March 27, 2025 |

അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ ടെന്‍ഷനിലാണ്

2026ലെ ലോകകപ്പിലേക്കുള്ള വഴി വെല്ലുവിളി നിറഞ്ഞതാണ്, അതിനാല്‍ ഈ രണ്ട് ശക്തികള്‍ക്കും ഓരോ മത്സരവും നിര്‍ണായകമാണ്.

2024 സീസണ്‍ ലയണല്‍ മെസ്സിയെ സംബന്ധിച്ച് ഉയര്‍ച്ച താഴ്ച്ചകളുടെതാണ്. സീസണ്‍ അവസാനിക്കുമ്പോള്‍ അര്‍ജന്റീനയുടെ ആരാധകര്‍ ഇനിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ടെന്‍ഷനിലാണ്. ഇത് അര്‍ജന്റീനയുടെ മാത്രം കാര്യമല്ല, ബ്രസീലിനെയും ചേര്‍ത്താണ് പറയുന്നത്. അര്‍ജന്റീനയുടെയും ഇന്റര്‍ മിയാമിയുടെയും പ്രതീക്ഷയായ മെസ്സി നിരാശാജനകമായ തോല്‍വികളാണ് ഏറ്റുവാങ്ങുന്നത്. 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വേയോട് ഈ ആഴ്ച്ച ഏറ്റുവാങ്ങിയ 2-1 ന്റെ അപ്രതീക്ഷ തോല്‍വി ഉള്‍പ്പെടെ. നിലവിലെ ചാമ്പ്യന്‍മാര്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ് നേരിട്ടിരിക്കുന്നത്. മെസ്സിക്കും ടീമിനും അപൂര്‍വമായി മാത്രമാണ് ഇത്തരം തിരിച്ചടികള്‍ ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ അവസാന മത്സരം ആസന്നമായിരിക്കെ, അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരുടെയും ആശങ്കകള്‍ക്ക് കാരണമുണ്ട്, ദക്ഷിണ അമേരിക്കന്‍ ഭീമന്മാര്‍ അടുത്ത ലോകകപ്പ് യോഗ്യത മത്സരങ്ങൡ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പരാഗ്വേ ഷോക്ക്
വ്യാഴാഴ്ച പരാഗ്വേയോട് അര്‍ജന്റീനയ്ക്ക് നേരിട്ട തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. 11-ാം മിനിറ്റില്‍ തന്നെ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ സ്ട്രൈക്കില്‍ ലീഡ് നേടിയെങ്കിലും അര്‍ജന്റീനയ്ക്ക് തങ്ങളുടെ കുതിപ്പ് നിലനിര്‍ത്താനായില്ല. 19ാം മിനിറ്റില്‍ പരാഗ്വെയുടെ അന്റോണിയോ സനാബ്രിയയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് സമനില പിടിച്ചു, ഇടവേളയ്ക്ക് തൊട്ടുപിന്നാലെ, 47-ാം മിനിറ്റില്‍ ഒമര്‍ അല്‍ഡെറെറ്റിന്റെ ഹെഡര്‍ ആതിഥേയരുടെ വിജയം ഉറപ്പിച്ചു. മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ മെസ്സിക്കായില്ല, തന്റെ ടീമിന്റെ തോല്‍വി തടയാനും.

messi

ലോകകപ്പും കോപ്പ അമേരിക്കയും നേടി ഫുട്‌ബോള്‍ ലോകത്തെ സിംഹാസനത്തില്‍ വിരാജിച്ചിരുന്ന ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി വലിയ ആഘാതമാണ്. ഇതുവരെ അര്‍ജന്റീന കളിച്ച അവസാന നാല് മത്സരങ്ങളിലെ രണ്ടാം തോല്‍വിയാണ് പരാഗ്വേയില്‍ നിന്നുണ്ടായത്. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് ഫുട്‌ബോളിലുമായി തുടര്‍ തോല്‍വികളാണ് മെസ്സിക്ക് നേരിടേണ്ടി വരുന്നത്. പരാഗ്വേയുമായുള്ള തോല്‍വിയാണ് ആ തുടര്‍ച്ചയിലെ ഏറ്റവും പുതിയത്. മെസ്സി ഇപ്പോള്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ് നേരിട്ടിരിക്കുന്നത്, അദ്ദേഹത്തിന്റെ മഹത്തായ കരിയറില്‍ രണ്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. 2016ല്‍ റയല്‍ സോസിഡാഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ എന്നിവരോട് ബാഴ്സലോണ തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങിയപ്പോഴാണ് മെസ്സി ഇതിനു മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടത്.

