UPDATES

സിനിമ

തീയേറ്ററില്‍ ഒറ്റയ്ക്ക് പോകുന്നവള്‍, വെറുതെ സിനിമ കണ്ടു നടക്കുന്നവള്‍- അപര്‍ണ/അഭിമുഖം

മലയാള സിനിമ ഇന്നും പാരമ്പര്യത്തിലും അന്തസിലും തറവാടിത്തത്തിലുമൊക്കെ കുടുങ്ങിക്കിടക്കുന്നു എന്നു തന്നെ പറയാം.

                       

നിലവിലുള്ള സിനിമാ എഴുത്തിനെ നിരാകരിച്ച് നവീനമായ രചനാരീതിയില്‍ തയാറാക്കിയ പുസ്തകമാണ് അപര്‍ണയുടെ “ചലച്ചിത്രത്താഴ്” എന്ന പുസ്തകമെന്നും പുതിയ കാലത്തിന്റെ സിനിമാ വിലയിരുത്തലാണ് ഇതെന്നുമാണ് മികച്ച ചലച്ചിത്ര നിരുപണ ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് വിധിനിര്‍ണയ സമിതി വ്യക്തമാക്കിയത്. മലയാളത്തിലെ മുഖ്യധാരാ സിനിമകളെ അടുത്തു പരിചയപ്പെടുത്തുകയും നാലു ദശകങ്ങള്‍ കൊണ്ട് 2,000-ത്തിലേറെ സിനിമകള്‍ക്ക് നിരൂപണം നടത്തുകയും ചെയ്തയാളാണ് കോഴിക്കോടന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന എ. അപ്പുക്കുട്ടന്‍ നായര്‍. അദ്ദേഹത്തിനൊപ്പം സിനിക്, നാദിര്‍ഷ എന്നിവരും ആ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. മലയാള സിനിമാ നിരുപണം ഒരു സാഹിത്യശാഖയായി വളര്‍ത്തിയെടുത്തതില്‍ ഈ മൂന്നു പേര്‍ക്കുമുള്ള പങ്ക് നിസാരമല്ല. ഇതിന്റെ ഇങ്ങേയറ്റത്താണ് അപര്‍ണ നില്‍ക്കുന്നത്. അപര്‍ണയുടെ ആദ്യ പുസ്തകമാണ് ചലച്ചിത്രത്താഴ്.

ഈ കാലഘട്ടങ്ങള്‍ക്കിടയില്‍ മലയാള സിനിമ ഒരുപാട് മാറി. സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയമായും സാങ്കേതികമായും ഒക്കെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. ബോളിവുഡ് സിനിമകളുടെ അതിപ്രസരത്തിലും മലയാളവും തമിഴും മറാത്തിയും ബംഗാളിയുമടങ്ങുന്ന പ്രാദേശിക സിനിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം ഇറങ്ങിയ സിനിമകളില്‍ 90 ശതമാനവും കാണുകയും അവയെക്കുറിച്ച് നിരന്തരമായി എഴുതുകയും ചെയ്ത ആളുകളിലൊരാളാണ് അപര്‍ണ.

സിനിമാ നിരൂപണം എന്ന മേഖലയിലേക്ക് അപര്‍ണ ഗൗരവമായി കടക്കുന്നതും 2015 മെയ് മാസത്തിലാണ്. എന്നാല്‍ ഈ രണ്ടു വര്‍ഷം അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും കേട്ട അധിക്ഷേപങ്ങള്‍ക്കും ഭീഷണികള്‍ക്കുമെന്നും യാതൊരു കുറവുമില്ലായിരുന്നുവെന്നും അവര്‍ പറയുന്നു, പ്രത്യേകിച്ച് ഒരു സ്ത്രീ ഇങ്ങനെ എഴുതാമോ എന്ന ചോദ്യമായിരുന്നു ഇതില്‍ കൂടുതലും. അഴിമുഖം പ്രതിനിധിയുമായി അപര്‍ണ സംസാരിക്കുന്നു.

അഴിമുഖം: ജേര്‍ണലിസം, സാഹിത്യം ഈ മേഖലകളിലൊക്കെ താത്പര്യമുണ്ടായിരുന്ന ഒരാള്‍ എങ്ങനെയാണ് സിനിമയോട് ഇത്രയധികം താത്പര്യങ്ങള്‍ ഉള്ളയാളായി മാറിയത്.

അപര്‍ണ: സത്യത്തില്‍ ചെറുപ്പം മുതലേ സിനിമാ ഭ്രാന്ത് ഉള്ളയാളാണ് ഞാന്‍. എന്റെ ചെറുപ്പ കാലത്ത് മലപ്പുറം ജില്ലയിലെ പെരുന്തല്‍മണ്ണയില്‍ മൂന്നു കിലോമീറ്ററിനുള്ളില്‍ ആറു സിനിമാ തീയേറ്ററുകളുണ്ടായിരുന്നു. സ്വാഭാവികമായും സാധാരണക്കാരായ മനുഷ്യരുടെ ഒരു വിനോദാപാധി ആയിരുന്നു ഇവിടെ സിനിമ. സമീപ പ്രദേശങ്ങളില്‍ നിന്നൊക്കെ ഒരുപാട് പേര്‍ ഇവിടേക്ക് സിനിമ കാണാന്‍ വന്നിരുന്നു. തീയേറ്ററുകള്‍ അത്രയടുത്ത്, അത്രയധികം ഉണ്ടായിരുന്നു എന്നതു കൊണ്ടു തന്നെ സിനിമ കാണാനുള്ള സാധ്യതകളും കൂടുതലായിരുന്നു. പിന്നീട് ഫിലിം ഫെസ്റ്റിവലുകള്‍ ഒക്കെ കണ്ടു തുടങ്ങി. ടീനേജ് ഒക്കെ ആയപ്പോള്‍ സിനിമ കൂടുതലായി കാണാന്‍ തുടങ്ങി. സത്യത്തില്‍ അതൊരു സ്ട്രസ് റിലീസ് കൂടിയായിരുന്നു. ഇപ്പോഴുമതേ.

അഴിമുഖം: പിന്നീടെപ്പോഴാണ് ഗൗരവകരമായ സിനിമ കാണലിലേക്ക് കാര്യങ്ങള്‍ മാറുന്നത്?

