ഉറുമ്പു കള്ളക്കടത്ത്; ചൈനീസ് പൗരന് തടവും പിഴയും

ഒരു വന്‍ സംഘം തന്നെ രാജ്യന്തര തലത്തില്‍ നടക്കുന്ന ഈ ഉറുമ്പ് കള്ളക്കടത്തിന് പിന്നിലുണ്ട്

Ant Smuggling

കെനിയയില്‍ നിന്ന് ആയിരക്കണക്കിന് ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച ചൈനീസ് പൗരന് നെയ്റോബി കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷയും പിഴയും വിധിച്ചു. കിഴക്കന്‍ ആഫ്രിക്കയില്‍ സജീവമായ ഉറുമ്പ് കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഈ പ്രാണികളെ കടത്തുന്നത്. അവിടെ ഇവയെ വളര്‍ത്തുമൃഗങ്ങളായി ഉപയോഗിക്കുന്നു. വിപണിയില്‍ ഓരോ ഉറുമ്പിനും ഏകദേശം 100 ഡോളര്‍ (ഏകദേശം 8,300 രൂപ) വരെ വില ലഭിക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം അയ്യായിരത്തോളം ഉറുമ്പുകളുമായി രണ്ട് ബെല്‍ജിയന്‍ യുവാക്കള്‍ പിടിയിലായതോടെയാണ് ഈ കള്ളക്കടത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അന്ന് അവര്‍ക്ക് ഏകദേശം 7,700 ഡോളര്‍ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഷാങ് കെക്യുന്‍ എന്നയാളെ മാര്‍ച്ച് 10-നാണ് അധികൃതര്‍ പിടികൂടിയത്. നെയ്റോബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇയാളുടെ ലഗേജില്‍ നിന്ന് ചെറുകുഴലുകളില്‍ സൂക്ഷിച്ച നിലയില്‍ 2,200-ലധികം ഉറുമ്പുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ 1,948 എണ്ണം വിലപിടിപ്പുള്ള ‘മെസ്സര്‍ സെഫലോട്ടസ്’ വിഭാഗത്തില്‍പ്പെട്ടവയായിരുന്നു.

വന്യജീവി കടത്ത്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഗൂഢാലോചന കുറ്റം പിന്നീട് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചു. വിധി പ്രസ്താവിക്കവെ, ഷാങ് കെക്യുന്‍ തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്താപം പ്രകടിപ്പിക്കാത്ത വ്യക്തിയാണെന്നും തികച്ചും സത്യസന്ധനല്ലെന്നും ജഡ്ജി ഐറിന്‍ ഗിച്ചോബി നിരീക്ഷിച്ചു. 10 ലക്ഷം കെനിയന്‍ ഷില്ലിംഗ് (ഏകദേശം 7,700 ഡോളര്‍) പിഴയും ഒരു വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ചൈനയിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.

തോട്ടങ്ങളിലെ ഉറുമ്പുകളെ വന്‍തോതില്‍ കടത്തുന്നത് വര്‍ദ്ധിച്ചു വരുന്നതായും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശനമായ ശിക്ഷ അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. ഈ കേസില്‍ ഉറുമ്പുകളെ വില്‍ക്കാന്‍ സഹായിച്ച ചാര്‍ളി മ്വാംഗി എന്ന കെനിയന്‍ സ്വദേശി കുറ്റം നിഷേധിച്ചിട്ടുണ്ട്, ഇയാള്‍ക്കെതിരെയുള്ള വിചാരണ തുടരുകയാണ്.

Content Summary: Ant smuggling; Chinese national has been sentenced to a year in prison fined by a Nairobi court

This post was last modified on April 16, 2026 7:35 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment