UPDATES

രഹസ്യ സൈബര്‍ പോരാളികള്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നത് എങ്ങനെ ? അന്വേഷണ റിപ്പോര്‍ട്ട്

രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ടീം ഹോര്‍ഹെ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൈബര്‍ സ്വാധീന സംഘത്തെ (സമീപിക്കുകയും, ആ സംവാദം) റെക്കോര്‍ഡ് (ചെയ്യുകയും) ചെയ്യുന്നത്. തെറ്റായ വിവര പ്രചാരണം, ഹാക്കിംഗ്, ബ്ലാക്ക് മെയിലിംഗ്, കള്ളപ്രചരണം നടത്താനുള്ള കാമ്പയിനുകള്‍ മുതലായ സേവനങ്ങളാണ് ഹോര്‍ഹെ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലക്ഷകണക്കിന് ഡോളറുകള്‍ പ്രതിഫലമായി വാങ്ങി ലോകമെമ്പാടും ഉള്ള പല പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളും അട്ടിമറിക്കാന്‍ സഹായിച്ചതായി ടീം ഹോര്‍ഹെയുടെ പ്രതിനിധി വീഡിയോയില്‍ അവകാശപ്പെടുന്നു.

Avatar

OCCRP

                       

•തങ്ങള്‍ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രതിയോഗികളുടെ മെസ്സേജിംഗ് അക്കൗണ്ടുകള്‍ നിരീക്ഷിച്ചിരുന്നു എന്നും അവര്‍ക്കെതിരെ വ്യജ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയ കാമ്പയിന്‍ വിന്യസിച്ചു എന്നുമുള്ള ടീം ഹോര്‍ഹെയുടെ വാദത്തിന്റെ വസ്തുത റിപ്പോര്‍ട്ടര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

•വലിയ രീതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കഴിഞ്ഞ വര്‍ഷം കെനിയയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെയും ടീം ഹോര്‍ഹെ സ്വാധീനിച്ചിരുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. ഈ രഹസ്യസംഘത്തില്‍ ഇസ്രായേല്‍ സേനയില്‍ പരിശീലനം നേടിയവരും ഉള്‍പെടുന്നു.

ലോകമെമ്പാടും സൈബര്‍ അക്രമി സംഘങ്ങള്‍ രഹസ്യമായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഭാരിച്ച പ്രതിഫലം നല്‍കാന്‍ തയ്യാറായവരെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നു.

ആഫ്രിക്കയിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന വ്യാജേന ഈ സംഘത്തെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് തങ്ങളുടെ സേവനങ്ങള്‍ എങ്ങനെയാണ് നല്‍കുന്നതെന്ന് വിവരിച്ചത് വഴിയാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതില്‍ വിദഗ്ദ്ധരായ ഇസ്രായേലി സംഘത്തിന്റെ പ്രവര്‍ത്തനശൈലി ലോകത്തിന് മുന്നില്‍ വെളിപ്പെട്ടത്.

‘ഇതാണ് ഞങ്ങളുടെ രീതി… എതിരാളികളുടെ ലോജിസ്റ്റിക്‌സ് തകര്‍ക്കുക, അവരെ ഭയപ്പെടുത്തുക, തെരഞ്ഞെടുപ്പില്‍ ആള്‍ക്കാര്‍ പങ്കെടുക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുക’ എന്ന് 2022ല്‍ നടത്തിയ വീഡിയോ കോളില്‍ ടീം ഹോര്‍ഹെയിലെ ഒരു അംഗം പറഞ്ഞു.

പല തവണകളായി നടത്തിയ ഫോണ്‍ കോളുകളിലൂടെയും ഒരു തവണ നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലും ഹോര്‍ഹെ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി നയിക്കുന്ന ടീമിലെ അംഗങ്ങള്‍, അവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ‘ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍ഫ്‌ളുവെന്‍സ് ‘ സേവനങ്ങള്‍ ഏതെല്ലാമാണെന്നു വിവരിച്ചു. മുപ്പത്തിമൂന്ന് പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള കാമ്പയിനുകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, അതില്‍ ഇരുപത്തിയേഴെണ്ണം വിജയിച്ചു എന്നും അവര്‍ അവകാശപ്പെടുന്നു.

ഹാക്കിംഗ്, ബ്ലാക്ക്‌മെയിലിംഗിന് സഹായിക്കുന്ന വിവരങ്ങളുടെ ശേഖരണം, തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെരഞ്ഞെടുപ്പ് തടസ്സപെടുത്തല്‍, എതിരാളികളെ ലക്ഷ്യം വെച്ചുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ എന്നിവ ഇവരുടെ തന്ത്രങ്ങളില്‍ ഉള്‍പെടുന്നു.

മേല്‍പ്പറഞ്ഞ തന്ത്രങ്ങളില്‍ ചിലത് ഈ സംഘം ഉപയോഗിച്ചതായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ടെലഗ്രാം, ജി-മെയില്‍ അക്കൗണ്ടുകള്‍ അനധികൃതമായി ഉപയോഗിക്കുവാനും ബോട്ട്‌നെറ്റുകള്‍ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി കാമ്പയിനുകള്‍ വിന്യസിക്കുവാനും ടീം ഹോര്‍ഹെക്ക് സാധിച്ചതായി കാണാന്‍ കഴിയുന്നു. ഇതുവരെ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറഞ്ഞത് രണ്ടു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളിലെങ്കിലും ഇവര്‍ സ്വാധീനം ചെലുത്തിയെന്ന് മനസ്സിലാക്കാനാകും.

ഒരു ആഫ്രിക്കന്‍ കക്ഷിയുടെ ഇടനിലക്കാര്‍ എന്ന് നടിച്ച് ഇവരെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് 15 മില്യണ്‍ യൂറോ ആണ് ഒരു പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ നടത്താന്‍ ഇവര്‍ ഈടാക്കുന്നത് എന്ന് ‘ഹോര്‍ഹേ’ പറഞ്ഞു. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെ അവരെ ഏല്‍പ്പിക്കുന്നു എന്ന് നടിച്ച ജോലിക്ക് അറുപത് ലക്ഷം യൂറോ ആണ് ടീം ഹോര്‍ഹെ ആവശ്യപ്പെട്ടത്. പണം പല രഹസ്യ മാര്‍ഗ്ഗങ്ങളിലൂടെയും കൈമാറ്റം ചെയ്യാമെന്നും അതിനായി ഫ്രാന്‍സിലെ ഒരു സര്‍ക്കാര്‍ ഇതര സംഘടനയേയോ, ദുബായിലെ ഒരു നിയമ സ്ഥാപനത്തെയോ, ഇസ്ലാമിക് സ്‌കൂളുകളെയോ ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു.

‘ഞങ്ങള്‍ എപ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എതിര്‍കക്ഷികള്‍ക്ക് ഞങ്ങളുടെ നിലനില്‍പ്പിനെ പറ്റി പോലും അറിവ് ഉണ്ടാകില്ല. അത് ഞങ്ങളുടെ ശക്തിയുടെ ഭാഗമാണ്’ എന്ന് ഹോര്‍ഹെ പറഞ്ഞു.