അപര്‍ണ: 12-13 വയസുള്ളപ്പോള്‍ കോഴിക്കോട് ഒരു ഫിലിം ഫെസ്റ്റിവല്‍ ഉണ്ടായിരുന്നു. അതുവരെ അത്തരം സിനിമകളൊക്കെ വല്ലപ്പോഴും സ്‌കൂളിലൊക്കെ കണ്ടിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ എന്നതിനപ്പറും അതിന്റെ ദൃശ്യഭാഷ, അതിലെ രാഷ്ട്രീയം അങ്ങനെ കാര്യമായി ഒന്നും മനസിലാക്കിയിരുന്നില്ല. എന്നാല്‍ ഈ ഫെസ്റ്റിവലില്‍ കുറെയേറെ സിനിമകള്‍ കണ്ടതോടെയാണ് ഒരു കൗതുകത്തിനപ്പുറം ഗൗരവമായി കാണേണ്ട ഒന്നു കൂടിയാണ് സിനിമ എന്ന ബോധ്യം വരുന്നത്. പിന്നെ ജേര്‍ണലിസം പഠിക്കുമ്പോള്‍ ഇത്തരത്തില്‍ സിനിമകളുടെ കളക്ഷനുകളൊക്കെയുള്ള ഒരുപാട് പേരെ കണ്ടുമുട്ടി. സ്വാഭാവികമായി അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തീയേറ്ററുകളില്‍ കാണുന്നത് മാത്രമല്ല, അതിനുമപ്പുറത്തേക്ക് സിനിമകളുണ്ട് എന്നൊക്കെ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി.

അഴിമുഖം: സിനിമയെക്കുറിച്ച് എഴുതിത്തുടങ്ങൂന്നത്..

അപര്‍ണ: അത് വളരെ യാദൃശ്ചികമാണ്. അതുവരെ കാര്യമായി ഞാനൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. വിഷ്വല്‍ മീഡിയയില്‍ ജോലി ചെയ്യുമ്പോള്‍ അതിന് ആവശ്യമായ ചില കുറിപ്പുകള്‍ തയാറാക്കുക എന്നതല്ലാതെ ഗൗരവകരമായി എഴുതുക എന്നതൊന്നും ഉണ്ടായിട്ടില്ല. ആ സമയത്താണ് നിങ്ങള്‍, അഴിമുഖത്തില്‍ നിന്ന് സിനിമയെക്കുറിച്ച് എഴുതിക്കൂടെ എന്ന് അന്വേഷണം വരുന്നത്. സ്വാഭാവികമായും ഇത്തരത്തില്‍ ഒരു ഓഫര്‍ വരുമ്പോള്‍ അതിനോട് നോ പറയേണ്ടതില്ല എന്നു തോന്നി. പിന്നെ, ആ സമയത്ത് ജോലി അവസാനിപ്പിച്ച് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം പിഎച്ച്ഡിക്ക് ചേര്‍ന്ന സമയം കൂടിയായതിനാല്‍ ഒരു തൊഴില്‍ എനിക്ക് ആവശ്യവുമായിരുന്നു.

ഇന്നത് എഴുതണം എന്നല്ല, മുഖ്യധാരാ-ജനപ്രിയ സിനിമയെക്കുറിച്ച് എഴുതൂ എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. അങ്ങനെ എഴുതിത്തുടങ്ങി. പിന്നീടത് ഓഫ്ഷോട്ട്സ്  എന്ന സിനിമാ നിരൂപണ കോളമാക്കി നിരന്തരം എഴുതിത്തുടങ്ങി. ഇപ്പോള്‍ ഒന്നേമുക്കാല്‍ കൊല്ലം കഴിഞ്ഞിരിക്കുന്നു. 2015 മെയ് മുതല്‍ ഇതുവരെ ഇറങ്ങിയ സിനിമകളില്‍ 80-90 ശതമാനമെങ്കിലും ഞാന്‍ കണ്ടിട്ടും അവയെക്കുറിച്ച് എഴുതിയിട്ടും ഉണ്ടാവും. ഇവിടെ റിലീസിംഗ് ഉള്ള തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളെക്കുറിച്ചും എഴുതിയിരുന്നു.

അഴിമുഖത്തില്‍ സിനിമ കോളത്തിനു പുറമെ, സിനിമയുമായി ബന്ധപ്പെട്ട ചില പ്രവണതകളെക്കുറിച്ചുള്ള ലേഖനങ്ങളും ചലച്ചിത്ര താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നിരവധി അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിനു വേണ്ടി സിനിമയുമായി ബന്ധപ്പെട്ട റിസര്‍ച്ച് ആര്‍ട്ടിക്കിളുകളും എഴുതാറുണ്ട്. അഴിമുഖത്തില്‍ എഴുതിയ ചില നിരൂപണങ്ങള്‍, ലേഖനങ്ങള്‍ ഒക്കെ സംഘടിത പുന:പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പിന്നെ, തൊഴില്‍ എന്ന നിലയില്‍ തൃപ്തികരമായിരുന്നു എനിക്കിത്. നെഗറ്റീവായ പല കാര്യങ്ങളും വന്നിട്ടും, വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും എന്നോട് ഇങ്ങനെ എഴുതരുത്, അല്ലെങ്കില്‍ ഇങ്ങനെ എഴുതൂ എന്നൊന്നും നിങ്ങള്‍ പറഞ്ഞിട്ടില്ല എന്നത് നല്ല കാര്യമായി തോന്നുന്നു.

അഴിമുഖം: എന്തായിരുന്നു അപര്‍ണയുടെ എഴുത്ത് രീതി?

അപര്‍ണ: സിദ്ധാന്തത്തിന്റെ കെട്ടുപാടുകളില്ലാതെ എഴുതുക എന്നതായിരുന്നു അതില്‍ പ്രധാനം. പക്ഷേ അക്കാദമിക് ഡിസിപ്ലിനില്‍ ഉള്ളത് തന്നെയാണ് തിയറിയും മറ്റും. അതിനെ നിരാകരിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തില്ല. മറിച്ച് അതിലെ ജാര്‍ഗനുകള്‍ ഒഴിവാക്കി എന്നാല്‍ ആ സിദ്ധാന്തങ്ങളുടെ നിലപാട് തറയില്‍ നിന്നു കൊണ്ട് എഴുതാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കാരണം പലപ്പോഴും ഞാന്‍ നിരുപണം ചെയ്യുന്ന സിനിമകള്‍ നമ്മുടെ പൊതുസമൂഹം കൂട്ടത്തോടെ വന്നുകാണുന്നത്. അവര്‍ക്ക് കൂടി മനസിലാകുന്ന വിധത്തില്‍ അത്തരം കാര്യങ്ങള്‍ എഴുതുക എന്നത് പ്രധാനമായിരുന്നു. എവിടെയാണ് നമ്മള്‍ എഴുതുന്നതെങ്കിലും പല തരത്തിലുള്ള വായനക്കാരുണ്ട്. അപ്പോള്‍ അവര്‍ക്കൊക്കെ കമ്യൂണിക്കേറ്റ് ചെയ്യുന്ന രീതിയില്‍ എഴുതുക എന്നതായിരുന്നു പ്രധാനം. അല്ലെങ്കില്‍ അത് വായിക്കുന്നവര്‍ക്ക് അതിനോട് ഒരു ഇന്റിമസി ഉണ്ടാവില്ല. പക്ഷേ, അപ്പോഴൊക്കെ ആര്‍ട്ട് എന്ന നിലയില്‍ ഇതിന്റെയൊരു അക്കാദമിക് ഡിസിപ്ലിന്‍ പാലിക്കാന്‍ ശ്രമിച്ചിരുന്നു, അല്ലെങ്കില്‍ അതു തന്നെയായിരുന്നു എഴുത്തിന്റെ അടിത്തറ.