മെസ്സിയുടെ സമ്മര്‍ദ്ദങ്ങള്‍
മെസ്സിയുടെ സമീപകാല ഫോം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, പ്രത്യേകിച്ച് 2024 കലണ്ടര്‍ വര്‍ഷം അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍. എംഎല്‍എസ് (മേജര്‍ ലീഗ് സോക്കര്‍)പ്ലേഓഫുകളിലെ ഇന്റര്‍ മിയാമിയുടെ മത്സര ഫലങ്ങള്‍, അറ്റ്ലാന്റ യുണൈറ്റഡില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ അദ്ദേഹത്തിന്റെ ടീം പുറത്തായതെല്ലാം ഇതിഹാസ താരത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എംഎല്‍എസിന്റെ ആദ്യ റൗണ്ടുകളില്‍ തന്റെ ടീമിന് ഉജ്ജ്വലമായ തുടക്കം നല്‍കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അറ്റ്ലാന്റയ്ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളില്‍ പരാജയപ്പെട്ടു. ആ തോല്‍വികളും പരാഗ്വേയുമായുള്ള അര്‍ജന്റീനയുടെ തോല്‍വിയുമാണ് ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള മെസ്സിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള കരിയറില്‍ അപൂര്‍വമായി സംഭവിച്ചത്.

messi inter miami

മെസ്സിയുടെ വ്യക്തിഗത പ്രകടനങ്ങള്‍ ശക്തമായി തുടരുമ്പോള്‍, അദ്ദേഹം നയിക്കുന്ന ടീമുകളുടെ മത്സര ഫലങ്ങള്‍ എല്ലായ്‌പ്പോഴും വിജയകരമാകുന്നില്ല. ലയണല്‍ സ്‌കലോനിയുടെ കീഴില്‍ ഇതുവരെ കളിച്ച 69 മത്സരങ്ങളിലെ അഞ്ചാമത്തെ തോല്‍വി മാത്രമായിരുന്നു അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം വ്യാഴാഴ്ച പരാഗ്വേയ്ക്കെതിരായ നേരിട്ട തോല്‍വി.

അവസരങ്ങള്‍ തുലയ്ക്കുന്ന ബ്രസീലും വിനീഷ്യസ് ജൂനിയറും
തെക്കേ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലും സമാനമായ സമ്മര്‍ദ്ദമാണ് നേരിടുന്നത്. ലോകോത്തര പ്രതിഭകള്‍ നിറഞ്ഞ ഒരു ടീം ആയിട്ടും, യോഗ്യതാ റൗണ്ടില്‍ തങ്ങളുടെ താളം കണ്ടെത്താന്‍ ബ്രസീല്‍ പാടുപെടുകയാണ്. ഏറ്റവും പുതിയ തിരിച്ചടി വെനസ്വേലയ്ക്കെതിരെ 1-1 ന് ഉണ്ടായ സമനിലയാണ്. 43ാം മിനിറ്റില്‍ ബാഴ്സലോണയുടെ റാഫിന്‍ഹയുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ ബ്രസീല്‍ 1-0ന് മുന്നിലെത്തിയെങ്കിലും, ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ ടീം പരാജയപ്പെട്ടു. ഇടവേളയ്ക്കുശേഷം ഉടന്‍ തന്നെ ടെലാസ്‌കോ സെഗോവിയയിലൂടെ വെനസ്വേല സമനില പിടിക്കുകയും ചെയ്തു.