‘ഹൊര്‍ഹെ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന താല്‍ ഹനാന്‍

ഹോര്‍ഹെ എന്ന സ്പാനിഷ് അപരനാമം അയാളുടെ ഉച്ചാരണവുമായി പൊരുത്തപ്പെട്ടിരുന്നില്ല. അത് അയാള്‍ ആരാണെന്നും എവിടെ നിന്നാണെന്നും മറച്ചുവെക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. അവതരണത്തിന് അയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പില്‍ ടൈം സോണുകള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. പിന്നെ ലിത്വാനിയായിലെ ഒരു ട്രാഫിക് ക്യാമറയിലെ ദൃശ്യങ്ങളുടെ ഫീഡ് ഇടയ്ക്ക് കാണുന്നുണ്ടായിരുന്നു. യുക്രെയ്ന്‍, യുഎസ്, ഇസ്രായേല്‍, ഇന്‍ഡോനേഷ്യ… മുതലായ രാജ്യങ്ങളില്‍ അയാള്‍ക്ക് ബന്ധങ്ങള്‍ ഉണ്ടെന്ന് അയാള്‍ കാണിച്ച ഫോണിലെ കോണ്ടാക്ടുകള്‍ സൂചിപ്പിക്കുന്നു.

അയാളുടെ യഥാര്‍ത്ഥ പേര് താല്‍ ഹനാന്‍ എന്നാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ എന്ന് മാധ്യമങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തകനെന്നാണ്.

താന്‍ തെറ്റുകാരനല്ല എന്ന് പറയുമ്പോഴും വിശദമായി ചോദ്യങ്ങള്‍ക്ക് ഹനാന്‍ മറുപടി പറഞ്ഞില്ല.

തുറന്നു പരസ്യപ്പെടുത്താത്ത, വാടകയ്ക്ക് തെറ്റായ വിവരങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങളിലേക്ക് കടന്നുചെല്ലാന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിച്ച അനവധി റെക്കോര്‍ഡ് മീറ്റിങ്ങുകള്‍ സൃഷ്ടിക്കുവാന്‍ ഈ രഹസ്യാന്വേഷണം വഴിതെളിച്ചു.2022 ജൂലൈയിലും ഓഗസ്റ്റിലും ആയി ആഫ്രിക്കാന്‍ രാജ്യമായ ഛാഡിലെ ഒരു കക്ഷിയുടെ ഇടനിലക്കാര്‍ എന്നു നടിച്ച് ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ഹോര്‍ഹെയെ സമീപിച്ചു. കക്ഷിയുടെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി ഒക്ടോബറില്‍ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് അനിശ്ചിതമായി വൈകിപ്പിക്കുക എന്ന ജോലിയാണ് ഹോര്‍ഹെയെ ഏല്‍പ്പിക്കുന്നതായി അവര്‍ നടിച്ചത്. പിന്നീട് ഛാഡിലെ ഇലക്ഷന്‍ രണ്ടുവര്‍ഷത്തേക്ക് നടക്കാതിരുന്നെങ്കിലും ഇതിന് മാധ്യമപ്രവര്‍ത്തകരുടെ രഹസ്യാന്വേഷണവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഹോര്‍ഹേയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് ഇതിന്റെ കാരണം. മാധ്യമ പ്രവര്‍ത്തകരും ഹോര്‍ഹെയുമായുള്ള സംഭാഷണങ്ങള്‍ ഓഗസ്റ്റ് ആയപ്പോഴേക്കും അവസാനിച്ചു.

എന്നാല്‍ ഡിസംബറില്‍ ഇസ്രായേലില്‍ വെച്ച് ടീം ഹോര്‍ഹേയുമായി നേരിട്ട് ഒരു കണ്ടുമുട്ടലുണ്ടായി.

രഹസ്യന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നത് ഗുര്‍ മെഡിഗോ (ദ മേക്കര്‍), ഫ്രെഡറിക് മെറ്റെസിയോ (റേഡിയോ ഫ്രാന്‍സ്), ഒമര്‍ ബെഞ്ചകോണ്‍ (ഹാരെറ്റ്‌സ്) എന്നിവരാണ്. ഫോര്‍ബിഡന്‍ സ്റ്റോറീസ് ഏകോപിപ്പിച്ച സഹകരണ രഹസ്യന്വേഷണ സംഘമായ സ്റ്റോറി കില്ലേഴ്‌സിന്റെ ഭാഗമായിരുന്നു ഈ മാധ്യമപ്രവര്‍ത്തകര്‍. ഒ.സി.സി.ആര്‍.പി ഉള്‍പ്പെടെ 30 മാധ്യമ സംഘടനകളുടെ ഭാഗമായ നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ ആണ് ഫോര്‍ബിഡന്‍ സ്റ്റോറീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. വധിക്കപ്പെടുകയോ ഭീഷണി നേരിട്ടുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ ഭാഗമായുള്ള അന്വേഷണങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരു രാജ്യാന്തര കൂട്ടായ്മയാണ് ഫോര്‍ബിഡന്‍ സ്റ്റോറീസ്.റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു സൂം പ്രസന്റേഷന്റെ ഇടയില്‍ കെനിയന്‍ രാഷ്ട്രീയ ഉപദേശകനായ ഡെന്നിസ് ഐറ്റുമ്പിയുടെ കോണ്‍ടാക്ടുകളും, പേഴ്‌സണല്‍ ചാറ്റുകളും ഒരു ടെലഗ്രാം അക്കൗണ്ടില്‍ ക്ലിക്ക് ചെയ്ത് ഹനാന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

2022 ജൂലൈ അവസാനം കെനിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ഹനാന്‍ തത്സമയ ഡെമോ നടത്തിയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റ ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന വില്യം റൂട്ടോയുടെ ഡിജിറ്റല്‍ തന്ത്രജ്ഞനായിരുന്നു ഐറ്റുമ്പി. ആഴ്ചകള്‍ക്കുള്ളില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുവാന്‍ സാധ്യതയുണ്ടായിരുന്ന റൂട്ടോയുടെ ‘വലംകൈ’ എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ഐറ്റുമ്പിയെ വിശേഷിപ്പിക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ഇന്റേണല്‍ പോളിംഗ് സര്‍വേ ഉള്‍പ്പെടെ ഐറ്റുമ്പിയുടെ സ്വകാര്യ ചാറ്റുകളും ഫയലുകളും വായിക്കാന്‍ മാത്രമല്ല, തന്റെ അക്കൗണ്ടില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ച് തനിക്ക് ഐറ്റുമ്പിയായി പോസ് ചെയ്യാമെന്നതിനും ഹനാന്‍ തെളിവ് കാണിച്ചു. ഒരു പ്രമുഖ കെനിയന്‍ വ്യവസായിയുമായി ഐറ്റുമ്പി അടുത്തിടെ നടത്തിയ ഒരു ചാറ്റ് ഹനാന്‍ തുറന്ന് അതിലേക്ക് ’11.” എന്ന് ടൈപ്പ് ചെയ്ത് അയച്ചു.

വില്യം റൂട്ടോ(ഇടത്ത്) ഡെന്നീസ് ഐറ്റുമ്പി(നടുവില്‍)യ്‌ക്കൊപ്പം. 2022 സെപ്തംബറില്‍ റൂട്ടോ പ്രസിഡന്റായി അധികാരമേറ്റശേഷം.