അഴിമുഖം: ജേര്‍ണലിസം തൊഴിലായിരുന്നു, ഇപ്പോള്‍ അതില്‍ റിസര്‍ച്ച് ചെയ്യുന്നു… ഇത് എഴുത്തില്‍ സഹായിച്ചിട്ടുണ്ടോ?

അപര്‍ണ: ഡെഡ്‌ലൈന്‍. അതുതന്നയായിരുന്നു പ്രധാനം. സമയം എങ്ങനെ മാനേജ് ചെയ്യുന്നു എന്നത് സഹായിച്ചതില്‍ ജോലിക്കും റിസര്‍ച്ചിനും ഒക്കെ പങ്കുണ്ട്. സമയം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് സിനിമ. ഞാന്‍ ചെയ്യുന്നത് അപ്പപ്പോള്‍ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് എഴുതുക എന്നതാണ്. അത് രണ്ടു മാസം റിസര്‍ച്ച് നടത്തി എഴുതാന്‍ കഴിയുന്ന ഒന്നല്ലല്ലോ. കഴിയുന്നത്ര വേഗം അത് വായനക്കാരില്‍ എത്തിക്കുക എന്നതു തന്നെയാണ് അപ്പോള്‍ വേണ്ടത്. റിസര്‍ച്ച് വര്‍ക്ക് നടക്കുന്നതും ജേര്‍ണലിസം തൊഴിലുമൊക്കെ സമയത്തെക്കുറിച്ച്, ഡെഡ്‌ലൈനെക്കെുറിച്ച് ഒരു ബോധ്യമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. പിന്നെ നേരത്തെ പറഞ്ഞല്ലോ, എഴുത്ത് മുഖ്യധാരാ സിനിമയയെക്കുറിച്ചായാലും അതില്‍ ഗവേഷണത്തിന്റെ ജാര്‍ഗണുകള്‍ ഇല്ലെങ്കിലും എന്താണ് എഴുതുന്നത് എന്നത് എന്റെ അക്കാദമിക് ജീവിതത്തിന്റെ കൂടി പിന്‍ബലത്തിലാണ്.

അഴിമുഖം: അപര്‍ണ എന്താണ് സിനിമാ എഴുത്തില്‍ ഫോളോ ചെയ്യുന്നത്?

അപര്‍ണ: ഏസ്തറ്റിക് എലമെന്റ്‌സ് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കാറ്. മലയാള സിനിമയില്‍ ഞാന്‍ കണ്ടിടത്തോളം അതിന്റെ ക്രാഫ്റ്റ് അല്ലെങ്കില്‍ മേക്കിംഗ് ഇത്തരം കാര്യങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കാന്‍ മാത്രം ഒന്നുമുണ്ടാകാറില്ല; അതായത് ഭൂരിഭാഗം സിനിമകളിലും. അപ്പോള്‍ ഒരു ആര്‍ട്ട് എന്ന നിലയില്‍ അതിന്റെ മറ്റു കാര്യങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കാറ്. പക്ഷേ തമിഴിലൊക്കെ അല്ലാതെ സംഭവിക്കുന്നുണ്ട്, പക്ഷേ, നമ്മുടെ ക്രാഫ്റ്റ് എന്നതില്‍ ഒരു കണ്‍വെന്‍ഷണല്‍ രീതി തന്നെ ഫോളോ ചെയ്യുന്ന സാഹചര്യമാണ്. എഡിറ്റിംഗ് ഒക്കെ പലപ്പോഴും വീക്ക് ആയിരിക്കും. അങ്ങനെ വരുമ്പോള്‍ ആ ക്രാഫ്റ്റില്‍ ഫോളോ ചെയ്യാന്‍ കാര്യമായൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ അതില്‍ എന്റെ പരിമിതികളും ഉണ്ടാവും.

അഴിമുഖം: എന്താണ് ഒരു സിനിമയെ വിലയിരുത്തുന്നതിന്റെ പൊതുവായ മാനദണ്ഡമായി സ്വീകരിക്കാറ്?

അപര്‍ണ: മലയാള സിനിമയുടെ കാര്യത്തിലാണെങ്കില്‍ വളരെ ഇന്‍ഹ്യൂമണ്‍ ആയ, ജന്‍ഡര്‍ ബയാസ്ഡ് ആയ, തൊഴിലാളികളേയും കറുത്തവരെയുമൊക്കെ അധിക്ഷേപിക്കുന്ന കാര്യങ്ങളാണ് കൂടുതല്‍ ഉണ്ടാകാറുള്ളത്. അത് ഫ്രേം സെറ്റ് ചെയ്യുന്നതു മുതല്‍ ഡയലോഗുകളില്‍ വരെയുണ്ട്. “നിന്നെ ലൈറ്റിട്ടാല്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളല്ലോ” എന്നതൊക്കെ നമ്മുടെ മിക്ക മുഖ്യധാരാ-ജനപ്രിയ സിനിമകളിലേയും സ്ഥിരം ഡയലോഗുകളാണ്. അതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അവമതിച്ചു കൊണ്ടും ദ്വയാര്‍ഥ പ്രയോഗങ്ങളും മറ്റും. അത്തരം കാര്യങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. എഴുതുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഞാന്‍ തുറന്നെഴുതാറുമുണ്ട്.

അഴിമുഖം: പക്ഷേ ഒരു വലിയ മാസ് അതിന് കൈയടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലേ?

അപര്‍ണ: നമ്മുടെ പൊതുബോധം ഇതാണ് എന്നു പറഞ്ഞുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സിനിമകളില്‍ പലപ്പോഴും ഉള്‍പ്പെടുത്തുന്നത്. അവരെ തൃപ്തിപ്പെടുത്താന്‍ ആണെന്നാണ് പറയുന്നത്. ഇതാണ് ശരിയെന്ന് വിശ്വസിക്കുന്ന പൊതുബോധത്തോട് നിങ്ങള്‍ പറയുന്നതു തന്നെയാണ് ശരിയെന്ന് അവരെ വിശ്വസിപ്പിക്കുകയാണ് ഇത്തരം കാര്യങ്ങളിലൂടെ ആ സിനിമകള്‍ ചെയ്യുന്നത്. പക്ഷേ പൊതുബോധത്തിന് അങ്ങനെയല്ലാത്ത ധാരണകളുമുണ്ട്. അതുകൊണ്ടാണ് കസബ കണ്ട് കൈയ്യടിക്കുകയും അതേ സമയം, ഇത്തരം കാര്യങ്ങളൊന്നും പറയാത്ത ആനന്ദം പോലുള്ള സിനിമ കണ്ടും പ്രേക്ഷകര്‍ കൈയടിക്കുന്നത്.

