June 13, 2026 |
Share on

പരസ്യ ഭീഷണികളും വാക്കേറ്റവും; ട്രംപും മസ്‌കും തമ്മില്‍ അടി മൂക്കുന്നു

എന്തൊക്കെയാണ് ആരോപണ-പ്രത്യാരോപണങ്ങളെന്ന് അറിയാം

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഇലോണ്‍ മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. പരസ്പരമുള്ള ഭീഷണികളും ആരോപണങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. അതെല്ലാം പരസ്യമായി തന്നെ പുറത്തു വരുന്നുണ്ട്. ഉറ്റസുഹൃത്തുക്കളായിരുന്നവര്‍ ഇപ്പോള്‍ കടുത്ത ശത്രുതയിലാണ്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ജെ ഡി വാന്‍സ് പകരം വരണമെന്നുമൊക്കെയാണ് മസ്‌ക് പറയുന്നത്. മസ്‌കുമായുള്ള എല്ലാ കാരറുകളും സര്‍ക്കാര്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്.

ട്രംപിന്റെ ‘ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തിലാണ് ത്തില്‍ ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മില്‍ അടി തുടങ്ങുന്നത്. അതിപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പോര്‍വിളിയിലെത്തി. ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഒരു നിര്‍ദ്ദിഷ്ട ബജറ്റ് അനുരഞ്ജന ബില്ലാണ്. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്റ്റ് എന്നും അറിയപ്പെടുന്ന ഈ ബില്‍, ചെലവ്, വരുമാനം, കടം പരിധി എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഒരു നിയമനിര്‍മ്മാണ പാക്കേജായാണ് ട്രംപ് അവതരിപ്പിക്കുന്നത്.

ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍, മസ്‌കുമായുള്ള പിണക്കത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിരുന്നു. തന്റെ ‘വലിയ, മനോഹരമായ ബില്ലിനെ’ മസ്‌ക് വിമര്‍ശിച്ചതാണ് ട്രംപിനെ നിരാശനാക്കിയത്.

മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഇലോണും ഞാനും തമ്മില്‍ നല്ലൊരു ബന്ധമായിരുന്നു. ഇനി ഞങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടാകുമോ എന്ന് എനിക്കറിയില്ല.’ ഒന്നുകൂടി ട്രംപ് പറഞ്ഞു; അയാളുടെ കാര്യത്തില്‍ ഞാന്‍ വളരെ നിരാശനാണ്.

‘ഈ ബില്ലിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. മറ്റാരെക്കാളും നന്നായി തന്നെ അദ്ദേഹത്തിന് അതെക്കുറിച്ച് അറിയാമായിരുന്നു, അദ്ദേഹം പോയതിനു ശേഷം(ഡോജില്‍ നിന്നും പിരിഞ്ഞതിനു ശേഷം) അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അദ്ദേഹം എന്നെക്കുറിച്ച് ഏറ്റവും മനോഹരമായ കാര്യങ്ങളാണ് പറഞ്ഞത്. വ്യക്തിപരമായി അദ്ദേഹം എന്നെക്കുറിച്ച് മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല, പക്ഷേ ഇനി അദ്ദേഹം അങ്ങനെയൊക്കെ പറയാന്‍ തുടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇലോണിന്റെ കാര്യത്തില്‍ ഞാന്‍ വളരെ നിരാശനാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുള്ളതാണ്’. മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞ കാര്യങ്ങളാണ്.

ബില്ലിനെ കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് ട്രംപ് പറയുന്നത് നുണയാണെന്നാണ് മസ്‌ക് തിരിച്ചടിച്ചത്. മസ്‌ക് തന്റെ എക്‌സ് അകൗണ്ടില്‍ എഴുതി: ‘തെറ്റ്, ഈ ബില്‍ ഒരിക്കല്‍ പോലും എന്നെ കാണിച്ചില്ല, കോണ്‍ഗ്രസിലെ ആര്‍ക്കും വായിക്കാന്‍ പോലും കഴിയാത്തത്ര വേഗത്തില്‍ രാത്രിയില്‍ പാസാക്കി!’.

എന്നാല്‍ മസ്‌കാണ് നുണ പറയുന്നതെന്ന് ട്രംപ് തിരിച്ചടിച്ചു. ബില്ലിന്റെ വിശദാംശങ്ങള്‍ മസ്‌കിന് അറിയാമായിരുന്നുവെന്നാണ് പ്രസിഡന്റ് ഉറപ്പിച്ച് പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ(ഇവി) നികുതിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ ബില്ലില്‍ പറയുന്നുണ്ട്. മസ്‌കിന്റെ സ്വഭാവം മാറാന്‍ കാരണമിതാണെന്നാണ് ട്രംപ് പറയുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ പോലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് ബില്ലില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മസ്‌ക് അസ്വസ്ഥനാണ്, ടെസ്ലയുടെ സബ്സിഡികളെ ബാധിക്കുമെന്നാണ് ഭയം, ട്രംപ് പറയുന്നു.

മസ്‌കുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയും ഇതിനൊപ്പമാണ് ട്രംപ് മുഴക്കുന്നത്.

ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം കൂടുതല്‍ രൂക്ഷമായിരുന്നു. ട്രംപിനെ നന്ദികെട്ടവനെന്നാണ് മസ്‌ക് വിളിച്ചത്. ‘ഞാനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു’ എന്നായിരുന്നു മസ്‌കിന്റെ മറ്റൊരു വെല്ലുവിളി. പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുവരെ മസ്‌ക് പറഞ്ഞു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇവിടം കൊണ്ടും മസ്‌ക് നിര്‍ത്തുന്നില്ല. ട്രംപിനെതിരേ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ ട്രംപ് പുറത്തുവിടാത്തതെന്നുമാണ് മസ്‌ക് ആരോപിക്കുന്നത്. തനിക്ക് ആ കേസില്‍ യാതൊരുവിധ ബന്ധവുമില്ലെന്നാണ് കഴിഞ്ഞിടയ്ക്കും ട്രംപ് ആവര്‍ത്തിച്ചിരുന്നത്.

മസ്‌കിന്റെ ഭീഷണിക്ക്, മറു ഭീഷണിയുമായി ട്രംപും എത്തി. സ്‌പേസ് എക്‌സ് ഉള്‍പ്പെടെയുള്ള മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതിനുള്ള മറുപടി മസ്‌ക് ഉടന്‍ തന്നെ കൊടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ബഹിരാകാശയാത്രികരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിനുള്ള നിര്‍ണായക വാഹനമായ സ്‌പേസ് എക്‌സ് അതിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തെ ഡീകമ്മീഷന്‍ ചെയ്യുമെന്നാണ് മസ്‌ക് പേടിപ്പിച്ചത്. യുഎസിന്റെ ബഹിരാകാശ പദ്ധതികളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന തീരുമാനമാകുമത്. പ്രത്യേകിച്ച്, ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ അയക്കാനുള്ള നാസയുടെ ഉദ്യമങ്ങളെ ബാധിക്കും.

ട്രംപിനെ ഇംപീച്ച് ചെയ്ത് പുറത്താക്കിയശേഷം ജെഡി വാന്‍സിനെ പ്രസിഡന്റാക്കണമെന്നാണ് മസ്‌കിന്റെ ആഹ്വാനം. ട്രംപിന്റെ ആഗോള താരിഫുകള്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും മസ്‌ക് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെയാണ് വിവാദമായ ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന ആരോപണവും പുറത്തുവിട്ടത്.  Trump- Musk feud escalates; What are the mutual accusations and threats

Content Summary; Trump- Musk feud escalates; What are the mutual accusations and threats

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×