ഈ സന്ദേശത്തിന് പ്രത്യേകിച്ച് അര്‍ത്ഥം ഒന്നും ഉണ്ടായിരുന്നില്ല. ആ അക്കൗണ്ട് പൂര്‍ണമായും നിയന്ത്രിക്കാന്‍ അയാള്‍ക്ക് കഴിയും എന്നതാണ് ഇതിലൂടെ അദ്ദേഹം തെളിയിച്ചത്. എന്നാല്‍ ഇതുവഴി സൈനിക മേധാവികള്‍ക്കും മന്ത്രിമാര്‍ക്കും വരെ തെറ്റായ സന്ദേശങ്ങള്‍ അയച്ചതായി ടീം ഹോര്‍ഹെ അവകാശപ്പെട്ടു. എന്ത് സംഭവിക്കും എന്നത് നിയന്ത്രിക്കാനും, ഉന്നത തലത്തില്‍ അവര്‍ ലക്ഷ്യം വെക്കുന്ന ടാര്‍ഗെറ്റുകള്‍ക്ക് വലിയ തോതില്‍ നാശം വരുവാനും വേണ്ടിയാണിത്.

”സാധാരണ അയാള്‍ ആ സന്ദേശം കാണുന്നത് വരെ ഞാന്‍ കാത്തിരിക്കും. കണ്ടുവെന്നു ഉറപ്പു വന്നാല്‍ ആ സന്ദേശം ഞാന്‍ ഡിലീറ്റ് ചെയ്യും. എന്തിനെന്നോ? ഇങ്ങനെ ചെയ്യുന്നതിലൂടെ എനിക്ക് വലിയ രീതിയിലുള്ള ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സാധിക്കും.’ ഹനാന്‍ പറഞ്ഞു.

ഐറ്റുമ്പിക്ക് അയച്ച സന്ദേശം അബദ്ധവശാല്‍ സെന്ററിന്റെ സ്‌ക്രീനില്‍ നിന്ന് മാത്രമാണ് ഹനാന്‍ ഡിലീറ്റ് ചെയ്തത്. അതിനാല്‍ പിന്നീട് സന്ദേശം ലഭിച്ച വ്യവസായിയെ സമീപിക്കാനും അദ്ദേഹത്തിന് ഐറ്റുമ്പിയുടെ അക്കൗണ്ടില്‍ നിന്ന് നിഗൂഢമായ സന്ദേശം ലഭിച്ചു എന്ന് സ്ഥിരീകരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.‘എനിക്കറിയാം ചില രാജ്യങ്ങളില്‍ ആളുകള്‍ വിശ്വസിക്കുന്നത് ടെലഗ്രാം വളരെ സുരക്ഷിതമാണെന്നാണ്”. ഒരു സൂം സംഭാഷണത്തില്‍ പറഞ്ഞു. ”അങ്ങനെയെങ്കില്‍, അത് എത്രമാത്രം സുരക്ഷിതമാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം… ഇത് ഏതോ രാജ്യത്തെ മന്ത്രിയുടെ അക്കൗണ്ടാണ് എനിക്ക് അതില്‍ കയറുവാനും അതുവഴി അയാളുടെ എല്ലാ സംഭാഷണങ്ങളും അറിയുവാനും സാധിക്കും”.

മൊസാംബിക്കിലെ കൃഷി മന്ത്രി സെല്‍സോ കൊറേയയുടെ ജി-മെയില്‍ അക്കൗണ്ടും ഹനാന്‍ പ്രദര്‍ശിപ്പിച്ചു, ഇ-മെയില്‍ വിലാസവും അതിന്റെ ഉള്ളടക്കവും തന്റേതാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സ്ഥിരീകരിച്ചു. മന്ത്രിയുടെ സ്വകാര്യ ഗൂഗിള്‍ ഡ്രൈവിലെ ഫോള്‍ഡറുകളും അവതരണ വേളയില്‍ ദൃശ്യമായിരുന്നു.
ഇമെയില്‍ അക്കൗണ്ടുകളും ടെലഗ്രാം പോലുള്ള മെസേജിങ്ങ് സേവനങ്ങളും ഹാക്ക് ചെയ്യുന്നതില്‍ നിര്‍ണായകമാണ് സിഗ്‌നലിംഗ് സിസ്റ്റം 7. സെല്‍ഫോണ്‍ ആശയവിനിമയത്തിനുള്ള അന്താരാഷ്ട്ര നിലവാരമുള്ള ‘പ്രോട്ടോക്കോള്‍’ ആണ് ഇത് , ഒരു ഉപയോക്താവ് ചെയ്യുന്ന കോളോ എസ്എംഎസോ ഉദ്ദേശിച്ച സ്വീകര്‍ത്താവിന്റെ ശരിയായ നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന പ്രോട്ടോകോള്‍ ആണിത്. 1980-കളില്‍, ഡിജിറ്റല്‍ സുരക്ഷയുടെയും എന്‍ക്രിപ്ഷന്റെയും ആദ്യ നാളുകളിലാണ് ഈ പ്രോട്ടോകോള്‍ നിര്‍മിച്ചത്. അതിനാല്‍ ഒരു നിര്‍ദ്ദിഷ്ട ഉപയോക്താവായി ആള്‍മാറാട്ടം നടത്താനും അവരുടെ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാനും മൂന്നാം കക്ഷികളെ അനുവദിക്കുന്ന പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

തന്റെ ടീമിന് ചെയ്യാനാകുമെന്ന് ഹനാന്‍ അവകാശപ്പെടുന്നത് ഇതാണ് – ടീം ഹോര്‍ഹെ ആദ്യം നേരിട്ട് അവര്‍ ലക്ഷ്യം വയ്ക്കുന്ന രാജ്യത്തിലെ ഏതെങ്കിലും ഒരു ടെലികോം സേവനദാതാവിനെ സമീപിക്കുന്നു. പിന്നീട് നേരിട്ട് പോയി SS7 വഴി വ്യാജ കമാന്‍ഡുകള്‍ അവരുടെ സിസ്റ്റത്തിലേക്ക് തിരുകികയറ്റാന്‍ ടീമിനെ അനുവദിക്കുന്ന ഒരു ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യും. അങ്ങനെ ടെലികോം ഓപ്പറേറ്ററെ കബളിപ്പിച്ച് ഓതെന്റിക്കേഷന്‍ മെസ്സേജ് അയക്കുവാന്‍ സാധിക്കുന്നു. ഇതുവഴി ടീം ഹോര്‍ഹെക്ക് അവര്‍ ലക്ഷ്യംവെക്കുന്നവര്‍ കൈമാറുന്ന സന്ദേശങ്ങള്‍ വായിക്കാനും അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുവാനും സാധിക്കുന്നു. നെറ്റ്വര്‍ക്കില്‍ പഴുതുകള്‍ ഉണ്ട് എന്നറിവുള്ളതുകൊണ്ട് മിക്ക ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ചില ഓപ്പറേറ്റര്‍മാര്‍ ഇപ്പോഴും ദുര്‍ബലമായ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.കെനിയയിലെ ഇലക്ഷനില്‍ ടീം ഹോര്‍ഹയുടെ ഇടപെടലിന്റെ പൂര്‍ണമായ ചിത്രം വ്യക്തമല്ല. എന്നാല്‍ എല്ലാ വശങ്ങളില്‍ നിന്നുമുള്ള തെറ്റായ വിവരങ്ങള്‍ സാധാരണഗതിയില്‍ സമാധാനപരമായ സംഭവിക്കേണ്ട ഓഗസ്റ്റ് 22 ഇലക്ഷനെ സാരമായി ബാധിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ ഇലക്ഷന്‍ കമ്മീഷന്‍ തലത്തില്‍ കള്ളവോട്ട് നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയും പാശ്ചാത്യ ശക്തികള്‍ വോട്ടുകള്‍ അട്ടിമറിക്കുന്നു എന്ന് കുറ്റം ചുമത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, തെരഞ്ഞെടുപ്പ് കമ്മീഷനു വോട്ടിംഗ് ഉപകരണങ്ങള്‍ നല്‍കിയിരുന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് വെനസ്വേലക്കാരെ സംശയാസ്പദമായ വോട്ടിംഗ് സാമഗ്രികളുമായി നെയ്‌റോബി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അടുത്തദിവസം തന്നെ നൈജീരിയന്‍ പോലീസ് ഇവരെ വിട്ടയച്ചുവെങ്കിലും ഈ സംഭവം വൈറല്‍ ആകുകയും, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന ഗൂഢാലോചന സിദ്ധാന്തങ്ങളുടെ അടിസ്ഥാനമായി മാറുകയും ചെയ്തു.