പിന്നെ ഇത്തരം കാര്യങ്ങളില്‍ കൈയടിക്കുന്നതിനു പിന്നില്‍ ഒരു പവര്‍ പൊളിറ്റിക്‌സ് കൂടിയുണ്ട്. ശക്തനായ, വെളുത്ത നായകന്‍ എന്നൊക്കെ നമ്മള്‍ ഉണ്ടാക്കി വച്ചിട്ടുള്ള ചില വാര്‍പ്പ്മാതൃകകള്‍; വില്ലനെ ഇടിച്ചിടുന്നതും കറുത്തവരെ പരിഹസിക്കുന്നതുമൊക്കെ അതിന്റെ ഭാഗമായി കൂടിയുള്ളതാണ്. പ്രേക്ഷകര്‍ക്ക് അങ്ങനെയുള്ളപ്പോള്‍ ആ വീരനായക പരിവേഷത്തോട് ഒരുതരം ഐക്യപ്പെടല്‍ ഉണ്ടാകുന്നുണ്ട്. അവരുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളാണ് അവ. അത്തരം കാര്യങ്ങളും തീര്‍ച്ചയായും അസ്വസ്ഥതപ്പെടുത്തുന്നതാണ്.

ഒന്നാലോചിച്ചു നോക്കിയാല്‍, ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഇറങ്ങിയ 90 ശതമാനം സിനിമകളും കണ്ട ഒരാളെന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു സ്ത്രീ കഥാപാത്രം പോലും എനിക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല. ഹിന്ദിയിലൊക്കെ നമുക്ക് പാര്‍ച്ച്ഡ്, പിങ്ക് പോലെയുള്ള, അവയോടുള്ള മറ്റ് എതിര്‍പ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ, സിനിമകളെക്കുറിച്ച് പറയാന്‍ പറ്റും. എന്നാല്‍ മലയാളത്തില്‍ അത് സാധിക്കുമോ?

ഒരുദാഹരണമെടുത്താല്‍ 80-കളില്‍ ഇറങ്ങിയ ആവനാഴി പോലുള്ള ചിത്രം തീര്‍ച്ചയായും ഒരു പുരുഷ കേന്ദ്രീകൃത സിനിമ തന്നെയാണ്. എന്നാല്‍ നായകന്‍ അവിടെ നില്‍ക്കുമ്പോഴും അതിലെ സ്ത്രീ കഥാപാത്രത്തിന് നായകന്റെ മുഖത്ത് നോക്കി കൃത്യമായി കാര്യങ്ങള്‍ സംസാരിക്കാനുള്ള സ്‌പേസ് ഉണ്ടായിരുന്നു. അവിടെ നിന്ന് നമ്മള്‍ 2016-ലേക്കെത്തുമ്പോള്‍ ഇങ്ങനെയൊരു സ്‌പേസ് പോലും ഇല്ലാതാകുന്നത് കാണാം.

മഞ്ജു വാര്യരെ കേന്ദ്രീകരിച്ചുള്ള ചില സ്ത്രീ ഓറിയന്റഡായ സിനിമകള്‍ എന്ന് നമ്മള്‍ വിളിക്കുന്നവയൊക്കെ പുറത്തു വന്നിട്ടുണ്ട്. അതില്‍ സ്ത്രീകളുടേതായ ഒരു ഡോമിനേഷന്‍ കാണുകയും ചെയ്യാം. പക്ഷേ, ഒരുഘട്ടം കഴിയുമ്പോള്‍ അത് അവസാനിക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കരിങ്കുന്നം സിക്‌സസ് എന്നൊക്കെയുള്ള സിനിമകള്‍. എന്നാല്‍ ഒരു പുരുഷ കേന്ദ്രീകൃത സിനിമയയായിട്ടും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് ഒരു റോളുണ്ട്. അതായത്, ഈ പുരുഷ കേന്ദ്രീകൃത വാര്‍പ്പുമാതൃകകളുടെ ഉള്ളില്‍ ഒരു സ്ത്രീയെ അഭിനയിപ്പിച്ചാല്‍ മാത്രം അതിന്റെ അടിസ്ഥാനപരമായ രാഷ്ട്രീയം മാറുന്നില്ല എന്നുകാണാം. അതില്‍ നിന്ന് മലയാള സിനിമ പുറത്തു വന്നിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാവുകയാണ് ചെയ്തിട്ടുള്ളത്.

അഴിമുഖം: ഈ സിനിമകളൊക്കെ തീയേറ്ററുകളില്‍ പോയിക്കണ്ട ഒരാളാണ്. എന്തായിരുന്നു അനുഭവം? തീയേറ്റര്‍ അനുഭവങ്ങളെക്കുറിച്ച് ചില വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

അപര്‍ണ: വളരെ ബുദ്ധിമുട്ടിയിട്ടുള്ള സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും തീയേറ്ററുകാര്‍ സിനിമയുണ്ട് എന്നത് പരസ്യപ്പെടുത്തിയിട്ട് അത് കാണിക്കാതിരിക്കുന്ന അവസ്ഥയുണ്ട്. വലിയ ചിറകുള്ള പക്ഷികള്‍, ജലം എന്ന സിനിമകളൊക്കെ കാണാന്‍ പോയപ്പോള്‍ എനിക്കീ പ്രശ്‌നങ്ങള്‍ ഉണ്ടായി. ആളില്ലാത്തതിനാല്‍ കാണിക്കുന്നില്ല എന്ന് വരുന്നവരോട് അവര്‍ പറയുകയാണ്. അല്ലെങ്കില്‍ 10 പേരെ കൂട്ടിവരൂ, അല്ലെങ്കില്‍ 15 പേരുടെ പണം കൂടി തരൂ എന്നാല്‍ പ്രദര്‍ശിപ്പിക്കാം എന്നാണ് നിലപാട്.