റയല്‍ മാഡ്രിഡ് താരവും, ബ്രസീലിന്റെ പ്രതീക്ഷയുമായ വിനീഷ്യസ് ജൂനിയറിന് ഈ യോഗ്യതാ മത്സരങ്ങള്‍ നിരാശയുടെതാണ്. വെനസ്വേലയെക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 23 കാരനായ ഫോര്‍വേഡ് പെനാല്‍റ്റി പാഴാക്കി. വിനീഷ്യസിന്റെ നിലം പറ്റേ ചെന്ന ഷോട്ട് വെനസ്വേലന്‍ ഗോള്‍കീപ്പര്‍ റാഫേല്‍ റോമോ തട്ടിയകറ്റിയെങ്കിലും പന്ത് റീബൗണ്ട് ചെയ്ത് കിട്ടിയെങ്കിലും അവസരം മുതലാക്കാന്‍ വിനീഷ്യസ് വീണ്ടും പരാജയപ്പെട്ടു. ഈ രീതിയില്‍ അവസരങ്ങള്‍ തുലയ്ക്കുന്നത് ബ്രസീലിന്റെ മുന്നോട്ടു പോക്കിനെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. വിനീഷ്യസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇതുവരെ ഗോള്‍ നേടിയിട്ടില്ല, ഇത് അദ്ദേഹത്തെപ്പോലെ കഴിവുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ വിഷമമേറിയൊരു യാഥാര്‍ത്ഥ്യമാണ്.

vinicius junior

നിലവില്‍ അര്‍ജന്റീനയ്ക്കും(22 പോയിന്റ്), കൊളംബിയായ്ക്കും(19 പോയിന്റ്) പിന്നിലായി നില്‍ക്കുന്ന ബ്രസീലിന് 17 പോയിന്റ് മാത്രമാണുള്ളത്. ഒരു പെനാല്‍റ്റി നഷ്ടമാക്കിയതു വഴി വെനസ്വേലയുമായുള്ള മത്സരത്തിലൂടെ കിട്ടുമായിരുന്ന മൂന്ന് പോയിന്റ് കളഞ്ഞു കുളിച്ചതിന് മുഖ്യ പരിശീലകന്‍ ഫെര്‍ണാണ്ടോ ദിനിസിനും ടീമിനും മേലുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ബ്രസീലിന് തിരിച്ചു വരാന്‍ ഇനിയും സമയമുണ്ടെങ്കിലും, 2026 ലോകകപ്പിന്റെ ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഉള്‍പ്പെടണമെങ്കില്‍ ഇപ്പോഴത്തെ കളി പോരാ.

അര്‍ജന്റീനയും ബ്രസീലും: തുടരുന്ന അനിശ്ചിതത്വവും
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മുന്നേറുമ്പോള്‍, നിലനില്‍ക്കുന്ന അനിശ്ചിതത്വം ആരാധകരെയാണ് പിരിമുറുക്കത്തില്‍ ആക്കിയിരിക്കുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന ഉള്ളതെങ്കിലും ഉറുഗ്വേയ്ക്കെതിരെ ജയിക്കാനായാല്‍ കൊളംബിയ മെസ്സിയെയും സംഘത്തെയും പിന്നിലാക്കും. പരാഗ്വേയ്ക്കെതിരായ ടീമിന്റെ തോല്‍വി ടീമിന്റെ പരാധീനതകള്‍ വെളിപ്പെടുത്തുന്നതായിരുന്നു, പ്രത്യേകിച്ച് എതിരാളികളെ പ്രതിരോധിക്കുന്നതിലും, സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിലും. ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ ചൊവ്വാഴ്ച പെറുവിനെതിരെ ഇറങ്ങുന്നതിനു മുമ്പ് അര്‍ജന്റീനയുടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോച്ച് സ്‌കലോനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും.

