തൊഴിലാളി വിരുദ്ധതയോ സാമ്പത്തിക ആശങ്കയോ? മുഖ്യമന്ത്രിയുടെ പ്രസ്താവനയും അണപൊട്ടുന്ന വിവാദങ്ങളും

കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പണം തൊഴിലാളികള്‍ അയക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിനെ കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തെ ലളിതവല്‍ക്കരിക്കലാണ്

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ഉലയ്ക്കുന്ന തരത്തില്‍ വലിയ തോതില്‍ പണം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭയിലെ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിന്നു. സംസ്ഥാനത്ത് നാല്‍പ്പത് ലക്ഷത്തിലധികം അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ ഇവിടെ വളരെ കുറഞ്ഞ തുക മാത്രം ചെലവഴിച്ച് ബാക്കി തുക സ്വന്തം നാട്ടിലേക്ക് കടത്തുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം കടുത്ത തൊഴിലാളി വിരുദ്ധതയും കുടിയേറ്റ വിരുദ്ധ മനോഭാവവും ഒപ്പം വംശീയത നിറഞ്ഞതാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്.

ലക്ഷക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി കൊണ്ടുപോകുന്ന ഭീമമായ തുകയും മലയാളി വ്യവസായികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന വലിയ നിക്ഷേപങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ റിവേഴ്‌സ് റെമിറ്റന്‍സില്‍ വലിയ പങ്ക് വഹിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, അതിഥി തൊഴിലാളികളെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് രാഷ്ട്രീയമായ ഒരു പുകമറയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തലമുറകളായി ഗള്‍ഫ് പണം കൊണ്ട് മാത്രം ജീവിച്ചുപോന്ന ഒരു സമൂഹം, തങ്ങളുടെ ദാരിദ്ര്യം മാറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ വരുമാനത്തെ ‘സംസ്ഥാനത്തിന്റെ വിരോധാഭാസമാണെന്നതും ചോദ്യം ചെയ്യപ്പെടുന്നു.

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണം, ഗള്‍ഫില്‍ നിന്നും മറ്റും കേരളത്തിലേക്ക് എത്തുന്ന ആകെ പ്രവാസിപ്പണത്തിന്റെ 7% മുതല്‍ പരമാവധി 12-15% വരെ മാത്രമേ വരുന്നുള്ളൂ. വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെ സിംഹഭാഗവും (85 ശതമാനത്തിലധികം) സംസ്ഥാനത്തെ ബാങ്ക് നിക്ഷേപങ്ങളായും, ഭൂമി വാങ്ങുന്നതിനും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുമായാണ് വിനിയോഗിക്കപ്പെടുന്നത്. അതിനാല്‍ ഈ പണം പ്രാദേശിക വിപണിയില്‍ തന്നെ സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS), ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് (GIFT), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (IIMAD) എന്നിവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് പണമയക്കുന്നത് പോലെ തന്നെയാണ്
അതിഥി തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പണമയക്കുന്നത്. ഇത് തീര്‍ത്തും മനുഷ്യസഹജമായ കാര്യമാണ് ഈ വിഷയത്തെ ഇത്ര മാത്രം സങ്കീര്‍ണമാക്കേണ്ട ആവശ്യമില്ല.

കേരളത്തില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനും മറ്റും പോകുമ്പോള്‍ ഏകദേശം 45,000 കോടി രൂപ നഷ്ടം സംഭവിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ മാസം സ്വന്തം വീടുകളിലേയ്ക്ക് അയക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണിത്.

മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി കൊണ്ടുപോകുന്ന ഭീമമായ തുകയും, മലയാളി വ്യവസായികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങളും റിവേഴസ് റെമിറ്റന്‍സില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ റിവേഴസ് റെമിറ്റന്‍സിന്റെ ഒരു ഭാഗമാണെങ്കിലും, അവര്‍ മാത്രമാണ് ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയാനാകില്ല.