ഇത് പലപ്പോഴും ആളുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സംഭവിക്കുന്നതല്ല. മറിച്ച് ഇപ്പോള്‍ കൂടുതലും മള്‍ട്ടിപ്ലെക്‌സുകള്‍ ആണ്. നാലും അഞ്ചും സ്‌ക്രീനുകള്‍ കാണും. പുലിമുരുകന്‍ റിലീസ് ചെയ്തപ്പോഴൊക്കെ ഉണ്ടായത് ഇതാണ്. രണ്ടു സ്‌ക്രീനുകളില്‍ പുലിമുരുകനും മറ്റ് സ്‌ക്രീനുകളില്‍ മറ്റു സിനിമകളും ആവും ഉണ്ടാവുക എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുക. ചെല്ലുമ്പോഴാണ് ആ സിനിമകള്‍ ക്യാന്‍സല്‍ ചെയ്തു എന്നും ഫാന്‍സുകാര്‍ വന്നു പറഞ്ഞു അവിടെക്കൂടി പുലിമുരുകന്‍ കാണിക്കണമെന്നും അതുകൊണ്ട് ഞങ്ങള്‍ അത് കാണിക്കുന്നു എന്നുമൊക്കെയാണ് വിശദീകരണം. പുലിമുരുകന്‍ മാത്രമല്ല, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴൊക്കെ ഈ പ്രശ്‌നങ്ങളുണ്ട്. ഫാന്‍സിന്റെ നിര്‍ദേശ പ്രകാരം അവസാന നിമിഷം ഷെഡ്യൂള്‍ ചെയ്ത സിനിമകള്‍ പിന്‍വലിച്ച് സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നത്. 3-4 തീയേറ്ററുകളിലൊക്കെ എനിക്ക് ഈ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ ആ സിനിമകള്‍ കാണാന്‍ പോകുന്നത് ഒരു ഡെഡ്‌ലൈന്‍ വച്ചിട്ടു കൂടിയാണ്. എന്നാല്‍ ഫാന്‍സ് വരുന്നതോടു കൂടി നമ്മുടെ പദ്ധതികള്‍ താളംതെറ്റും.

അഴിമുഖം: നിരന്തരം തീയേറ്ററില്‍ പോയി സിനിമ കാണുന്നയാള്‍ എന്ന നിലയില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് അപര്‍ണ മുമ്പെഴുതിയിട്ടുണ്ട്..

അപര്‍ണ: അത് ഇന്നും അവസാനിച്ചിട്ടില്ല. അവള്‍ വെറുതെ സിനിമയും കണ്ട് നടക്കുകയല്ലേ എന്നൊക്കെയായിരുന്നു തുടക്കത്തില്‍ ഉള്ള പരിഹസിക്കലുകള്‍. ഞാന്‍ ചെയ്യുന്ന തൊഴിലിന്റെ ഭാഗമായി കൂടിയാണ് സിനിമ കാണുന്നത് എന്ന് ഇവരാരും ആലോചിക്കുന്നതു പോലുമില്ല. എന്റെ മുത്തശ്ശി ഒക്കെ ഇത് പറയുകയാണെങ്കില്‍ നമുക്കത് മനസിലാകും. അതില്‍ കാഴ്ചപ്പാടിന്റെ വ്യത്യാസമുണ്ട് എന്നതൊക്കെ. എന്നാല്‍ നമ്മുടെയൊക്കെ പ്രായക്കാരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരും ഒക്കെ ഇതേ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് ഇപ്പോള്‍ എന്താ, വെറുതെ സിനിമ കണ്ടു നടന്നാല്‍ പോരേ, വിക്കിപ്പീഡിയ നോക്കി എഴുതാമെല്ലോ, എന്തു സുഖമുള്ള ജോലിയാ… ഇങ്ങനെയൊക്കെ പോകുന്നു അവ. അത് പലപ്പോഴും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് നമ്മള്‍ സമയമെടുത്ത് സിനിമയ്ക്ക് പോകുന്നതും അത് എത്രയും വേഗം എഴുതി പബ്ലീഷ് ചെയ്യാന്‍ അയയ്ക്കുന്നതും. ചില സിനിമകള്‍ കാണാന്‍ ആഗ്രഹമില്ലെങ്കില്‍ പോലും കാണേണ്ടതായുണ്ട്. അതിനെക്കുറിച്ച് എഴുതേണ്ടതായിട്ടുണ്ട്. പക്ഷേ അതൊരു തൊഴിലാണ് എന്നത് ഇത്തരത്തില്‍ പറയുന്നവര്‍ക്ക് മനസിലാകുന്നില്ല എന്നതാണ് സങ്കടകരം.

മറ്റൊന്ന് ഞാന്‍ ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി സിനിമ കാണുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ അങ്ങനെ ഒറ്റയ്ക്ക് തീയേറ്ററില്‍ പോയി സിനിമ കാണാന്‍ പാടുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ചിലപ്പോള്‍ ദിവസം രണ്ടു സിനിമകള്‍ വരെ കാണേണ്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്; അല്ലെങ്കില്‍ അതെന്റെ താത്പര്യമാണ്. ഓ, അവള്‍ തീയേറ്ററില്‍ തന്നെ ഇരിപ്പാണ്  എന്നാണ് അടുത്ത വിമര്‍ശനം. കഴിഞ്ഞ ഓണക്കാലത്ത് ഇതുപോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം കണ്ടു കഴിഞ്ഞ് ഉച്ച കഴിഞ്ഞ് മറ്റൊരു സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോഴാണ് കുറെ പ്ലസ് ടു പിള്ളേര്‍ എന്നെ തുറിച്ചു നോക്കുന്നതും കമന്റ് അടിക്കുന്നതും ഒക്കെ. അവരെ ഞാന്‍ രാവിലെ കണ്ട സിനിമയുടെ സമയത്തും ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നത് കണ്ടിരുന്നു. എന്താണ് എന്നെ തുറിച്ചു നോക്കേണ്ട കാര്യമെന്ന് ഞാന്‍ ചോദിച്ചു. ചേച്ചീ, ദിവസം രണ്ടു സിനിമയൊക്കെ കാണുമല്ലേ, വീട്ടില്‍ പണിയൊന്നുമില്ലേ എന്നായിരുന്നു അവരുടെ മറുചോദ്യം. വീട്ടില്‍ പണിയെന്ന് പറയുന്നത് വീട്ടു ജോലികള്‍ ചെയ്ത് അവിടെ ഇരുന്നാല്‍ പോരേ എന്നാണ്. അപ്പോള്‍ നിങ്ങളും കാണുന്നില്ലേ രണ്ടു സിനിമ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഞങ്ങള്‍ക്ക് അതിനൊക്കെ വീട്ടില്‍ അമ്മയും പെങ്ങളുമൊക്കെ ഉണ്ടെന്നായിരുന്നു.

ഒരിക്കല്‍ ഏതോ ഒരു ആക്ഷന്‍ ഫിലിം കണ്ടു കഴിഞ്ഞ് ഇറങ്ങൂമ്പോഴാണ് മധ്യവയസ്‌കനായ ഒരാള്‍ അടുത്തേക്ക് വന്നിട്ട് മൊബൈല്‍ നമ്പര്‍ തരട്ടെ, രാത്രിയില്‍ കാണാം എന്നു പറഞ്ഞത്. ഞാന്‍ അയാളെ തറപ്പിച്ചു നോക്കിയപ്പോള്‍ അയാള്‍ പറയുകയാണ്, ഒറ്റയ്ക്ക് സിനിമയ്ക്ക് വരുന്നതൊക്കെ എന്തിനാണെന്ന് എനിക്കറിയാമെന്ന്. ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നു.