മെസ്സിയെ സംബന്ധിച്ചിടത്തോളം, അയാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പരാഗ്വേയുമായുള്ള തോല്‍വി, വെല്ലുവിളി നിറഞ്ഞ വര്‍ഷത്തിലെ മറ്റൊരു നിരാശാജനകമായ അധ്യായമാണ്. എന്നിരുന്നാലും, ടീമിന് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കലോനി. ‘പെറു തികച്ചും വ്യത്യസ്തമായ ഒരു എതിരാളിയായിരിക്കും, പക്ഷേ അവരെ മറികടക്കാനാകും. ഞങ്ങള്‍ നന്നായി തയ്യാറെടുക്കാന്‍ പോകുകയാണ്, ആളുകള്‍ക്ക് ആഹ്ലാദിക്കാന്‍ എന്തെങ്കിലും നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ”പരാഗ്വേ തോല്‍വിക്ക് ശേഷം സ്‌കലോനി പറഞ്ഞ കാര്യങ്ങളാണ്. തങ്ങളുടെ ഫോം വീണ്ടെടുക്കാനും ലോകകപ്പ് സ്വപ്നങ്ങള്‍ ഇളക്കമില്ലാതെ നിലനിര്‍ത്താനും മെസ്സിയുടെ നേതൃത്വവും അനുഭവസമ്പത്തും അര്‍ജന്റീനയ്ക്ക് നിര്‍ണായകമാകും.

argentina-brazil

ബ്രസീലും അനിശ്ചിതത്വത്തിലാണ്. അവസരങ്ങള്‍ മുതലെടുക്കാനുള്ള ടീമിന്റെ കഴിവില്ലായ്മയും അവരുടെ പ്രധാന താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും വരും മത്സരങ്ങള്‍ അവര്‍ക്ക് കടുപ്പമുള്ളതാക്കുന്നു. അടുത്ത റൗണ്ട് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീല്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ശക്തരാകണം അല്ലെങ്കില്‍ അവര്‍ പിന്നിലേക്ക് പോകും.

അര്‍ജന്റീനയും ബ്രസീലും തങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍, സമ്മര്‍ദ്ദം മുമ്പത്തേക്കാള്‍ അധികമാണ്. 2026ലെ ലോകകപ്പിലേക്കുള്ള വഴി വെല്ലുവിളി നിറഞ്ഞതാണ്, അതിനാല്‍ ഈ രണ്ട് ശക്തികള്‍ക്കും ഓരോ മത്സരവും നിര്‍ണായകമാണ്. മെസ്സിയും അര്‍ജന്റീനയും അവരുടെ സമീപകാല തോല്‍വിയില്‍ നിന്ന് കരകയറാനായിരിക്കും പരിശ്രമിക്കുക. അതേസമയം ബ്രസീല്‍ ടീം അവരുടെ ദൗര്‍ബല്യങ്ങള്‍ മറികടക്കാന്‍ വഴി കണ്ടെത്തണം. തെക്കേ അമേരിക്കയിലെ ഏറ്റവും ശക്തരായ രണ്ട് ഫുട്‌ബോള്‍ രാജ്യങ്ങളുടെ പ്രതീക്ഷകള്‍ അവരുടെ താരങ്ങളുടെ ചുമലിലാണ്. അവരുടെ ആരാധകരാകട്ടെ അക്കാര്യത്തില്‍ വലിയ ടെന്‍ഷനിലുമാണ്.

മെസ്സിക്ക് അര്‍ജന്റീനയെ അവരുടെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമോ, വിനീഷ്യസിനും ബ്രസീലിനും അവരുടെ പോരായ്മകളില്‍ നിന്ന് കരകയറാന്‍ കഴിയുമോ? പ്രധാന ചോദ്യങ്ങളിതാണ്. ഒരു കാര്യം ഉറപ്പാണ്: 2024 ലെ അവസാന മാസങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. 2026 ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ ഇറങ്ങുമ്പോള്‍, ആരാധകര്‍ നഖം കടിച്ചുകൊണ്ടായിരിക്കും അവ കാണുകയെന്നതില്‍ സംശയമില്ല. Argentina and Brazil facing uncertainty

Content Summary; Argentina and Brazil facing uncertainty

×