു നെയ്തിരുന്നത്. അന്നൊക്കെ ഈ പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലും നെയ്ത്ത് ഒരു തൊഴില്‍ മാര്‍ഗമായിരുന്നു. ഇപ്പോള്‍ ആ തറിയൊക്കെ മോശം വന്നു. പിന്നെ കാശ് കുറവായത് കൊണ്ട് തന്നെ പലരും ഈ തൊഴില്‍ ഉപേക്ഷിച്ചു. എനിക്ക് വേറെ പണിയൊന്നും ചെയ്ത് വശമില്ല. അതുകൊണ്ട് ഇപ്പോഴും നെയ്യുകയാണ്” സരോജിനിയമ്മ നെടുവീര്‍പ്പോടെ പറയുന്നു.
ചിട്ടയായി ഇഴചേര്‍ത്ത് ഒരുക്കിവച്ചിരിക്കുന്ന നൂലിഴകള്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. സ്വര്‍ണനിറമുള്ള നൂലുകളും കസവിനായി പ്രത്യേക കളറുകളുമൊക്കെ പാകിപ്പിടിപ്പിച്ച് വളരെ ചിട്ടയോടും ശ്രദ്ധയോടുമാണ് നെയ്ത്ത് ജോലികള്‍ നടക്കുന്നത്. ഇതിനേക്കാള്‍ മനോഹരമാണ് നെയ്ത് വരുന്ന വസ്ത്രങ്ങളും. വര്‍ഷങ്ങള്‍ ഈട് നില്‍ക്കും എന്നതാണ് ഇത്തരത്തില്‍ കൈ കൊണ്ട് നെയ്‌തെടുക്കുന്ന തുണികളുടെ മേന്മ.
നെയ്‌തെടുക്കുന്ന തുണികളുടെ ഗുണവും മേന്മയുമൊക്കെ പറയാന്‍ ഒരുപാടുണ്ടെങ്കിലും ഇത് നെയ്‌തെടുക്കുന്നവരുടെ ജീവിതത്തിന്റെ ഇഴകള്‍ പരിശോധിച്ചാല്‍ നിറംമങ്ങിയ കാഴ്ചകള്‍ മാത്രമേ കാണാനുള്ളൂ. അവര്‍ക്ക് പറയാനുള്ളതും നിറപ്പകിട്ടില്ലാത്ത അനുഭവ കഥകളാണ്.
താളം തെറ്റുന്ന ഊടും പാവും
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കൈത്തറി നെയ്ത്ത് വ്യവസായത്തിനുള്ളത്. കേരളത്തിലുടനീളം 500 ഓളം കൈത്തറി സംഘങ്ങളുണ്ട്. അതില്‍ 80 ഓളം സംഘങ്ങളാണ് ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 11 സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ പറവൂര്‍ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ചേന്ദമംഗലം കൈത്തറി എന്ന ഖ്യാതിയും നിലനിര്‍ത്തിപ്പോരുന്നത്.
കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നൂല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ഭാരിച്ച വിലയാണ്. ഉയര്‍ന്ന ചിലവില്‍ നിര്‍മിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ വിറ്റഴിക്കാനുള്ള ബുദ്ധിമുട്ടും ഈ മേഖലയുടെ പ്രതിസന്ധിക്ക് കാരണമാണ്. ആളുകള്‍ ആധുനിക വസ്ത്രങ്ങളുടെ പിന്നാലെ പോയതോടെ കൈത്തറി വസ്ത്രങ്ങളോടുള്ള ആഭിമുഖ്യവും പലര്‍ക്കും കുറഞ്ഞതായി കഴിഞ്ഞ 25 വര്‍ഷമായി പറവൂര്‍ കൈത്തറി സഹകരണ സംഘം പ്രസിഡന്റ് ആയിരുന്ന ടി.എസ് ബേബി അഴിമുഖത്തോട് പറഞ്ഞു.
”സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സഹകരണ സംഘങ്ങളും പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവും ഉല്‍പ്പാദിപ്പിക്കുന്നത് ഗുണമേന്മയുള്ള ഒറിജിനല്‍ കൈത്തറി വസ്ത്രങ്ങളാണ്. ഇവയ്ക്ക് വെല്ലുവിളിയായി തമിഴ്നാട്ടില്‍ നിന്നുമൊക്കെയായി പവര്‍ലൂം (യന്ത്രത്തില്‍ നിര്‍മിക്കുന്നവ) വസ്ത്രങ്ങള്‍ വാങ്ങി ചിലര്‍ കൈത്തറി എന്ന പേരില്‍ വില്‍പന നടത്തുന്നുണ്ട്. ഇതും കൈത്തറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു” ബേബി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കൈത്തറി മേഖലയിലെ യൂണിഫോം പദ്ധതിയില്‍ 25 ശതമാനം തൊഴിലാളികളാണ് ഉള്ളത്. ബാക്കി 75 ശതമാനവും തനത് ഉത്പന്നങ്ങള്‍ നെയ്യുന്നവരാണ്. കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം പദ്ധതി ആരംഭിച്ചത്. മീറ്ററിന് 4.50 രൂപയാണ് നെയ്ത്ത് വില. ദിവസവും അഞ്ച് മുതല്‍ ഏഴ് മീറ്ററാണ് പരമാവധി നെയ്‌തെടുക്കാനാകുക.
”പൊതുവെ കൈത്തറി ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണ്. 5 മുതല്‍ 18 ശതമാനം വരെ ജിഎസ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈത്തറി ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. ഇതും ഈ മേഖലയെ പിന്നോട്ടടിക്കുന്നു. കൂടാതെ ലാഭവിഹിതം ജിഎസ്ടി ഇനത്തില്‍ ടാക്സ് ആയി അടയ്ക്കേണ്ട ഗതികേടിലുമാണ്. അതും 30 ശതമാനം. ഏറ്റവും പീഡിത വ്യവസായമായ കൈത്തറിയെ ഇതും പ്രതികൂലമായി ബാധിച്ചു” ബേബി അഴിമുഖത്തോട് വ്യക്തമാക്കി.
”പല കൈത്തറി സംഘങ്ങളും കേരള ബാങ്കില്‍ നിന്നും പത്തര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഒരുവര്‍ഷം ഏകദേശം 9 ലക്ഷത്തോളം രൂപ പലിശ ഇനത്തില്‍ തന്നെ അടയ്‌ക്കേണ്ടിവരും. പലിശയും ജിഎസ്ടിയും ഇന്‍കം ടാക്സും ഒഴിവാക്കപ്പെട്ടാല്‍ ഈ മേഖലയെ കുറച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയും” ബേബി പറഞ്ഞു.
കൈത്തറി മേഖലയിലെ തൊഴിലാളികള്‍ തുച്ഛമായ വേതനത്തിലാണ് പണിയെടുക്കുന്നത്. കാലോചിതമായ കൂലി വര്‍ധനവ് ഉണ്ടായാല്‍ മാത്രമേ ഈ തൊഴില്‍ അന്യം നിന്ന് പോകാതിരിക്കൂ. നിലവില്‍ പുതിയ തലമുറയില്‍ പെട്ട ആരും തന്നെ ഈ മേഖലയിലേക്ക് വരുന്നില്ല. ചെറുപ്പക്കാരായവര്‍ ഭൂരിഭാഗവും ഇന്ന് വിദേശരാജ്യങ്ങളിലേക്കും മറ്റുമാണ് തൊഴില്‍ തേടി പോകുന്നത്. സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കപ്പെടണമെന്ന് വാക്കാല്‍ പറയുമ്പോഴും അന്യം നിന്നുപോകുന്ന ഇത്തരം തൊഴില്‍ മേഖലകളുടെ ശോഷണത്തിന് പ്രധാന കാരണം സാമ്പത്തിക പരാധീനതയാണ്.
സര്‍ക്കാര്‍ 20 ശതമാനം റിബേറ്റാണ് ഉത്സവ സീസണുകളില്‍ നല്‍കുന്നത്. മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉത്സവ സീസണുകളില്‍ 10 ശതമാനം റിബേറ്റ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി കേന്ദ്രം നല്‍കിയിരുന്ന റിബേറ്റും നിര്‍ത്തലാക്കി.