നേരെത്ത തീയേറ്റര്‍ കൗണ്ടറുകളില്‍ ഇരിക്കുന്നവര്‍ക്കെ ഒരുതരം അങ്കലാപ്പ് ഉണ്ടായിരുന്നു എന്നെ തുടര്‍ച്ചയായി കാണുമ്പോള്‍. ഇപ്പോള്‍ അവര്‍ക്കെന്നെ അറിയാം.

പിന്നെ ഒരു കാര്യമുള്ളത്, ഞാന്‍ ഇങ്ങനെ സിനിമ കാണാന്‍ പോകുന്നതുകൊണ്ട് ‘ആണ്‍തുണ’യില്ലാതെ കുറച്ചു പെണ്‍കുട്ടികളെങ്കിലും ഞങ്ങളുടെ നാട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയിത്തുടങ്ങി എന്നതാണ്. ഞാനും അമ്മയും കൂടി പോകട്ടെ, എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നൊക്കെ എന്നെ വിളിച്ചു ചോദിക്കുന്നവരുണ്ട്. ഒരു 10 ശതമാനം പേര്‍ക്കെങ്കിലും അത്തരത്തില്‍ പുറത്തു വരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ ചെയ്യുന്ന തൊഴില്‍, അല്ലെങ്കില്‍ എനിക്ക് സിനിമ കാണാന്‍ ഇഷ്ടമാണ് എന്ന് പറഞ്ഞ് ഞാന്‍ എന്തിനാണ് മറ്റൊരാളെ കൂട്ടു തേടിപ്പോവുന്നത് അല്ലെങ്കില്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കുന്നത് എന്നാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.

അഴിമുഖം: എന്താണ് അപര്‍ണയുടെ നിരുപണങ്ങളോട് പൊതുവെയുള്ള പ്രതികരണങ്ങള്‍?

അപര്‍ണ: ആര്‍ട്ടിക്കിള്‍ പബ്ലീഷ് ചെയ്യാല്‍ ചില ദിവസങ്ങളില്‍ ഇന്‍ബോക്‌സ് നിറയും. ഏതോ ഒരു ദുല്‍ഖര്‍ സിനിമയെക്കുറിച്ച് എഴുതിക്കഴിഞ്ഞപ്പോള്‍ ഫാന്‍ ക്ലബിന്റെ ഭാരവാഹിയാണ് എന്നു വിശേഷിപ്പിച്ചുകൊണ്ട് കിലോ മീറ്റര്‍ നീളമുള്ള ഒരു കത്ത് എന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍. സാംസ്‌കാരികമായി സിനിമയെ എങ്ങനെ കാണണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കത്ത് കുറെ വായിച്ചിട്ടം എനിക്കൊന്നും മനസിലായില്ല. പിന്നീടാണ്, ബാക്കിയുള്ള ഭാഗം മുഴുവന്‍ തെറിയാണ്. തെറിയുടെ അകമ്പടിയോടെ ഒരു സാംസ്‌കാരിക വിമര്‍ശനം ആണ് അയാള്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

മറ്റൊരു വിമര്‍ശനം, നിനക്കെന്താണ് യോഗ്യത, നീയൊരു സിനിമ എടുത്തു കാണിക്ക് എന്നിട്ട് സിനിമയെക്കുറിച്ച് എഴുത് എന്നാണ്. നീയെന്നാണ് എപ്പോഴും അഭിസംബോധന. ഇത്രയും പണം മുടക്കി ഒരുപാട് ആളുകള്‍ അധ്വാനിച്ച് എടുക്കുന്നു സിനിമയല്ലേ, അപ്പോള്‍ മോശമാണെന്ന് എഴുതാന്‍ പാടുണ്ടോ എന്നാണ് ചോദ്യം. തീര്‍ച്ചയായും ഓരോ സിനിമയ്ക്ക് പിന്നിലും ഒരുപാട് ആളുകളുടെ അധ്വാനം ഉണ്ടെന്നത് എനിക്കും അറിയാം. പക്ഷേ, ഒരു പ്രേക്ഷകനെ സംബന്ധിച്ച് ആ സിനിമയ്ക്ക് പുറകില്‍ എത്ര പേര്‍ അധ്വാനിച്ചു എന്നതിന്റെ കണക്കില്‍ അല്ലല്ലോ അവര്‍ സ്വീകരിക്കുന്നതം തിരസ്‌കരിക്കുന്നതും. നല്ല അഭിപ്രായമാണെങ്കില്‍ നല്ലത് എന്നു തന്നെ എഴുതും. മോശമാണെങ്കില്‍ മോശമാണ് എന്നും.

നീ മറ്റേ സംവിധായകനു വേണ്ടിയല്ലേ ഇതെഴുതുന്നത്, അയാള്‍ എത്ര പൈസ തന്നു, നീ അവരുടെ കൂടെ പോയോ, മറ്റേ സൂപ്പര്‍ സ്റ്റാറിന്റെ കിടന്നിട്ടല്ലേ നീ അയാള്‍ക്ക് വേണ്ടി എഴുതുന്നത്... ഇങ്ങനെ ഒരുപാടുണ്ട്.

മറ്റൊന്ന് ഉപദേശങ്ങളാണ്. ഇങ്ങനെയാണോ എഴുതേണ്ടത്, മറ്റേ ആള്‍ എഴുതുന്നതു പോലെ എഴുതിക്കൂടെ, സിനിമയെക്കുറിച്ച് ഒക്കെ എഴുതുമ്പോള്‍ കുറച്ചു കൂടി കോംപ്രമൈസ് ആവാം, ഇത്രയ്ക്ക് സത്യസന്ധമായി നിരൂപണം നടത്തേണ്ടതുണ്ടോ, നിങ്ങള്‍ പറയുന്ന രീതിയിലല്ല ആളുകള്‍ ഇതിനെ കാണുന്നത് എന്നിങ്ങനെ പറയുന്ന മറ്റൊരു കൂട്ടര്‍.

ഒരുകാര്യം മനസിലായത്, പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് ഇഷ്ടപ്പെട്ടില്ല എന്നൊരു അഭിപ്രായമാണ് നമുക്കുള്ളത് എങ്കില്‍ അത് അംഗീകരിക്കാന്‍ താരങ്ങളുടെ ഫാന്‍സ് തയാറല്ല എന്നതാണ്. അതായത്, ഒരാള്‍ക്കും അത് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല എന്നാണ് അവരുടെ വാദം.

