അത്യാഢംബര ആഘോഷങ്ങളിലൂടെ പലപ്പോഴും വാർത്തകളിൽ നിറയുന്നവരാണ് അംബാനി കുടുംബം. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി രാധിക മർച്ചൻ്റുമായി വിവാഹ ഒരുക്കങ്ങളും ആഘോഷങ്ങളും ഇതിനോടകം തന്നെ ചർച്ചാ വിഷയമാണ്. വിവാഹത്തിന് മുന്നോടിയായുള്ള രണ്ടാം ആഘോഷങ്ങൾക്ക് തുടക്കമിടുകയാണ് അംബാനി കുടുംബം. മാർച്ചിൽ ജാംനഗറിൽ വച്ചാണ് ആദ്യ ആഘോഷങ്ങൾ നടത്തിയത്. Ambani wedding
ഇത്തവണ ഗംഭീരമായ ഒരു കപ്പൽ യാത്രയിലാണ് വിവാഹ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ആരംഭിച്ച് ഫ്രാൻസിൻ്റെ തെക്ക് ഭാഗത്തേക്കാണ് ആഡംബര കപ്പൽ യാത്ര ആരംഭിച്ചിട്ടുള്ളത്. ഇതുപക്ഷെ കേവലമൊരു കപ്പൽ യാത്രയല്ല, 800 – ഓളം വിഐപി അതിഥികളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം പാകം ചെയ്യാൻ തക്കവണ്ണമുള്ള ലോകോത്തര പാചക വിദഗ്ധർ മുതൽ, അത്യാഡംബര കിടപ്പുമുറികൾ, ഭക്ഷണ മെനുകൾ എന്നിവ അടങ്ങുന്ന മാരിടൈം എഞ്ചിനീയറിംഗിന്റെ കപ്പലിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മെയ് 29 മുതൽ ജൂൺ 1 വരെ 4,380 കിലോമീറ്ററാണ് കപ്പൽ യാത്ര ചെയ്യുക. ബോളിവുഡ് സെലിബ്രിറ്റികൾ, വൻകിട ബിസിനസ്സ് വമ്പന്മാർ, സാമൂഹ്യപ്രവർത്തകർ അടക്കം ഉൾപ്പെടുന്നതാണ് അതിഥികളുടെ പട്ടിക.
കരീന കപൂർ ഖാൻ, കരൺ ജോഹർ, രൺവീർ സിംഗ് തുടങ്ങിയവർ വരെ ചടങ്ങിനെത്തിയവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന തീം പരിപാടികളടങ്ങുന്ന ആഘോഷമാണ് യാത്രയിലുടനീളം അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. മെയ് 29 ന് ആരംഭിച്ച ആഘോഷങ്ങളോടൊപ്പം തന്നെ ആകാശ് അംബാനിയുടെ ഇളയ മകൾ വേദയുടെ ജന്മദിനാഘോഷവും കപ്പലിൽ വച്ച് നടത്തുന്നുണ്ട്. മേയ് 31-ന് അതിഥികൾക്ക് മറ്റു വിനോദപരിപാടികൾ ഒരുക്കിയിരിക്കുന്നതിനൊപ്പം, കാനിലെ വലിയ ‘ മാസ്ക്വെറേഡ് ബോൾ ‘ കൂടി ആസ്വദിക്കാനുള്ള അവസരമുണ്ട്. ജൂൺ 1-ന് ഇറ്റലിയിലെ പോർട്ടോഫിനോയിൽ നടക്കുന്ന ഇറ്റാലിയൻ വേനൽക്കാല ഉത്സവത്തോടെ ആഘോഷങ്ങൾ അവസാനിക്കും.
ബഹിരാകാശ തീമിൽ ഒരുക്കിയുള്ള ആഘോഷമാണ് ഏറ്റവും കൂടുതൽ ആകാംഷയുണർത്തുന്ന പരിപാടികളിൽ ഒന്ന്. ഗ്രേസ് ലിംഗ് കോച്ചർ രൂപകൽപ്പന ചെയ്ത വസ്ത്രമാണ് ചടങ്ങിൽ രാധിക മർച്ചൻ്റ് ധരിക്കാൻ പോകുന്നത് എന്ന ചില റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആഘോഷത്തിന്റെ വിവരങ്ങൾ എല്ലാം അതീവ രഹസ്യമായയാണ് കൈകാര്യം ചെയ്യുന്നതിനാൽ, സ്വകാര്യത ഉറപ്പാക്കാൻ കർശനമായ നോ – ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഇരുവരുടെയും വിവാഹം ജൂലൈ 12ന് മുംബൈയിൽ വച്ച് നടക്കുമെന്നാണ് കരുതുന്നത്. 2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും മോതിരമാറ്റം നടന്നത്. 2023 ജനുവരിയിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു വിവാഹനിശ്ചയം.
content summary : Anant Ambani-Radhika Merchant wedding