കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രം ഫെബ്രുവരി 28ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂർണ്ണമാകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും മാറുന്ന കാലഘട്ടത്തെയും സിനിമയെയും പറ്റി അഴിമുഖത്തോട് സംസാരിക്കുകയാണ് വി എസ് സനോജ്.
അരികിന്റെ രാഷ്ട്രീയ പശ്ചാത്തലം
ഇത്തരമൊരു പ്രൊജക്ടിന്റെ ഭാഗമായി തിരക്കഥയെഴുതാൻ തീരുമാനിക്കുമ്പോൾ മനസിൽ വന്ന കഥയാണ് അരികിന്റേത്. നമ്മൾ കണ്ടതും കേട്ടതും, ഏതെങ്കിലും കാലഘട്ടത്തിൽ അനുഭവിച്ചതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കുന്നംകുളം എന്ന ലോകത്തിന് നാം കാണാത്ത ചില ചരിത്രങ്ങളുണ്ട്. തലപ്പള്ളി താലൂക്കിൽ പ്രത്യേകിച്ച് മാറുമറയ്ക്കൽ സമരവും മിച്ച ഭൂമി സമരവും പോലുള്ള വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. കുന്നംകുളത്ത് നിന്ന് ഒരു സിനിമ എടുക്കുമ്പോൾ പലപ്പോഴും മറ്റൊരു കഥയാണ് പറയാറുള്ളത്. സി വി ശ്രീരാമന്റെയും, കോവിലന്റെയുമൊന്നും പുസ്തകത്തിലെ കഥ സിനിമകൾക്ക് അറിയില്ല. ഒരു കുടുംബത്തിലെ മൂന്ന് തലമുറയിലൂടെയാണ് അരിക് കടന്ന് പോകുന്നത്. മൂന്ന് തലമുറയെപ്പറ്റി പറയുന്നതിനാൽ അന്നത്തെയും ഇന്നത്തെയുമെല്ലാം സാമൂഹ്യ രാഷ്ട്രീയവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കെഎസ്എഫ്ഡിസിയിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകൾ
കെഎസ്എഫ്ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെപ്പറ്റി നിരവധി സ്ഥലങ്ങളിൽ എഴുതുകയും മാധ്യമങ്ങളോട് സംസാരിക്കുകയും വ്യക്തമായ നിലപാട് അറിയിക്കുകയും ചെയ്ത ആളാണ് ഞാൻ. അത് കെഎസ്എഫ്ഡിസിയെയും അറിയിച്ചിട്ടുണ്ട്. നിലവിൽ ഒരുപാട് പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. റിലീസുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
കെഎസ്എഫ്ഡിസിയുടെ സിനിമകൾ ഒരു ഘടനയിൽ നിന്ന് മാറി നിർമാതാക്കൾക്ക് എളുപ്പത്തിലും ആകർഷണീയമായ രീതിയിലും സമീപിക്കാൻ കഴിയുന്ന തരത്തിലുള്ളതാക്കാൻ ശ്രമിക്കേണ്ടതുണ്ട്. എന്റെ സിനിമ എന്നതിനപ്പുറത്ത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയണം. കെഎസ്എഫ്ഡിസിയിൽ സിനിമ നിർമിച്ച് ഇറങ്ങുന്ന ഒരാൾക്ക് പ്രചോദനവും ആത്മവിശ്വാസവുമുള്ളവരാക്കി മാറ്റാൻ കഴിയണം. സാഹചര്യങ്ങൾ അത്തരത്തിലല്ല എന്നുള്ള പരാതികളെ അവർ അംഗീകരിക്കുകയും അതിന് പോസിറ്റീവായ പരിഹാരം കാണുകയും വേണം.