റിവേഴസ് റെമിറ്റന്‍സിന് സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയ വശങ്ങളുണ്ട് അത് ഒരിക്കലും അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയമായി ചുരുക്കാന്‍ സാധിക്കില്ല. കേരളത്തിന്റെ വികസനത്തിലടക്കം പലതരത്തിലുള്ള റിവേഴസ് റെമിറ്റന്‍സിന് പങ്കുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തിലെടുത്ത് ശരിയായ രീതിയില്‍ പഠിക്കേണ്ടത് അനിവാര്യമാണ്.

കേരളത്തില്‍ തെങ്ങുകയറ്റം പോലുള്ള പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരുന്നത് മൂലം അതിഥി തൊഴിലാളികളെ ഒരിക്കലും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല. അഥിതി തൊഴിലാളികള്‍ എത്രത്തോളം പൈസ ഉണ്ടാക്കുന്നു, അത് എത്രമാത്രം ചെലവഴിക്കുന്നു എന്നുള്ള വ്യക്തവും കൃത്യവുമായ പഠനം നടത്തിയാല്‍ മാത്രമേ ഈ വിഷയത്തില്‍ ആര്‍ക്കും ആധികാരികമായി സംസാരിക്കാന്‍ സാധിക്കു.

കേരളം ജനസംഖ്യാപരമായ മാറ്റത്തിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ പ്രശ്‌നം സാമ്പത്തികമല്ല, അത് ജനസംഖ്യാപരമായ മാറ്റമാണ്. ഇത് രണ്ടും കൂടി കൂട്ടികുഴയ്ക്കാന്‍ ഒരിക്കലും സാധിക്കില്ല, രണ്ടും രണ്ട് രീതിയില്‍ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

കേരളം ഇപ്പോള്‍ ഒരു ‘വാര്‍ധക്യ സമൂഹ’ത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ജനനനിരക്കും കാരണം സംസ്ഥാനത്തിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് വളരെ കുറവാണ്. സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വയോധികരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

കേരളത്തിലെ പ്രത്യുത്പാദന നിരക്ക് പല വര്‍ഷങ്ങളായി രാജ്യത്തെ ശരാശരിക്കും താഴെയാണ്. ഒരു സ്ത്രീക്ക് ശരാശരി 1.8 കുട്ടികള്‍ എന്ന നിലവാരത്തിലാണ് ഇത് ഇപ്പോള്‍ തുടരുന്നത്. ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് ഇരുദയ രാജ് (ചെയര്‍ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) വ്യക്തമാക്കുന്നത്.

കുടിയേറ്റ വിരുദ്ധതയുമായി ബന്ധപ്പെട്ട് ആദ്യമായല്ല മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് ദല്‍ഹിയില്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇതേ കാര്യം പറയുന്നുണ്ട്. അന്ന് അദ്ദേഹം ‘സൈഫണിംഗ്’ എന്ന വാക്കാണ് ഉപയോഗിച്ചത്. ഈ വാക്കിന്റെ അര്‍ത്ഥം കടത്തിക്കൊണ്ട് പോവുക എന്നാണ്. നിലവില്‍ ഉപയോഗിച്ചിരിക്കുന്ന
റിവേഴസ് റെമിറ്റന്‍സിനസിന്റേത് പോലെ അല്ല ഇത്തരം വിഷയത്തില്‍ സൈഫണിംഗ് എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍. കുടിയേറ്റക്കാര്‍ കൊള്ളയടിക്കുന്നു എന്ന അര്‍ത്ഥമാണ് ഉള്ളത്.