‘കെനിയയില്‍ ഇതിനു മുന്നെയും ഇത്തരത്തിലുള്ള നികൃഷ്ടമായ കാമ്പയിനുകള്‍ നടന്നിട്ടുണ്ട് എന്നാല്‍ ഇതായിരിക്കാം ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രചാരണരീതി’ എന്ന് ജോണ്‍ ഗിതോങ്‌ഗോ പറഞ്ഞു. അദ്ദേഹം സുതാര്യതക്കുവേണ്ടി വാദിക്കുന്ന ജേര്‍ണലിസ്റ്റാണ്. വോട്ടുകള്‍ അട്ടിമറിക്കപ്പെട്ടുവെന്നാരോപിച്ച വ്യക്തിയുടെ പേരില്‍ അദ്ദേഹം ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്നു(ഒ.സി .സി. ആര്‍ . പി അദ്ദേഹത്തിന്റെ മാധ്യമ സംഘടനയായ ദി എലിഫന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു).

2022 ഓഗസ്റ്റില്‍ നടന്ന കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ക്ക് സമീപം ഉദ്യോഗസ്ഥര്‍

”ഇതിലൂടെ വ്യക്തമാകുന്നത് ഇവിടെ പൊതുസമ്മതി തേച്ച് മിനുക്കി നല്‍കുന്ന ഒരുപാടുപേര്‍ ഉണ്ടെന്നുള്ള വസ്തുതയാണ്. സാമ്പത്തിക- രാഷ്ട്രീയ സുരക്ഷ കമ്പനികളെന്ന് പറയപ്പെടുന്ന ഇവരെ നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നിഗൂഢ സംഘങ്ങളുടെ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ കാണുവാന്‍ സാധിക്കും.”

റൂട്ടൊ തെരഞ്ഞെടുക്കപെട്ടതിനു ശേഷം അയാളുടെ എതിരാളികള്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച് കോടതിയില്‍ പരാതിപ്പെട്ടു.

പരാതികളില്‍ ഒന്ന് ഗിത്തോംഗോ റിപ്പോര്‍ട്ട് ചെയ്ത പേര് വെളിപ്പെടുത്താത്ത വിസില്‍ ബ്ലോവര്‍ പറയുന്നത് ഐറ്റുമ്പിയാണ് -ടീം ഹോര്‍ഹെ ലക്ഷ്യം വെച്ചിരുന്ന സ്ട്രാറ്റജിസ്റ്റ് അദ്ദേഹം ആണ് – ആസൂത്രിതമായി ബാലറ്റില്‍ കൃത്രിമം നടത്തിയെന്നായിരുന്നു. പരാതിയില്‍ പേര് പരാമര്‍ശിക്കപെട്ട ഡേവിസ് ചിര്‍ചിര്‍ എന്ന വ്യക്തിയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഹനാന്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അയാള്‍ റൂട്ടോയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. എന്നാല്‍ ഈ വിസില്‍ ബ്ലോവറും, അയാള്‍ നല്‍കിയ തെളിവുകളും പിന്നീട് വിശ്വാസയോഗ്യമല്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.

അവസാനം, കെനിയന്‍ സുപ്രീം കോടതി നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നു എന്നാരോപിച്ചയാളുടെ (വിസില്‍ ബ്ലോവര്‍) വാദങ്ങള്‍ തള്ളിയെന്നു മാത്രമല്ല മറ്റു ഹര്‍ജികളും നിരസിച്ചു. മുന്നേ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സെപ്റ്റംബറില്‍, ശരിവയ്ക്കുകയും ചെയ്തു.

തുടര്‍ന്ന്, ജനുവരിയില്‍, തെരഞ്ഞെടുപ്പില്‍ കള്ളക്കളികള്‍ നടന്നതിന്റെ പുതിയ തെളിവുകളുണ്ടെന്ന് അവകാശവാദവുമായി ഒരു പുതിയ വിസില്‍ ബ്ലോവര്‍ വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ഒരു കാമ്പയിനിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഡിജിറ്റല്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് ആരാണാ വെബ്‌സൈറ്റ് സ്ഥാപിച്ചത് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്ന, പോളിങ് ഫലത്തില്‍ കൃത്രിമം നടന്നു എന്നുകാണിക്കുന്ന രേഖകളുടെ ഉറവിടം കണ്ടെത്താന്‍പോലും അവര്‍ക്കായില്ല. വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ച രേഖകളില്‍നിന്നും മെറ്റാ ഡാറ്റ പൂര്‍ണ്ണമായും നീക്കം ചെയ്തിരുന്നു.

കെനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നതിന്റെ തെളിവായി നിരത്തിക്കൊണ്ട് മേല്‍പറഞ്ഞ രേഖകളോട് വളരെയധികം സാമ്യമുള്ള രേഖകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ആ രേഖകളിലെ മെറ്റാ ഡാറ്റ, അത് എഴുതിയത് റിസ്‌ക് ആഫ്രിക്ക ഇന്നൊവേറ്റീവ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയുടെ സി.ഇ.ഓ ഹെന്രി മെയിന്‍ ആണെന്ന് സ്ഥിരീകരിക്കുന്നു. മെയിന്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ റാലിയാ ഓഡിങ്കയുടെ സഖ്യകക്ഷിയാണെന്ന് അദ്ദേഹത്തിന്റെ കാമ്പയിനിലെത്തന്നെ രണ്ട് ഉറവിടങ്ങള്‍ പറയുന്നു. മെയിന്‍ ഓഡിങ്കയെ പരസ്യമായി പിന്തുണയ്ക്കുകയും, അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നുവന്ന വഞ്ചന ആരോപണങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

രേഖകള്‍ സംശയാസ്പദമാണെന്ന് അനലിസ്റ്റുകള്‍ പറഞ്ഞെങ്കിലും കെനിയയിലെ പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധാഹ്വാനങ്ങളെ ന്യായീകരിക്കാന്‍ അവയെ ഉപയോഗിച്ചു. പോസ്റ്റ് ഓണ്‍ലൈന്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരാജിതനായ പ്രതിപക്ഷ നേതാവ് ഓഡിങ്ക നെയ്‌റോബിയില്‍ റാലി നടത്തുകയും, റൂത്തോയുടെ ഭരണം ‘നിയമവിരുദ്ധമാണെന്ന്’ പറയുകയും അഞ്ചുമാസം മാത്രം ഭരണം നടത്തിയ റൂത്തോ സര്‍ക്കാര്‍ രാജിവെക്കണം എന്ന ആവശ്യപ്പെടുകയും ചെയ്തു. പിന്നെ ‘ഇന്നു മുതല്‍ ചെറുത്തുനില്‍പ്പ് ആരംഭിക്കുന്നു’ എന്ന് ഓഡിങ്ക പ്രഖ്യാപിച്ചു.