പണിയുണ്ട് കൂലിയില്ല
യന്ത്രസഹായമില്ലാതെ കൈകൊണ്ട് നെയ്തെടുക്കുന്ന മുണ്ടുകള്‍, സാരികള്‍, ബെഡ് ഷീറ്റുകള്‍, തോര്‍ത്തുകള്‍ എന്നിവയ്ക്ക് ഡിമാന്റ് ഏറെയുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി നെയ്ത്ത് മേഖലയില്‍ ജോലി ചെയ്യുന്നതാണ് സരോജിനി അമ്മ. ” കണ്ണും കാലും കൈയ്യും കഴുത്തുമെല്ലാം ഒരേസമയം പ്രവര്‍ത്തിപ്പിച്ചാലേ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നല്ലൊരു കൈത്തറി ഉത്പ്പന്നം നിര്‍മിക്കാന്‍ കഴിയൂ. ശരീരത്തിലെ ഏതെങ്കിലുമൊരു അവയവം ഒന്ന് തെറ്റിയാല്‍ എല്ലാം തെറ്റും. ഇത്ര സൂക്ഷ്മതയോടെ നമ്മള്‍ ഈ ജോലി ചെയ്തിട്ടും കൂലി കിട്ടുമ്പോഴാണ് സങ്കടം. ഒരു മുണ്ടോ, സെറ്റ് മുണ്ടോ നെയ്യുന്നതിന് കിട്ടുന്നത് 150 രൂപയൊക്കെയാണ്. ചിലതിന് 110 രൂപയും. ഇത്ര ചെറിയ പൈസ കൊണ്ട് എങ്ങനെ ജീവിക്കാനാ. കാര്യം എല്ലാ ശനിയാഴ്ചയും ഞങ്ങള്‍ക്ക് കൂലി കിട്ടും. പക്ഷേ, ചിട്ടിയും ലോണുമൊക്കെ ഉള്ളവരാണ് ഞങ്ങളില്‍ ഏറെയും. കിട്ടുന്ന കാശ് അടവ് കഴിഞ്ഞാല്‍ മിച്ചം ഒന്നുമുണ്ടാകില്ല” സരോജിനിയമ്മ പറയുന്നു.
”കാലും നടുവുമൊക്കെ വേദനിക്കും. ഒരു കൈത്തറി സാരി നിര്‍മിക്കാന്‍ രണ്ട് ദിവസമൊക്കെ വേണ്ടിവരും. ഈ രണ്ട് ദിവസത്തെ അധ്വാനത്തിന് കിട്ടുന്നതോ 220 രൂപയാണ്. കൂലി കുറവായത് കൊണ്ട് തന്നെ പുതിയ തലമുറയിലെ കുട്ടികളാരും ഈ മേഖലയിലേക്ക് വരുന്നില്ല.” കഴിഞ്ഞ 50 വര്‍ഷമായി കൈത്തറി നെയ്ത്ത് മേഖലയില്‍ ജോലി ചെയ്യുന്ന മോഹനന്‍ അഴിമുഖത്തോട് പറഞ്ഞു.
500 ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്ന പല കൈത്തറി സംഘങ്ങളിലും ഇന്ന് 150 ല്‍ താഴെ ആളുകള്‍ മാത്രമേ പണിയെടുക്കുന്നുള്ളൂ. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് മൂലം പല കൈത്തറി സംഘങ്ങളുടെയും പ്രവര്‍ത്തനവും നിലച്ചമട്ടാണ്. കൂടാതെ വായ്പ എടുക്കുന്ന തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതും പല സംഘങ്ങളും അടച്ചുപൂട്ടാന്‍ ഇടയാക്കി.
