എന്താണ് ബംഗ്ലാദേശിൽ സംഭവിക്കുന്നത് ?
ജൂലൈ മാസത്തിലാണ് ബംഗ്ലാദേശിനെ അനിശ്ചിതത്വത്തിലാഴ്ത്തി വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിൽ മരണസംഖ്യ 300 കടന്നിട്ടും പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട വിദ്യാർത്ഥികൾ പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി കസേര ഒഴിഞ്ഞിരിക്കുകയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ മാത്രം എന്താണ് ബംഗ്ലാദേശിലെ സ്ഥിഗതികളെ മോശമാക്കിയത് ? എന്തിനുവേണ്ടിയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്? Sheikh Hasina resignation Anti-government protests
ജൂലൈ അഞ്ചിനാണ് രാജ്യത്തെ പ്രക്ഷുബ്ധമാക്കി കൊണ്ട് കോടതി വിധി പുറത്തിറങ്ങുന്നത്. സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം സ്വാതന്ത്ര സമരസേനാനികളടെ പിൻഗാമികൾക്ക് നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. 2018 ൽ ഈ ആശയം രാജ്യത്ത് അവതരിപ്പിക്കപ്പെട്ടിരുന്നു, എന്നാൽ ആ വർഷം വിദ്യാർത്ഥി-അധ്യാപക സമ്മർദ്ദത്തെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഇത്തവണ പ്രതിഷേധം ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കുന്നതിന് പകരം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, ‘ റസാക്കർ’ എന്ന് ഷെയ്ഖ് ഹസീന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തതോടെ പ്രതിഷേധം ആളി കത്തി. ബംഗ്ലാദേശ് സ്വാതന്ത്ര പോരാട്ട കാലത്ത് ബംഗ്ലാ വിമോചന സേനയായ മുക്തി ബാഹിനിയെ അമർച്ച ചെയ്യാൻ പാകിസ്താൻ രൂപീകരിച്ച അർദ്ധ സൈനിക സേനയായിരുന്നു റസാക്കർ. പാക് സൈന്യത്തെ സഹായിക്കാനായി എത്തിയ റസാക്കർമാരാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനമായ പല ക്രൂരതകളും ബംഗ്ലാ ജനതയോട് കാണിച്ചത്.
ജൂൺ 17 നാണ് സംവരണ വിരുദ്ധ പ്രക്ഷോഭം രാജ്യത്താകെ അലയടിക്കാൻ തുടങ്ങുന്നത്. സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയിരുന്ന 56 ശതമാനം സംവരണത്തിൽ 30 ശതമാനം 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പോരാടിയവരുടെ കുടുംബാംഗങ്ങൾക്കായിരുന്നു. അവികസിത മേഖലകളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റുള്ളവർക്കും 10 ശതമാനം, ആദിവാസി മേഖലകളിൽ നിന്നുള്ളവർക്ക് അഞ്ചു ശതമാനം ബാക്കിയുള്ള ഒരു ശതമാനം അംഗപരിമിതർക്കുമായി ഏർപ്പെടുത്തിയിരുന്നു. 44 ശതമാനം ഒഴിവുകൾ മാത്രമായിരുന്നു ബാക്കിയുള്ളവർക്കായി മാറ്റിവച്ചിരുന്നത്. രാജ്യത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കുമ്പോൾ ഓരോ വർഷവും പഠിച്ചിറങ്ങുന്ന 4 ലക്ഷം ഉദ്യോഗാർത്ഥികളിൽ തൊഴിൽ സാധ്യതയും കുറവാണ്.
ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ മുന്നണിയിൽ ഉണ്ടായിരുന്ന പാർട്ടിയാണ് അവാമി ലീഗ്. അതായത് ഷെയ്ഖ് ഹസീനയുടെ പാർട്ടി. സംവരണം പക്ഷാപാതപരമായി അവാമി ലീഗിലെ ആളുകൾക്ക് മാത്രം ലഭിക്കുന്ന തരത്തിലാണെന്ന് 2018 ലും സമരക്കാർ ആരോപിച്ചിരുന്നു. പ്രതിഷേധം പരിധി വിട്ടാതോടെ സുപ്രിം കോടതി, ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിച്ചു. എന്നാൽ അപ്പോഴേക്കും സാഹചര്യം കൂടുതൽ കലുഷിതമായിരുന്നു. ഇത്തവണ വിധിയിലൂടെ സംവരണം പുനസ്ഥാപിക്കാൻ തീരുമാനമായതോടെ, പ്രതിഷേധക്കാരെ പൊലീസിനൊപ്പം ചേർന്ന് അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയും കൈയേറ്റം ചെയ്യാൻ തുടങ്ങി. പ്രതിഷേധക്കാർ കൂടുതൽ അക്രമാസക്തരായി. ഇതോടെ പൊലീസും ഭരണകൂട പിന്തുണയോടെ ബംഗ്ലാദേശ് ഛത്ര ലീഗുകാരും പ്രതിഷേധക്കാരെ നിശബ്ദരാക്കാനും ഇറങ്ങി തിരിച്ചു. പ്രതിഷേധക്കാർക്കൊപ്പം മുഖ്യ പ്കതിപക്ഷമായ ബംഗ്ലാദേഷ് നാഷണലിസ്റ്റ് പാർട്ടിയും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്നായിരുന്നു ഭരണകക്ഷിയുടെ ആരോപണം. തെരുവിലെ കലാപം എന്തു വിലകൊടുത്തും അടിച്ചമർത്തുമെന്ന നിലപാടിലായിരുന്നു ഷെയ്ഖ് ഹസീന. ഹസീനയുടെ പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ പ്രതിമ വരെ പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ഷെയ്ഖ് ഹസീന സർക്കാർ രാജ്യ വ്യാപകമായി കർഫ്യു ഏർപ്പെടുത്തി. കലാപം അടിച്ചമർത്താൻ സൈന്യത്തെയും നിരത്തിലിറക്കിയിരുന്നു. കർഫ്യൂ മൂലം അടഞ്ഞു കിടന്നിരുന്ന തെരുവുകളിൽ ബംഗ്ലാദേശ് സൈന്യത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആളുകൾ കൂട്ടം ചേരുന്നത് കർശനമായി വിലക്കിയതിന് പുറമെ കോടതികൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. മൊബൈൽ ഇന്റർനെറ്റ് സേവനവും ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, മറ്റ് മെസേജിങ് ആപ്പുകൾ എന്നിവയ്‌ക്കെല്ലാം വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്കായി പൂട്ടിയിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവർക്കെതിരേ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ് ഇട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം 150 ഓളം പേർ മരിച്ചതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 300 ലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്ത് 11,000 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
15 വർഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ഹസീനയ്ക്ക് ബംഗ്ലാദേശിലെ പ്രതിഷേധം അധികം വൈകാതെ തന്നെ തലവേദനയായി മാറി. ജനുവരിയിൽ വീണ്ടും ഹസീന പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നോ എന്ന കാര്യത്തിൽ പല ഭഗത്ത് നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. നിലവിലെ പരിതസ്ഥിയും ഹസീനയ്‌ക്കെതിരായ വിമർശനത്തിന്റെ ആഴം വർദ്ധിപ്പിച്ചു, ഹസീനയുടെ ഭരണം സ്വേച്ഛാധിപത്യമാണെന്നും, എന്ത് വിലകൊടുത്തും രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവും ആഗ്രഹിക്കുന്നുവെന്നും ആരോപണങ്ങൾ ശക്തമായി. തൊഴലില്ലായ്മ, കുറഞ്ഞ വിദേശനാണ്യ ശേഖരം, സാമ്പത്തിക പ്രതിസന്ധി എന്നിവയും രൂക്ഷമായി ഉന്നയിക്കപ്പെട്ടു. ആരോപങ്ങൾക്ക് പുറമെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ കാറ്റുകൂടിയാണ് ഷെയ്ഖ് ഹസീനയുടെ പ്രധാനമന്ത്രി കസേര ഇളക്കിയത്.Sheikh Hasina resignation Anti-government protests
Content summary; Anti-government protests in Bangladesh have led to Prime Minister Sheikh Hasina’s resignation