മാറുന്ന പ്രേക്ഷകർ മാറുന്ന സിനിമ
സിനിമ മേഖല ഒരു സമയത്ത് ഒരേ തരത്തിലുള്ള സിനിമകളിൽ മാത്രം കേന്ദ്രീകരിക്കുന്ന ഒരു രീതി നിലവിലുണ്ട്. ലോകത്തിന്റെ സിനിമ അനുഭവ രീതി മാറി എന്നതും ഒരു കാരണമാണ്. സിനിമ കാണുന്നതിനുള്ള ടെക്‌നോളജികൾ മാറുകയും, കാഴ്ച്ചയ്ക്കുള്ള പുതിയ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. സിനിമ കാണുന്നതിന് പുതിയ മാധ്യമങ്ങൾ ലോകം പരിചയപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമുകൾ വന്നതോടു കൂടി ലോകത്തിലെ പ്രധാന സിനിമകൾ മാത്രമല്ല, പ്രാദേശികമായി ഇറങ്ങുന്ന സിനിമകൾ പോലും കാണാൻ തുടങ്ങി. കോവിഡിന്റെ വരവോടെ ആളുകൾക്ക് അന്യഭാഷാ ചിത്രങ്ങളും സ്വന്തം ഭാഷയിലേത് എന്ന പോലെ പരിചിതമായി മാറി. പണ്ട് സിനിമ സംവിധായകരാണ് അന്യഭാഷാ ചിത്രങ്ങൾ കാണാൻ കൂടുതൽ സമയം ചിലവിട്ടിരുന്നത്, എന്നാൽ ഇപ്പോൾ നിരവധി താരങ്ങളും, സിനിമയുമായി ബന്ധപ്പെട്ടവരുമെല്ലാം വിവിധ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ ആളുകൾക്ക് വീട്ടിലിരുന്നുകൊണ്ട് സിനിമ കാണുന്നതിനുള്ള സംവിധാനങ്ങൾ വന്നു. എൽഇഡി ടിവി പോലുള്ള എച്ച്ഡി ടിവികൾ വന്നതോടെ ആളുകൾക്ക് സിനിമകളും സീരിസുകളും വീട്ടിൽ നിന്നും കാണാം എന്ന മനോനിലയാണ്. വലിയ ഭ്രഹ്മാണ്ഡ ചിത്രങ്ങൾ എന്ന ലേബലിൽ ഇറങ്ങുന്ന ചിത്രങ്ങൾ മാത്രം തിയേറ്ററിൽ കണ്ടാൽ മതി എന്നൊരു രീതിയാണ് പല ആളുകൾക്കും. പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കുന്നതിന് നല്ല സിനിമകൾ ഇറക്കുക എന്ന് പറയുമെങ്കിലും അതുകൊണ്ട് മാത്രം ആളുകൾ സിനിമ തിയേറ്ററിൽ പോയി കാണുമെന്ന് പറയാൻ കഴിയില്ല. ഈ സിനിമ ഞാൻ വീട്ടിലിരുന്ന് സ്വസ്ഥമായി എന്റെ ഹോം തിയേറ്ററിൽ കണ്ടോളാം എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകന്റെ സ്വാതന്ത്ര്യമാണ്. അതൊരു മോശം കാര്യമാണെന്ന് പറയാൻ കഴിയില്ല, പക്ഷെ അത് തിയേറ്ററുകളെയും സിനിമകളെയും വലിയ രീതിയിൽ ബാധിക്കുന്നു. ചെറിയ സിനിമകൾ വലിയ വിജയങ്ങളാകാത്തത് പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകും. ചില സിനിമകൾ വിജയിക്കുന്നുണ്ടെങ്കിലും എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണാമെന്ന് ആളുകൾ കരുതുന്നില്ല.
അരിക് കാണേണ്ടതിന്റെ പ്രാധാന്യം
അരിക് എന്ന സിനിമയുടെ വിജയത്തിനും, സാമ്പത്തികമായ നേട്ടത്തിനുമപ്പുറം മറ്റു ചില കാര്യങ്ങളാണ് ഞാൻ സിനിമയിലൂടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. നമ്മൾ അറിയാത്തതും, ചെറുതായി അറിയാവുന്നതും നമുക്ക് ചുറ്റുമുള്ളവർക്ക് അറിയാവുന്നതും നമുക്ക് അറിയാത്തതും തുടങ്ങി നിരവധി കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹവുമായി ബന്ധപ്പെട്ട ഒരുപാട് സൂക്ഷമ രാഷ്ട്രീയ വിഷയങ്ങൾ നടക്കുന്നുണ്ട്. തമിഴിൽ വെട്രിമാരനോ, മാരി സെൽവ രാജനോ, പാ രഞ്ജിത്തോ പോലുള്ളവരുടെ സിനിമകളിൽ ചില കാര്യങ്ങളിൽ വരുന്നു. അത്തരത്തിലുള്ള സിനിമകൾ ചില വിഷയങ്ങൾ സംസാരിക്കുന്നുണ്ടാവാം. പക്ഷെ, അത്തരം സിനിമകളിലേക്കുള്ള മലയാളികളുടെ കടന്നുകയറ്റം വളരെ കുറവാണ്. കാരണം ഈ കാര്യങ്ങളൊന്നും കേരളത്തിൽ നടക്കുന്നവയല്ല എന്ന പൊതുബോധമാണ് മലയാളിയുടേത്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ ഈ പ്രശ്‌നങ്ങളെല്ലാം ഉള്ളത് മറ്റൊരു തരത്തിലാണ്. എല്ലാ തരം സമൂഹത്തിലും ഇത്തരം പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. യുപിയിൽ നടക്കുന്ന രീതിയിൽ ആയിരിക്കില്ല അത് ഇവിടെ സംഭവിക്കുക എന്ന വ്യത്യാസം മാത്രം. ജാതിയുമായോ, കളറിസവുമായോ മറ്റേത് തരത്തിലുള്ള പ്രശ്‌നങ്ങളാണ് സംഭവിക്കുന്നതെങ്കിലും കോരളത്തിൽ നടക്കുക മറ്റൊരു രീതിയിലായിരിക്കും.