2023 ല്‍ നെയ്‌റോബിയില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുള്ള റാലിയെ ഒഡിംഗ അഭിസംബോധന ചെയ്യുന്നു


ഇരുളടഞ്ഞ ബന്ധങ്ങള്‍
ഹനാന്‍, താന്‍ ഒരു ‘ആഫ്രിക്കന്‍ ഇലലക്ഷന്റെ’ ഭാഗമാണെന്നുപറഞ്ഞ് കെനിയയിലെ അയാളുടെ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ നിരത്തുമ്പോഴും, ആരാണയാളെ ഇതിനുവേണ്ടി നിയോഗിച്ചത് എന്നത് വ്യക്തമല്ല. കെനിയന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി ടാര്‍ഗറ്റ് ചെയ്ത തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച പല കാമ്പയിനുകള്‍ക്ക് ശേഷമാണ് ടീം ഹോര്‍ഹെയുടെ ഇടപെടല്‍ വരുന്നത്, അതുകൊണ്ടുതന്നെ ഇതുപോലെയൊരു ഗൂഡലോചന ചെയ്ത കുറ്റവാളികളെ കൃത്യമായി കണ്ടെത്തുന്നത് ദുഷ്‌കരമാണ്.

2013 ലും 2017 ലും കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന വിവാദ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം, മുന്‍ കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയാട്ടയെ തെരഞ്ഞെടുപ്പില്‍ സഹായിച്ചിരുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃ കമ്പനിയായ എസ് സി എല്‍ (SCL) ഗ്രൂപ്പിന് ഹനാന്‍ തന്റെ സേവനങ്ങള്‍ കെനിയയില്‍ ലഭ്യമാക്കാം എന്ന വാഗ്ദാനം നല്‍കിയതായാണ് പിന്നീട് ആ വര്‍ഷം തന്നെ ലീക്കായ ഇമെയിലുകള്‍ സൂചിപ്പിക്കുന്നത്. വിലക്കൂടുതല്‍ ആയതിനാല്‍ ആദ്യം ഈ ഓഫര്‍ നിരസിച്ചെങ്കിലും, പിന്നീടും ചര്‍ച്ചകള്‍ തുടര്‍ന്നതായാണ് കാണാന്‍ കഴിയുന്നത്.

എന്നാല്‍ ഒഡിംഗയുടെ 2022 കാമ്പയിനില്‍ ടീം ഹോര്‍ഹെ ഉള്‍പ്പെട്ടതായി കാണപ്പെട്ടു. 2022 ഓഗസ്റ്റിലെ തെരഞ്ഞെടുപ്പില്‍ കെനിയാട്ടയ്ക്ക് മറ്റൊരു ടേമിലേക്ക് കൂടി മത്സരിക്കാന്‍ നിയമപ്രകാരം കഴിഞ്ഞില്ല, അതിനാല്‍ തന്റെ മുന്‍ എതിരാളിയായ ഒഡിംഗയുമായി ചേര്‍ന്ന് റൂട്ടോയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഹനാന്‍ തന്റെ ഡെമോ സമയത്ത് ലക്ഷ്യം വച്ച സ്ഥാനാര്‍ത്ഥിയായിരുന്നു റൂട്ടോ.

കേംബ്രിഡ്ജ് അനലിറ്റിക്ക മുമ്പ് ഹനാനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി ചോര്‍ന്ന ഇ മെയിലുകള്‍ കാണിക്കുന്നു.

2018-ല്‍,എസ് സി എല്‍ -ലെ മുന്‍ പ്രോഗ്രാം ഡെവലപ്‌മെന്റ് ഡയറക്ടര്‍ ബ്രിട്ടാനി കൈസര്‍, കേംബ്രിഡ്ജ് അനലിറ്റിക്ക തെരഞ്ഞെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിരുന്ന ബ്രിട്ടീഷ് എംപിമാരോട് താന്‍ മുന്‍ നൈജീരിയന്‍ പ്രസിഡന്റിനെയും എസ് സി എല്‍ ക്ലയന്റായ ഗുഡ്‌ലക്ക് ജോനാഥനെയും ഇസ്രായേല്‍ കണ്‍സള്‍ട്ടന്റുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു എന്ന് പറയുകയുണ്ടായി. എസ് സി എല്‍ ഔദ്യോഗികമായി നല്‍കാത്ത, സര്‍ക്കാരുകള്‍ക്കുവേണ്ടിയുള്ള വിവര ശേഖരണം പോലുള്ള സേവനങ്ങള്‍ ഇസ്രയയേലി കണ്‍സള്‍ട്ടന്റുകള്‍ നല്‍കിയിരിക്കുന്നു എന്നും അവര്‍ പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവാദപരമായ പ്രവര്‍ത്തികളെ ലോകത്തിന് മുന്നില്‍ കൊണ്ടുവന്ന വിസില്‍ ബ്ലോവറായ കൈസര്‍ പറയുന്നത് എസ് സി എല്‍-ന്റെ തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക് ഒരുതരത്തിലുമുള്ള സ്വാധീനം ഉണ്ടായിരുന്നില്ല എന്നാണ്. വിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരുന്നത് നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പെടുവാനല്ലെന്ന് അവര്‍ പറഞ്ഞു. ഏതുവിധേനയാണ് ഇത്രയധികം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ അനുവാദത്തോടെ നടന്നു എന്ന ചോദ്യത്തെ അവര്‍ പൂര്‍ണമായി തള്ളിക്കളയും ചെയ്തു.

കെനിയാട്ട പ്രതികരിക്കാന്‍ തയ്യാറായില്ല

നിയമ പരിരക്ഷയ്ക്കുവേണ്ടിയും, പിന്നീട് ഏതെങ്കിലും സാഹചര്യത്തില്‍ അവരുടെ ഇടപെടല്‍ ഉണ്ടായി എന്ന് നിഷേധിക്കാന്‍ വേണ്ടിയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മിക്കപ്പോഴും ജോലികള്‍ അന്യോന്യം കൈമാറാറുണ്ട് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയിലും ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയറിലും വിദഗ്ദ്ധയായ എമ്മ ബ്രിയന്റ് പറയുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കമ്പ്യൂട്ടേഷണല്‍ പ്രൊപ്പഗണ്ട പ്രോജക്റ്റ്‌ന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനായി സര്‍ക്കാരുകള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കുന്നു എന്ന് കണ്ടെത്തിയ 65 സ്ഥാപനങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയും ഉള്‍പ്പെടുന്നു. അവര്‍ സേവനങ്ങള്‍ പരസ്യമായി വാഗ്ദാനം ചെയ്യുമ്പോള്‍ ടീം ഹോര്‍ഹെയെ പോലുള്ളവര്‍ നിഴലില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നു.