ഓണം സമയത്താണ് ഏറ്റവുമധികം വില്‍പന നടക്കുന്നത്. വില്‍പനയുടെ 60 ശതമാനം ഈ സമയത്താണ്. യൂണിഫോം പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടിയിട്ട്. 2018 ലാണ് ഇവരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത്. പിന്നീട് പുതുക്കാനും കഴിഞ്ഞിട്ടില്ല. അതിനുള്ള സാഹചര്യമല്ല ഈ മേഖലയില്‍ ഉള്ളത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കിയതുപോലെ ജീവനക്കാര്‍ക്കും കൈത്തറി യൂണിഫോം നല്‍കുകയാണെങ്കില്‍ ഈ മേഖലയിലെ പ്രതിസന്ധികളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താനാകുമെന്ന് പറവൂര്‍ കൈത്തറി സഹകരണ സംഘം മുന്‍ പ്രസിഡന്റ് ബേബി പറഞ്ഞു.
പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഹാന്‍വീവ്
കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി 1971 ലാണ് കണ്ണൂര്‍ ആസ്ഥാനമായി കേരള കൈത്തറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ (ഹാന്‍വീവ്) ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ആറ് മാസമായി. 2004 ന് ശേഷം 21 വര്‍ഷമായി ശമ്പള വര്‍ധനവ് അനുവദിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ 400 ലധികം ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 170 ല്‍ താഴെ ആളുകളെയുള്ളൂ. വിരമിച്ച് നാലും അഞ്ചും വര്‍ഷം ആയവര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. പല പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടെങ്കിലും ഒന്നുപോലും ഈ തൊഴില്‍ മേഖലയെ മെച്ചപ്പെടുത്തിയില്ല.
ഹാന്‍വീവ് വലിയ പ്രതിസന്ധിയിലാണ്. ആറ് മാസത്തെ ശമ്പളം കുടിശികയായി കിടക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സമാനമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ സമരങ്ങള്‍ നടത്തിയത്. മൂന്ന് മാസം മുമ്പ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഹാന്‍വീവിന്റെ ഹെഡ് ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തിയിരുന്നു.
ഹാന്‍വീവിന് സ്ഥിരം എംഡി ഇല്ല എന്നതും ദുരവസ്ഥയ്ക്ക് കാരണമാണ്. ഈ മേഖലയില്‍ 2004 ആണ് അവസാനമായി ശമ്പള പരിഷ്‌കരണം നടന്നത്. സ്‌കൂള്‍ യൂണിഫോം പദ്ധതി വന്നപ്പോള്‍ അതിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിച്ചതോടെ മറ്റ് ഉല്പന്നങ്ങളും പുറകോട്ട് പോയി. സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുക കൂട്ടുകയും ചെയ്താല്‍ കൂടുതല്‍ സഹായകരമാകും എഐടിയുസി കേരള സംസ്ഥാന കൈത്തറി കോര്‍പറേഷന്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമരസമിതി ചെയര്‍മാനുമായ സിപി സന്തോഷ്‌കുമാര്‍ അഴിമുഖത്തോട് പറയുന്നു.
”നൂല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വലിയ തുകയാണ്. ഈ മേഖലയില്‍ കൂടുതലായും പ്രായമായ തൊഴിലാളികളാണ്. എട്ട് വര്‍ഷം മുമ്പ് ഹാന്‍വീവ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി പുതിയ സ്ത്രീകളെ ഈ മേഖലയിലേക്ക് കൊണ്ടുവന്നിരുന്നു. പക്ഷേ, മേഖലയിലെ പ്രതിസന്ധി കാരണം കൃത്യമായി കൂലി കൊടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതോടെ അവര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിപ്പോയി.
കൂടാതെ പരമ്പരാഗത തൊഴില്‍ മേഖലയായ നെയ്ത്തിലേക്ക് പുതുതലമുറയില്‍ നിന്നുള്ളവര്‍ വരുന്നില്ല. പണ്ടൊക്കെ നെയ്ത്ത് കണ്ട് വളരുന്ന കുട്ടികളും കുടുംബത്തിലെ മറ്റംഗങ്ങളും ഈ മേഖലയിലേക്ക് വരുമായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ആകര്‍ഷണീയമായ കൂലി ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ മാത്രമേ ഈ പരമ്പരാഗത മേഖലയ്ക്ക് നിലനില്‍പ്പുള്ളൂ. ആ പിന്തുണ കുറയുന്നതോട് കൂടിയാണ് പ്രതിസന്ധിയും രൂക്ഷമാകുന്നത്. സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ ലാഭമൊന്നും ഇല്ല. എങ്കിലും കുറേ തൊഴിലാളികള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയും എന്നതാണ് മേന്മ” സന്തോഷ്‌കുമാര്‍ വ്യക്തമാക്കി.
വിചിത്രമാകുന്ന സമരപാതകള്‍
ഹാന്‍വീവിലെ പ്രതിന്ധന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു, എഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന്‍ സമര സമിതി നിരവധി സമരങ്ങളാണ് ഇതിനോടകം നടത്തിയിട്ടുള്ളത്. ആറ് മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളകുടിശിക അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഹാന്‍വീവിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
ശമ്പള കുടിശ്ശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍. പരമ്പരാഗത വ്യവസായം എന്ന നിലയില്‍ കൈത്തറ മേഖലയെ സംരക്ഷിത വ്യവസായമായി പരിഗണിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ ആവശ്യപ്പെടുന്നു.
അതേസമയം, കാലങ്ങളായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ടെങ്കിലും മറ്റ് സമരപരിപാടികള്‍ പോലെ ശക്തമല്ല. കാരണം പ്രതിഷേധിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും സിഐടിയു വിന് കീഴില്‍ ഉള്ളവരാണ് എന്നതാണ് കാരണം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനും ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് ഇവരുടെ സമരവും.
ശമ്പളം മാസങ്ങളോളം കുടിശികയാകുമ്പോഴാണ് ജീവനക്കാര്‍ സമരത്തിനിറങ്ങുക. എന്നാല്‍ സംഘടനയോ സര്‍ക്കാരോ നടത്തുന്ന ഒത്തുതീര്‍പ്പില്‍ സമരവും അവസാനിക്കും. പിന്നീട് മാസങ്ങള്‍ കഴിയുമ്പോള്‍ സമാനമായ രീതികള്‍ വീണ്ടും തുടരും.
ഒരുകാലത്ത് പ്രൗഢിയോടെ നിന്നിരുന്ന കൈത്തറി നെയ്ത്ത് വ്യവസായ മേഖല ഇന്ന് നിലനില്‍പ്പിനായുള്ള നിലവിളിയിലാണ്. ഊടും പാവും ഇഴതെറ്റാതെ കോര്‍ത്തിണക്കുന്നവര്‍ ജീവിതം കൂടിയാണ് നെയ്തെടുക്കുന്നത്. കൈത്തറിവ്യവസായത്തിന്റെ പ്രഭ മങ്ങിയിട്ടും, ജീവിതത്തില്‍ ഇത്തിരി വെളിച്ചം പകരാന്‍ സരോജിനിയമ്മയെപ്പോലെ ഒരു കൂട്ടം തൊഴിലാളികള്‍ തറി ചലിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അവരുടെ കൈത്താളങ്ങള്‍ തറിയില്‍ നിന്ന് അകലും വരെ മാത്രമായിരിക്കും ഈ വ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ.
ഒരുകാലത്ത് കൈത്തറി മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തിയവര്‍ നിരവധിയായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ കഥമാറി. കൈത്തറി മേഖലയിലേക്ക് തൊഴില്‍ തേടി ആരും കടന്നുവരുന്നില്ല. കൈത്തറി നെയ്ത്ത് മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൈത്തറി മേഖല ഒരോര്‍മയായി മാറാന്‍ അധികകാലം വേണ്ടിവരില്ലെന്ന് പാറിപ്പറക്കുന്ന നരവീണ മുടിയിഴകള്‍ ഒതുക്കികൊണ്ട് സരോജിനിയമ്മ പറഞ്ഞു നിര്‍ത്തുന്നു. Handloom industry in crisis; workers without wages
Content Summary: Handloom industry in crisis; workers without wages
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.