കേരളം വളരെയധികം പുരോഗമിച്ച സമൂഹമാണെന്ന് പറയുമ്പോളും നമ്മുടെ ആഭിജാത്യ ബോധത്തിലും പാരമ്പര്യ ബോധത്തിലുമെല്ലാം കൃത്യമായ ജാതി വർഗീയത പ്രവർത്തിക്കുന്നുണ്ട്. ഒരു കല്യാണ ആലോചന നടക്കുമ്പോൾ പോലും ആളുകൾ ജാതിയത തുറന്ന് പറയാതിരിക്കുന്നത് പൊതുബോധം ജാതിക്ക് എതിരായതിനാലാണ്. എന്നാൽ അപ്പോഴും മറ്റൊരു തരത്തിൽ ജാതി പരാമർശിക്കാനുള്ള മാർഗങ്ങൾ നമ്മുടെ സമൂഹത്തിനുണ്ട്. ഇത്തരത്തിലുള്ള വലിയ പ്രശ്‌നങ്ങൾ സമൂഹത്തിനുണ്ട്.
അരിക് വലിയ തരത്തിൽ ജാതി പ്രശ്‌നങ്ങളോ അതിനെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുന്നതോ ആയ സിനിമയല്ല. ഇതൊരു കൊമേർഷ്യൽ സിനിമയുടെ അതേ രീതിയിൽ തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ജാതിയുടെ രാഷ്ട്രീയം പോലുള്ള പ്രശ്‌നങ്ങൾ കേരളത്തിൽ തിരിച്ച് വരുന്നു എന്ന കാര്യം സിനിമയിൽ പറയുന്നുണ്ട്.
സിനിമയും സാമൂഹ്യ പ്രശ്‌നങ്ങളും
ഒരു സിനിമ കൊണ്ടോ, നോവൽ കൊണ്ടോ ഒന്നും മാറ്റാൻ കഴിയുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലെ സമൂഹത്തിലുള്ളത്. സിനിമയ്‌ക്കോ, ഏതെങ്കിലും കലാ സൃഷ്ടികൾക്കോ സമൂഹത്തിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് പറയാൻ കഴിയും, പക്ഷെ സിനിമയോ കലാസൃഷ്ടിയോ കണ്ട് ആളുകൾ മാറണമെന്ന് പറയാൻ നിർമാതാക്കൾക്ക് കഴിയില്ല. അത് തീർത്തും ആളുകളുടെ തിരഞ്ഞെടുപ്പാണ്. ഒരു സമൂഹത്തിനുണ്ടാകുന്ന സിവിലൈസ്ഡ് ആയ മാറ്റങ്ങൾ ഓരോ വ്യക്തികളും, പ്രസ്ഥാനങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. ഒരു സിനിമകൊണ്ട് ഒരാളെ മാറ്റാം, അല്ലെങ്കിൽ സമൂഹത്തിന്റെ ചിന്താഗതി മാറ്റാമെന്ന് കരുതുന്നതിൽ അർത്ഥമില്ല. ഒരു നോവൽ വായിച്ചാൽ, അല്ലെങ്കിൽ സിനിമ കണ്ടാൽ ആളുകളിൽ ചലനമുണ്ടാകുമോ എന്നത് എഴുത്തുകാരന്റെയോ നിർമാതാവിന്റെയോ വിഷയമല്ല. എന്നാൽ സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് സമൂഹത്തിന്റെ മാറ്റത്തിൽ വലിയ ഉത്തരവാദിത്വവും പങ്കുമുണ്ട്.