അവരുടെ ഇടപാടുകള്‍ മനഃപൂര്‍വം അവ്യക്തമാക്കിവെക്കുകയും, ബന്ധങ്ങള്‍ അതീവ രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്യും എന്നാണ് ആ ഗവേഷണത്തില്‍ പങ്കെടുത്ത വാഷിംഗ്ടണ്‍ ഡിസിയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സാമന്ത ബ്രാഡ്‌ഷോ പറയുന്നത്.

എസ് സി എല്‍ മുന്‍ ജീവനക്കാരി ബ്രിട്ടാനി കൈസര്‍

 

ടെക് ടൂള്‍ബോക്‌സ്
ടീം ഹോര്‍ഹെ ഇടപെട്ട പ്രസിഡെന്‍ഷ്യല്‍ കാമ്പയിനുകളില്‍ മൂന്നില്‍ രണ്ടുഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലായിരുന്നുവെങ്കിലും അവരുടെ പ്രൊമോഷണല്‍ മെറ്റീരിയലില്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കരീബിയന്‍ എന്നിവിടങ്ങളിലെ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

ഹനാന്റെ സഹോദരന്‍ സോഹര്‍ ഡിസംബറില്‍ നടന്ന ഒരു മീറ്റിംഗില്‍ ടീം ഹോര്‍ഹെ ഏറ്റെടുക്കാത്ത മൂന്ന് ജോലികള്‍ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞു: ഇസ്രായേലില്‍ ഒന്നു ഞങ്ങള്‍ ചെയ്യില്ല (‘ഉറങ്ങുന്നിടത്ത് വിസര്‍ജ്ജിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’); അമേരിക്കന്‍ പാര്‍ട്ടി-തല രാഷ്ട്രീയത്തില്‍ ഇടപെടില്ല (മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനുള്ള ക്ഷണം നിരസിച്ചതായി അവര്‍ അവകാശപ്പെടുന്നു); കൂടാതെ ‘മിസ്റ്റര്‍ പുടിന് എതിരായി ഒന്നുമില്ല.’

താല്‍ ഹനാന്റെ സഹോദരന്‍ സോഹര്‍ ഹനാന്‍. ഹൊര്‍ഹെ എന്ന അപരനാമത്തില്‍ തന്നെയാണ് സോഹറും അറിയപ്പെടുന്നത്.

രഹസ്യ റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പ്രെസന്റ്റേഷന്‍ന്റെ ഇടയില്‍ ക്ലയന്റുകളെ സഹായിക്കാന്‍ തന്റെ ടീം വിന്യസിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ കാണിക്കാന്‍ താല്‍ ഹനാന്‍ ഉത്സുകനായിരുന്നു.

നൈജീരിയയില്‍ പ്രതിപക്ഷത്തിന്റെ ഫോണ്‍ലൈനുകള്‍ ആക്രമിക്കപ്പെട്ടു എന്നത് വിവരിക്കുന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനം ‘ടീം ഹോര്‍ഹെ പ്രസന്റ്‌സ്: ഇന്റലിജന്‍സ് ഓണ്‍ ഡിമാന്‍ഡ്’ എന്ന അവരുടെ സെയില്‍സ് വീഡിയോയുടെ ഭാഗമായി കാണിക്കുകയുണ്ടായി. ഫോണ്‍ നെറ്റ്വര്‍ക്കുകളെ നിഷ്‌ക്രിയമാക്കുന്ന ഒരു ആക്രമണ രീതിയാണിത്.

‘ചിലരെ ഞങ്ങള്‍ക്ക് നിശ്ശബ്ദരാക്കണം, ചിലരുടെ ആശയവിനിമയത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കണം’ തെരഞ്ഞെടുപ്പ് ദിവസത്തെ ‘ഡി-ഡേ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു ഫോണ്‍കോളിനിടയില്‍ ഹനാന്‍ പറഞ്ഞു. ‘ഡി-ഡേ’ യില്‍ നൂറുകണക്കിന് ഫോണുകളെ നിഷ്‌ക്രിയമാക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്… ഞങ്ങളെ അനുകൂലിക്കാത്ത ഒരു പോലീസ് മേധാവിയുടെയോ , പട്ടാളക്കാരുടെയോ- എല്ലാ ഫോണുകളുടെയും പ്രവര്‍ത്തനം നില്‍ക്കും.”

കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ ലക്ഷ്യംവെച്ചും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹോര്‍ഹെ അവകാശപ്പെടുന്നു.

ഐ പി അഡ്രസ്സ് ഉള്ള എന്തിനെയും, വെബ്‌സൈറ്റുകള്‍ , സെര്‍വറുകള്‍ ഏതുമായിക്കോട്ടെ -ഞങ്ങള്‍ക്ക് അവയെ നിഷ്‌ക്രിയമാക്കാന്‍ കഴിയും. സ്വന്തമായി സെര്‍വറുകള്‍ ഉണ്ടെങ്കില്‍ ആപ്പുകള്‍, ചിലപ്പോള്‍ രണ്ടോ മൂന്നോ ന്യൂസ് ഏജന്‍സികളെയെല്ലാം ആക്രമിക്കാന്‍ കഴിയും” ഹോര്‍ഹെ പറഞ്ഞു.

ഹനാന്‍ വിവരിച്ച ആക്രമണരീതി ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയില്‍ ഓഫ് സര്‍വീസ്’ അല്ലെങ്കില്‍ ഡിഡിഒഎസ്സുമായി സാമ്യമുള്ളതാണ്. ഈ ആക്രമണങ്ങളില്‍ സാധാരണയായി ഒരു ടാര്‍ഗെറ്റിന്റെ സിസ്റ്റങ്ങളെ റിക്വസ്റ്റുകള്‍ കൊണ്ട് നിറയ്ക്കുകയും നിയമാനുസൃതമായ അഭ്യര്‍ത്ഥനകളോട് ‘സേവനം നിരസിക്കുക’ എന്ന പ്രതികരണം നല്‍കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

2014-ല്‍ സ്‌പെയിനിലെ കാറ്റാലനില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പിന്റെയിടയില്‍ അവര്‍ നടത്തിയ ആക്രമണത്തെപ്പറ്റി വന്ന തലക്കെട്ടുകള്‍ ഹനാന്‍ എടുത്തുകാട്ടി. സ്പാനിഷ് അന്വേഷകര്‍ ഒസിസിആര്‍പിയോട് ഹനാന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞു, എന്നാല്‍ അതിനുള്ള സാധ്യതകളെ അവര്‍ തള്ളിക്കളയുന്നില്ല.

ടീം ഹൊര്‍ഹെയുടെ പ്രസന്റേഷന്റെ സ്‌ക്രീന്‍ ഷോട്ട്‌

ഹോര്‍ഹെയുടെ ടെക് ടൂള്‍ബോക്‌സില്‍ ഉള്‍പ്പെടുന്ന മറ്റൊരായുധമാണ് ‘ പ്ലാറ്റ്‌ഫോം ഓഫ് ഇന്‍ഫ്‌ളുവെന്‍സ് ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ്’ അല്ലെങ്കില്‍ ‘എയിംസ് (AIMS)’- ഇത് പത്തോളം രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിട്ടതായും ഹോര്‍ഹെ അവകാശപ്പെടുന്നു.

