നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമായി. ആരൊക്കെയാണ് മത്സര രംഗത്ത് ഉള്ളതെന്ന് ജനം അറിഞ്ഞു. ഇനി ഇവരില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടണം. അതാരാണെന്നത് കാത്തിരുന്ന് കാണണം. എന്തായാലും നിലമ്പൂര്‍ തിരഞ്ഞൈടുപ്പ് കേരള രാഷ്ട്രീയത്തില്‍ ചില അടയാളപ്പെടുത്തലുകള്‍ ഉണ്ടാക്കും, വിജയം കൊണ്ടും പരാജയം കൊണ്ടും.
പി വി അന്‍വര്‍ തന്നെയാണ് കളത്തിലെ പ്രധാന കരു. ഒന്നുകില്‍ അന്‍വര്‍ ഇതോടെ രാഷ്ട്രീയമായി അവസാനിക്കും, മറിച്ചെങ്കില്‍ അയാള്‍ പുതിയ രാഷ്ട്രീയ ഉയരം നേടും. രണ്ടാകിലും അന്‍വറെ സംബന്ധിച്ച് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രാധാന്യമാകുന്നത്. നിലമ്പൂരിലെ ഫലത്തില്‍ തന്റെ ഭാവി നിക്ഷേപിച്ചിരിക്കുന്ന മറ്റൊരു നേതാവ് വി ഡി സതീശനാണ്. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും സതീശന്‍ സര്‍വശക്തനാകാന്‍ ഈ തിരഞ്ഞെടുപ്പ് വിജയം ഉപകരിക്കും, തോല്‍വിയാണ് ഫലമെങ്കില്‍ പലതും നഷ്ടമാകും. പിണറായി വിജയനും മുന്നാം ഊഴം കൊതിക്കുന്ന ഇടതു മുന്നണിക്കും നിലമ്പൂര്‍ പ്രധാനം തന്നെയാണ്. തോല്‍വി വിജയന്റെ നായകത്വത്തിന് മേല്‍ കരിനിഴലാകും, സര്‍ക്കാര്‍ വിരുദ്ധതയെന്ന് ആഘോഷിക്കപ്പെടും, പ്രതിപക്ഷത്തിന് ആവേശം ഉണ്ടാകും. ഇത്തരത്തില്‍ പലവിധത്തില്‍ പലര്‍ക്കായി ഈ മത്സരം വ്യക്തിപരമായ പോരാട്ടം കൂടിയാണ്. ജയവും തോല്‍വിയും വിധി നിര്‍ണായകമാണ്.
നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് അന്‍വര്‍ നടത്തിയത് ഒരു ചൂതാട്ടമായിരുന്നു. അയാള്‍ പലതും മോഹിച്ചു. പിണറായിസത്തിനെതിരായ പോരാട്ടം എന്ന് പേരിട്ടു വിളിച്ചു നടത്തിയ ആ കളിയിലൂടെ അയാള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനം നേടാന്‍ മോഹിച്ചു. സ്വതന്ത്രനെന്ന ഇത്തിരി വട്ടത്തില്‍ നിന്നും ഒരു പ്രധാന പാര്‍ട്ടിയിലെ പ്രബലസ്ഥാനത്തേക്ക് എത്താന്‍. കോണ്‍ഗ്രസിനെയാണ് അയാള്‍ ആഗ്രഹിച്ചത്. തനിക്ക് എന്തെക്കോ ചെയ്യാന്‍ കഴിയുമെന്ന് അയാള്‍ അമിതമായി വിശ്വസിച്ചു. അതുകൊണ്ടാണ് തന്റെ പിന്‍ഗാമായിയി വി എസ് ജോയി നിലമ്പൂരില്‍ വരുമെന്നൊക്കെ സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ തന്റെ ചൊല്‍പ്പടിക്കാരനാക്കാമെന്നൊക്കെ അയാള്‍ കരുതിയത് ഒരു കച്ചവടക്കാരന്റെ മനോനിലയോടെയായിരിക്കണം. എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന കാലത്ത് തന്നെയടക്കം അന്‍വര്‍ ആക്രമിച്ചത് മറക്കാത്ത സതീശന്‍, ഒരുകാലത്തും അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എങ്കിലും നിലമ്പൂരില്‍ അന്‍വറിന്റെ സഹായം ആവശ്യമാണെന്ന് സതീശനും അറിയാമായിരുന്നു. ലീഗിനും കോണ്‍ഗ്രസിലെ മറ്റ് നേതാക്കളും അന്‍വറിനെ കൂടെകൂട്ടാന്‍ തന്നെയായിരുന്നു താത്പര്യം. ഇതൊക്കെ തിരിച്ചറിഞ്ഞാകണം, അന്‍വര്‍ കൈവിട്ട് കളിക്കാന്‍ തുടങ്ങിയത്. താനാണ് നിലമ്പൂരിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും തന്നെ കൂട്ടാതെ കോണ്‍ഗ്രസിന് ഒന്നും സാധ്യമാകില്ലെന്നുമൊക്കെ അയാള്‍ നിനച്ചു. അയാളുടെ ആ അതിരുവിട്ട കളി തന്നെയാണ് തിരിച്ചടിയായതും. അന്‍വറിനെ അത്രയ്ക്കങ്ങ് ആളാകാന്‍ വിടേണ്ടതില്ലെന്ന സതീശന്റെ കടുംപിടുത്തമാണ് ഒടുവില്‍ ജയിച്ചത്. കോണ്‍ഗ്രസിലെത്തി കിംഗ് മേക്കര്‍ ആകാനിരുന്ന അന്‍വനര്‍ ഇപ്പോള്‍ കണ്ണീരും കരച്ചിലുമായി വഴിവക്കില്‍ നില്‍ക്കുകയാണ്. യുഡിഎഫില്‍ എടുക്കില്ലെന്ന നിലപാട് കടുപ്പിച്ച് സതീശന്‍ നിന്നതോടെ, പിണറായിക്കൊപ്പം വില്ലനാക്കി സതീശനെയും. ഒടുവില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി.
