February 14, 2025 |

ക്രിക്കറ്റ് മോഹം ഉപേക്ഷിച്ച് അത്‌ലറ്റിക്കായി, മുളവടി ജാവ്‌ലിനാക്കി പരിശീലനം ഒരു കൂലിപ്പണിക്കാരന്റെ മകന്‍ പാകിസ്താന്റെ അഭിമാനമായി മാറിയ കഥ

92.97 മീറ്ററിലേക്ക് എറിഞ്ഞിട്ടാണ് നദീം സ്വര്‍ണമണിഞ്ഞത്

ചെറുപ്പം മുതല്‍ ഞാന്‍ കല്‍പ്പണിക്കാരനായിരുന്നു, ഇന്നും അത് ചെയ്യുന്നു. സഹായത്തിന് എന്റെ മകന്‍ അര്‍ഷദ് നദീമും വരാറുണ്ട്. പക്ഷെ ഇന്ന് അവന്‍ പാരിസ് ഒളിമ്പിക്‌സില്‍ മല്‍സരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മല്‍സരമാണ് അതെന്ന് എല്ലാവരും പറയുന്നു. അത് കാണാനായി വീട്ടില്‍ ടിവി സെറ്റുചെയ്യുകയാണ് ഞങ്ങളിപ്പോള്‍. അദ്ദേഹം പറഞ്ഞ ആ മകന്‍ അര്‍ഷദ് നദീം, ഇന്നലെ പാരിസ് ഒളിമ്പിക്‌സില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ താരമാണ്. അവന്‍ സ്വര്‍ണം നേടിയാല്‍ അത് ഞങ്ങള്‍ കഴിയുന്ന ഈ മിയാന്‍ ചാനുവിനും പാകിസ്ഥാനും അഭിമാനമായി തീരും എന്ന ആ പിതാവിന്റെ നിഷ്‌കളങ്കമായ വാക്കുകളാണ് ഇന്നലെ സത്യമായി മാറിയത്. 92.97 മീറ്ററിലേക്ക് തന്റെ ജാവ്‌ലിന്‍ എറിഞ്ഞിട്ടാണ് നദീം സ്വര്‍ണമണിഞ്ഞത്. അതൊരു ചരിത്രം കൂടിയാണ്. ലോകത്തിന്റെയും പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെയും കായിക ചരിത്രത്തിലെ സുപ്രധാന ഏട്. കായിക മാമാങ്കത്തില്‍ പാകിസ്ഥാന്‍ 1992ന് ശേഷം നേടിയ ആദ്യ മെഡല്‍. കായികമാമാങ്കം നിലനില്‍ക്കുന്ന കാലത്തോളം നിലനില്‍ക്കും ആ പേര് അവിടെയുണ്ടാവും. Arshad Nadeem.

തീര്‍ത്തും ദരിദ്രമായ പശ്ചാത്തലത്തില്‍ വളര്‍ന്ന് വന്ന നദീമിന് താല്‍പര്യം ക്രിക്കറ്റിനോട് ആയിരുന്നു. പക്ഷെ സഹോദരന്‍മാര്‍ അത്‌ലറ്റിക്‌സില്‍ കൈവയ്ക്കാന്‍ ഉപദേശം നല്‍കി. വ്യക്തിഗത ഐറ്റമായതിനാലാണ് അവര്‍ ഇത്തരമൊരു ഉപദേശം നല്‍കിയത്. 2012 മുതലാണ് നദീം സ്‌കൂളില്‍ ഓട്ടമത്സരങ്ങള്‍ കൂടാതെ ഡിസ്‌കസ് ത്രോ, ജാവലിന്‍ തുടങ്ങിയ ഇനങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങിയത്. പഞ്ചാബിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഗ്രാമത്തിലെ ഗ്രൗണ്ടിലായിരുന്നു പരിശീലനം. ആദ്യമായി പരിശീലിപ്പിച്ചത് കോച്ച് റാഷിദ് അഹമ്മദ് സാഖിയാണ്. അക്കാലത്ത് സ്വന്തമായി ഒരു ജാവ്‌ലിന്‍ നദീമിന് ഉണ്ടായിരുന്നില്ല. സഹായം തേടിയത് ഗ്രാമത്തിലെ കരകൗശല വിദഗ്ധരില്‍ നിന്നാണ്. മുളവടി എടുത്ത് അറ്റം കുന്തം പോലെ രൂപപ്പെടുത്തി കൊടുത്തു അവര്‍. അതുപയോഗിച്ചാണ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയത്. കൈമുട്ടിന്റെ ശക്തി നിയന്ത്രണം ശരിയാക്കാന്‍ തന്റെ പരിശീലകനായ സാഖി മണിക്കൂറുകളോളം എടുത്തിരുന്നുവെന്നും ജാവലിന്‍ ത്രോയെ ഗൗരവമായി എടുക്കുന്നത് അക്കാലത്താണെന്നും നദീം പറയുന്നു. പിന്നാലെ അഞ്ച് തവണ പാകിസ്ഥാന്‍ ദേശീയ ചാമ്പ്യനും പരിശീലകനുമായ സയ്യിദ് ഹുസൈന്‍ ബുഖാരിയുടെ ശ്രദ്ധയില്‍ പെട്ട നദീമിനെ പിന്നീട് പരിശീലിപ്പിച്ചതും അദ്ദേഹമായിരുന്നു. 60 മീറ്റര്‍ ആണ് അക്കാലത്ത് എറിഞ്ഞിട്ടിരുന്ന ദൂരം. പരിശീലനത്തിന് പിന്നാലെ അത് 65 മീറ്ററായി.
അന്നത്തെ നാളുകളെ കുറിച്ച് ബുഖാരി ഓര്‍ത്തെടുത്തത് ഇപ്രകാരമാണ്. തീര്‍ത്തും ഗ്രാമീണമായ പെരുമാറ്റമായിരുന്നു നദീമിന്റേത്, പഞ്ചാബില്‍ നിന്നുള്ള ഒരു സാധാരണ ഗ്രാമീണ യുവാവ്, ഞാന്‍ അവനെ എന്ത് പഠിപ്പിച്ചാലും, അവന്‍ വേഗത്തില്‍ ഗ്രഹിക്കും, പരിശീലനത്തിന് ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ 70 മീറ്റര്‍ കടന്നാല്‍ അവന് മുന്നോട്ട് പോകാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്. ആ പ്രവചനം സത്യമായത് 2015ലെ ദേശീയ മത്സരത്തിലായിരുന്നു. 70.46 മീറ്റര്‍ ആണ് അന്ന് നദീം എറിഞ്ഞിട്ടത്. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ 78.33 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 90.18 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ നദീം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒമ്പത് തവണ 85 മീറ്ററിന് മുകളിലേക്ക് തന്റെ ജാവ്‌ലിന്‍ എറിഞ്ഞിട്ടുണ്ട്.

വിജയത്തിന് ശേഷം നദീമിന്റെ പിതാവ് വികാര നിര്‍ഭരമായാണ് പ്രതികരിച്ചത്. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു, പക്ഷേ എന്റെ മകന്‍ എത്ര ദൂരം പോയി എന്ന് നോക്കൂ, എന്റെ മകന് വിജയം കൊണ്ട് ഈ ഗ്രാമത്തില്‍ ഒരു പുതിയ വീട് ലഭിച്ചു, അത് പൂര്‍ണ്ണമായ സൗകര്യങ്ങളുള്ളത്, ഞാനിതിലെല്ലാം സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

 

English summary: Arshad Nadeem throws his way into history for Pakistan with javelin gold

 

×