രാജ്യ, സംസ്ഥാന അതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ട് ഇപ്പോള്‍ നിരവധി മൂലധന നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങളുടെ ലാഭം നിക്ഷേപ ഉടമകള്‍ തന്നെ കൊണ്ടുപോകും, ഇത് ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. തൊഴിലാളികള്‍ പണം കടത്തിക്കൊണ്ട് പോകുന്നു എന്ന് പറയുന്നിടത്ത് തൊഴിലാളി വിരുദ്ധതയാണ് വ്യക്തമാകുന്നത്. മുതലാളികള്‍ പ്രകൃതി വിഭവങ്ങളടക്കം ചൂഷണം ചെയ്ത് ലാഭം കൊയ്യുമ്പോള്‍ പാവപ്പട്ടെ തൊഴിലാളികള്‍ അവരുടെ ദാരിദ്രം കൊണ്ട് ഇവിടെ വന്ന് ജോലി ചെയ്യുന്നത്.

ഒരു കുടിയേറ്റ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വേണം ഇവിടുത്തെ ചെലവിനൊപ്പം തന്നെ വീട്ടിലെ ചിലവുകളും വഹിക്കാന്‍. അതുകൊണ്ടാണവര്‍ ഗോതമ്പുപൊടിയും പരിപ്പും സവാളയും കൊണ്ട് ഇവിടെ ജീവിതം കഴിച്ചു കൂട്ടുന്നത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടുത്തെ പ്ലൈവുഡ് ഫാക്ടറികളിലെല്ലാം തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. പക്ഷെ ഒരു ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതൊന്നും അന്വേഷിക്കാന്‍ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. അതിഥി തൊഴിലാളികളോട് ഉള്ള ഇത്തരം ചൂഷണങ്ങളെ മറച്ചു പിടിച്ചുകൊണ്ട് അവരുടെ ദാരിദ്ര്യത്തെ
പണം കടത്തലെന്ന രീതിയില്‍ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. ഇതെല്ലാം ദീഘര്‍നാളായുള്ള കോണ്‍ഗ്രസിന്റെ തൊഴിലാളി വിരുദ്ധതയില്‍ നിന്നുണ്ടായിട്ടുള്ള പ്രസ്ഥാവനകളായാണ് വിലയിരുത്തേണ്ടത്.

അതിഥി തൊഴിലാളികളുടെ വേതനം കുറയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും കാമ്പയിനുകള്‍ക്കും പിറകില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്. നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം വിലകൂടിയ സാഹചര്യത്തിലാണ് ഇതെല്ലാം നടക്കുന്നത് എന്നതും മറന്നു കൂടാ.

ഈ നാട്ടിലെ യുവതലമുറ ഒന്നടങ്കം വിദേശത്തേക്ക് ചേക്കേറുന്നതാണ് റിവേഴ്സ് റെമിറ്റന്‍സ്ന്റെ പ്രധാനപ്പെട്ട കാരണം എന്നിരിക്കെ അതിഥി തൊഴിലാളികളെ മാത്രം ചോദ്യമുനയില്‍ നിര്‍ത്തുന്നത് കടുത്ത തൊഴിലാളി വിരുദ്ധതയാണ്.

മദ്യം വാങ്ങുന്നതിലൂടെ മാത്രമാണ് അതിഥി തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ചെറിയ തോതിലെങ്കിലും സഹായിക്കുന്നത് എന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും?

സൗകര്യമേതുമില്ലാത്ത 100 ചതുരശ്ര അടിയുള്ള ഒരു മുറിയില്‍ ആളൊന്നിന് 1800 രൂപ വാടക നല്‍കി അഞ്ച് പേരാണ് താമസിക്കുന്നത്. അതുപോലെ യാത്രാ ചെലവ്, ആഹാരത്തിന്റെ ചിലവുകള്‍, മറ്റ് ആവശ്യങ്ങള്‍ ഇതിനെല്ലാം പണം ഇവിടെ ചെലവഴിക്കുന്നുണ്ട്.

1100 രൂപ കൂലി വാങ്ങുന്ന ഇവര്‍ക്ക് ഏകദേശം 300 രൂപയോളം ദൈനംദിന ചിലവുകള്‍ക്കായി ആവശ്യം വരും. അവരെ ആരും ഇവിടെ സൗജന്യമായി നിര്‍ത്തുന്നില്ല, അവര്‍ക്ക് ആരും തന്നെ സൗജന്യമായി ഒന്നും നല്‍കുന്നുമില്ല.

തദ്ദേശീയരായ ആളുകള്‍ക്ക് തൊഴിലില്ലെങ്കില്‍ അത് ഭരിക്കുന്ന സര്‍ക്കാരുകളുടെ വീഴ്ചയാണ്. കടുത്ത തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും കര്‍ഷക ആത്മഹത്യകളും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയുമുള്‍പ്പടെ കടുത്ത പ്രശ്നങ്ങള്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുമ്പോഴും കോര്‍പ്പറേറ്റുകളുടെ ലാഭതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനായി എന്‍.ആര്‍.സിയും പൗരത്വ നിയമവും മത ധ്രുവീകരണവുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബാധം ആയുധമാക്കുന്നതുപോലെ കേരളത്തില്‍ കുടിയേറ്റ വിരുദ്ധത കൊണ്ട് വന്ന് മറ്റെല്ലാം മൂടി വയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് തൂഫാന്‍ പോലും തൊഴിലാളികളെ വേട്ടയാടുന്നതിലേക്ക് എത്തിയിരിക്കുന്നത്. കാരണം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇവിടുത്തെ മുതലാളിമാരാണ്, അവരെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതാക്കളും.

കോര്‍പ്പറേറ്റ് താൽപര്യങ്ങളെ സംരക്ഷിക്കാനും ഭരണപരാജയങ്ങള്‍ മൂടിവെച്ചുകൊണ്ട് കുടിയേറ്റക്കാരെ വേട്ടയാടാനും, പൊതുമധ്യത്തില്‍ എല്ലാത്തിനും ഉത്തരവാദികള്‍ കുടിയേറ്റക്കാരാണ് എന്ന തരത്തില്‍ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രോഗ്രസ്സീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ജോര്‍ജ്ജ് മാത്യു വ്യക്തമാക്കുന്നു.

ഇന്ന് മലയാളികള്‍ ചെയ്യാത്തതോ ചെയ്യാന്‍ തയ്യാറാകാത്തതോ ആയ പല ജോലികളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നത്. അതിനാല്‍ ആ വേതനം ‘മലയാളികള്‍ക്ക് കിട്ടേണ്ടതായിരുന്നു’ എന്ന് പറയാന്‍ തെളിവില്ല. തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ഉല്‍പാദനം, നികുതി വരുമാനം, ഉപഭോഗം, സാമ്പത്തിക പ്രവര്‍ത്തനം എന്നിവ കണക്കിലെടുക്കാതെ പണം പുറത്തുപോകുന്നത് മാത്രം എടുത്തുകാണിക്കുന്നു. ഇന്ത്യ ഒരു ഏകീകൃത തൊഴില്‍ വിപണിയാണ്. ഒരു സംസ്ഥാനത്ത് ജോലി ചെയ്ത് മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ പോറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സഞ്ചാരത്തിന്റെയും തൊഴില്‍ അവകാശത്തിന്റെയും ഭാഗമാണ്. അതിനെ സാമ്പത്തിക ഭീഷണിയായി അവതരിപ്പിക്കുന്നത് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് പണം തങ്ങളുടെ ആശ്രിതര്‍ക്ക് അയക്കുന്നു എന്നത് വസ്തുതയാണ്. പക്ഷേ അവര്‍ കൊണ്ടുപോകുന്നത് കേരളത്തിന്റെ ദാനമല്ല; അവരുടെ അധ്വാനത്തിലൂടെ സമ്പാദിച്ച വേതനമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ അതിനെ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ എന്ന് വിളിക്കില്ല. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന തൊഴില്‍, ഉല്‍പാദനം, പ്രാദേശിക ഉപഭോഗം എന്നിവയും ഒരുപോലെ കണക്കിലെടുക്കേണ്ടതാണ്