യഥാര്‍ത്ഥ മനുഷ്യരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബോട്ടുകളെ (bots) ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുന്ന സോഫ്‌റ്റ്വെയര്‍ ആണ് ‘എയിംസ്’. സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ക്കാണ് എയിംസ് ഉപയോഗിക്കുന്നത്. ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഫെയ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നു, ഇതിനായി ആര്‍ക്കാരുടെ ചിത്രങ്ങള്‍ അവര്‍ മോഷ്ടിക്കുന്നു, ആമസോണ്‍ ,ബിറ്റ്‌കോയിന്‍ പോലുള്ള പല അക്കൗണ്ടുകളുമായി കണക്ട് ചെയ്ത് അവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം കൃത്രിമമായി സൃഷ്ടിക്കുന്നു. ഈ അക്കൗണ്ടുകള്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കാലങ്ങളായി നിലനില്‍ക്കുന്നവയായെ തോന്നു. അതിനായി ജിമെയില്‍ അക്കൗണ്ടുകളും, യൂട്യൂബ് കമെന്റുകളും വരെ സൃഷ്ടിക്കുന്നു. ഇതുവഴി അന്വേഷകരെ ഈ അക്കൗണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നവയാണെന്ന് തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നു.

‘ഞങ്ങള്‍ മനുഷ്യ പെരുമാറ്റം അനുകരിക്കുന്നു,” ഹനാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

എയിംസിലുള്ള ഷാനോന്‍ എയ്‌ക്കെന്‍സ് പ്രൊഫൈല്‍. ഇതില്‍ പറഞ്ഞരിക്കുന്ന വിവരങ്ങള്‍ വ്യാജമാണ്. ഈ ഫോട്ടോ മറ്റൊരാളുടേത് മോഷ്ടിച്ചിരിക്കുന്നതാണ്.

എയിംസ് വിന്യസിച്ചിരിക്കുന്ന ബോട്ടുകള്‍ കണ്ടെത്തുന്നതിന് മിക്ക ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കും ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസ പരിശോധനയും ആവശ്യമാണ്. എന്നാല്‍ 50 സെന്റോ അതില്‍ താഴെയൊ ഈടാക്കി എസ്എംഎസ്-സ്ഥിരീകരണ സേവനങ്ങള്‍ ചെയ്യുവാനായി പ്രത്യേകം സജ്ജീകരിച്ച വെബ്‌സൈറ്റുകളുണ്ട്. ജിമെയില്‍, വാട്ട്‌സ് ആപ്പ് പോലുള്ള നിരവധി അക്കൗണ്ടുകള്‍ ഇങ്ങനെ ‘പരിശോധിച്ച’ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോണ്‍ നമ്പര്‍ സ്ഥിരീകരണത്തിനായി ടീംഹോര്‍ഹെ SMSpva.com എന്ന സേവനം ഉപയോഗിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചു . SMSpva.com മാധ്യമപ്രവര്‍ത്തകരോട് ഇതിനെപറ്റി പ്രതികരിച്ചില്ല.

റെസിഡന്‍ഷ്യല്‍ പ്രോക്‌സികളെ ആശ്രയിച്ചാണ് AIMS പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ട്രാഫിക് വ്യക്തികളുടെ വീടുകളിലൂടെ റീ റൂട്ട് ചെയ്തു വിശ്വസനീയമാണെന്ന പുകമറ സൃഷ്ടിച്ചാണ് ട്വിറ്റര്‍, ഫേസ്ബുക്ക് മുതലായ സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണപരിധിയില്‍ നിന്നും ഇവര്‍ മാറുന്നത്. ഇക്കാരണത്താല്‍ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഏകോപിപ്പിച്ചുള്ള തെറ്റായ വിവരപ്രചാരണങ്ങളെ കണ്ടെത്തുക അസാധ്യമാണ്.

ലേ മൊണ്ടെ, ഗാര്‍ഡിയന്‍ എന്നീ മാധ്യമ സ്ഥാപനങ്ങള്‍ ഏകീകൃതമായ ട്വിറ്റര്‍ കാമ്പയിനുകള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് കരുതപ്പെടുന്ന അനേകം വ്യക്തികളുടെ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഹനാന്‍ ഉപയോഗിച്ച അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം പതിനായിരക്കണക്കിന് ട്വീറ്റുകള്‍ നടത്തിയിട്ടുള്ള ഇരുപത്തിയൊന്ന് AIMS സംബന്ധിയായ 1700ല്‍ പരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്

രഹസ്യ റിപ്പോര്‍ട്ടര്‍മാരുമായുള്ള ഡിസംബറിലെ വ്യക്തിഗത മീറ്റിംഗില്‍, ടീം ഹോര്‍ഹെ എയിംസിന്റെ ഒരു പുതിയ കഴിവ് കാണിച്ചു: കീവേഡ്‌സ്, ടോണ്‍, വിഷയം എന്നിവ നല്‍കിയാല്‍ നിര്‍ദേശമനുസരിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനുള്ള കൃത്രിമ ഇന്റലിജന്‍സ് ഉപകരണങ്ങളായിരുന്നു അത്.

”ഒരു ഓപ്പറേറ്റര്‍ക്ക് 300 പ്രൊഫൈലുകള്‍ വരെ ഉണ്ടായേക്കാം ,” സോഹര്‍ ഹനാന്‍ ഡെമോയ്ക്കിടെ പറഞ്ഞു. ‘അതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഒരു രാജ്യം മുഴുവന്‍ ഞാന്‍ വിചാരിക്കുന്നതുപോലെ സംസാരിക്കും; എന്തിനും എനിക്ക് ആവശ്യമുള്ള ആഖ്യാനങ്ങള്‍ നല്‍കാനും സാധിക്കും .’

ടീം ഹോര്‍ഹെ വെളിപ്പെടുമ്പോള്‍
അവരുടെ തന്ത്രങ്ങള്‍ പോലെ തന്നെ ടീം ഹോര്‍ഹയുടെ സ്വത്വവും നിഗൂഢമാണ്. എന്നാല്‍ ഇവരില്‍ ചിലരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വിവരങ്ങളില്‍ പലതും ടീം ഹോര്‍ഹെ അവരുടെ അംഗങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറയുന്നതിനെ ശരിവെക്കുന്നവയാണ്.

ഞങ്ങളില്‍ ചിലര്‍ മുതിര്‍ന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്, മാക്‌സ് (Max) എന്ന് അറിയപ്പെടുന്ന ആഷി മെയ്ഡന്‍ (Ashy Meidan) പറഞ്ഞു. മുന്‍പ് സാമ്പത്തിക വിദഗ്ധരായി വാര്‍ ഫെയര്‍ എക്‌സ്‌പേര്‍ട്ട്‌സായും പ്രവര്‍ത്തിച്ചിരുന്നവരാണ് മറ്റു ചിലര്‍. ചിലരാകട്ടെ സൈക്കളോജിക്കല്‍ വാര്‍ഫേര്‍ (psychological warfare) സ്‌പെഷ്യലിസ്റ്റുകളുമാണ്.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇസ്രായേലിലെ നിരവധി സുരക്ഷാ കേന്ദ്രങ്ങളിലായാണ് മെയ്ഡന്‍, ശബക്ക് എന്ന ഇസ്രായേലിലെ ഇന്റേണല്‍ സുരക്ഷ സംവിധാനത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ദി മേക്കര്‍ (The Maker)നെ അറിയിച്ചത്. മറ്റൊരു അംഗമായ ഷുക്കി ഫ്രീഡ്മാനും ശബക്കുമായ് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഫ്രീഡ്മാന്‍ പ്രതികരിച്ചില്ല.

