ഭര്‍ത്താവ് മന്ത്രിയായാല്‍ ഭാര്യക്കും ഭരണഘടനാപരമായ അധികാരം കിട്ടുമോ? അത്തരം തെറ്റിദ്ധാരണയില്‍ കഴിയുന്നവരുമുണ്ടെന്നതിന്റെ തെളിവാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത. ആന്ധ്രാപ്രദേശ് ഗതാഗത വകുപ്പ് മന്ത്രി മണ്ഡിപ്പള്ളി രാമപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ് തനിക്ക് പ്രത്യേകം അധികാരങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്നത്. ആ ‘ അധികാരം’ ഹരിത ഒരു പൊലീസ് ഉദ്യോഗസ്ഥനോട് കാണിച്ചതാണ് ഇപ്പോള്‍ സംസ്ഥാനത്ത് വലിയൊരു രാഷ്ട്രീയ വിവാദമായിരിക്കുന്നത്.
മന്ത്രി പത്‌നി സബ് ഇന്‍സ്‌പെക്ടറെ ശകാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് തന്നെ നാണക്കേടായിരിക്കുകയാണ്.
ഭര്‍ത്താവ് സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി പത്‌നി തനിക്ക് പൊലീസ് എസ്‌കോര്‍ട്ട് വരാന്‍ വൈകിയതാണ് ക്ഷുഭിതയായത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വൈകിയതിന്റെ പേരില്‍ ശകാരിച്ചത്. മന്ത്രിക്കല്ലാതെ, ഭാര്യയ്‌ക്കോ മറ്റു ബന്ധുക്കള്‍ക്കോ എസ്‌കോര്‍ട്ട് പോകേണ്ട കാര്യം പൊലീസിനില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഭാര്യയുടെ ‘ ഷോ’.
ഹരിത റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ട അംഗമോ, ഏതെങ്കിലും പദവിയിലിരിക്കുന്നതോ ആയ വ്യക്തിയില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഭാര്യ എന്നതുമാത്രമാണ് അവരുടെ അഡ്രസ്. രാമപ്രസാദ് റെഡ്ഡിയുടെ നിയമസഭ മണ്ഡലമായ റായചോട്ടിയിലെ പരിപാടിയില്‍ പങ്കെടുക്കാനിറങ്ങിയതാണ് ഹരിത റെഡ്ഡി. അരമണിക്കൂറോളം കാത്തു കിടന്നിട്ടും എസ്‌കോര്‍ട്ട് പോകേണ്ട പൊലീസ് എത്തിയില്ലെന്നതായിരുന്നു അവരുടെ രോഷത്തിന് കാരണം.
ജൂലൈ ഒന്നാം തീയതി അന്നമായ എന്ന പുതിയതായി രൂപീകരിച്ച ജില്ലയിലെ, ചിന്നമണ്ടം എന്ന സ്ഥലത്തുള്ള ദേവഗുഡിപള്ളിയില്‍ എന്‍ടിആര്‍ ഭറോസ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പെന്‍ഷന്‍ വിതരണ ചടങ്ങില്‍ തന്റെ ഭര്‍ത്താവിനൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ഹരിത റെഡ്ഡി. രാവിലെ 9.30 ഓടെയാണ് കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന ഹരിത റെഡ്ഡിയുടെ അടുത്തേക്ക് എസ് ഐ രമേഷ് ബാബു എത്തിയത്. വന്നയുടനെ ഹരിതയെ എസ് ഐ സല്യൂട്ട് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് മന്ത്രി പത്‌നിയുടെ ശകാരം തുടങ്ങിയത്. ‘ നിങ്ങള്‍ക്ക് ഇപ്പോഴാണോ നേരം വെളുത്തത്? എന്നായിരുന്നു ഹരിതയുടെ ചോദ്യം. താനൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് എസ് ഐ വിശദീകരണം കൊടുത്തുവെങ്കിലും മന്ത്രി പത്‌നി അടങ്ങിയില്ല. നിങ്ങളുടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന് ഇല്ലാത്ത കോണ്‍ഫറന്‍സാണോ നിങ്ങള്‍ക്കുള്ളത് എന്നായിരുന്നു മറു ചോദ്യം. നിങ്ങളെന്താ കല്യാണം കൂടാന്‍ വന്നതാണോ? ഡ്യൂട്ടിക്ക് യൂണിഫോമില്‍ വരണമെന്ന കാര്യം നിങ്ങള്‍ക്ക് അറിയില്ലേ? ഹരിതയുടെ ചോദ്യം എസ് ഐ ഞെട്ടിക്കുന്നുണ്ട്. മൂന്നു തവണ എസ് ഐ ഹരിതയോട് മാപ്പ് പറയുന്നുണ്ട്. എന്നിട്ടും അവര്‍ തന്റെ ശകാരം തുടരുകയായിരുന്നു. ചുറ്റിലും ആളുകള്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ അപമാനിച്ചുകൊണ്ടിരുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു മന്ത്രി പത്‌നിയുടെ പരാതി. ‘ നിങ്ങള്‍ക്ക് വൈഎസ്ആര്‍സിപി എന്തെങ്കിലും തരുന്നുണ്ടോ? ആരാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്നത്? നിങ്ങള്‍ എന്താണ് നിങ്ങളുടെ ജോലി ചെയ്യാത്തത്? ഞാനിവിടെ നിങ്ങളെ അരമണിക്കൂറിലേറെയായി കാത്തു കിടക്കുകയാണ്’ ഇത്തരത്തില്‍ നീണ്ടു പോവുകയായിരുന്നു മന്ത്രിയുടെ ഭാര്യയുടെ ശകാരം.
