ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് സിപിഐ എംപി പി സന്തോഷ് കുമാര്‍. മലയാളി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ സംഘപരിവാര്‍ തല്പരരും ബജ്രംഗ്ദള് അനുഭാവികളുമായിരുന്നുവെന്ന് എംപി പി സന്തോഷ് കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.
”മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരാണ് മര്‍ദനത്തിനിരയായത്. രണ്ട് ദിവസം തുടര്‍ച്ചയായി മലയാള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഛത്തീസ്ഗഡില്‍ പീഡനമേല്‍ക്കേണ്ടി വന്നു. ശാരീരികമായുള്ള അതിക്രമത്തിന് പുറമെ അവര്‍ക്കവിടെ സുരക്ഷാ ഭീഷണി പോലും ഉണ്ടായി. ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത് പോലും തടസ്സപ്പെടുത്തി. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം” സന്തോഷ് കുമാര്‍ എംപി അഴിമുഖത്തോട് പ്രതികരിച്ചു.
”കന്യാസ്ത്രീകളുടെ സമരം കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ആരുമറിയാതെ ഒതുങ്ങി പോകുമായിരുന്ന വിഷയം കേരളത്തിലെ മാധ്യമങ്ങളാണ് വലിയ ചര്‍ച്ചാ വിഷയമാക്കിയത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജനം ടിവിക്ക് പോലും ഈ സംഭവത്തില്‍ കേരളത്തിലെ മറ്റ് മാധ്യമങ്ങളോടൊപ്പം നില്‍ക്കേണ്ടി വന്നു.
ഛത്തീഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തത് പോലെ, കേരളത്തില്‍ ജോലിക്ക് വരുന്ന ഛത്തീസ്ഗഡിലുള്ളവരോടും ഇതേ സമീപനം തന്നെ കാണിക്കുമോ എന്നാണ് അവിടുത്തെ സംഘപരിവാര്‍ നിയന്ത്രിത മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ദുര്‍ഗിലെ പത്രക്കാരെയെല്ലാം കേരളത്തിലേക്ക് വിളിച്ചിരിക്കുന്നുവെന്നും ഒരു ട്രീറ്റ് തരാമെന്നും നിങ്ങളെ പത്ത് ദിവസം കേരളം കാണിക്കാമെന്നും ഞാന്‍ പറഞ്ഞു” എംപി അഴിമുഖത്തോട് വ്യക്തമാക്കി.
”കേരളം എത്ര മാന്യവും മനോഹരവുമായാണ് ജീവിക്കുന്നതെന്നും, വിവിധ മതവിഭാഗങ്ങള്‍ വലിയ ശക്തികളായുള്ളപ്പോഴും യാതൊരു അസഹിഷ്ണുതയുമില്ലാതെയാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്.
അതേസമയം, മലയാളി മാധ്യമപ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നായിരുന്നു അവര്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കാമെന്ന് വരെ പറഞ്ഞു. ഛത്തീസ്ഗഡില്‍ ആയിരുന്നിട്ടുപോലും കന്യാസ്ത്രീ വിഷയത്തില്‍ ഇടപെട്ട് വന്ന നേതാക്കന്മാരെല്ലാം സംസാരിച്ചത് മലയാള മാധ്യമങ്ങളോടായിരുന്നു. അതും അവരില്‍ പ്രശ്നങ്ങളുണ്ടാക്കി.
ഇപ്പോഴും കേരളത്തിന്റെ മാത്രം പ്രശ്നമായാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെ കണക്കാക്കുന്നത്. കന്യാസ്ത്രീമാരുടെ വിഷയം നടക്കുന്ന സമയത്ത് ദുര്‍ഗ് പോലീസ് സ്റ്റേഷനിലും കോടതി പരിസരത്തുമൊക്കെ വലിയ ജനക്കൂട്ടമായിരുന്നു. സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷ്വല്‍ എടുക്കുന്ന തിരക്കിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും അറിയാതെ തട്ടിയെന്ന് വരാം. പക്ഷേ, അപ്പോള്‍ പോലും ഒരവസരത്തിനായി അവര്‍ കാത്തിരിക്കുന്ന രീതിയിലായിരുന്നു പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയത്. ഉള്ളിലൊരു ദേഷ്യമുണ്ടെങ്കില്‍ ഒരു ചാന്‍സിനായി കാത്തിരിക്കുന്ന പോലെയായിരുന്നു അവരുടെ രീതികളെന്നും” എംപി കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡ് പോലീസ് വിഷയത്തില്‍ ഇടപെട്ടെങ്കിലും മാപ്പ് പറഞ്ഞശേഷമാണ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരികെ പോരാനായത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ചെറിയ സംഭവമായിരുന്നുവെന്നും മലയാള മാധ്യമങ്ങളാണ് വിഷയത്തെ വലുതാക്കിയതെന്നും ബജ്രംഗ്ദള് നേതാവ് ജ്യോതി ശര്‍മ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൂടാതെ മലയാള മാധ്യമങ്ങള്‍ ഛത്തീസ്ഗഡിനെ അപമാനിച്ചതായും അവര്‍ പറഞ്ഞിരുന്നു.
അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകുകയാണ്. വിഷയത്തില്‍ സമരപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെ മറികടന്ന് സിപിഐയുടെ നേതൃത്വത്തില്‍ വലിയ സമരപരിപാടികളാണ് ഛത്തീസ്ഗഡില്‍ നടന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി. Arrest of nuns: malayali journalists assaulted in Chhattisgarh, Sangh Parivar and Bajrang Dal behind it
Content Summary: Arrest of nuns: malayali journalists assaulted in Chhattisgarh, Sangh Parivar and Bajrang Dal behind it
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.