അന്‍വര്‍ ജയിച്ചില്ലെങ്കിലും ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ കാരണമായാല്‍ അതയാള്‍ക്ക് കേവലം മനസംതൃപ്തി നല്‍കുമെന്നതിനപ്പുറം യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ വാതില്‍ തുറന്നു കിട്ടുമെന്ന് കരുതേണ്ടതില്ല. അയാള്‍ക്ക് കിട്ടാവുന്നൊരു സന്തോഷം, സതീശന്റെ കരുത്ത് കുറയ്ക്കാമെന്നതില്‍ മാത്രമാണ്.
അന്‍വറിനെ കൂടാതെ തന്നെ നിലമ്പൂരില്‍ ജയിക്കാനാണ് സതീശന്‍ കളിക്കുന്നത്. അങ്ങനെ ജയിച്ചാല്‍ അത് സതീശന്റെ വിജയമാകും. പാര്‍ട്ടിയില്‍ അയാളുടെ കരുത്ത് കൂടും. 2026 അനുകൂല ഫലമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അപേക്ഷയില്‍ അയാളുടെ സിവിയില്‍ നിലമ്പൂര്‍ വിജയം മുന്നില്‍ തന്നെ എഴുതി ചേര്‍ക്കും. കെ സുധാരന്‍ ഏകദേശം നിശബ്ദനായി. ഇനിയുള്ളത് കെ സി വേണുഗോപാലാണ്, കേരളത്തിലെ കാര്യങ്ങള്‍ തന്റെ തീരുമാനത്തിലൂടെ നടപ്പാക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനും അതുവഴി കെ സി പിന്നിലേക്ക് നിര്‍ത്താനും നിലമ്പൂര്‍ വിജയം കൊണ്ട് സതീശന് സാധിക്കും.
ഷൗക്കത്തിന്റെ തോല്‍വിയാണ് ഫലമെങ്കില്‍ ഇതെല്ലാം സതീശന് ഉള്‍ട്ടയാകും. സതീശന്റെ തന്‍പ്രമാണിത്തം ചോദ്യം ചെയ്യപ്പെടും. അന്‍വറിനെ പിണക്കിയകറ്റിയതിന്റെ പാപഭാരം മുഴുവന്‍ ചുമക്കേണ്ടി വരും. എതിരാളികള്‍ അവസരം മുതലെടുക്കും.
സ്വരാജ് ജയിച്ചാല്‍ പിണറായി സര്‍ക്കാരിന് കിട്ടാന്‍ പോകുന്ന ഊര്‍ജ്ജം വലുതായിരിക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സ്ഥാപിക്കാനാകും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനം അംഗീകരിച്ചിരിക്കുന്നുവെന്ന് വാദിക്കാം. മൂന്നാം ഊഴമെന്ന് സ്വപ്‌നത്തിന് ആഴം കൂടും. പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്നു മാത്രമല്ല, അന്‍വര്‍ എന്ന എതിരാളിയെ എന്നന്നേക്കുമായി അപ്രസക്തനാക്കാം. പിണറായി വിജയന്‍ കൂടുതല്‍ അനിഷേധ്യനാകും. തോല്‍വിയാണെങ്കില്‍ ഇതിന്റെയെല്ലാം വിപരീതമായിരിക്കും സംഭവിക്കുക. വീണു കിടക്കുന്ന അന്‍വറിന് പോലും നേരിയ ശ്വാസം നല്‍കാന്‍ ആ തോല്‍വി സഹായകമാകും.
എല്ലാം കൊണ്ടും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, പാര്‍ട്ടി പരമായും വ്യക്തിപരമായും പലര്‍ക്കും നിര്‍ണായകമാണ്. Nilambur byelection, Political gains and loses
Content Summary; Nilambur byelection, Political gains and loses
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.