എസ് ഐയോടുള്ള മന്ത്രി പത്‌നിയുടെ രോഷ പ്രകടനം കാമറകളില്‍ പതിഞ്ഞു. വൈകാതെ വൈറലുമായി. സംഭവം മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ മുന്നിലുമെത്തി. ഹരിതയുടെ ധാര്‍ഷ്ഠ്യം മുഖ്യമന്ത്രിയെ കോപാകുലനാക്കി. തന്റെ മന്ത്രിയായ രാമപ്രസാദ് റെഡ്ഡിയെ വിളിച്ച് നായിഡു അനിഷ്ടം വ്യക്തമാക്കി. ഇതോടെ ഭാര്യക്ക് വേണ്ടി മന്ത്രി റെഡ്ഡി മാപ്പ് ചോദിച്ചു.
അതേസമയം, ഈ വിഷയം രണ്ടു ഭാഗത്ത് നിന്നും സംഭവിച്ച തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതെന്നാണ് ചിന്നമണ്ടം പൊലീസ് സ്റ്റേഷനിലെ എസ് ഐ രമേഷ് ബാബു ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞത്. ഈ ഉദ്യോഗസ്ഥനാണ് മന്ത്രിയുടെ ഭാര്യയുടെ ചീത്ത വിളി കേള്‍ക്കേണ്ടി വന്നത്. ‘ ചില ആശയക്കുഴപ്പങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ വന്നു, അവരോട് ആരോ പറഞ്ഞുകൊടുത്തതു പ്രോട്ടോക്കോള്‍ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അവര്‍ക്ക് എസ്‌കോര്‍ട്ട് വരുമെന്നാണ്. ഈയൊരു തെറ്റിദ്ധാരണയുടെ പുറത്ത് അരമണിക്കൂറിലധികം സമയം അവര്‍ കാത്തു കിടന്നു. അവരവിടെ കാത്തു കിടക്കുകയാണെന്ന വിവരം അറിഞ്ഞയുടനെ ഞാന്‍ ഓടിച്ചെന്നു. ആ സമയത്താണ് അവര്‍ പൊട്ടിത്തെറിച്ചത്. പിന്നീട് ഞാനവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ഞങ്ങള്‍ പരസ്പരം ക്ഷമ ചോദിക്കുകയും ചെയ്തു. അതൊരു നിസ്സാര വിഷയമായിരുന്നു, പക്ഷേ ആ വീഡിയോ വൈറലായി’ എസ് ഐ രമേഷ് ബാബു പറയുന്നു.
പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് മന്ത്രിയുടെ ഭാര്യ കാണിച്ച അധികാര ദുര്‍വിനിയോഗത്തിനെതിരേ രംഗത്തു വന്നതോടെയാണ് സര്‍ക്കാരും വിവാദത്തിലായത്. ഉടന്‍ തന്നെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ, ഭാര്യയുടെ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞ് മന്ത്രി രാമപ്രസാദ് റെഡ്ഡി രംഗത്തു വന്നു. ‘ ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു, ഞാനതില്‍ ഖേദിക്കുന്നു. എന്റെ ഭാര്യ നേരത്തെ തന്നെ മാപ്പ് ചോദിച്ചിരുന്നു, ഇപ്പോള്‍ ഞാനും മാപ്പ് പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഇനി ആവര്‍ത്തിക്കില്ല’ മന്ത്രിയുടെ പരസ്യമായ മാപ്പ് പറച്ചില്‍ ഇങ്ങനെയായിരുന്നു. എന്നാല്‍, മന്ത്രി പത്‌നി ഇതുവരെ പരസ്യമായ മാപ്പ് പറച്ചലിന് തയ്യാറായിട്ടില്ല.
പൊലീസുകാരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ബഹുമാനത്തോടെ പെരുമാറണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് കൂറു കാണിച്ച ഉദ്യോഗസ്ഥരാണെങ്കില്‍ പോലും അവരോട് പകയോടെ പെരുമാറരുതെന്നും മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ടിഡിപി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അത്തരം പ്രവര്‍ത്തികളോട് ഒരിക്കലും ക്ഷമിക്കില്ലെന്നതും സര്‍ക്കാരിന്റെ നിലപാടാണെന്നും ടിഡിപി നേതൃത്വം ഈ സംഭവത്തിനു പിന്നാലെ വിശദീകരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍, വൈഎസ്ആര്‍സിപിയും ടിഡിപിയും തമ്മില്‍ എന്ത് വ്യത്യാസമാണെന്ന് ജനങ്ങള്‍ ചോദിക്കുമെന്നും പാര്‍ട്ടി നേതൃത്വം വിശദീകരണത്തില്‍ പറയുന്നുണ്ട്. andhra pradesh ministers wife berate sub inspector publically tdp government under controversy
Content Summary; andhra pradesh ministers wife berate sub inspector publically tdp government under controversy