ഇസ്രായേലിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പ്രോപ്‌ട്ടെക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ന്റെ സഹസ്ഥാപകനാണ് യാക്കോവ് സെടേക്ക് എന്ന ഡിജിറ്റല്‍ സംരംഭകന്‍. ഇഷായ് ഷേച്ച്‌ട്ടെര്‍ ആകട്ടെ വിസാസ്, ഊബര്‍, ഐക്കിയ തുടങ്ങിയ രാജ്യാന്തര കമ്പനികളുമായി സഹകരിക്കുന്ന ഗോറെന്‍ ആമിര്‍ എന്ന ലോബീയിംഗ് ഫേമിന്റെ നയം നിര്‍ദ്ദേശകനാണ്.

അണ്ടര്‍കവര്‍ മാധ്യമപ്രവര്‍ത്തകരുമായ് സൂം കോളില്‍ വന്നെങ്കിലും മെയ്ഡനും ഷെച്ചറും അവര്‍ ടീം ഹോര്‍ഹേയുമായോ താള്‍ ഹനാനുമായോ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലായെന്ന് പറഞ്ഞു.

ടീം ഹൊര്‍ഹെയുടെ ഇസ്രായേലിലുള്ള ഓഫിസ്.

കമ്പനിയുടെ സിഇഒ ആയ ‘നിക്ക്’ എന്ന പേരില്‍ പരിചയപ്പെടുത്തിയ താല്‍ ഹനാന്റെ സഹോദരന്‍ സൊഹാര്‍, ഇപ്പോള്‍ കടക്കെണിയിലായ സെനൊസ്രിറ്റി എല്‍ ടി ഡി (Senosrity LTD) എന്ന ഇസ്രായേലിയന്‍ കമ്പനിയുടെ പോളീഗ്രാഫ് വിദഗ്ധനായിട്ടാണ് അറിയപ്പെടുന്നത്. പാന്‍ജിയാ ഐ ടി (Pangea IT) എന്ന മറ്റൊരു കമ്പനി, Senosrity യുടെ സാങ്കേതിക വിദ്യ കൈവശമാക്കുകയും, അത് വ്യക്തികളുടെ മാനസിക സമ്മര്‍ദ്ദം കണ്ടെത്തുവാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. താന്‍ ഇത്രനാളും നിയമാനുസൃതമായി മാത്രം ജീവിച്ചുവെന്ന് പറയുന്ന സൊഹാര്‍ പക്ഷേ വിശദമായ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല.

ഒരു ഓണ്‍ലൈന്‍ ബയോഗ്രഫി പ്രകാരം താല്‍ ഹനാന്‍ ഇസ്രായേലിലെ പ്രത്യേക സൈനിക സേനയുടെ എക്‌സ്‌പ്ലോസീവ് എക്‌സപേര്‍ട്ട് ആയിരുന്നു. ഒരു ഇന്റലിജന്‍സ് വിഭാഗം, ഇസ്രായേലിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിഫന്‍സ് കമ്പനികളില്‍ കുറഞ്ഞത് ടാല്‍ സോള്‍ എനര്‍ജി (Tal Sol Energy), ഡെമോമാന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (Demoman International Ltd). എന്നിവയുടെ CEO ആണ് ഹനാന്‍.

നിയമം അനുശാസിക്കുന്നതിനു വിരുദ്ധമായി ഫോറിന്‍ ഏജന്റ് എന്ന് രേഖപ്പെടുത്താതെ യുഎസി ല്‍ ലോബിയിംഗ് നടത്തിയിട്ടുണ്ടെന്ന് ഹനാന്‍ സൂചിപ്പിച്ചു. താന്‍ പ്രവര്‍ത്തിച്ചത് നേരത്തെ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടെയും, വിദഗ്‌ദ്ധോപദേശകരിലൂടെയും ആണെന്ന് പറഞ്ഞ ഹനാന്‍, ടീം ഹോര്‍ഹെ നിലവിലെ മറ്റു ലോബി ഗ്രൂപ്പുകളോടൊപ്പം പ്രചരിപ്പിക്കുവാന്‍ ആക്‌സിയോമാട്ടിക്‌സ് (Axiomatics) എന്ന പബ്ലിക് relation സ്ഥാപനം ആരംഭിച്ചതായ് റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചു.

സെപ്റ്റംബര്‍ 2001 ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന തീവ്രവാദ ആക്രമണത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍, സ്വയം ഒരു തീവ്രവാദ വിരുദ്ധ വിദഗ്ധനായ് സ്ഥാനകരണം ചെയ്യാന്‍ ഹനാനിന് സാധിച്ചു. Suicide-terrorism.com എന്ന ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ വെബ്‌സൈറ്റിലെ ഒരു ആര്‍ക്കൈവ്ഡ് പേജില്‍ യുഎസ് ഫെഡറര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍വഹണ സമിതികളെ പരിശീലിപ്പിച്ചതായ് ഹനാന് അവകാശപ്പെടുന്നു. 2010ല്‍, ദി ജെറുസലേം പോസ്റ്റില്‍ (The Jerusalem Post) ഹനാന്‍ ഒരു സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ആയിട്ടാണ് ഉദ്ധരിക്കപെട്ടിട്ടുള്ളത്, അതില്‍ അയാളുടെ ഹാക്കിംഗിലെ വൈദഗ്ധ്യം പരാമര്‍ശിക്കപെട്ടിരുന്നു.

അണ്ടര്‍കവര്‍ റിപ്പോര്‍ട്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുവാന്‍ അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളേകുറിച്ച് ടീം ഹോര്‍ഹെ വിശദമായി സംസാരിച്ചു. തങ്ങള്‍ക്ക് ആറ് ഓഫീസുകളും അതില്‍ നൂറോളം ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും, അവരുടെ ഇന്റലിജിന്‍സ് വിഭാഗങ്ങളിലുള്ള പ്രവര്‍ത്തനപരിചയമാണ് ഇവര്‍ പ്രയോജനപ്പെടുത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇത് ടീം ഹോര്‍ഹയുടെ പ്രവര്‍ത്തികളെ സാധാരണ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന പബ്ലിക് റിലേഷന്‍സ് തന്ത്രങ്ങളില്‍ നിന്ന് ഏറെ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു.

‘ഇത് മറ്റെന്തിനെക്കാളും ഇന്റലിജന്‍സ് വര്‍ക്കാണ്. ഇത് പി ആര്‍ വര്‍ക്കല്ല, ഇന്റലിജന്‍സ് വര്‍ക്കാണ്.’ ഹനാന്‍ ഊന്നി പറയുന്നു.

(ഒസിസിആര്‍പിയുടെ ഈ അന്വേഷണ റിപ്പോര്‍ട്ട് അഴിമുഖം കൂടാതെ താഴെ കൊടുത്തിരിക്കുന്ന മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും പുറത്തു വന്നിട്ടുണ്ട്  Haaretz (Israel, in English), Der Spiegel (Germany, in German), Der Standard (Austria, in German), Le Monde (France, in French) and The Guardian (U.K., in English) )

Related news


Share on

മറ്റുവാര്‍ത്തകള്‍