അച്ഛനും അമ്മയുമൊക്കെ അക്കാദമിക്‌സില്‍ നില്‍ക്കുന്നവരും എഴുതുന്നവരും ആയതുകൊണ്ട് ചെറുപ്പത്തില്‍ ഞാന്‍ എന്തെഴുതിയാലും ആദ്യം കേള്‍ക്കുന്നത് ഓ… അച്ഛനോ അമ്മയോ എഴുതിത്തന്നതാണ് അല്ലേ എന്നാണ്. അന്നൊക്കെ അത് നിരാശയുണ്ടാക്കാറുണ്ടായിരുന്നു. ഞാന്‍ അഴിമുഖത്തിലെ ആദ്യ റിവ്യൂ ആയി എഴുതിയത് നീനയെക്കുറിച്ചാണ്. (ഈ കുലകന്യകയെ ഒന്നു വിട്ടുപിടിച്ചൂടെ?) ആ സമയത്തും ഞാന്‍ കേട്ടത് ഓ.. അമ്മ എഴുതിത്തന്നതാണ് അല്ലേ എന്നായിരുന്നു. ഇപ്പോള്‍ പോലും അങ്ങനെ പറയുന്നവര്‍ ഉണ്ട്.

ഇത് സിനിമ എഴുത്തിന്റെ മാത്രം കാര്യത്തിലല്ല, ഞാന്‍ ഏതെങ്കിലും ഇന്റര്‍വ്യൂകളിലൊക്കെ പങ്കെടുത്താലും തൊട്ടടുത്ത് വരുന്ന അഭിപ്രായം ഓ.. അച്ഛനും അമ്മയും ചരട് വലിച്ചിട്ടുണ്ടാവും അല്ലേ എന്നാണ്. ഞാന്‍ പലപ്പോഴും ആ ലിസ്റ്റിന്റെ ഏറ്റവും താഴെയായിരിക്കും. എന്നാല്‍ പോലും കേള്‍ക്കുന്നത് ഇത്തരം അഭിപ്രായങ്ങളാണ്. ഞാന്‍ ചെയ്യുന്നതിന്റെയോ അല്ലെങ്കില്‍ എഴുതുന്നതിന്റേയോ ഭാരം കൂടി എന്തിനാണ് അവരൂടെ തലയില്‍ വച്ചു കൊടുക്കുന്നത് എന്നറിയില്ല. ഒപ്പം, നമ്മള്‍ എത്ര കഷ്ടപ്പെട്ടിട്ട് ചില കാര്യങ്ങള്‍ ചെയ്താലും അത് അച്ഛന്റേയും അമ്മയുടേയും അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുന്നതിന്റെ വിഷമവും വരും. നമ്മുടെ വ്യക്തിത്വം, ഐഡന്റിറ്റി എന്നതൊക്കെ അവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.

അഴിമുഖം: ഒരു സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ പല കാര്യങ്ങളും സംഭവിക്കുന്നത് എന്നു തോന്നിയിട്ടുണ്ടോ?

അപര്‍ണ: എഴുത്തുകാരുടെ മക്കളൊക്കെ അവരേക്കള്‍ പ്രശസ്തരായ എഴുത്തുകാരായി മാറിയിട്ടുള്ളത് നമ്മള്‍ കണ്ടിട്ടുള്ളതല്ലേ. ഇവിടെ അതൊന്നുമല്ല പ്രശ്‌നം. അതില്‍ ജെന്‍ഡര്‍ എന്നുള്ളത് പലപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ചേച്ചീ, ആന്റീ എന്നിങ്ങനെയാണ് പരിഹാസത്തോടെയുള്ള വിളികള്‍ വരുന്നത്. അപമാനിക്കുക എന്നതു മാത്രമാണ് അതിലെ ലക്ഷ്യം. മറ്റൊന്ന് നീ ഇത്രയൊക്കെ എഴുതാറായോ എന്ന ചില പുരുഷന്മാരുടെ രക്ഷാകര്‍തൃത്വം.

സ്ത്രീയെന്ന നിലയില്‍ അപമാനിക്കുക മാത്രമല്ല, ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ ഒക്കെ അതിന്റെ ക്രെഡിറ്റ് മാതാപിതാക്കള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കാണ് എന്നു സ്ഥാപിക്കുക വഴി അത് പറയുന്നവര്‍ക്ക് എന്തോ സുഖം തോന്നുന്നുണ്ടാവണം. ചെറുപ്പത്തില്‍ കേട്ടതൊക്കെ പോകട്ടെ, അക്കാദമിക് ആയ ഒരന്തരീക്ഷം എന്നു നമ്മള്‍ കരുതുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വരെ ഇത്തരം ചോദ്യങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്ര പുരോഗമന മനോഭാവമുള്ള സ്ഥലങ്ങളില്‍ നിന്നു വരെയാണ് വളരെ സങ്കുചിതമായ ആളുകളുടെ അഭിപ്രായങ്ങള്‍ വരുന്നത്. നമ്മള്‍ എഴുതുന്നതില്‍ തെറ്റുകള്‍ ഉണ്ടാവാം, മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാം… പക്ഷേ അതിലേക്കൊക്കെ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നതു കാണുമ്പോള്‍ വേദന വരും.

അഴിമുഖം: ഇത്തരത്തിലുള്ള പരിഹാസങ്ങളേയും അപമാനങ്ങളേമുമൊക്കെ എങ്ങനെയാണ് നേരിടാറ്?

അപര്‍ണ: ആ, ചേച്ചിയുടെ കഴപ്പ് തുടങ്ങിയല്ലോ എന്നൊക്കെയായിരുന്നു തുടക്കത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ പോലും പറയുന്നവരുണ്ട്. തുടക്കത്തില്‍ അത് കേള്‍ക്കുമ്പോള്‍ പതറിപ്പോവാറുണ്ടായിരുന്നു. പിന്നെ ഞാന്‍ തന്നെ അതിനെ മറികടന്നു. ഞാന്‍ എത്ര ശ്രദ്ധിച്ച് എഴുതിയാലും അവര്‍ക്ക് പറയാനുള്ളത് ഇതായിരിക്കും, അതുകൊണ്ട് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. ആ ആള്‍ക്കൂട്ടം ഉണ്ട് എന്നതുകൊണ്ട് എനിക്ക് എന്റെ തൊഴില്‍ ചെയ്ത് ജീവിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. പതിയെ പതിയെ അത്തരം അപമാനിക്കലുകളെ ശ്രദ്ധിക്കാതെയായി. സിനിമ കാണുന്നത് എനിക്കിഷ്ടവും അതിനെക്കുറിച്ച് എഴുതുന്നത് എന്റെ ജോലിയുടെ ഭാഗവുമായതിനാല്‍ പറയുന്നവര്‍ പറഞ്ഞോട്ടെ എന്നു കരുതി ഞാന്‍ എന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

അഴിമുഖം: അപര്‍ണയുടെ എഴുത്തില്‍ പലപ്പോഴും മുന്‍കാല സിനിമകളൊക്കെ റഫറന്‍സ് ഒക്കെയായി കടന്നുവരാറുണ്ട്. തുടര്‍ച്ചയായി ഇപ്പോള്‍ മലയാള സിനിമയെക്കുറിച്ച് എഴുതുന്ന ഒരാളെന്ന നിലയില്‍ എന്താണ് പൊതുവെയുള്ള സിനിമകളെക്കുറിച്ച് അഭിപ്രായം?