ഒരു കാലത്ത് ജാതി പ്രവർത്തിച്ചിരുന്നത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ജീവിതത്തിലായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ആളുകൾ വിവിധ ജോലികൾ ചെയ്തിരുന്ന കാലം. അതിൽ നിന്നും ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിപ്പെടാൻ ഒരുപാട് സമയമെടുത്തിരുന്നു. എന്നാൽ ഇന്ന് പലപ്പോഴും ഈ സാമൂഹ്യ മാറ്റത്തിന്റെ പിറകിൽ പ്രവർത്തിച്ചിരുന്ന പലരുടെയും പിൻതലമുറക്കാർ വീണ്ടും ആ തറവാട്ട് ബോധത്തെ തിരികെ കൊണ്ടുവരുന്നത് കാണാൻ കഴിയും. അവർ വീണ്ടും വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
കേരളത്തിൽ പ്രീമെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ ഓരോ പുതിയ മന്ത്രിസഭ വരുമ്പോഴും അവ പുതുക്കി പണിയും. ഇത്തരത്തിൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ പുതുക്കി പണിയലാണ് നമ്മുടെ പുരോഗമനം. നമ്മൾ അവിടെ വരെ മാത്രമാണ് എത്തി നിൽക്കുന്നത്. പുരോഗമനപരമായി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇതിലും വലുതാണ് എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥ നമുക്കില്ല. കേരളത്തിലെ ആദിവാസി സമൂഹത്തിന് വേണ്ടി മാത്രം, അവരെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്ന ഒരു സ്‌കൂൾ എന്തുകൊണ്ട് തുടങ്ങാൻ കഴിയുന്നില്ല. അവരെ ഇംഗ്ലീഷ് നല്ല രീതിയിൽ പഠിപ്പിച്ച് അവർക്ക് ആത്മവിശ്വാസം നൽകുന്നതിനുള്ള ട്രെയിനിങ് കൊടുത്ത് അവരെ നല്ല നിലയിൽ എത്തിക്കാൻ ശ്രമിക്കുന്നതല്ലെ പുരോഗമനം.
കേരള സമൂഹം എപ്പോഴും താരതമ്യം ചെയ്യപ്പെടുന്നത് അതിനെക്കാൾ നിലവാരം കുറഞ്ഞ സമൂഹവുമായിട്ടാണ്. ഇത്തരത്തിലുള്ള താരതമ്യം ഒരു സമൂഹം എന്ന നിലയിൽ കേരളത്തെ വളരാൻ അനുവദിക്കില്ല. എപ്പോഴും താരതമ്യം നടക്കേണ്ടത് നമ്മളെക്കാൾ ഉയർന്നു നിൽക്കുന്ന സാഹചര്യങ്ങളുമായിട്ടാണ്.
അരിക് പറയുന്നത് 60കളിൽ നമുക്ക് പോരാടാൻ ഒരു എതിരാളി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ എതിരാളികളെ നമുക്ക് അറിയില്ല, അത് നമ്മുടെ ഉള്ളിൽ തന്നെയാണ്. നമുക്ക് ചുറ്റുമുള്ളവരും നമ്മൾക്ക് പരിചിതരായവരുമായി ഇത്തരത്തിലുള്ള ആളുകൾ നിരവധിയാണ്. പണ്ട് നമുക്ക് ഒരാളോട് സംസാരിക്കുമ്പോൾ തന്നെ അയാളുടെ ഉള്ളിലെ ജാതീയത വ്യക്തമായി കാണാൻ കഴിയുമായിരുന്നു, എന്നാൽ ഇന്ന് അയാളോടൊപ്പം താമസിച്ചാൽ പോലും കാലങ്ങൾക്കൊണ്ടായിരിക്കാം അയാളിലെ ജാതിബോധം നമുക്ക് മനസിലാവുക. കാണാൻ കഴിയാത്ത ഒരു പിശാചായി ജാതി നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട്, അത് പറഞ്ഞുവെക്കാൻ കൂടിയാണ് സിനിമ ശ്രമിക്കുന്നത്.
Content summary; Interview with VS Sanoj director of the movie Ariku