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തെ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ എന്ന് വിളിക്കുന്നത് സാമ്പത്തിക ശാസ്ത്രപരമായി ശരിയല്ല. ഒരു തൊഴിലാളി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് തന്റെ കുടുംബത്തിലേക്ക് അയക്കുന്ന പണം റെമിറ്റന്‍സ് ആണ്. അത് അന്തര്‍സംസ്ഥാനമായാലും അന്തര്‍ദേശീയമായാലും നിര്‍വചനം മാറുന്നില്ല. ്‌റിവേഴ്‌സ് റെമിറ്റന്‍സ് എന്നാല്‍ സാധാരണയായി കുടുംബം കുടിയേറ്റക്കാരന് തിരിച്ചയക്കുന്ന പണത്തെയാണ് സൂചിപ്പിക്കുന്നത്; ഉദാഹരണത്തിന് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ നിന്ന് കുടുംബം അയക്കുന്ന പണം. കേരളത്തില്‍ ജോലി ചെയ്യുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ അധ്വാനത്തിലൂടെ സമ്പാദിച്ച വേതനമാണ് വീട്ടിലേക്ക് അയക്കുന്നത്. അതിനാല്‍ ഇത് സാധാരണ ലേബര്‍ റെമിറ്റന്‍സ് ആണ്; റിവേഴ്‌സ് റെമിറ്റന്‍സ് അല്ല.

കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പണം തൊഴിലാളികള്‍ അയക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിനെ കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തെ ലളിതവല്‍ക്കരിക്കലാണ്. ഒന്നാമതായി, ഈ തൊഴിലാളികള്‍ കേരളത്തിലെ ഗുരുതരമായ തൊഴിലാളി ക്ഷാമം നികത്തുകയാണ്. നിര്‍മ്മാണം, കാര്‍ഷികം, മത്സ്യബന്ധനം, ഹോട്ടല്‍, പ്ലൈവുഡ്, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ ഇവരില്ലെങ്കില്‍ ഉല്‍പാദനത്തിനെ തന്നെ കാര്യമായി ബാധിക്കും. അവര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക മൂല്യം കണക്കിലെടുക്കാതെ, അവര്‍ അയക്കുന്ന പണത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് പൂര്‍ണ്ണ ചിത്രം നല്‍കുന്നില്ല. രണ്ടാമതായി, അവര്‍ സമ്പാദിക്കുന്ന മുഴുവന്‍ തുകയും പുറത്തേക്ക് പോകുന്നില്ല. താമസം, ഭക്ഷണം, ഗതാഗതം, ഫോണ്‍, ആരോഗ്യപരിചരണം, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്കായി കേരളത്തില്‍ തന്നെ അവര്‍ ചെലവഴിക്കുന്നുണ്ട്. അതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വരുമാനം ലഭിക്കുന്നു. മൂന്നാമതായി, കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങളായി വിദേശ മലയാളികള്‍ അയക്കുന്ന റെമിറ്റന്‍സില്‍ നിന്ന് വലിയ നേട്ടം നേടിയിട്ടുണ്ട്. അതേ തത്വം അനുസരിച്ച്, മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി തന്റെ കുടുംബത്തെ സഹായിക്കാന്‍ പണം അയക്കുന്നതിനെ പ്രശ്‌നമായി കാണുന്നത് നീതിപൂര്‍വമല്ല. നവാസ് എം. ഖാദറിന്റെ വാക്കുകള്‍ (കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ അന്തര്‍സംസ്ഥാന കുടിയേറ്റം, തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴില്‍ ഭരണം, സാമൂഹിക സംരക്ഷണം, ആരോഗ്യപ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും സാമൂഹിക ഇടപെടലുകളും നടത്തി വരുന്ന ഒരു കുടിയേറ്റ ഗവേഷകനാണ്)

Anti-labor sentiment or economic concerns? The Chief Minister’s statement and the raging controversies

This post was last modified on July 4, 2026 6:35 pm

സമരിയ സൈമണ്‍:
Related Post
Leave a Comment