അപര്‍ണ: സത്യം പറഞ്ഞാല്‍ മലയാള സിനിമ പിറകിലേക്കാണ് നടക്കുന്നത് എന്ന്‍ തോന്നിയിട്ടുണ്ട്. പോപ്പുലര്‍ സിനിമകളുടെ കാര്യമാണ് പറയുന്നത്. ജെന്‍ഡര്‍, ക്ലാസ് ഒക്കെ പ്രശ്‌നവത്ക്കരിക്കാന്‍ ഒരുപാട് സാധ്യതകളും ഇടവുമുള്ളപ്പോള്‍ മലയാള സിനിമ പക്ഷേ, അതില്‍ നിന്ന് പിന്നോക്കം പോവുക മാത്രമല്ല അത്തരം റിഗ്രസീവായ കാര്യങ്ങളെ കൂടുതല്‍ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.

70-കളില്‍ ഇറങ്ങിയ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ നിന്നും കസബ പോലുള്ള 2016ലെ ഒരു സിനിമയിലേക്ക് വരുമ്പോള്‍ ലൈംഗിക തൊഴിലാളികളെ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നതൊക്കെ ശ്രദ്ധിക്കേണ്ടതാണ്. മലയാള സിനിമയുടെ ഗ്രാഫ് എങ്ങോട്ടാണ് പോകുന്നത് എന്ന്.

തൊഴിലാളികള്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, നിറം, ജാതി, ചിലപ്പോ മതം ഒക്കെ മലയാള സിനിമ എങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് നോക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഒരു സമയത്ത് ഹരിശ്രീ അശോകനായിരുന്നു ഈ കറുപ്പ്-വെളുപ്പ് ദ്വന്ദത്തിന്റെ ഇരയെങ്കില്‍ ഇപ്പോഴത് ധര്‍മജനിലേക്ക് മാറുന്നു എന്നേയുള്ളൂ. അതായത് അവിടെ അഭിനേതാവ് മാത്രമേ മാറുന്നുള്ളൂ, മാനസികാവസ്ഥയിലോ സിനിമയുടെ രാഷ്ട്രീയത്തിലോ അതൊന്നും മാറിയിട്ടില്ല. വളരെ കഴിവുള്ള, സ്‌പോട്ട് കോമഡി നല്ല രീതിയില്‍ ചെയ്യാനും അവതരിപ്പിക്കാനും അറിയാവുന്ന ധര്‍മജനെ പോലെ ഒരു ആക്ടറെ മലയാള സിനിമ ഉപയോഗിക്കുന്നത് നിന്നെ ലൈറ്റ് അടിച്ചാലേ കാണാന്‍ പറ്റൂള്ളല്ലോ എന്ന ഡയലോഗിലൂടെയാണ്.

രണ്ടു പേര്‍ പ്രേമിക്കുമ്പോഴായാല്‍ പോലും ഇത്തരം കാര്യങ്ങള്‍ കടന്നു വരുന്നത് ശ്രദ്ധിക്കണം. ഈയിടെ ഇറങ്ങിയ ഒപ്പം എന്ന സിനിമയില്‍ ഒരു പഞ്ചാബി-മലയാളി പ്രണയെത്തെക്കുറിച്ച് പറയുന്നത് അവരുടെ പ്രെഡിഗ്രി ചൂണ്ടിക്കാട്ടിയാണ്. അതോടെ മറ്റ് പ്രശ്‌നങ്ങള്‍ ഒക്കെ അവസാനിക്കുന്നു. മലയാള സിനിമ ഇന്നും പാരമ്പര്യത്തിലും അന്തസിലും തറവാടിത്തത്തിലുമൊക്കെ കുടുങ്ങിക്കിടക്കുന്നു എന്നു തന്നെ പറയാം.

മാസ് പടങ്ങളില്‍ മാത്രമേ ഈ പ്രശ്‌നമുള്ളൂ എന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ ഐവി ശശി മാസ് പടങ്ങള്‍ ചെയ്ത ഒരാളാണ്. അദ്ദേഹമാണ് അങ്ങാടി പോലൊരു സിനിമ 80-കളില്‍ എടുക്കുന്നത്. അതിന്റെ പിന്തുടര്‍ച്ചയായി വന്ന മാസ് പടങ്ങള്‍ എങ്ങനെയാണ് പാരമ്പര്യം, ലെഗസി എന്നൊക്കെ പറഞ്ഞ് മലയള സിനിമയെ ഒരു മൂലയ്ക്ക് ആക്കുന്നത് എന്നത് ആലോചിക്കേണ്ടതാണ്.

അഴിമുഖം: പക്ഷേ മലയാള സിനിമയില്‍ ഒരു ജനറേഷണല്‍ ഷിഫ്റ്റ് നടന്നിട്ടില്ലേ? ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നു വിളിക്കപ്പെടുന്നതൊക്കെ അതിന്റെ ഭാഗമല്ലേ?

അപര്‍ണ: തീര്‍ച്ചയായും ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെ ധാരണയുള്ള, പൊളിറ്റിക്കലായ ഒരുപാട് സംവിധായകരും അഭിനേതാക്കളുമൊക്കെ മലയാള സിനിമയുടെ ഭാഗമായി ഇപ്പോള്‍ വന്നിട്ടുണ്ട്. എന്നാല്‍ അത്തരം സിനിമകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. 2010-11 കാലഘട്ടത്തില്‍ നിന്നും ഇപ്പോള്‍ നോക്കുമ്പോള്‍ അന്നുണ്ടാക്കി തുടങ്ങിയ ആ മാറ്റം, അല്ലെങ്കില്‍ അത്തരം സിനിമകള്‍ വരുന്നത് വളരെ കുറഞ്ഞിട്ടുണ്ട്.

അഴിമുഖം: ആദ്യ പുസ്തകത്തിന് തന്നെ പുരസ്കാരം

അപര്‍ണ: ഫേബിയന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവരിത് പുസ്തകമാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഈ റിവ്യൂസ് ഒക്കെ പുസ്തകമാക്കാന്‍ ഉണ്ടോ എന്നൊക്കെ എനിക്ക് സംശയമുണ്ടായിരുന്നു. പുസ്തകത്തിന്റെ 80 ശതമാനം നിരൂപണങ്ങളും ബാക്കി ലേഖനങ്ങളുമാണ്. ഇപ്പോള്‍ ഒരുമാസമായി ഇറങ്ങിയിട്ട്. ഔദ്യോഗികമായി പ്രകാശനം ഒന്നും ഉണ്ടായിരുന്നില്ല. എന്താണെങ്കിലും സന്തോഷം.

 

Share on

മറ്റുവാര്‍ത്തകള്‍